Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആകാശത്തു നിന്നും ആയുധം വർഷിച്ച കേസിന്റെ ചുരുളഴിച്ചു; അയോധ്യയിൽ അദ്വാനിയെ കുടുക്കി; ഹെഡ്ലിയെന്ന ഭീകരനെ ചോദ്യം ചെയ്തു; സൈബർ ക്രൈമിൽ താരമായി; ഇസ്രത് ജഹാനിൽ വിവാദമുണ്ടാക്കി; കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെന്ന കുറ്റാന്വേഷകന്റെ കഥ

ആകാശത്തു നിന്നും ആയുധം വർഷിച്ച കേസിന്റെ ചുരുളഴിച്ചു; അയോധ്യയിൽ അദ്വാനിയെ കുടുക്കി; ഹെഡ്ലിയെന്ന ഭീകരനെ ചോദ്യം ചെയ്തു; സൈബർ ക്രൈമിൽ താരമായി; ഇസ്രത് ജഹാനിൽ വിവാദമുണ്ടാക്കി; കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെന്ന കുറ്റാന്വേഷകന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തീവ്രവാദത്തിന്റെ മൂലകാരണം കണ്ടെത്തി ചികിൽസ നിർദ്ദേശിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. കുറ്റാന്വേഷകർ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബർ ക്രൈം ആണെന്ന് തിരിച്ചറിഞ്ഞ ഐപിഎസുകാരൻ. ഭീകരർക്കുള്ള ധനസഹായവും കള്ളനോട്ടിന്റെ സാധ്യതയും ഇല്ലായ്മ ചെയ്താൽ തീവ്രവാദത്തിന്റെ വേരറക്കാമെന്ന തിരിച്ചറിവിലേക്ക് കാര്യങ്ങളെത്തിച്ചതും ബെഹ്‌റയെന്ന കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. രണ്ട് വർഷം മുമ്പ് കേരളാ കേഡറിലേക്ക് തിരിച്ചെത്തുന്നതുവരെ സാഹസികമായ അന്വേഷണ ദൗത്യങ്ങളാണ് ഈ പൊലീസ് ഓഫീസർ കൈകാര്യം ചെയ്തത്. സാങ്കേതിക വിദ്യയിലൂടെ അന്വേഷണ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിൽ മുമ്പിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥനാണ് ഒഡീഷാക്കാരനായ ബെഹ്‌റ.

ജിഷാ വധക്കേസ് അന്വേഷണവും കലാഭവൻ മണിയുടെ ദുരൂഹമരണത്തിലെ അന്വേഷണ വീഴ്ചകളും കേരളാ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ഇപ്പോൾ. ആ സമയമാണ് കുറ്റന്വേഷണത്തിൽ ഏറെ മികവ് തെളിയിച്ച ബെഹ്‌റ സംസ്ഥാന പൊലീസ് ഡിജിപിയാകുന്നത്. സിബിഐയിലേയും എൻഐഎയിലേയും പ്രവർത്തന പരിചയ മികവ് ബെഹ്‌റയെ കേരളാ പൊലീസിന് തുണയാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും വിലയിരുത്തൽ. പൊലീസിൽ സിബിഐ മോഡൽ അന്വേഷണ സംവിധാനം കൊണ്ടുവരുമെന്നും അഴിമതിവിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും ബെഹ്‌റ പറയുകയാണ്. ജിഷ വധക്കേസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കേസുകളിൽ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ബെഹ്‌റ പറഞ്ഞു. കേരളാ പൊലീസിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ബെഹ്‌റ പറഞ്ഞു. സിബിഐ മോഡൽ അന്വേഷണത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. കേസുകളിൽ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ബെഹ്‌റ പറയുന്നു. ഇതെല്ലാം തന്റെ അനുഭവ പരിചയത്തിൽ നിന്നുള്ള ബെഹ്‌റയുടെ തിരിച്ചറിവാണ്.

കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനുമൊപ്പം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും സൈബർ കുറ്റകൃത്യങ്ങളിലും തീര സുരക്ഷയിലുമാണ് ബെഹ്‌റയ്ക്ക് കൂടുതൽ വൈദഗ്ധ്യം. 1985ൽ കേരളാ കേഡറിൽ എഎസ്‌പിയായി തുടക്കം. തിരുവനന്തപുരത്ത് ഡിസിപിയുമായി. കൊച്ചി കമ്മീഷണറായി നാലുകൊല്ലം. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു ബെഹ്‌റയെന്ന്. അതിന് ശേഷം തുടർച്ചയായി പത്ത് വർഷം സിബിഐയ്‌ക്കൊപ്പം. രാജ്യം ചർച്ച ചെയ്ത പ്രധാനപ്പെട്ട കേസുകളെല്ലാം അന്വേഷിക്കാൻ ബെഹ്‌റയെന്ന ഉദ്യോഗസ്ഥനെയാണ് സിഐഐ നിയോഗിച്ചത്. ഖാണ്ഡഹാർ വിമാന റാഞ്ചൽ ഉൾപ്പെടെ ഇനിയും ചുരളഴിയാത്ത പല കേസുകളും ഈ കേരളാ കേഡർ ഐപിഎസുകാരൻ അന്വേഷിച്ചവയിൽപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും വിവാദങ്ങൾക്ക് ഇടനൽകാതെ പൂർത്തിയാക്കിയാണ് ബെഹ്‌റ സിബിഐയിലെ പ്രധാനിയായി മാറിയത്.

ഭീകരാക്രമണങ്ങൾ ഇന്ത്യയെ ഭീതിയിൽ നിർത്തിയപ്പോഴാണ് എൻഐഎ അഥവാ ദേശീയ അന്വേഷണ ഏജൻസിയെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിച്ചത്. 2006ൽ യുപിഎ സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിലൂടെ ദേശീയ അന്വേഷണ ഏജൻസിയുണ്ടാക്കിയപ്പോൾ അതിലേക്ക് ആദ്യം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ബെഹ്‌റ. സൈബർ സ്‌പെയ്‌സിനെ തീവ്രവാദികൾ എങ്ങനെ സമർത്ഥമായി ഉപയോഗിക്കുന്നുവെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത് ബെഹ്‌റയായിരുന്നു. ഇതിനൊപ്പമാണ് ഇന്ത്യയിലെ തീവ്രവാദികൾക്ക് പണം ഒഴുകുന്ന വഴികളും കണ്ടെത്തിയത്. കള്ളനോട്ടിന്റെ വ്യാപക ഉപയോഗത്തിലൂടെയാണ് തീവ്രവാദികൾ സാമ്പത്തിക കരുത്ത് നേടുന്നതെന്നും കണ്ടെത്തി. ഈ രണ്ട് വഴികളും സമർത്ഥമായി പ്രതിരോധിക്കാൻ പിന്നീട് ഇന്ത്യയ്ക്കായി. ഇത് ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണ്ണായകവുമായി.

സിബിഐയിലും എൻഐഎയിലും മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ദേശീയ തലത്തിൽ ശ്രദ്ധേയമായ പല കേസുകളും സിബിഐയ്ക്കായി അന്വേഷിച്ച ഉദ്യോഗസ്ഥൻ. 1999ൽ രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ഗ്രെഹാം സ്‌റ്റെയിന്റേയും ഹിന്ദി കവയത്രി മധുമിതാ ശുക്ലയൂടെ കൊലയും അന്വേഷിച്ചത് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരൺ പാണ്ഡ്യയുടെ കൊലയും അന്വേഷിച്ചത് ബെഹ്‌റയായിരുന്നു. 1992ലെ ബാബാറി മസ്ജിദ് തകർക്കൽ കേസിന്റെ മേൽനോട്ട ചുമതയുമുണ്ടായിരുന്നു. ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്യാൻ അമേരിക്കയിലേക്ക് ഇന്ത്യ നിയോഗിച്ചതും ബെഹ്‌റയെന്ന ഉദ്യോഗസ്ഥനായിരുന്നു. മുംബൈ ഭീകരാക്രമണ കേസിൽ അതിനിർണ്ണായകമായ മൊഴിയെടുക്കലായിരുന്നു അത്. സംഭവത്തിന് പിന്നിലെ പാക് ബന്ധവും ഇതോടെ ആർക്കും ചോദ്യം ചെയ്യാനാകാത്ത വിധം ചുരുളഴിക്കപ്പെട്ടു. പുരുലിയ ആയുധ വർഷക്കേസ് അന്വേഷിച്ചതും ബെഹ്‌റയായിരുന്നു.

സിബിഐയിലൂടെയാണ് ബെഹ്‌റയുടെ കുറ്റാന്വേഷണ മികവ് രാജ്യം ശ്രദ്ധിക്കുന്നത്. സിബിഐയിൽ എസ്‌പിയും ഡിഐജിയുമായും വർഷങ്ങളോളം പ്രവർത്തിച്ചു. എൻഐഎ രൂപീകരിച്ചപ്പോൾ അതിലേക്ക് മാറ്റം. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയെന്ന തസ്തികയിലാണ് നിയോഗിക്കപ്പെട്ടത്. ഇതോടൊപ്പം ഓപ്പറേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള എൻഐഎയിലെ ഐജിയുമായി. മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള കേസ് അന്വേഷണ മികവിന് 2009ൽ രാഷ്ട്രപതിയുടെ പ്രത്യേക മെഡലും ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകരാം കിട്ടുന്ന എൻഐഎയിലെ ആദ്യ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ബെഹ്‌റ. ദേശീയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിക്കുമ്പോൾ സൈബർ ക്രൈം ഇല്ലായ്മ ചെയ്യാനാണ് ബെഹ്‌റ ശ്രദ്ധിച്ചത്. ഈ മികവിനെയാണ് രാഷ്ട്രപതി അംഗീകരിച്ചതും.

അമേരിക്കൻ അന്വേഷണ രീതിയുടെ സാധ്യതകൾ ഇന്ത്യയിൽ അവതരിപ്പിച്ചതും ബെഹ്‌റയാണ്. അമേരിക്കൻ ഏജൻസിയായ എഫ്ബിഐ മാതൃകയിൽ കേരളാ പൊലീസിലെ അന്വേഷണ രീതികളിലും നവീകരണം എത്തിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നതിന് അത്യാധുനിക സംവിധാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗിച്ച് സിബിഐയ്ക്ക് കൂടതൽ പേരും പെരുമയും നേടിക്കൊടുത്തതും ബെഹ്‌റയായിരുന്നു. 1994 മുതൽ പൊലീസ് നവീകരണത്തിന് പുതു വഴികൾ കണ്ടെത്തി. കുറ്റന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലുമെല്ലാം ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രസക്തിയും സാധ്യതയും തിരിച്ചറിഞ്ഞ് വികസിപ്പിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ നിന്ന് കേരളാ സർവ്വീസിലേക്ക് തിരിച്ചെത്തിയ ബെഹ്‌റയെ പൊലീസ് ആസ്ഥാനത്ത് ഐജിയായാണ് നിയോഗിച്ചത്. സൈബർ ക്രൈമിൽ കേരളാ പൊലീസിന്റെ മുന്നേറ്റങ്ങൾക്ക് കാരണം ബെഹ്‌റ ഈ സമയം നടത്തിയ പ്രവർത്തനങ്ങളായിരുന്നു.

ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തേയും ചുട്ടുകൊന്ന കേസിൽ പ്രതികളായ ദാരാസിങ്, മഹേന്ദ്ര ഹേംബ്രഹ്മ എന്നിവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നത് ബെഹ്‌റയുടെ അന്വേഷണ മികവാണ്. ദാരാസിംഗിനും ഹേംബ്രഹ്മിനും ആദ്യം കീഴ്‌ക്കോടതി വധ ശിക്ഷയാണ് വിധിച്ചത്. എന്നാൽ, പ്രതികൾ ഇതിനെതിരെ ഒഡീഷ ഹൈക്കോടതിയിൽ അപ്പീൽ നല്കി. ഈ അപ്പീലിന്മേൽ ഇരുവരുടെയും ശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കപ്പെട്ടു. 1999ൽ ആയിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ ഗ്രഹാം സ്റ്റെയിൻസ് വധം നടക്കുന്നത്. സ്റ്റെയിൻസിനെയും രണ്ട് മക്കളെയും അക്രമികൾ വധിക്കുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് പ്രതികൾ വധത്തിന് പ്രേരിതരായത്. കേസിലെ മുഖ്യപ്രതിയാണ് ദാരാസിങ്. ഗ്രഹാം സ്റ്റെയ്ൻസും കുടുംബവും മതപരിവർത്തന ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നില്ല എന്നും കുഷ്ടരോഗികൾക്കിടയിൽ വൈദ്യസഹായമെത്തിക്കുന്നത് അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു എന്നുമാണ് ക്രിസ്ത്യൻ സംഘടനകളുടെ നിലപാട്.

യുവ കവയത്രിയായിരുന്ന മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ സമാജ്‌വാദി പാർട്ടി മുൻ എംഎ‍ൽഎ അമർമണി ത്രിപാഠിക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയായിരുന്നു അന്വേഷണം. ി.ബി.ഐ അന്വേഷിച്ച കേസിൽ 2007ലാണ് ഡെറാഡൂണിലെ കോടതി ത്രിപാഠിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2003 മെയ്‌ മാസത്തിലാണ് ലഖ്‌നൗവിലെ പേപ്പർ മിൽ കോളനിയിലെ അപ്പാർട്ട്‌മെന്റിൽ വച്ച് മധുമിത ശുക്ല വെടിയേറ്റ് മരിച്ചത്. മരണപ്പെടുന്ന സമയത്ത് ഏഴു മാസം ഗർഭിണിയായിരുന്നു മധുമിത. അമർമണിക്ക് മധുമിതയുമായി ബന്ധമുണ്ടെന്ന് കാരണത്താൽ മധുമണി മധുമിതയെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കിയെന്നായിരുന്നു കേസ്. ഇവിടേയും രാഷ്ട്രീയ ഇടപെടലുകൾക്ക് പിടികൊടുക്കാതെ അന്വേഷണം പൂർത്തിയാക്കാൻ ബെഹ്‌റയെന്ന സിബിഐ ഓഫീസർക്ക് കഴിഞ്ഞു.

അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി, കല്ല്യാൺ സിങ് എന്നിവരെ പ്രതിക്കൂട്ടിൽ നിർത്തിയാണ് അന്വേഷണം അവസാനിച്ചത്. ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന കേസ് തള്ളിയെങ്കിലും ഈ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുംബൈ ഭീകരാക്രമണത്തിൽ പാക് പങ്ക് പുറത്തുകൊണ്ട് വന്നത് ബെഹ്‌റയുടെ നേതൃത്വത്തിലെ അന്വേഷണമായിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഫോൺ സംഭാഷണവും മറ്റും തെളിവുകളായെത്തി. ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ ചോദ്യം ചെയ്തതും ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. അമേരിക്കയുടെ അനുമതിയോടെ ഹെഡ്‌ലിയെ ചോദ്യം ചെയ്ത് പാക് ബന്ധം അസന്നിഗ്ധമായി തെളിയിച്ചു. അന്ന് ബെഹ്‌റയ്ക്ക് നൽകിയ മൊഴിയിൽ വിചാരണ ഘട്ടത്തിലും ഹെഡ്‌ലിക്ക് ഉറച്ചു നിൽക്കേണ്ടി വന്നു.

ഇതിനിടെയിൽ ചില തുറന്നു പറച്ചിലുകൾ വിവാദവുമായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്‌കർ ഭീകരയായിരുന്നു ഇസ്രത്ത് ജഹാനെന്ന എൻഐഎ റിപ്പോർട്ട് സിബിഐ ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നെന്ന് ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയിരുന്നു. ഇസ്രത്ത് ലഷ്‌കർ ഭീകരയായിരുന്നെന്ന് ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങൾ അന്നു തന്നെ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെ എൻഐഎ അറിയിച്ചിരുന്നു. എന്നാൽ സിബിഐയും കേന്ദ്രആഭ്യന്തരവകുപ്പും ഒരുപോലെ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നുവെന്ന ബെഹ്‌റയുടെ ഈ അടുത്തകാലത്തെ വെളിപ്പെടുത്തൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇസ്രത്ത് ലഷ്‌കർ ഇ തൊയ്ബ അംഗമായിരുന്നെന്ന് എൻഐഎ ചോദ്യം ചെയ്യുന്ന അവസരത്തിൽ ഹെഡ്‌ലി തുറന്നു പറഞ്ഞിരുന്നു. ഹെഡ്‌ലിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു.

എന്നാൽ എൻഐഎ റിപ്പോർട്ട് അവഗണിച്ച് കേന്ദ്രസർക്കാർ ഇസ്രത്ത് ലഷ്‌കർ ഭീകരയായിരുന്നില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ചിരുന്ന സിബിഐ അന്ന് ഐജി തന്റെമൊഴിയെടുക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ആ നീക്കത്തിൽ നിന്ന് സിബിഐ പിന്മാറി. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നായിരുന്നു ബെഹ്‌റയുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP