Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുരക്ഷാഭടന്മാരിൽ സിക്കുകാർ വേണ്ടെന്ന് ഐബി പറഞ്ഞപ്പോൾ നമ്മൾ മതേരവാദികളല്ലെ എന്ന് മറുപടി എഴുതി അത് തള്ളി; സെക്യുലർ സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനയിൽ എഴുതിച്ചേർത്തു; രാജാധികാരങ്ങൾ എടുത്തുകളഞ്ഞു; പാവയിൽ നിന്ന് ദുർഗയായി; ശബരിമല സമരക്കാലത്ത് ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കിൽ എന്ന് ചോദിച്ച് മല്ലു യൂത്തിനിടയിൽപോലും ഫേസ്‌ബുക്ക് പോസ്റ്റുകൾ; ഒരു രക്തസാക്ഷിദിനംകൂടി കടന്നുപോവുമ്പോൾ ഇന്ദിരാഗാന്ധി ഉയർത്തെഴുനേൽക്കുന്നോ

സുരക്ഷാഭടന്മാരിൽ സിക്കുകാർ വേണ്ടെന്ന് ഐബി പറഞ്ഞപ്പോൾ നമ്മൾ മതേരവാദികളല്ലെ എന്ന് മറുപടി എഴുതി അത് തള്ളി; സെക്യുലർ സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനയിൽ എഴുതിച്ചേർത്തു; രാജാധികാരങ്ങൾ എടുത്തുകളഞ്ഞു; പാവയിൽ നിന്ന് ദുർഗയായി; ശബരിമല സമരക്കാലത്ത് ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കിൽ എന്ന് ചോദിച്ച് മല്ലു യൂത്തിനിടയിൽപോലും ഫേസ്‌ബുക്ക് പോസ്റ്റുകൾ; ഒരു രക്തസാക്ഷിദിനംകൂടി കടന്നുപോവുമ്പോൾ ഇന്ദിരാഗാന്ധി ഉയർത്തെഴുനേൽക്കുന്നോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു ഒക്ടോബർ 31 കൂടി കടന്നുപോവുമ്പോൾ ഇന്ദിരാഗാന്ധിയുടെ സ്മരണയിൽ വീണ്ടും രാജ്യം. ഒരു കാലത്ത് തീർത്തും വിസ്മൃതിയിലേക്ക് പോയ ഇന്ദിരാഗാന്ധി സോഷ്യൽ മീഡിയയിലൂടെ ശക്തമായി തിരച്ചുവരികയാണ്. അടിയന്തരാവസ്ഥയുടെ പേരിൽ ഏറെ പഴികേട്ട മിസിസ് ഗാന്ധിയുടെ സംഭാവനകൾ പക്ഷേ ഇന്ത്യയിൽ അധികം ചർച്ച ചെയ്യപ്പെട്ടില്ലെന്ന് എഴുത്തുകാരി ശോഭാ ഡേ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. കോൺഗ്രസ് വക്താവ് ദിവ്യസ്പന്ദനയും, രാജസ്ഥാനിലെ കരിസ്മാറ്റിക് നേതാവ് സച്ചിൻ പൈലറ്റും അടക്കമുള്ളവർ ഇന്ദിരയുടെ സേവനങ്ങളെ വ്യക്തമാക്കി ഇത്തവണ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഒരു കാലത്ത് തീർത്തും പഴഞ്ചനായിപ്പോയ ഇന്ദിരാഗാന്ധി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശക്തമായി തിരിച്ചുരവരികയാണ്.

അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധിയുടെ ജനസമ്മതിയിൽ വലിയ ഇടിവാണ് ഉണ്ടാക്കിയത്. തന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരയ്ക്ക് സുപ്രീംകോടതിയിൽ പോകാമായിരുന്നു. പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് ഇന്ദിര ഒരുങ്ങിയത്. അടിയന്തരാവസ്ഥയുടെ കറ ഇന്ദിരയുടെ ജീവിതത്തിൽ വീഴ്‌ത്തിയ കരിനിഴൽ വളരെ വലുതായിരുന്നു. ഇന്ദിരയുടെ ജീവിതത്തിന്റെ നല്ല വശങ്ങളൊക്കെ തന്നെ ഈ നിഴലിന്റെ മറയിലായി. പക്ഷേ അപ്പോഴും അവർ എടുത്തത് ഇടതുനിലപാടുകൾ ആയിരുന്നെന്ന് ഇടതുപക്ഷംപോലും പരിഗണിച്ചില്ല. ബാങ്ക് ദേശസാത്കരണവും മതേതരത്വത്തിന്റെ സംരക്ഷണത്തിനായി ഇന്ദിര എടുത്ത കർശന നിലപാടുകളും സൈലന്റവാലി പോലെ പരിസ്ഥിതി സൗഹാർദ നടപടികളുമൊക്കെ തന്നെ അടിയന്തരാവസ്ഥയുടെ കറയിൽ മുങ്ങിപ്പോയി.

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യൻ ജനത ഇന്ദിരയെ തിരസ്‌കരിച്ചു. രക്തം കുടിക്കുന്ന കാളിയാണ് ഇന്ദിരയെന്ന് വിധിയെഴുതി. ജീവിതത്തിൽ ഇന്ദിര ഏറ്റവും കൂടുതൽ ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത് ആ കറുത്തനാളുകളിൽ സഞ്ജയ് മാത്രമാണ് ഇന്ദിരയുടെ കൂടെയുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് സഞ്ജയ് ഗാന്ധി അവരുടെ ദൗർബല്യമായി മാറിയതെന്നും നിരീക്ഷിച്ചത് ഇന്ദിരയുടെ അടുത്ത സുഹൃത്തായിരുന്ന പുപുൽ ജയ്ക്കറാണ്.പ്രിവിപേഴ്സ് നിർത്തലാക്കലടക്കമുള്ള രാജാധികാരങ്ങൾ പൂർണമായും എടുത്തുകളഞ്ഞതും ഇന്ദിരാഗാന്ധിയാണ്. കേരളത്തിലെ മല്ലുസോൾജിയേഴസ് അടക്കമുള്ള സൈബർ ഗ്രൂപ്പുകളിലും ഇന്ദിരാഗാന്ധി നിറഞ്ഞു നിൽക്കയാണ്. സുവർണ്ണക്ഷേത്രത്തിൽ പട്ടാളത്തെ കയറ്റിയ ഇന്ദിരാഗാന്ധിയുടെ നടപടിയൊക്കെ ഓർത്തുകൊണ്ട് ശബരിമല സമരക്കാലത്ത് ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കുകയാണ് പലരും. അതുപോലെ തന്നെ ഇന്ന് ഇന്ത്യയെ ഒരു മതരാഷ്ട്രമായി മാറാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം ഇന്ദിരാഗാന്ധിയിൽ നിന്നാണ് വന്നത്. അടിയന്തരാവസ്ഥയുടെ മറവിലൂടെ ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത്. രാമചന്ദ്രഗുഹയെപ്പോലുള്ളവർ പല തവണ എഴുതിയിട്ടുണ്ട്.

ജനതാ ഭരണത്തിനുശേഷം പക്ഷേ, ഇന്ത്യൻ ജനത ഇന്ദിരയെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, പഞ്ചാബിൽ ഇന്ദിരയ്ക്ക് ചുവടുകൾ പിഴച്ചു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നതിനുശേഷം ഇന്ദിരയുടെ സുരക്ഷാസന്നാഹത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇന്ദിരയോട് അടുത്തുനിൽക്കുന്ന സുരക്ഷാഭടന്മാരിൽ സിക്കുകാർ വേണ്ടെന്ന നിർദ്ദേശം വന്നത് അങ്ങനെയാണ്. ഈ നിർദ്ദേശം നടപ്പാക്കുന്നതിനുപകരം ഇതേക്കുറിച്ച് ഇന്ദിരയുടെ അഭിപ്രായമാരായുകയാണ് ഐ.ബി. മേധാവി ചെയ്തത്. സുരക്ഷ വേണ്ടയാളോട് ചോദിച്ചിട്ടല്ല സുരക്ഷ ഒരുക്കേണ്ടതെന്ന പ്രാഥമിക തത്ത്വമാണ് ഐ.ബി. ചീഫ് മറന്നത്. ഈ നിർദ്ദേശമടങ്ങിയ ഫയൽ ഇന്ദിരയുടെ അടുത്തെത്തിയപ്പോൾ ഇന്ദിര ഫയലിൽ കുറിച്ചത്. are we secular .

ബിയാന്ത് സിങ് ഇന്ദിരയുടെ സുരക്ഷാ സേനയിൽ തുടർന്നതങ്ങനെയാണ്. വീടിന് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കിയ പ്പോൾ റാംജി നാഥ് കാവുവിനോട് ഇന്ദിര പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. 'ഒന്നുകൊണ്ടും കാര്യമില്ല. എന്റെ കൊലയാളികൾ വരുമ്പോൾ എന്നെ രക്ഷിക്കാനുള്ളവരായിരിക്കും ആദ്യം ഓടിപ്പോവുക.' 1984 ഒക്ടോബർ 31 ന് ഇന്ദിര വെടിയേറ്റു വീണപ്പോൾ പിന്നിലായുണ്ടായിരുന്ന സുരക്ഷാ സൈനികരിൽ പലരും ആദ്യംചെയ്തത് രക്ഷപ്പെടാൻ ഓടുകയായിരുന്നു.

ജവഹർലാൽ നെഹ്രുവായിരുന്നു ഇന്ദിരയുടെ ജിവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഈ നിരീക്ഷണം, മൽഹോത്ര നിഷേധിക്കുന്നില്ല. പക്ഷേ, ഇന്ദിരയുടെ വ്യക്തിത്വത്തിന്റെ അടിത്തറ രൂപപ്പെടുന്നതിൽ നിർണായക പങ്കുവഹിച്ചത് മുത്തച്ഛനായ മോത്തിലാലും അമ്മയായ കമലയുമാണെന്ന് മൽഹോത്ര വ്യക്തമാക്കുന്നു. അലഹബാദിലെ ആനന്ദഭവനിൽ മോത്തിലാലായിരുന്നു ആദ്യത്തെയും അവസാനത്തെയും വാക്ക്.

നെഹ്റുവിന് പെൺകുട്ടിയാണ് പിറന്നതെന്നറിഞ്ഞ് സങ്കടപ്പെട്ട ഭാര്യ സ്വരൂപറാണിയോട് ഇവൾ ആൺകുട്ടികളേക്കാൾ മിടുക്കിയാവും എന്നാണ് മോത്തിലാൽ പറഞ്ഞത്. തന്റെ അമ്മയായ ഇന്ദ്രാണിയുടെ ഓർമയ്ക്കായാണ് മോത്തിലാൽ പേരക്കിടാവിന് ഇന്ദിര എന്ന് പേരിട്ടത്. ആരോടും എപ്പോൾ വേണമെങ്കിലും ദേഷ്യപ്പെടുമായിരുന്ന മോത്തിലാൽ പക്ഷേ, ഇന്ദിരയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ സദാസന്നദ്ധനായിരുന്നു. ആരുടെ മുന്നിലും തലകുനിക്കാതെയാണ് ഇന്ദിര വളർന്നത്. തിരിച്ചടി കിട്ടിയാൽ അതിനെ മറികടക്കുകയെന്നുള്ളതാണ് ഇന്ദിരയുടെ സ്വഭാവം. മക്കൾ രാജീവും സഞ്ജയും ഇംഗ്ലണ്ടിലാണ് പഠിച്ചിരുന്നതെന്നതിനാൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കാൻ ഒരുഘട്ടത്തിൽ ഇന്ദിര ആലോചിച്ചിരുന്നു. പക്ഷേ, കോൺഗ്രസ്സിൽ തന്നെ ഒതുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന അറിവാണ് ഇന്ദിരയെ ഈ തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്.

1966 ജനുവരി 24-ന് ലാൽബഹാദുർ ശാസ്ത്രിക്കുശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇന്ദിരയ്ക്ക് സാധിച്ചത് കോൺഗ്രസ്സിനുള്ളിൽ സിൻഡിക്കേറ്റ് എന്നറിയപ്പെട്ട സംഘത്തിന്റെ പിന്തുണ കൊണ്ടാണ്. നിജലിംഗപ്പയും അതുല്യഘോഷും എസ്.കെ. പാട്ടിലും അടങ്ങിയ ഈ സംഘത്തിന്റെ തലവൻ പ്രസിഡന്റ് കാമരാജായിരുന്നു. എസ്.കെ. പാട്ടീലിന്റെ നിർദ്ദേശം കാമരാജ് തന്നെ പ്രധാനമന്ത്രിയാവണമെന്നായിരുന്നു. എന്നാൽ, ഇംഗ്ലീഷും ഹിന്ദിയുമറിയാത്ത താൻ പ്രധാനമന്ത്രിയാവാനില്ലെന്ന് കാമരാജ് പറഞ്ഞു. മൊറാർജി ദേശായിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കാനായാണ് കാമരാജും കൂട്ടരും ഇന്ദിരയെ പിന്തുണച്ചത്

ഇന്ദിര തങ്ങളുടെ നിയന്ത്രണത്തിൽ തുടരുമെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പൊട്ടിക്കാളി എന്ന അർഥത്തിൽ ഗൂംഗി ഗുഡിയ എന്ന് ഇന്ദിരയെ പരിഹസിച്ചത് റാം മനോഹർ ലോഹ്യയാണ്. നെഹ്റുവിന്റെ നിഴലിൽ വളർന്ന് കുടുംബാധിപത്യത്തിന്റെ തുണയിൽ പ്രധാനമന്ത്രിയായ ഇന്ദിര വൻപരാജയമാവും. എന്നതായിരുന്നു പൊതുവെയുള്ള ധാരണ. ഇന്ദിരയുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിശോധിച്ച പ്രശസ്ത കവി ഡോം മൊറെയസ് ഒരിക്കൽ പറഞ്ഞത് ഇന്ദിരയുടെ ലൈബ്രറിയിൽ നിരവധി പുസ്തകങ്ങളുണ്ടെന്നും എന്നാൽ, പലതിന്റെയും ഉള്ളിൽ ഒട്ടിച്ചേർന്നിരിക്കുന്ന പേജുകൾ വേർപെടുത്തിയിട്ടില്ലെന്നുമാണ്.

ഇന്ദിര പക്ഷേ, പുസ്തകങ്ങൾ വായിച്ചിരുന്നുവെന്ന് തന്നെയാണ് പലരും പറയുന്നത്. ചെറുപ്പത്തിൽ ജോൻ ഓഫ് ആർക്കായിരുന്നു ഇന്ദിരയുടെ പ്രചോദനമെങ്കിൽ മുതിർന്നപ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡീഗോളായിരുന്നു ഇന്ദിരയ്ക്ക് ആരാധനയുണ്ടായിരുന്നവരിൽ ഒരാൾ. ഫ്രഞ്ച് സന്ദർശനവേളയിൽ ഡിഗോളിനോട് സുന്ദരമായ ഫ്രഞ്ചിൽ തന്നെയാണ് ഇന്ദിര സംസാരിച്ചതും.

തന്റെ സൗന്ദര്യത്തെക്കുറിച്ച് ഇന്ദിര ബോധവതിയായിരുന്നു. ഏതാൾക്കുട്ടത്തിലും ഇന്ദിര വേറിട്ടു നിന്നതിൽ ഈ സൗന്ദര്യത്തിന് വലിയ പങ്കുമുണ്ടായിരുന്നു. തന്റെ മൂക്ക് കുറച്ച് വലുതാണോയെന്ന ചിന്ത ഇന്ദിരയെ ഇടയ്ക്ക് അലട്ടിയിരുന്നു. ഒരിക്കൽ ഒരു പൊതുയോഗത്തിൽ വെച്ച് കല്ലേറുകൊണ്ട് മൂക്കിന് പരിക്കുപറ്റി ആശുപത്രിയിലായപ്പോൾ മൂക്ക് പ്ലാസ്റ്റിക്സ് സർജറിയിലൂടെ ചെറുതാക്കാൻ ഇന്ദിര ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ വഴങ്ങിയില്ല.

ഇന്ദിര നെഹ്റുവിന്റെ തണലിലാണ് വളർന്നത്. പക്ഷെ നെഹ്റുവിന്റെ മരണശേഷം ഇന്ദിരയുടെ യാത്രയത്രയും തനിച്ചായിരുന്നു. 1971-ൽ ബംഗ്ലാദേശ് യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ദിരയുടെ നീക്കങ്ങൾ ലോകരാഷ്ട്രത്തലവന്മാരെതന്നെ വിസ്മയിപ്പിച്ചിരുന്നു. അമേരിക്കയും ചൈനയും ഇടപെടുംമുമ്പ് യുദ്ധം ജയിക്കാനും ഇന്ദിരയ്ക്കായി. ബംഗ്ലാദേശ് യുദ്ധവിജയത്തോടെയാണ് ഇന്ദിര 'ദുർഗ'യാവുന്നത്. 'ഒരാൾക്കും ഒരു രാഷ്ട്രത്തിനും എന്നെ സമ്മർദത്തിലാക്കാനാവില്ല' എന്നാണ് ഇന്ദിര ബംഗ്ലാദേശ് യുദ്ധത്തിനുശേഷം ടൈം വാരികയോട് പറഞ്ഞത്.

ഇത്തരം ഉറച്ച നിലപാടുകൾ തന്നെയാണ് ഇന്ദിരാഗാന്ധിക്ക് വിനയായതും. സുവർണക്ഷേത്രത്തിലെ നടപടി സിഖ് ലോകത്തെ മൊത്തമായി വെറുപ്പിച്ചു. സിഖുകാരെ സെക്യൂരിറ്റി ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്ന് പലരും പറഞ്ഞിട്ടും ഐബി റിപ്പോർട്ട് നൽകിയിട്ടും ഇന്ദിര കേട്ടില്ല.1984 ഒക്ടോബർ 31 ന് രാവിലെ ഇന്ദിരാഗാന്ധി ഡൽഹിയിൽ സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്ന് തൊട്ടടുത്തുള്ള അക്‌ബർ റോഡിലെ ഒന്നാം നമ്പർ വസതിയിലേക്ക് നടക്കാനിറങ്ങിയതിന്റെ പ്രധാനകാരണം ബ്രിട്ടീഷ് നാടകകൃത്ത് പീറ്റർ ഉസ്തിനോവിന്റെ ടെലിവിഷൻ സംഘവുമായുള്ള അഭിമുഖമായിരുന്നു. അക്‌ബർ റോഡിലെ ഒന്നാം നമ്പർ മന്ദിരത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അവിടെയുള്ള വിശാലമായ പുൽത്തകിടിയിൽ കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കി പീറ്റർ ഇന്ദിരയെ കാത്തിരുന്നു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറും ഖലിസ്ഥാൻ തീവ്രവാദവും ഇന്ദിരയുടെ ജീവന് ഭീഷണിയുയർത്തിയിരുന്നു. അതുകൊണ്ടുതന്നെ ബ്ലൗസിനുള്ളിൽ ബുള്ളറ്റ് പ്രഫ് ജാക്കറ്റ് ധരിക്കാതെ ആ ദിവസങ്ങളിൽ ഇന്ദിര പുറത്തിറങ്ങുമായിരുന്നില്ല. പക്ഷേ, അന്ന് ടെലിവിഷൻ ഇന്റർവ്യൂവിന് പോവുകയായിരുന്നതുകൊണ്ട് ഇന്ദിര ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണ്ടെന്നുവെച്ചു. വീട്ടിനുള്ളിൽനിന്ന് ഇറങ്ങി ഒരു മിനിറ്റുകൊണ്ട് ഇന്ദിര വിക്കറ്റ് ഗേറ്റിനടുത്തെത്തി. അവിടെ സബ് ഇൻസ്പെക്ടർ ബിയാന്ത്സിങ് നിൽപ്പുണ്ടായിരുന്നു. കഴിഞ്ഞ ഒമ്പതുകൊല്ലമായി തന്റെ സുരക്ഷാ സേനയിലുള്ള ബിയാന്തിനെ കണ്ട് ഇന്ദിര പുഞ്ചിരിച്ചു. ബിയാന്തിന്റെ മറുപടി വെടിയുണ്ടകളുടെ രൂപത്തിലായിരുന്നു. തന്റെ റിവോൾവറിൽനിന്ന് ബിയാന്ത് ഇന്ദിരയുടെ ഉദരത്തിനുനേർക്ക് നിറയൊഴിച്ചു. ഇന്ദിര നിലത്തു വീണപ്പോൾ സത്വന്ത് സിങ് എന്ന കോൺസ്റ്റബിൾ തന്റെ സ്റ്റെൺഗണ്ണിൽനിന്ന് ഇന്ദിരയുടെ നേർക്ക് വെടിയുണ്ടകൾ തുരുതുരാ ഉതിർത്തു. ഇന്ദിരയെ അവസാനിപ്പിച്ചു എന്ന് ബോധ്യമായപ്പേൾ കൈകൾ ഉയർത്തിപ്പിടിച്ച് ബിയാന്ത് സിങ് പറഞ്ഞു. 'ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്തു. ഇനി നിങ്ങൾക്ക് ചെയ്യേണ്ടത് നിങ്ങൾക്ക് ചെയ്യാം.' അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ഇന്ത്യൻ പട്ടാളത്തെ അയച്ചതിനുള്ള പ്രതികാരമായിരുന്നു ബിയാന്തും സത്വന്തും നിറവേറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP