Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗദ്ദാമയിലെ താടി വച്ച ആട്ടിടയൻ; അന്നയും റസൂലിലെ ഗുണ്ട; ഇതിഹാസയിലെ സ്ത്രീയായ നായകൻ; മയക്കുമരുന്ന് കേസിൽ പിടിയിലായ ഷൈൻ ടോം ചാക്കോ വളർന്നുവരുന്ന താരം

ഗദ്ദാമയിലെ താടി വച്ച ആട്ടിടയൻ; അന്നയും റസൂലിലെ ഗുണ്ട; ഇതിഹാസയിലെ സ്ത്രീയായ നായകൻ; മയക്കുമരുന്ന് കേസിൽ പിടിയിലായ ഷൈൻ ടോം ചാക്കോ വളർന്നുവരുന്ന താരം

മറുനാടൻ മലയാളി ബ്യൂറോ

യൽവാസിയും സംവിധായകനുമായ കമലിനെ കണ്ടാണ് ഷൈൻ ടോം ചാക്കോ സിനിമയെ പ്രണയിച്ചു തുടങ്ങുന്നത്. കമലിന്റെ അസിസ്റ്റന്റായി തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഗദ്ദാമയിൽ താടി വച്ച ആട്ടിടയനായും അന്നയും റസൂലിലെ പരുക്കനായ ഗുണ്ടയുമായുമൊക്കെ പിന്നീട് ഷൈൻ ക്യാമറയ്ക്ക് മുന്നിലെത്തി. ചൂണ്ടയെന്ന കഥാപാത്രവും ശ്രദ്ധേയമായി. സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിട്ടില്ലെങ്കിലും അവിടത്തെ സഹവാസമാണ് ഷൈനിനെ നടനാക്കിയത്. ഈ സൗഹൃദവലയം തന്നെയാണ് മയക്കുമരുന്നിലേക്കും ഈ യുവ പ്രതിഭയെ അടുപ്പിച്ചത്. തൃശൂരിലെ സൗഹൃദം നിസാമെന്ന അധോലോക നായകനിലേക്കും എത്തി. മലയാളത്തിലെ ശ്രദ്ധേയനായ യുവ നായകനെ ജീവതത്തിൽ വില്ലനാക്കുന്നതും ഈ അടുപ്പമാണ്.

പൊന്നാനിക്കാരനായ ഷൈനിന്റെ സുഹൃത്തുക്കൾ ഏറെയും തൃശൂർക്കാരനാണ്. കമലിന്റെ സംവിധാന സഹായി എന്ന നിലയിൽ കിട്ടിയ അടുപ്പങ്ങൾ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ സ്ഥിരം സന്ദർശകനുമാക്കി. ഫിലിം ഫെസ്റ്റിവലുകൾ കണ്ട് സിനിമയെ നെഞ്ചിലേറ്റിയ യുവാവ് എപ്പോഴോ മയക്കുമരുന്നിലേക്ക് അടിതെറ്റി വീണു. കൊച്ചിയിലെ പാർട്ടികളിൽ സ്ഥിരം സന്ദർശകനായി. പതിനായിരങ്ങൾ വാങ്ങി ഫ്‌ലാറ്റുകളിലും മറ്റും പാർട്ടി നടത്തുന്ന നിസാമിനെ പോലുള്ളവർക്ക് നടനായ ഷൈനിന്റെ താരമൂല്യം തിരിച്ചറിയാമായിരുന്നു. അങ്ങനെ പാർട്ടികളിലേക്ക് ആളെയൊഴുക്കാൻ ഷൈനിലെ പോലുള്ള യുവ നടന്മാരുടെ സാന്നിധ്യം നിസാമിനെ പോലുള്ളവർ ഉപയോഗിച്ചു.

അപ്രതീക്ഷിതമായി നിസാം കുടുങ്ങി. മദ്യലഹരിയിൽ കാറോടിച്ച് തൃശൂരിലെ ഫ്‌ലാറ്റിലെത്തിയ നിസാമിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചിരുന്നു. എഡിജിപി ശങ്കർ റെഡ്ഡിയുടെ കർശന നിലപാട് കൂടിയായപ്പോൾ പൊലീസുകാർക്ക് കള്ളം മറയ്ക്കാനുമായില്ല. നിസാമിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തികളിലേക്ക് സംശയങ്ങളെത്തി. അടുത്ത ഫ്‌ലാറ്റുകാരുമായി ബന്ധപ്പെട്ടപ്പോൾ കാര്യങ്ങൾ വ്യക്തമായി. അങ്ങനെ കൊച്ചിയിൽ നിസാമിനെ കുരുക്കാൻ പൊലീസ് ഒരുക്കിയ വലയിലേക്ക് ഷൈൻ ടോം ചാക്കോയെന്ന യുവ നടൻ വില്ലൻ പരിവേഷത്തോടെ നടന്നെത്തി.

+2 പഠിക്കുമ്പോഴേ സഹ സംവിധായകനായി. ദിലീപിനെ പോലെ സഹസംവിധായകന്റെ റോളിൽ നായകനാവുകയായിരുന്നു ലക്ഷ്യം. അതിനായി ദിലീപിന്റെ സംവിധായക ഗുരുവായ കമലിനെ തന്നെ കിട്ടി. കമലിന്റെ അയൽവാസിയാണ് ഷൈൻ. ചെറുപ്പം മുതലേ അറിയാം. നാടകത്തോടുള്ള ആവേശം തിരിച്ചറിയാവുന്ന കമലും നിരാശനാക്കിയില്ല. കൊച്ചു പയ്യനെ തനിക്കൊപ്പം കൂടി. ഓടി നടന്ന് കമലിന്റെ സിനിമയ്ക്കായി ക്ലാപ്പടിച്ചു. അവിടെ നിന്ന് സൗഹൃദങ്ങൾ വളർന്നു. ആഷിഖിനൊപ്പമായി പിന്നീട്. ആശിഖിനെ അസിസ്റ്റ് ചെയ്യുമ്പോഴാണ് അഭിനയ ഓഫർ എത്തുന്നത്. നീട്ടിവളർത്തിയ മുടിയാണ് ഷൈനിന് തുണയായത്.

കുട്ടിക്കാലം മുതലെ മുടി നീട്ടിവളർത്താൻ ഷൈനിന് താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ സ്‌കൂളിൽ പഠിക്കുമ്പോൾ അത് നടന്നില്ല. എല്ലാ മാസവും മുടിവെട്ടണമെന്ന് നിർബന്ധം. കമലിലൂടെ സിനിമാ ലോകത്ത് എത്തിയപ്പോൾ കഥ മാറി. എന്തിനും സ്വാതന്ത്ര്യം. ആഷിഖിന്റെ സഹായി ആയപ്പോൾ മുടി നീട്ടിവളർത്താൻ തുടങ്ങി. ഇതറിഞ്ഞ കമൽ തന്റെ പഴയ ശിഷ്യനെ വിളിച്ചു. ഗദ്ദാമയിലെ ആട്ടിടയനെ കുറിച്ച് പറഞ്ഞു. താടിയും നീട്ടിവളർത്തി. അങ്ങനെ അറബി ലോകത്തെ ആട്ടിടയനായി ഷൈൻ വെള്ളിത്തിരയിൽ എത്തി. അഭിനയം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പതുക്കെ യുവ നായക നിരയിലേക്ക് ഷൈൻ നടന്നുകയറി. ചാപ്‌റ്റേഴ്‌സിലെ ചൂണ്ടയോടെ മലയാളി ഈ നടനെ തിരിച്ചറിഞ്ഞു. പിന്നീട് ഒരു പിടി ചിത്രങ്ങൾ. ഇതിഹാസ ശ്രദ്ധിക്കപ്പെട്ടതോടെ പുതു തലമുറ സിനിമകളിൽ ഷൈനും സ്ഥാനം ഉറപ്പിച്ചു.

മുപ്പത്തിരണ്ട് വയസ്സുള്ള ഷൈൻ പന്ത്രണ്ട് വർഷമായി സജീവമായി മലയാള സിനിമയിലുണ്ട്. 2011-ലാണ് നടനായുള്ള അരങ്ങേറ്റം. ചാപ്‌റ്റേഴ്‌സിലെ ചൂണ്ടയും അന്നയും റസൂലുമാണ് ഷൈനിനെ മലയാളിയുടെ മനസ്സിലേക്ക് എത്തിച്ചത്. കമലിൽ സംവിധാനത്തിന്റെ ആദ്യ പാഠങ്ങൾ ഉൾക്കൊണ്ട് ഈ പൊന്നാനിക്കാരൻ പിന്നീട് രാജേഷ് പിള്ളയുടേയും ആഷിഖ് അബുവിന്റേയും സമീർ താഹിറിന്റേയുമെല്ലാം സഹായിയായി. പതിയെ ബന്ധങ്ങൾ കൊച്ചിയിലേക്ക് മാറി. നടനായതോടെ ഏവരും തിരിച്ചറിയാനും തുടങ്ങി.

പ്രേക്ഷകർ ഷൈനിനെ വിലയിരുത്തിയത് 'ഇതിഹാസ' കണ്ടതിന് ശേഷമാണ്. ഒരു സ്ത്രീയുടെ മാനറിസങ്ങളോടെ ഇതിഹാസയിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ച് തകർത്തു. ഇതിനെങ്ങനെ സാധിച്ചു എന്ന് ചോദിച്ചപ്പോൾ ചെറുപ്പം മുതലേ താൻ പെൺകുട്ടികളെ ശ്രദ്ധിക്കാറുണ്ടെന്നായിരുന്നു ഷൈനിന്റെ മറുപടി. അത് സ്ത്രീയായി അഭിനയിക്കാൻ വളരെ സഹായിച്ചുവത്രെ. ഗദ്ദാമ, ചാപ്‌റ്റേഴ്‌സ്, അന്നയും റസൂലും, പകിട, ഒടുവിൽ മസാല റിപ്പബ്ലിക്. സഹനടനായി എത്തിയ ഷൈൻ ഇതിഹാസിലുടെ നായകനിരയിലേക്ക് മാറി.

ഇതിഹാസ ഹിറ്റായതോടെ ഷൈൻ ടോം ചാക്കോ എന്ന നടന്റെ സമയവും തെളിഞ്ഞു. ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഷൈനാണ് നായകൻ. വിജയകുമാർ പ്രഭാകരന്റെ 'അസീസിന്റെ വർത്തമാനം' എന്ന ചിത്രവും ഏറെ പ്രതീക്ഷയുള്ളതാണ്. ഈ സിനിമ പൂർത്തിയായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP