Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയ ഫയർബ്രാൻഡ്; എന്നും ഇടതു രാഷ്ട്രീയത്തൊപ്പം സഞ്ചരിച്ച വ്യക്തിത്വം; ഐ.എസ്. ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആക്ടിവിസ്റ്റ് ബുദ്ധിജീവി; വിഎസിനൊപ്പം പ്രവർത്തിച്ച് ചാവേറായി; പിണറായി വിജയന്റെ കടുത്ത വിമർശകൻ: ഒരു കാരണവുമില്ലാതെ ഇടതു സർക്കാർ തുറങ്കിലടച്ച കെ.എം. ഷാജഹാനെ പരിചയച്ചപ്പെടാം

ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയ ഫയർബ്രാൻഡ്; എന്നും ഇടതു രാഷ്ട്രീയത്തൊപ്പം സഞ്ചരിച്ച വ്യക്തിത്വം; ഐ.എസ്. ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആക്ടിവിസ്റ്റ് ബുദ്ധിജീവി; വിഎസിനൊപ്പം പ്രവർത്തിച്ച് ചാവേറായി; പിണറായി വിജയന്റെ കടുത്ത വിമർശകൻ: ഒരു കാരണവുമില്ലാതെ ഇടതു സർക്കാർ തുറങ്കിലടച്ച കെ.എം. ഷാജഹാനെ പരിചയച്ചപ്പെടാം

തിരുവനന്തപുരം: കെ.എം. ഷാജഹാൻ എന്ന പേര് കേരളം പരിചയിക്കുന്നത് വി എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. സിപിഎമ്മിൽ മുരടൻ മുഖമുണ്ടായിരുന്ന വിഎസിനെ ജനകീയനാക്കിയത് ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ നിന്നു പഠിച്ചിറങ്ങിയ ഈ ബുദ്ധിജീവിയായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇന്നത്തെ വിഎസിന്റെ ശിൽപ്പിയാണ് ഒരാവശ്യമുമില്ലാതെ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കിടക്കുന്ന ഇദ്ദേഹം. സ്ത്രീപീഡനം, ഭൂമികയ്യേറ്റം തുടങ്ങി എല്ലാത്തരം അനീതികൾക്കും അഴിമതികൾക്കുമെതിരേ കേരളത്തിൽ 2001-2006 കാലത്തുണ്ടായ വലിയ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ അച്ചുതാനന്ദനെ സജ്ജനാക്കിയത് ഷാജഹാനായിരുന്നു.

പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്തിനിടെ അറസ്റ്റിലായതോടെയാണ് കെ.എം. ഷാജഹാൻ എന്ന പേര് കേരളം വീണ്ടും ചർച്ച ചെയ്യുന്നത്. സ്വാശ്രയ വിദ്യാഭ്യാസക്കൊള്ളയുടെ ഇരയായ ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നൽകാൻ പ്രതിഷേധസ്ഥലത്തെത്തി എന്ന ഒറ്റക്കാരണത്താൽ കെ.എം.ഷാജഹാൻ, ഷാജിർഖാൻ, മിനി, ശ്രീകുമാർ എന്നീ നാലു പൊതുപ്രവർത്തകരാണ് പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്നത്.

മഹിജയ്‌ക്കെതിരായ നടപടിയിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് ഒരു പൊതുയോഗത്തിൽ ഷാജഹാന്റെ പേര് പരാമർശിക്കുകയുണ്ടായി. സമരത്തിൽ നുഴഞ്ഞുകയറിയവർ എന്ന നിലയിലാണ് ഷാജഹാന്റെ പേര് അദ്ദേഹം ഉച്ഛരിച്ചത്. ഹിമവൽ ഭദ്രാനന്ദ എന്ന തോക്കുസ്വാമിയുടെ പേരു പറഞ്ഞിട്ട് കെ.എം.ഷാജഹാൻ എന്ന പേരാണ് പിണറായി വിജയൻ പറയുന്നത്. ഷാജഹാൻ എന്ന പേര് പറയുമ്പോൾ പിണറായിയുടെ മുഖത്തു വിരിഞ്ഞ ചിരി ഒതുക്കാൻ അദ്ദേഹം ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ഷാജഹാനെ നിങ്ങൾക്കെല്ലാം അറിയാവുന്നതാണല്ലോ എന്നാണ് പതിവുഭാഷയിൽ പിണറായി ചോദിച്ചത്.

മാർക്സിസ്റ്റ് പാർട്ടിയുടെ, പ്രത്യേകിച്ച് പാർട്ടിയിലെ പിണറായി പക്ഷത്തിന്റെ ശക്തനായ വിമർശകനാണ് ഷാജഹാൻ. ഷാജഹാന് എതിരേ മാർക്സിസ്റ്റ് പാർട്ടിയിലെ പിണറായി വിഭാഗത്തിന്റെ അനുയായികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന ആക്രമണങ്ങൾ എന്നത്തെക്കാൾ ശക്തമാണിന്ന്. തങ്ങളുടെ ശക്തനായ ഒരു വിമർശകനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതോടെ അയാളുടെ ശല്യം അവസാനിച്ചുവെന്നാണ് അവരുടെ ധാരണ. ജയിലിൽ അടയ്ക്കുന്നതോടെ ഒരാളുടെ പൊതുപ്രവർത്തനം അവസാനിച്ചു എന്ന് കരുതുന്ന ശുദ്ധാത്മാക്കൾ ചരിത്രത്തിന്റെ പാഠങ്ങൾ മനസ്സിലാക്കിയിട്ടുള്ളവരല്ല. ഇപ്പോൾ ഷാജഹാനെ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത് ലാവലിൻ കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെ തുടർന്നാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തന്റെ മകനോട് പിണറായി പ്രതികരാം തീർക്കുകയാണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ഷാജഹാന്റെ അമ്മ തങ്കമ്മയാണ്.

കെ.എം.ഷാജഹാൻ എങ്ങനെ പൊതുപ്രവർത്തനാകും എന്നാണ് ജീവിതത്തിൽ പൊതുപ്രവർത്തനം നടത്തിയിട്ടില്ലാത്ത ചില സി.പി.എം അനുഭാവികളുടെ ചോദ്യം. ഏതെങ്കിലും പാർട്ടിയുടെ അംഗത്വമില്ലാത്തവർ പൊതുപ്രവർത്തരാകുന്നതെങ്ങനെയാണ് എന്നാണ് അവരുടെ ചോദ്യം. മറ്റൊരാൾക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിൽ മാർക്സിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ക്രൂരമായ വ്യക്തിഹത്യക്കിരയായ പൊതുപ്രവർത്തകനാണ് കെ.എം.ഷാജഹാൻ. ഷാജഹാനെ, നിലവാരമില്ലാത്ത ഭാഷയിൽ ആക്ഷേപിക്കുന്നവരിൽ മിക്കവരും ഷാജഹാനെക്കുറിച്ച് ഒന്നും മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.

കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിഷറീസിൽ എം.എസ്.സി പാസ്സായതിനുശേഷം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന കാലത്താണ് ഇടതുപക്ഷത്തിന്റെ ആഗോളവത്ക്കരണ വിരുദ്ധ ക്യാമ്പയിനുകളിലെ മുന്നണിപ്പോരാളി എന്ന നിലയിൽ കെ.എം. ഷാജഹാനെ കേരളം അറിയുന്നത്. ഗാട്ടുകരാറിനെക്കുറിച്ചും ഫിഷറീസ് മേഖലയിൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നമ്മുടെ കൃഷിയിലും വ്യവസായത്തിലും ആഗോളവത്ക്കരണം സൃഷ്ടിക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചും ഷാജഹാൻ എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളും ആ ആശയസമരങ്ങളിൽ വലിയ പങ്കുവഹിച്ചു. കേരളത്തിലുടനീളം നടന്ന പ്രചരണ പരിപാടികളുടെ മുൻനിരയിൽ ഷാജഹാനുണ്ടായിരുന്നു.

1996-2001ലെ ഇടതുമുന്നണി മന്ത്രിസഭക്കാലത്ത് ആസൂത്രണബോഡ് വൈസ് ചെയർമാനായിരുന്ന ഐ.എസ്.ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സമർത്ഥനായ ഒരു ആക്ടിവിസ്റ്റ് ബുദ്ധിജീവി വേണം എന്ന സർക്കാർ തീരുമാനമനുസരിച്ച് ആ ചുമതല ഏറ്റെടുക്കാൻ സി.പി.എം ഷാജഹാനെ നിയോഗിച്ചു. അധികാരവികേന്ദ്രീകരണത്തിൽ പുതിയ തുടക്കം കുറിക്കുകയും ജനകീയാസൂത്രണം ആരംഭിക്കുകയും ചെയ്ത സുപ്രധാനമായ ആ കാലയളവിൽ ആസൂത്രണ ബോഡിൽ ഐ.എസ്.ഗുലാത്തിക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിഞ്ഞതിനു പിന്നിൽ ഷാജഹാന്റെ കഠിനാദ്ധ്വാനത്തിന് വലിയ പങ്കുണ്ട്.

2001 ൽ വി എസ് അച്ചുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോൾ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷാജഹാൻ, വി എസ്സിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. കേരളസമൂഹത്തിൽ അനീതിക്കും അഴിമതിക്കും എതിരേ പ്രതികരിക്കുന്ന ഏതൊരാൾക്കും ധൈര്യത്തോടെ ചെന്നുകയറാനുള്ള ഇടമാക്കി പ്രതിപക്ഷ നേതാവിന്റെ ഓഫീസിനെ ഷാജഹാൻ മാറ്റി. സിപിഎമ്മിന്റെ സാമ്പ്രദായിക രീതികളാൽ പാർട്ടിയിൽ നിന്നകന്നു നിന്ന ധാരാളം പേർ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന പുതിയ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി. സിപിഎമ്മിലെ ഒരു വിഭാഗത്തിനു മാത്രം അഭിമതനായിരുന്ന അച്ചുതാനന്ദൻ കേരളീയ സമൂഹത്തിന്റെ പ്രിയപ്പെട്ട നേതാവായി മാറിയതിന്റെ മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്, നന്മയുടെ എല്ലാ സ്രോതസ്സുകളെയും മുൻവിധികളില്ലാതെ ഉപയോഗപ്പെടുത്താൻ തയ്യാറാകുകയും തികഞ്ഞ ലക്ഷ്യബോധത്തോടെ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത കെ.എം.ഷാജഹാൻ എന്ന വിട്ടുവീഴ്ചയില്ലാത്ത പോരാളിക്കാണ്.

സിപിഎമ്മിൽ, പാർട്ടി സെക്രട്ടറി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദന്റെയും നേതൃത്വത്തിൽ രൂപം കൊണ്ട ചേരികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എറ്റവും രൂക്ഷമായ കാലമായിരുന്നു 2001-2006. ആ പോരാട്ടത്തിൽ വി എസ്.അച്ചുതാനന്ദനെ പിന്തുണയ്ക്കാൻ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗം എന്ന നിലയിൽ ബാദ്ധ്യസ്ഥനായിരുന്നു ഷാജഹാൻ. അഴിമതിക്കെതിരേ വി എസ് എടുത്ത നിലപാടുകളോടൊപ്പമായിരുന്നു സ്വാഭാവികമായും ഷാജഹാൻ. വ്യാജലോട്ടറി മാഫിയയുടെയും റിയൽ എസ്റ്റേറ്റ് മാഫിയയുടെയും സ്ത്രീപീഡകരുടെയും നോട്ടപ്പുള്ളിയായി ഷാജഹാൻ മാറിയത് അങ്ങനെയാണ്. അച്ചുതാനന്ദന്റെ പോരാട്ടങ്ങൾക്ക് ഷാജഹാന്റെ ബൗദ്ധിക പിൻബലം നൽകിയ ശക്തിയെക്കുറിച്ച് ഏറ്റവും അധികം ബോധ്യമുണ്ടായിരുന്നത് എതിരാളികൾക്കായിരുന്നു.

2006 ൽ വി എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ ഷാജഹാൻ പുറത്തായി. അധികാരത്തിന്റെ ഭാഗമാകുന്നതിനെക്കാൾ പ്രതിപക്ഷത്തിന്റെ ഭാഗമാകാൻ കഴിയുന്നതാണ് ഷാജഹാന്റെ മാനസികഘടന. പാർട്ടി രഹസ്യങ്ങൾ ചോർത്തിയതിനാണ് ഷാജഹാനെ പാർട്ടി പുറത്താക്കിയത്. സി.പി.എം പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും ചർച്ചകളും തീരുമാനങ്ങളും പാർട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകത്തിൽ അംഗമായ ഷാജഹാൻ ചോർത്തുന്നതെങ്ങനെ എന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.

പാർട്ടിയിൽ നിന്ന് പുറത്തായതുകൊണ്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുന്നയാളല്ല ഷാജഹാൻ. തുടർന്നും കേരളത്തിലുണ്ടായ വലുതും ചെറുതുമായ എല്ലാ ജനകീയ പ്രശ്നങ്ങളിലും തന്റേതായ നിലയിൽ ഷാജഹാൻ ഇടപെട്ടു. നിസ്സഹായരായ ഇരകൾക്ക് നിയമസഹായം നൽകിയും അഴിമതിക്കെതിരേ വിവരാവകാശ നിയമത്തെ ഫലപ്രദമായി ഉപയോഗിച്ചും പൊതുരംഗത്ത് സജീവമായി തന്നെ ഷാജഹാൻ നിലയുറപ്പിച്ചു. ഏറ്റവും അടുത്ത് , ലോ അക്കാഡമി സമരത്തിന് ശരിയായ ദിശാബോധം നൽകുന്നതിലും യൂണിവേഴ്‌സിറ്റികോളേജിൽ എസ്.എഫ്.ഐക്കാർ പെൺകുട്ടികളെ ആക്രമിച്ചപ്പോൾ അവർക്ക് പിന്തുണ നൽകാനും ഷാജഹാനുണ്ടായിരുന്നു.

ഇപ്പോൾ, രാഷ്ട്രീയ യജമാനന്മാർക്കു വേണ്ടി സാമൂഹ്യമാധ്യമങ്ങളിലും സ്വകാര്യ സദസ്സുകളിലും കെ.എം.ഷാജഹാനെ നിസ്സാരവിലയ്ക്ക് വലിച്ചിഴയ്ക്കുന്നവർ, പൊതുജീവിതത്തിന് ഷാജഹാൻ നൽകിയതിന്റെ നൂറിലൊന്ന് സംഭാവന ചെയ്തിട്ടുള്ളവരോ ചെയ്യാൻ ത്രാണിയുള്ളവരോ അല്ല. സ്വന്തം കേമത്തങ്ങൾ സ്വയം എഴുന്നള്ളിച്ചു നടക്കുകയോ ആരുടെയെങ്കിലും സൗജന്യം കൈപ്പറ്റുകയോ ചെയ്യുന്നയാളല്ല ഷാജഹാൻ. സ്വന്തം വ്യക്തി ജീവിത്തതിൽ എല്ലാ ഹീനമായ മതാചാരങ്ങളും പാലിക്കുകയും സ്വന്തം മക്കളെ ജാതിയും ജാതകവും നോക്കി വിവാഹം കഴിച്ച് അയക്കുകയും ചെയ്തിട്ടുള്ളവർ ഈ മനുഷ്യന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കണം. ചങ്ങനാശ്ശേരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിന് നേതൃത്വം നൽകിയ മുഹമ്മദാലിയണ് ഷാജഹാന്റെ പിതാവ്. പുന്നപ്ര-വയലാർ സമരത്തിന്റെ മുന്നണി നേതാവായിരുന്ന അനശ്വര വിപ്ലവകാരി സി.ജി.സദാശിവന്റെ സഹോദരീ പുത്രിയാണ് ഷാജഹാന്റെ മാതാവ്. എന്റെ പിതാവ് മുസ്ലിം സമുദായാംഗവും മാതാവ് ഹിന്ദു സമുദായാംഗവും ഭാര്യ ക്രൈസ്തവവിഭാഗത്തിൽ പെട്ടവരുമാണ്, ഞാൻ മതേതരവാദിയാണെന്നതിന് കൂടുതൽ സർട്ടിഫിക്കറ്റുകൾ ആവശ്യമാണോ എന്ന് മേനി നടിക്കുന്നയാളല്ല ഷാജഹാൻ. ഇതൊന്നും ഒരാളോടും പറയുക പോലും ചെയ്യാറില്ല അദ്ദേഹം.

സ്വാശ്രയ കോളേജുകൾക്കെതിരായ സമരത്തിൽ പങ്കെടുക്കാൻ ഇരയുടെ ബന്ധുവാകണം എന്ന ന്യായം അംഗീകരിക്കാൻ കെ.എം.ഷാജഹാനെ പോലെ ഒരാൾക്ക് എങ്ങനെ കഴിയും? സ്വന്തം വീട്ടിനുള്ളിൽ രാഷ്ട്രീയം പറയാറില്ല എന്നതിൽ അഭിമാനം കൊള്ളുന്നവർ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നേതാക്കന്മാരായി വിരാജിക്കുന്ന നമ്മുടെ നാട്ടിൽ ഷാജഹാനെ പോലെയുള്ളവർ ഇന്ന് എണ്ണത്തിൽ കുറവായിരിക്കാം. പക്ഷേ, ഷാജഹാനെയും അത് പോലെയുള്ളവരെയും ജയിലിൽ പിടിച്ചിട്ട് അത്തരക്കാരുടെ എണ്ണം ഇനിയും കുറയ്ക്കാമെന്നാണ് ഭരിക്കുന്നവരുടെ ധാരണയെങ്കിൽ അവർക്ക് തെറ്റി. ജയിലിലടച്ചതുകൊണ്ടും മർദ്ദനങ്ങൾക്കിരയാക്കിയതുകൊണ്ടും ധീരയായ മനുഷ്യരെയും അവരുടെ ആശയങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ല എന്നത് ചരിത്രത്തിന്റെ ലളിതമായ പാഠങ്ങളിലൊന്നാണ്.

വിവരങ്ങൾക്ക് കടപ്പാട്-ലെഫ്റ്റ് ക്ലിക് ന്യൂസ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP