Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തേനും വയമ്പും നിറഞ്ഞ ഓർമകൾക്ക് ഒരു വയസ്

തേനും വയമ്പും നിറഞ്ഞ ഓർമകൾക്ക് ഒരു വയസ്

രശ്മി പ്രകാശ്

ലയാളികളുടെ മനസ്സിലേക്ക് തേനും വയമ്പുമായി കടന്നു വന്ന മധുരം ഇന്നും അതിമധുരമായി നിലനിൽക്കുന്നു എന്ന് പറയുമ്പോൾ തന്നെ ചില ഗാനങ്ങളും കവിതകളുമൊക്കെ നമ്മുടെ മനസ്സിലേക്ക് അനർഗ്ഗള നിർഗ്ഗളമൊഴുകിയെത്തും. അതിന്റെ സൃഷ്ടാവ് മറ്റാരുമല്ല ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന നമ്മുടെ സ്വന്തം ഒഎൻവി കുറുപ്പ് മാഷാണ്. പാട്ടും കവിതയും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തു നേർത്തില്ലാതാകുന്ന രചനയുടെ ഇന്ദ്രജാലം നമ്മളെ അനുഭവിപ്പിച്ച മലയാളത്തിന്റെ പ്രിയകവി.

1955 ൽ പുറത്തിറങ്ങിയ കാലം മാറുന്നു എന്ന ചിത്രത്തിൽ തുടങ്ങിയ രചനാവസന്തം ഇന്നും മലയാളികളിൽ പൂത്തുലഞ്ഞു നിൽക്കുന്നു. കഴിഞ്ഞ ആറുപതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളിൽ നിർണ്ണായക സ്വാധീനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്ലാ ജീവജാലങ്ങളോടും മണ്ണിനോടും വിണ്ണിനോടും പൂവിനോടും നക്ഷത്രങ്ങളോടുമെല്ലാം ഹൃദയപക്ഷം ചേർന്ന് നിന്നു സാധാരണക്കാരനായി ജീവിച്ച ഒഎൻവി, തിരുവിതാംകൂർ രാജവംശത്തിന്റെ പ്രധാന വൈദ്യനും സ്വരാജ്യത്തിന്റെ പത്രാധിപരുമായിരുന്ന ഒഎൻ കൃഷ്ണക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1931 മെയ് 27 നായിരുന്നു ജനിച്ചത്.

അദ്ദേഹത്തിന്റെ കാവ്യഭാവന തുളുമ്പുന്ന മനസ്സിന്റെ പ്രതിഫലനമായിരുന്നു കവിതകളായും ഗാനങ്ങളായും നമ്മളിലേക്ക് പെയ്തിറങ്ങിയത്. കേരള രാഷ്രീയ ചരിത്രത്തിലെ അരുണാഭമായ നാൽപ്പതുകളുടെ താരസ്മൃതിയിലായിരുന്നു അദ്ദേഹം കവിതയിലേക്ക് പ്രവേശിച്ചത്. മണ്ണിനോടെന്നപോലെ ഹൃദയവിലോലതകളോടും അപാരതയോടും സംവദിക്കുന്നവയായിരുന്നു ഒഎൻവി കവിതകൾ. മലയാള കാൽപ്പനിക കവിതയുടെ ഏറ്റവും സർഗാത്മകമായ വിപുലനവും തുടർച്ചയുമായിരുന്നു ഒഎൻവി വെട്ടിത്തെളിച്ച പാത.

80കളിൽ ഭൂമിയ്‌ക്കൊരു ചരമഗീതം പോലെയുള്ള കവിതകളിലൂടെ ഒഎൻവി മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കവിതകൾ ഈ ഘട്ടത്തിലാണുണ്ടായത് പരിസ്ഥിതി ബോധവുമായും മാനവ ജീവിത പ്രതിസന്ധികളുമായും ബന്ധപ്പെട്ട ആ കവിതകൾ സൃഷ്ടിച്ച ചലനം സവിശേഷമായ ഒരു രാഷ്രീയ അവബോധത്തിന്റെ ഭാഗമായിരുന്നു. മലയാള സിനിമാ ഗാനശാഖയെ കാവ്യാത്മകമാക്കുന്നതിലും ഒഎൻവി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

അനുകരണവും അപഹരണവും നിമിത്തം ഗാനരംഗം ആകെ കലുഷിതമായിരുന്ന 50കളുടെ തുടക്കത്തിലാണ് കവിയായ ഒഎൻവി കുറുപ്പ് ഗാനരചയിതാവിന്റെ മേലങ്കി എടുത്തണിയുന്നത്. തനതായ ഒരു സരണി വെട്ടിത്തുറക്കാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. തമിഴിൽ കണ്ണദാസനും ഹിന്ദിയിൽ ഖൈഫ് യാസ്മായും സിനിമാ ഗാനരചനയിൽ പ്രവേശിച്ചു ഐതിഹാസികമായ സൃഷ്ടികൾ നടത്തിക്കൊണ്ടിരുന്ന അതേ കാലത്താണ് ഒഎൻവിയും മലയാള സിനിമാ ഗാനശാഖയിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചത്. പിന്നീടങ്ങോട്ട് ഒഎൻവിയുടെ ഗാനങ്ങൾ മലയാളികളുടെ ചുണ്ടിൽ എക്കാലത്തുമുണ്ടായിരുന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം മാത്രം 13 തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വൈശാലി എന്ന ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. മലയാള ഭാഷയ്ക്ക് വേണ്ടി, മലയാള സംസ്‌ക്കാരത്തിന് വേണ്ടി, മലയാള തനിമയ്ക്കുവേണ്ടി നിലകൊണ്ട ഒഎൻവി യെത്തേടി ഭാരതത്തിലെ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠവും പത്മഭൂഷണും പത്മശ്രീയുമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളെത്തി. മലയാളം ശ്രേഷ്ഠ ഭാഷാപദവി നേടിയതിനു പിന്നിലും മലയാളത്തിന്റെ ഈ പ്രിയകവിയുടെ അഹോരാത്ര ശ്രമമുണ്ടായിരുന്നു.

ഏകാന്തതയുടെ അമാവാസിയിൽ എനിക്ക് കൈവന്ന വെളിച്ചമാണ് എന്റെ കവിതയെന്നു ഒഎൻവി കുറുപ്പുമാഷ് പറഞ്ഞിട്ടുണ്ട്. 'എന്റെ ചിന്തകളും പ്രതികരണവും എല്ലാം കവിതകളിലൂടെ പുതുക്കുന്നു. കവിതയിലൂടെ അല്ലാതെനിക്ക് പ്രതികരണമില്ല'.

ഒഎൻവി യെക്കുറിച്ചു പറയുമ്പോൾ അദ്ദേഹം അവസാനം എഴുതിയ പുസ്തകത്തെ കുറിച്ച് പറയാതിരുന്നാൽ അത് അപൂർണ്ണമാവും. 'പോക്കുവെയിൽ മണ്ണിലെഴുതിയത്' വിണ്ണിന്റെ ഹൃദയസ്പന്ദനങ്ങളാണ്. വിലോലഭാവങ്ങളുടെയും വികാര വായ്പുകളുടെയും ഉള്ളെഴുത്തുകൾ. കുണ്ഡലി നീ ശക്തി താമരവിരിയും പോലെയുള്ള അനുഭവം. ഒഎൻവിയുടെ ബാല്യ കൗമാര യൗവ്വന സ്മൃതികളുടെ സഹസ്ര ദളപത്മം സൗന്ദര്യ ലഹരിയായി സംവദിക്കുന്ന അസുലഭ മുഹൂർത്തം. അതാണ് അദ്ദേഹം ഏറ്റവും ഒടുവിലെഴുതി പ്രസിദ്ധപ്പെടുത്തിയ പോക്കുവെയിൽ മണ്ണിലെഴുതിയത് എന്ന പുസ്തകത്തിന്റെ വിളംബരം.

ഇരുപത്തേഴ് ലേഖനങ്ങളുടെ (ഓർമ്മകളുടെ) സമാഹാരമാണ് പോക്കുവെയിൽ മണ്ണിലെഴുതിയത് എന്ന കൃതി. അനുഭവങ്ങളുടെ തീക്ഷ്ണതയും സംഗീതത്തിന്റെ ഈണവും ജീവിതത്തിന്റെ ചടുലതാളവും ഈ കൃതിയുടെ സവിശേഷതയാണ്. ഒഎൻവി തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

'ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാൻ വേണ്ടവലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് 'ഇങ്കുകുറുക്കി' കൊടുത്ത് ഈറൻ വിരികളെല്ലാമുണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്‌നേഹക്കുറിപ്പുകൾ മാത്രം'.

ഹൃദയത്തിൽ നിന്ന് അറിയാതെ ഒഴുകി ഇറങ്ങുന്ന കാവ്യമധുരമായ ഈ വരികൾ കവിയുടെ ജീവിതത്തിന്റെ കയ്യൊപ്പാണ്; ജീവിത ദർശനത്തിന്റെ കരകാണാക്കടലാണ്.

മധുരിക്കുന്ന ഗാനങ്ങളിലൂടെ ഒഎൻവി കുറുപ്പ് മാഷ് മലയാളിയുടെ ഹൃദയത്തിലുണ്ടാകും ലോകാവസാനം വരെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP