Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസ് രാജിന്റെ ഇരുട്ടിൽ തപ്പാൻ ഇന്ദിരാഗാന്ധി ജനാധിപത്യത്തിന്റെ വിളക്കുകൾ അണച്ചതാണ് അടിയന്തരാവസ്ഥ; ഇന്നാകട്ടെ പത്രങ്ങളും ടെലിവിഷൻ ചാനലുകളും നട്ടെല്ല് വളച്ച് ഭരണകൂടത്തിന്റെ കാൽചോട്ടിൽ കിടക്കുന്നു; അവരെ അനുസരിപ്പിക്കാൻ സർക്കാരിന് ഒന്നും ചെയ്യേണ്ടതില്ല; എന്നും വരികൾക്കിടയിൽ വായിച്ചു ഈ മാധ്യമ പ്രവർത്തകൻ; അടിയന്തരാവസ്ഥക്കാലത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതിന് മോദി പോലും സല്യൂട്ട് ചെയ്ത കുൽദീപ് നയ്യാറിന്റെ ജീവിതം ഇങ്ങനെ

പൊലീസ് രാജിന്റെ ഇരുട്ടിൽ തപ്പാൻ ഇന്ദിരാഗാന്ധി ജനാധിപത്യത്തിന്റെ വിളക്കുകൾ അണച്ചതാണ് അടിയന്തരാവസ്ഥ; ഇന്നാകട്ടെ പത്രങ്ങളും ടെലിവിഷൻ ചാനലുകളും നട്ടെല്ല് വളച്ച് ഭരണകൂടത്തിന്റെ കാൽചോട്ടിൽ കിടക്കുന്നു; അവരെ അനുസരിപ്പിക്കാൻ സർക്കാരിന് ഒന്നും ചെയ്യേണ്ടതില്ല; എന്നും വരികൾക്കിടയിൽ വായിച്ചു ഈ മാധ്യമ പ്രവർത്തകൻ; അടിയന്തരാവസ്ഥക്കാലത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതിന് മോദി പോലും സല്യൂട്ട് ചെയ്ത കുൽദീപ് നയ്യാറിന്റെ ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പണത്തെയോ, പ്രശസ്തിയേക്കാളേറെ മന:സാക്ഷിയുടെ കല്പനകളെ പിന്തുടർന്ന മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം- മുതിർന്ന മാധ്യമപ്രവർത്തകനായ രാമചന്ദ്ര ഗുഹയുടെ കുറിപ്പാണ് കുൽദീപ് നയ്യാറിനെ എളുപ്പം മനസ്സിലാക്കാൻ സഹായിക്കുന്നത്. മതേതരത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഊർജ്ജസ്വലനായ പ്രചാരകൻ. പാക്കിസ്ഥാനുമായി ഉറ്റബന്ധം കാംക്ഷിച്ച മനുഷ്യസ്‌നേഹി- എസ്.ഇർഫാൻ ഹബീബ് കുറിച്ചു. കുൽദീപ് നയ്യാറിന്റെ അടിയന്തരാവസ്ഥയെ കുറിച്ചുള്ള പുസ്തകം 'ജഡ്ജ്‌മെന്റ്' ആ കാലഘട്ടത്തെ ആഴത്തിലറിയാൻ എന്നെ സഹായിച്ചു. അദ്ദേഹത്തിന്റെ എഴുത്ത് കണിശവും, ലക്ഷ്യവേധിയുമായിരുന്നു-ബി.വി എസ്.രവി എഴുതി. ഈ മൂന്ന് ട്വീറ്റുകൾ കുൽദീപ് നയ്യാർ എന്ന അതികായന്റെ ജീവിതം ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്നുണ്ട്.

ഇന്ദിരാഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെ ശക്തമായി ചെറുത്ത മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു കുൽദീപ് നയ്യാർ. ഭരണകൂടത്തിന്റെ അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയതിന് അദ്ദേഹത്തെ മിസ നിയമപ്രകാരം ജയിലിൽ അടച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പറഞ്ഞു: 'ഞാൻ കുൽദീപ് നയ്യാർജിയെ ബഹുമാനിക്കുന്നു. അടിയന്തരാവസ്ഥകാലത്ത് അദ്ദേഹം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. അദ്ദേഹം ഞങ്ങളുടെ കടുത്ത വിമർശകനാണ്. എന്നാൽ ഈ നിലപാടിന്റെ പേരിൽ അദ്ദേഹത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു'

അടിയന്തരാവസ്ഥ കാലഘട്ടത്തെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസിൽ എഴുതിയ അനുഭവക്കുറിപ്പിൽ അദ്ദേഹം എഴുതി: അടിയന്തരാവസ്ഥ എന്ന പരാജയം ഇന്നത്തെയും നാളത്തെയും തലമുറയ്ക്ക് വേണ്ടി വിശദീകരിച്ചാൽ, രാജ്യം എന്ന് നിലയിൽ നമ്മൾ കാലിടറിപ്പോയ നാളുകൾ എന്ന് വിശേഷിപ്പിക്കും. പൊലീസ് രാജിന്റെ ഇരുട്ടിൽ തപ്പാൻ ഇന്ദിരാഗാന്ധി ജനാധിപത്യത്തിന്റെ വിളക്കുകൾ അണച്ചുവെന്നും അദ്ദേഹം പറഞ്ഞു. നട്ടെല്ലില്ലാത്തവരായി മാറിയിരിക്കുന്നു ഇന്നത്തെ മാധ്യമലോകം. സർക്കാരിന് ഇന്ദിരാഗാന്ധിയുടെ കാലത്തെ പോലെ എന്തെങ്കിലും ഭരണഘടനാതീത നടപടികൾ എടുക്കേണ്ട ആവശ്യം ഇന്നില്ലാതായിരിക്കുന്നു. പത്രങ്ങളും ടെലിവിഷൻ ചാനലുകളും ഭരണകൂടത്തിന്റെ കാൽചോട്ടിൽ കിടക്കുന്നവരായി. അവരെ അനുസരിപ്പിക്കാൻ സർക്കാരിന് അധികമായൊന്നും ചെയ്യേണ്ടതില്ല, നെയ്യാർ കുറിച്ചു.

ഉറുദ്ദുപത്രം അഞ്ചാമിലാണ് അദ്ദേഹം തന്റെ മാധ്യമപ്രവർത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് പത്രമായ ദ സ്റ്റേറ്റ്സ്മാനിലെത്തി.ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് സിയാൽക്കോട്ടിൽ 1923 ഓഗസ്റ്റ് 14 ന് ജനിച്ച അദ്ദേഹം ലാഹോറിൽ നിന്നും നിയമപഠനവും ജർണലിസവും പൂർത്തിയാക്കിയ ശേഷമാണ് മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നത്. അടിയന്തരാവസ്ഥ കാലത്ത് ദി സ്റ്റേറ്റ്സ്മാനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. 1996 ൽ യുഎന്നിന്റെ ഇന്ത്യൻ ഡെലിഗേഷൻ അംഗമായിരുന്ന അദ്ദേഹത്തെ 1990 ൽ ബ്രിട്ടനിലെ ഹൈകമ്മീഷണറായും ഇന്ത്യ നിയോഗിച്ചു. 1997 ൽ രാജ്യസഭയിലേക്കും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

പതിനഞ്ചിലധികെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ദി ഡെയ്ലി സ്റ്റാർ, സൺഡേ ഗാർഡിയൻ തുടങ്ങിയ ബ്രിട്ടീഷ് മാധ്യമങ്ങളിലും പാക്കിസ്ഥാൻ മാധ്യമങ്ങളായ ദി എക്സ്പ്രസ് ട്രിബ്യൂൺ, ഡോൺ, ദിന്യൂസ് എന്നിവയിലും ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നായ ദി സ്റ്റേറ്റ്സ്മാൻ ഉൾപ്പെടെ 14 ഭാഷകളിലെ 80 പത്രങ്ങളിൽ കോളമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്്. കാലാവധി പൂർത്തിയായ ഇന്ത്യൻ ജയിലുകളിലെ പാക് തടവുകാർക്ക് വേണ്ടിയും പാക്കിസ്ഥാനിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടേയും മോചനത്തിനായി നടത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടു.ഇൻ ഹിസ് ഇന്നർ വോയ്‌സ്: കുൽദീപ് നയ്യാർ എന്ന ഡോക്യുമെന്ററി ഒരുക്കിയ മീര ധവാൻ പിന്നീട് പറഞ്ഞു: 'രാജ്യത്തിന്റെ വിഭജനത്തിന്റെ ചരിത്രവും, പിൽക്കാല ഭാരതവും രാജ്യത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഒരുവൃക്തിയിലൂടെ കണ്ടെത്താനായിരുന്നു എന്റെ ശ്രമം'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP