Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എട്ടാംക്ലാസിൽ എസ്എഫ്ഐ അംഗമായി സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചു; ബിഷപ്പ് മൂർ കോളേജിലെ 25 വർഷത്തെ കോൺഗ്രസ് അപ്രമാദിത്തം അവസാനിപ്പിച്ചു കൊണ്ട് കലാലയ ജീവിതത്തിലൂടെ എസ്എഫ്ഐയുടെ മുന്നണിപ്പോരാളിയായി; യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ചെങ്ങന്നൂരിലെ സജി ചെറിയാന്റെ വിജയം രാപ്പകലില്ലാത്ത രാഷ്ട്രീയ പ്രവർത്തനത്തിന് ജനങ്ങൾ കൊടുത്ത അംഗീകാരം

എട്ടാംക്ലാസിൽ എസ്എഫ്ഐ അംഗമായി സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചു; ബിഷപ്പ് മൂർ കോളേജിലെ 25 വർഷത്തെ കോൺഗ്രസ് അപ്രമാദിത്തം അവസാനിപ്പിച്ചു കൊണ്ട് കലാലയ ജീവിതത്തിലൂടെ എസ്എഫ്ഐയുടെ മുന്നണിപ്പോരാളിയായി; യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ചെങ്ങന്നൂരിലെ സജി ചെറിയാന്റെ വിജയം രാപ്പകലില്ലാത്ത രാഷ്ട്രീയ പ്രവർത്തനത്തിന് ജനങ്ങൾ കൊടുത്ത അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ത്രികോണ മത്സരം നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ സജി ചെറിയാനും യുഡിഎഫിന്റെ വിജയ കുമാറും തമ്മിലുള്ള ഇഞ്ചോടിഞ്ച മത്സരമാണ് കേരളം പ്രവചിച്ചത്. എന്നാൽ സകല മുൻ വിധികളും കാറ്റിൽ പറത്തി സജി ചെറിയാൻ ചെങ്ങന്നൂരിൽ നടത്തിയത് റെക്കോർഡ് ഭൂരിപക്ഷത്തിന്റെ വിജയമായിരുന്നു. 12 വർഷത്തിന് ശേഷം ഒരു ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചപ്പോൾ അത് റെക്കോർഡാക്കി മാറ്റാനും സജി ചെറിയാനു സാധിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിൽ അത്രമേൽ ഉണ്ട് സജി ചെറിയാൻ എന്ന നേതാവിന്റെ വേരോട്ടം. താഴേത്തട്ടിൽ തുടങ്ങി എന്ത് ആവശ്യത്തിനും ജനങ്ങളുടെ വിളിപ്പാട് അകലെ തന്നെയുണ്ട് ഈ നേതാവ്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഈ നേതാവിന്റെ ചെങ്കൊടിയോടുള്ള പ്രണയം. അത് പിന്നെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും കൂടെക്കൂട്ടി. ഇന്ന് 53-ാം വയസ്സിലും പാർട്ടിക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ചെങ്ങന്നൂരിന്റെ അനിഷേധ്യനായ ഈ സഖാവ്. ഉന്നത ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചെങ്കിലും പാർട്ടക്ക് വേണ്ടി ആത്മസമർപ്പണം നടത്തുകയായിരുന്നു സജി ചെറിയാൻ. കലാലയ ജീവിതത്തിലും ആലപ്പുഴയുടെ ചെങ്കൊടി രാഷ്ട്രീയത്തിലും സജി ചെറിയാൻ എന്ന നേതാവിന്റെ പങ്ക് ചെറുതല്ല.

ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ ടി ടി ചെറിയാന്റെയും പുന്തല ഗവ. യുപി സ്‌കൂൾ ഹെഡ്‌മിസ്ട്രസായിരുന്ന ശോശാമ്മ ചെറിയാന്റെയും മകനാണ് സജി ചെറിയാൻ. എട്ടാംക്ലാസിൽ എസ്എഫ്ഐ അംഗമായ സജി ചെറിയാൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദങ്ങൾ വഹിച്ചു. 1990ൽ സിപിഐ എം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയംഗമായി. 2014 മുതൽ പാർട്ടി ജില്ലാ സെക്രട്ടറിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ചെറിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ജില്ലാ ബാങ്ക് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 2006ൽ നിയമസഭയിലേക്ക് മത്സരിച്ചു.

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആലപ്പി ഡിസ്ട്രിക്ട് റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി (എആർപിസി)യുടെ ചെയർമാനുമാണ് അദ്ദേഹം. ഈ സൊസൈറ്റിക്കു കീഴിൽ 22 പാലിയേറ്റീവ് സംഘങ്ങളാണ് 8200 ആലംബഹീനർക്ക് താങ്ങും തണലുമായി നിൽക്കുന്നത്. ചെങ്ങന്നൂരിലെ 'കരുണ'യുടെയും സാരഥി. ക്രിസ്റ്റീനയാണ് ഭാര്യ. ഡോ. നിത്യ എസ് ചെറിയാൻ, ഡോ. ദൃശ്യ എസ് ചെറിയാൻ, പ്ലസ് ടു വിദ്യാർത്ഥിനിയായ ശ്രവ്യ എസ് ചെറിയാൻ എന്നിവരാണ് മക്കൾ.

എട്ടാംക്ലാസിൽ എസ്എഫ്ഐ അംഗമായി സംഘടനാ പ്രവർത്തനത്തിനു തുടക്കംകുറിച്ച സജി ചെറിയാൻ ചെങ്ങന്നൂർ ക്രിസ്ത്യൻ, മാവേലിക്കര ബിഷപ്പ്മൂർ, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐയുടെ മുന്നണിപ്പോരാളിയായി. ബിഷപ്പ് മൂർ കോളേജിൽ പഠിക്കുന്ന കാലത്ത് സർവകലാശാലാ യൂണിയൻ കൗൺസിലറായ അദ്ദേഹം 25 വർഷമായി ആ കോളേജിൽ നിലനിന്ന കെഎസ്‌യുവിന്റെ അപ്രമാദിത്തം അവസാനിപ്പിച്ചു. 1990 മുതൽ 93 വരെ എസ്എഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദങ്ങൾ വഹിച്ചു.

90ൽ സിപിഐ എം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയിൽ എത്തിയ അദ്ദേഹം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. 1995ൽ മുളക്കുഴ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി. രണ്ടായിരത്തിൽ ചെറിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2006ൽ നിയമസഭയിലേക്ക് മത്സരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും കേരള സർവകലാശാല സിൻഡിക്കറ്റംഗമായും പ്രവർത്തിച്ചു.ജെസിഐ മാനവസേവാ അവാർഡ്, സാരംഗാ ഫൗണ്ടേഷൻ പുരസ്‌കാരം, മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള കൃഷിവകുപ്പിന്റെ സംസ്ഥാന അവാർഡ്, മികച്ച പാലിയേറ്റീവ് പ്രവർത്തനത്തിനും കാരുണ്യപ്രവർത്തനത്തിനുമുള്ള പുരസ്‌കാരം തുടങ്ങിയവ അംഗീകാരങ്ങളായി.

നേരത്തെ സിപിഐഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു സജി ചെറിയാൻ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും സജി ചെറിയാൻ വഹിച്ചിരുന്നു.

വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും അത് കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണെന്നാണ് സജി ചെറിയാന് പറയാനുള്ളത്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ വാർത്തകൾ പരുമഴയായി ഒഴുകുമ്പോഴും തന്റെ വിജയം സർ്കകാരിന്റെ വിജയമാണെന്ന് പറയാനാണ് സജി ചെറിയാന് ഇഷ്ടം. ചെങ്ങന്നൂരിലെ മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ തുടങ്ങി വെച്ച എല്ലാ വികസന പ്രവർത്തനങ്ങളും താൻ തുടരും. ചെങ്ങന്നൂരിൽ സംസാരിക്കേണ്ട വിഷയം വികസനമാണ് എന്നാണ് സജി ചെറിയാന് പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP