Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്കമാലിയിലെ രണ്ടര സെന്റ് പുറമ്പോക്കു ഭൂമിയിൽ തട്ടുകട നടത്തി ജീവിച്ച കുമാരേട്ടന്റെ മകൻ സംസ്ഥാനത്തെ കരുത്തുറ്റ മന്ത്രിയായി മാറിയത് അസാധാരണമായ മെയ്‌വഴക്കത്തിലൂടെ; ആ പഴയ തട്ടുകട ഇന്നും അങ്കമാലിയുടെ വികസനത്തിനു തടസമായി റോഡിൽ നിൽക്കുന്നു

അങ്കമാലിയിലെ രണ്ടര സെന്റ് പുറമ്പോക്കു ഭൂമിയിൽ തട്ടുകട നടത്തി ജീവിച്ച കുമാരേട്ടന്റെ മകൻ സംസ്ഥാനത്തെ കരുത്തുറ്റ മന്ത്രിയായി മാറിയത് അസാധാരണമായ മെയ്‌വഴക്കത്തിലൂടെ; ആ പഴയ തട്ടുകട ഇന്നും അങ്കമാലിയുടെ വികസനത്തിനു തടസമായി റോഡിൽ നിൽക്കുന്നു

കൊച്ചി: ബാർ കോഴ കേസിൽ കെ.എം മാണി രാജിവച്ചൊഴിഞ്ഞ രാത്രിയിൽ തന്നെ ബിജു രേമേശും പത്രങ്ങളും കാമറയും നേരെ തിരിഞ്ഞത് എക്‌സൈസ് മന്ത്രി കെ.ബാബുവിലേക്കാണ്, അടുത്ത ഇരയായാണു ബാബുവിനെ എല്ലാവരും കണ്ടത്്. രണ്ടു ദിവസം കഴിഞ്ഞതോടെ ബാബുവിനെതിരേയുള്ള ആരോപണങ്ങൾ ശക്തി പ്രാപിക്കുകയും മൂന്നാം ദിവസം അവയിൽ കഴമ്പുണ്ടെന്നുള്ളതിലേക്കു വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകളുണ്ടാകുകയും ചെയ്തു. ഒടുവിലിതാ തൃശൂർ വിജിലൻസ് കോടതി വിധിയും. അങ്ങനെ മന്ത്രിസഭയിൽ നിന്ന് ബാബുവും പടിയിറങ്ങുന്നു.

കെ. ബാബുവിന്റെ ഓഫീസിൽ നേരിട്ടു ചെന്ന് താൻ പണം നല്കിയെന്നും, തന്റെ പരാതി ഒഴിവാക്കാൻ മന്ത്രി സ്വാധീനിച്ചു എന്നുമൊക്കെയുള്ള ബിജു രമേശിന്റെ ആരോപണമാണ് ബാബുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. അന്നും ഇന്നും ബിജു രമേശ് ചോദിക്കുന്ന ചോദ്യമിതാണ്: വെറും സാധാരണക്കാരനിൽ സാധാരണക്കാരനായ ബാബു ഇന്നത്തെ നിലയിലെത്താനുള്ള സാമ്പത്തികസ്രോതസെന്താണ്? അങ്കമാലിയിലെ വെറുമൊരു തട്ടുകടക്കാരൻ കുമാരന്റെ മകൻ ബാബു എങ്ങനെ കേരളത്തിലെ ഏറ്റവും ശക്തമായ വകുപ്പായ മദ്യവും, തുറമുഖവും ഭരിക്കുന്ന മന്ത്രിയായി? ഇതുവരേ പിന്നിട്ട നാൾവഴികളിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ബാബു എന്ന രാഷ്ട്രിയപ്രവർത്തകനോടൊപ്പം ഭാഗ്യം എന്ന സഹയാത്രികനും ഉണ്ടായിരുന്നുവെന്നു പറയാൻ.

അങ്കമാലി പഴയ മാർക്കറ്റ് റോഡിലുള്ള രണ്ടരസെന്റ് പുറമ്പോക്കിൽനിന്നാണു കെ ബാബുവിന്റെ കുടുംബം ഇന്നത്തെ മന്ത്രിമന്ദിരം വരെയെത്തിയത്. ബാബുവിന്റെ അച്ഛൻ കെ. കുമാരൻ റോഡു പുറമ്പോക്കിൽ അന്നു ചെറിയൊരു ചായപ്പീടിക നടത്തിയിരുന്നു, കുന്നുംപുറത്തു ചായപ്പീടിക എന്നായിരുന്നു പേര്. ബാബു അന്നു വിദ്യാർത്ഥി. അല്പം മാറി 10 സെന്റിൽ ചെറിയൊരു വീട്. കുമാരനും ആറ് ആൺമക്കളും. ബാബു രണ്ടാമൻ. മൂത്തയാൾ സുഗതൻ.അഡ്വക്കേറ്റായിരുന്നു, ജീവിച്ചിരുപ്പില്ല. ബാബുവിനു താഴെ രാജീവൻ, സജീവൻ, ജോഷി, ഷിബു. ചായക്കട പൊളിഞ്ഞപ്പോൾ, പൊലീസ് സ്‌റ്റേഷനിലേക്കും മറ്റും പരാതിയെഴുതിക്കൊടുക്കൽ, വില്ലേജ് ഓഫീസിലേക്കും പഞ്ചായത്തിലേക്കുമൊക്കെയുള്ള അപേക്ഷ തയാറാക്കൽ തുടങ്ങിയ പൊതുജനകാര്യങ്ങൾ തുച്ഛമായ ഫീസ് വാങ്ങി സഹായിച്ചായിരുന്നു അന്നത്തെ ജീവിതമാർഗം.

കാലടി ശ്രീശങ്കര കോളജിൽ പഠിക്കുമ്പോൾ കെ എസ് യുവിലൂടെ രാഷ്ട്രീയത്തിൽ കടന്ന കെ ബാബു മികച്ച ഫുട്‌ബോളറായിരുന്നു. പരിവർത്തനവാദി നേതാവ് എം എ ജോണിന്റെ കാലഘട്ടത്തിൽ ഒപ്പം കൂടി, പിന്നീടു വഴിമാറി വ്യവസ്ഥാപിത കോൺഗ്രസ് സംഘടനാ പ്രവർത്തനമായി. പിന്നെ എസ്എൻഡിപി നേതാവ് വേലായുധന്റെ  മകളെ വിവാഹം ചെയ്തു തൃപ്പൂണിത്തുറയിലേക്കു മാറിത്താമസിച്ചു. പിന്നെ തട്ടകം തൃപ്പൂണിത്തുറയായി, അവിടെനിന്നു നിയമസഭയിലേക്കു പലകുറി മത്സരിച്ചു വിജയിച്ചു.

അങ്കമാലിയിലെ പഴയ തട്ടുകടയിരിക്കുന്നിടത്തു ഇന്നും കച്ചവടം നടക്കുന്നുണ്ട്, ഒന്നല്ല രണ്ടെണ്ണം. ബാബുവിന്റെ ഇളയ രണ്ടു സഹോദരന്മാരാണു കച്ചവടം നടത്തുന്നത്. ഒന്നിൽ നാരങ്ങാവില്പന. മറ്റേതിൽ സ്പോർട്സ് സാമഗ്രികളുടെ വില്പന. ചെറിയ രണ്ടു കച്ചവടസ്ഥാപനങ്ങളാണെങ്കിലും ഇതുമൂലം അങ്കമാലി പഴയ മാർക്കറ്റ് റോഡ് വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഈ പുറമ്പോക്കുഭൂമിയിലെ കച്ചവടസ്ഥാപനങ്ങൾ തടസമായിരിക്കുന്നുവെന്നാണു നാട്ടുകാരുടെ പരാതി. ജോസ് തെറ്റയിൽ എം എൽ എ പഴയ മാർക്കറ്റ് റോഡ് വീതികൂട്ടാൻ വൻപദ്ധതിയിട്ടിട്ടും അതിനു തടസം സൃഷ്ടിക്കുന്നതു ബാബുവിന്റെ സഹോദരങ്ങളുടെ കടകളാണത്രേ. ആരുടെ സ്വാധീനമാണെന്ന് ഊഹിക്കാമല്ലോ. ബാബുവിന്റെ ഒരു സഹോദരൻ കർണാടകയിൽ കള്ളനോട്ടു കേസിൽപ്പെട്ടു പിന്നീടു കേസിൽനിന്നൊക്കെ ഒഴിവായി.

സുറിയാനി കത്തോലിക്കരുടെ വത്തിക്കാനായി കരുതപ്പെടുന്ന അങ്കമാലിയിൽ ഒരു ഈഴവ സമുദായക്കാരൻ കോൺഗ്രസുകാരനാവുക എന്നത് അത്ഭുതംതന്നെ. ബാബുവിന്റെ ബന്ധുക്കളിൽ ബഹുഭൂരിപക്ഷവും എൽഡിഎഫുകാരാണ്. കാലടി കോളേജിൽ കലാലയ രാഷ്ട്രിയ പ്രവർത്തനത്തിലൂടെ കേരള യൂണിവേഴ്‌സിറ്റിയിൽ കെ എസ് യു വിന്റെ വൈസ് ചെയർമാനായി. കലാലയജിവിതത്തിനു ശേഷം 1977 ൽ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായും പിന്നീടു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു.

1980 ൽ അങ്കമാലി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയപ്പോൾ ബാബു മുനിസിപ്പൽ കൗൺസിലറായി ജയിച്ചു. ഇടതുപക്ഷത്തിനു ഭുരിപക്ഷമുണ്ടായിരുന്നു എങ്കിലും വലിയ അട്ടിമറിയിലൂടെ ബാബു അങ്കമാലിയിലെ ആദ്യത്തെ മുനിസിപ്പൽ ചെയർമാനായി. ഒന്നര വർഷത്തെ ആയുസേ ചെയർമാൻ സ്ഥാനത്തിനുണ്ടായിരുന്നുള്ളുവെങ്കിലും അത് ബാബു എന്ന യുവരാഷ്ട്രിയ നേതാവിന്റെ ഭാഗ്യവളർച്ച ആയിരുന്നു. പിന്നിട് 1991-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ അന്നത്തെ അനുകുല രാഷ്ട്രിയ സാഹചര്യം കണക്കിലെടുത്തു നിയമസഭ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് വന്നപ്പോൾ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ബാബു കോൺഗ്രസ് സ്ഥാനാർത്ഥി ആയി.

അന്ന് തൃപ്പൂണിത്തുറ എറണാകുളം ജില്ലയിലെ ഇടതുപക്ഷത്തിന്റെ ചുവപ്പുകോട്ടയായിരുന്നു. എം എം ലോറൻസ്് ആയിരുന്നു ബാബുവിന്റെ എതിരാളി. ജയിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ബാബുവിന് അന്ന് ഭാഗ്യമായി വന്നത് രാജിവ് ഗാന്ധി ആയിരുന്നു. രാജിവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് അന്നത്തെ ആ തെരഞ്ഞെടുപ്പു മുന്നാഴ്ചത്തേക്ക് മാറ്റിവച്ചു. ആ സഹതാപതരംഗത്തിൽ ബാബു എംഎ‍ൽഎ ആയി. പിന്നീടു 1996 - 2001 ലും ബാബു തൃപ്പൂണിത്തുറയിൽ ജയിച്ചു കയറി. 2006 ലെ തിരഞ്ഞെടുപ്പിൽ പ്രതികൂലതരംഗം ഭീഷണിയായിരുന്നെങ്കിലും രവിന്ദ്രനാഥ് എന്ന അത്ര ശക്തനല്ലാത്ത എതിരാളി വിണ്ടും ഭാഗ്യമായെത്തി.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലം പുനർവിഭജനം നടത്തിയപ്പോൾ പുതിയ തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം ശക്തമായ മാർക്‌സിസ്റ്റ് സീറ്റ് ആയി മാറി തൊട്ടപ്പുറത്ത് തൃക്കാക്കര മണ്ഡലം ശക്തമായ യു.ഡി.ഫ്. മണ്ഡലമായി. അവിടെ മത്സരിക്കാനുള്ള ബാബുവിന്റെ ശ്രമം നടന്നില്ല. ബാബു വിണ്ടും തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായി. അന്ന് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ഗോപി കോട്ടമുറിക്കലിനു പകരം ദിനേശ് മണിയിലേക്ക് മാറിയത് അനുഗ്രഹമായപ്പോൾ വിജയം ബാബുവിനായി. ജയിച്ചുവന്ന പ്രമുഖ ഈഴവ സമുദായാംഗങ്ങളിൽ രണ്ടു പേരായ അടൂർ പ്രകാശും കെ . ബാബുവും മന്ത്രിയായി. എക്‌സൈസ് തുറമുഖം വകുപ്പുകൾ ബാബുവിന് സ്വന്തമായി.

മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന നിലയിൽ മന്ത്രിസഭയിൽ ബാബുവിന്റെ പ്രാധാന്യം ഏറെ വലുതായിരുന്നു. ടിഎം ജേക്കബിന്റെ മരണത്തെ തുടർന്ന് പിറവത്ത് ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ അനൂപ് ജേക്കബിന്റെ വിജയത്തിന് തന്ത്രങ്ങൾ ഒരുക്കിയത് ബാബുവായിരുന്നു. അങ്ങനെ ഗ്ലാമറുമായി മുന്നേറുമ്പോഴാണ് ബാബുവിന് നേരെ ബാർ കോഴയിൽ കുരുക്കെത്തുന്നത്. അടുപ്പക്കാരനെ സഹായിക്കാൻ മുഖ്യമന്ത്രി അരയും മുണ്ടും മുറുക്കി രംഗത്തിറങ്ങിയിട്ടും ബാബു അടിതെറ്റി വീണു. കേരള രാഷ്ട്രീയത്തിൽ തൃപ്പുണ്ണിത്തറയിലെ തുടർച്ചയായ വിജയങ്ങളാണ് ബാബുവിനെ താരമാക്കിയത്.

എന്നാൽ ഇന്ന് ഈ മണ്ഡലവും കോൺഗ്രസിനെ കൈവിടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റമായിരുന്നു ഇവിടെ. രണ്ടാമത് എത്തിയത് ബിജെപിയും. അങ്ങനെ ബാർ കോഴയിൽ ബാബുവിന്റെ സുരക്ഷിത മണ്ഡലവും ബാബുവിനെ കൈവിടുമോ എന്നതാണ് ഉയരുന്ന ചോദ്യം. അടുത്ത തെരഞ്ഞെടുപ്പിൽ തൃപ്പുണ്ണിത്തുറയിൽ തോറ്റാൽ കേരള രാഷ്ട്രീയത്തിൽ ബാബുവിന് പിന്നീട് ഉദിച്ചുയരുക അസാധ്യവുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP