Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനയിലും ഓസ്‌ട്രേലിയയിലും സ്ഥാനപതിയായിരുന്ന കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട രാജന്റെ സഹപാഠി; നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ നിന്നും മാവോയിസ്റ്റുകളുടെ ബുദ്ധികേന്ദ്രമായി വളർന്നു: അറസ്റ്റിലായ മുരളി കണ്ണമ്പിള്ളിയെ അറിയുക..

ചൈനയിലും ഓസ്‌ട്രേലിയയിലും സ്ഥാനപതിയായിരുന്ന കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട രാജന്റെ സഹപാഠി; നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ നിന്നും മാവോയിസ്റ്റുകളുടെ ബുദ്ധികേന്ദ്രമായി വളർന്നു: അറസ്റ്റിലായ മുരളി കണ്ണമ്പിള്ളിയെ അറിയുക..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാണീ മുരളി കണ്ണമ്പിള്ളി? ഇന്നലെ ടെലിവിഷൻ ചാനലുകളിലൂടെ മലയാളിയായ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ അറസ്റ്റു ചെയ്തുവെന്ന വാർത്ത പുറത്തുവന്നതോടെ പുതിയ തലമുറയിൽപ്പെട്ട പലരും തിരക്കിയത് ഇതായിരുന്നു. കേരളത്തിലെ നക്‌സൽ കാലഘട്ടത്തെ കുറിച്ച് അറിവുള്ളവ ഒരു വിഭാഗക്കാർക്ക് മാത്രം അറിയാവുന്ന പേരായിരുന്നു മുരളി കണ്ണമ്പിള്ളി എന്നത്. പുതിയ തലമുറയിൽപെട്ടവർക്ക് ഇങ്ങനെയൊരു മാവോയിസ്റ്റ് നേതാവുണ്ടായിരുന്നോ എന്ന കാര്യം പോലും അറിവില്ലായിരുന്നു. ജീവിതത്തിലെ സുദീർഘമായ കാലയളവിൽ തീവ്രഇടതുപക്ഷ നിലപാടിനെ മുറുകേ പിടിച്ച് മുന്നേറിയ നേതാവായിരുന്നു മുരളി കണ്ണമ്പിള്ളി. നിലവിലെ സാമൂഹ്യ വ്യവസ്ഥയോട് നിരന്തരം കലഹിച്ചിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.

ഇന്നലെ വരെ പൊലീസ് പറഞ്ഞിരുന്നതും പുറത്തുവിട്ടവതുമായ മാവോയിസ്റ്റ് കഥകളിൽ മലയാളികൾക്ക് പരിചിതമായത് രൂപേഷിനെയും ഷൈനയെയുമായിരുന്നു. ഇവരെ കൂടാതെ കേരളത്തിൽ നിന്നും ചെറുകിട നേതാക്കളുടെ പേര് മാത്രമായിരുന്നു മാവോയിസവുമായി ചേർത്തു പറഞ്ഞു കേട്ടത്. വസന്തത്തിന്റെ ഇടിമുഴക്കം എന്ന് പേരിൽ ഇന്ത്യയിൽ ഉണ്ടായ നക്‌സൽ മുന്നേറ്റത്തിൽ ആകൃഷ്ടനായി സ്വന്തമാക്കാമായിരുന്ന ഉന്നത ജീവിതം വേണ്ടെന്ന് വച്ചാണ് എറണാകുളം ജില്ലയിലെ ഇരുമ്പനം സ്വദേശി തീവ്ര ഇടതുപക്ഷത്തെ പുൽകിയത്.

കേരളത്തിലെ നക്‌സൽ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ കെ വേണുവിനും അജിതയ്ക്കുമൊപ്പം അതിന്റെ ഭാഗമായിരുന്നു മുരളി കണ്ണമ്പള്ളി എന്ന ആഭിജാത കുടുംബത്തിൽ ജനിച്ച വിപ്ലവ നേതാവ്. നക്‌സൽ പ്രസ്ഥാനത്തിന് കേരളത്തിൽ വളക്കൂറില്ലെന്ന് കണ്ട് പലരും പ്രസ്ഥാനത്തെ കൈവിട്ടപ്പോഴും ആശയങ്ങളിൽ വിട്ടുവീഴ്‌ച്ചയില്ലാതെ മുൻകാല നക്‌സൽ സ്വഭാവം പുലർത്തിയ സിപിഐ (മാവോയിസ്റ്റ്) പ്രസ്ഥാനത്തിൽ ചേക്കേറി മുരളി കണ്ണമ്പള്ളി. സിപിഐ നക്‌സൽബാരി ജനറൽ സെക്രട്ടറിയായിരുന്നു അജിത് എന്ന് വിളിപ്പേരുള്ള ഇദ്ദേഹം. പിന്നീടാണ് മാവോയിസത്തെ പുൽകുകയായിരുന്നു.

കുടുംബ പാരമ്പര്യം വച്ച് ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥനായി ജീവിക്കേണ്ടിയിരുന്ന വ്യക്തിയായിരുന്നു മുരളി കണ്ണമ്പള്ളിയുടേത്. ചൈന, ഡെന്മാർക്ക്, ഓസ്‌ട്രേലിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന കണ്ണമ്പള്ളി കരുണാകര മേനോന്റെ മകനായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറയിലെ അറിയപ്പെടുന്ന ആഢ്യകുടുംബത്തിലെ അംഗം. വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുള്ള കാലത്ത് ഉന്നത വിദ്യാഭ്യാസം ലഭിച്ച വ്യക്തികൂടിയായിരുന്നു മുരളി. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെയായിരുന്നു മുരളിയിലെ തീവ്രഇടതു ചിന്താഗതിക്കാരന്റെ വളർച്ച.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അടിയന്തരാവസ്ഥ കാലത്തായിരുന്നു മുരളി കണ്ണമ്പള്ളിയിലെ തീവ്രനേതാവിന്റെ വളർച്ചയുണ്ടായത്. കോഴിക്കോട് ആർഇസിയിൽ ഉന്നതപഠനത്തിന് എത്തിയ മുരളി അവിടെയുള്ള സിപിഐഎംഎൽ പ്രവർത്തകർക്കൊപ്പം കൂടി സൗഹൃദം സ്ഥാപിച്ചു. യുവാക്കൾക്കിടയിൽ അതിവേഗം വിപ്ലവ ആവേശം വീശിയ സംഘടനയായിരുന്നു അന്ന് സിപിഐഎംഎൽ. റീജിയണൽ എൻജിനിയറിങ് കോളജിൽ രാജന്റെ സഹപാഠിയായിരുന്നു മുരളി. 1976ൽ കായണ്ണ പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തെന്ന ആരോപണത്തിൽ മുരളിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. അന്ന് ഗൂഢാലോചന കുറ്റം ചുമത്തിയാണ് മുരളിയെ പൊലീസ് അറസ്റ്റു ചെയ്തത്. എന്നാൽ, തെളിവുകളിലെന്ന് കണ്ട് പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഇതിന് ശേഷവും നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. രാജന്റെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് അന്നത്തെ കോളേജ് കാമ്പസുകളെ ഏറെ പ്രക്ഷുബ്ധമാക്കിയിരുന്നു.

നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ വലിയ ഭിന്നിപ്പുണ്ടായപ്പോൾ കെ വേണുവിനൊപ്പമായിരുന്നു മുരളി. വേണുവിന്റെ നേതൃത്വത്തിൽ സിആർസി സിപിഐഎംഎല്ലിന്റെ പ്രവർത്തനങ്ങളിൽ സജീവമായ മുരളി, പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അജിത് എന്ന പേരിൽ നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ അറിയപ്പെട്ട മുരളി 'ഭൂമി ജാതി ബന്ധനം' എന്ന പേരിൽ കേരളത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെയും അതിന്റെ വിനിയോഗത്തെയും സംബന്ധിച്ച് കൃതി രചിച്ചിട്ടുണ്ട്. ഇതുൾപ്പടെ നക്‌സലൈറ്റ് ആശയപ്രചാരത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നേരിട്ടുള്ള പ്രവർത്തനങ്ങൾക്കുപരിയായി ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും തീവ്ര കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ചേർന്നുള്ള ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിലും അതിന് ആശയ വ്യക്തത നൽകുന്നതുമായിരുന്നു മുരളിയുടെ പ്രവർത്തന മേഖല. കമ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ മാതൃകയിൽ തീവ്രകമ്യൂണിസ്റ്റ് ആശയങ്ങളുള്ള ലോകത്തെ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനായി റവല്യൂണറി ഇന്റർനാഷണൽ മൂവ്‌മെന്റ് (റിം) രൂപീകരിച്ചപ്പോൾ അതിന്റെ പ്രമുഖ ചുമതല നിർവ്വഹിച്ചിരുന്നത് മുരളിയായിരുന്നു. റവല്യൂഷണറി ഇന്റർനാഷണൽ മൂവ്‌മെന്റിന്റെ മൂന്ന് സ്ഥാപക സംഘടനകളിലൊന്നായിരുന്നു സിആർസി സിപിഐഎംഎൽ. 1980കളിൽ ആന്ധ്രപ്രദേശിൽ നിരവധി സായുധ സമരങ്ങൾ നടത്താൻ സിആർസിസിപിഐഎമ്മലിന് സാധിച്ചിരുന്നു.

കെ വേണു സിആർസി സിപിഐഎംഎൽ വിട്ട് പൊതുജനാധിപത്യ പാതയിലേക്ക് വന്നപ്പോൾ മുരളി ഒപ്പം പോകാൻ തയ്യാറായില്ല. കേരള കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കുകയും പിന്നീട് അത് മാവോയിസ്റ്റ് യൂണിറ്റി സെന്റർ (എംയുസി) ആയി മാറുകയും ചെയ്തു. എം. ഗീതാനന്ദന്റെ നേതൃത്വത്തിൽ രൂപം കൊണ്ട കേരളാ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങളിൽ മുരളി സജീവ സാന്നിധ്യമായിരുന്നു. 'മാവോയിസം' സൈദ്ധാന്തിക അന്വേഷണങ്ങളെക്കുറിച്ച് നിരന്തരം പ്രഭാഷണങ്ങൾ നടത്തി. ഗീതാനന്ദൻ പ്രസ്ഥാനം ഉപേക്ഷിച്ച് ദലിത് സംഘടനാ പ്രവർത്തനം തുടങ്ങിയതോടെ മുണ്ടൂർ രാവുണ്ണിയുമായി ചേർന്ന് സിപിഐ (എം.എൽ) നക്‌സൽബാരിയെന്ന സംഘടനക്ക് രൂപീകരിച്ചു.

ഇക്കാലത്താണ് അയ്യൻകാളിപ്പടയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറെ ബന്ധിയാക്കിയത്. കല്ലറ ബാബു, മണ്ണൂർ അജയൻ, രമേശൻ, വിളയോടി ശിവൻകുട്ടി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നീട് പരസ്യ സംഘടനയെന്ന നിലയിൽ 'പോരാട്ട'ത്തിന്റെ പ്രവർത്തനം തുടങ്ങി. ഇതേകാലത്ത് എറണാകുളത്തു നിന്ന് 'മുന്നണിപോരാളി ' എന്ന മാസികയും പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ കാർഷിക മേഖലയെകുറിച്ച് അന്വേഷണം ആരംഭിച്ചത് ഇക്കാലത്താണ്.

ജനറൽ സെക്രട്ടറി കെഎൻ രാമചന്ദ്രനുമായി വിയോജിച്ച് റൗഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം സിപിഐഎംഎൽ റഡ്ഫൽഗ് വിടുകയും എംയുസിയുമായി ചേർന്ന് 1999ൽ സിപിഐഎംഎൽ നക്‌സൽബാരി എന്ന പുതിയ ഒരു ഗ്രൂപ്പിന് രൂപം നൽകുകയും ചെയ്തു. 2008 വരെ റൗഫ് ആയിരുന്നു ഇതിന്റെ ജനറൽ സെക്രട്ടറി. തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം മുരളി ഏറ്റെടുത്തു. സിപിഐഎംഎൽ നക്‌സൽ ബാരിയുടെ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ നേപ്പാളിലെ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു മുരളി.

ആന്ധ്രയിലെ പ്രബല ഗ്രൂപ്പ് ആയിരുന്ന സിപിഐഎംഎൽ(പീപ്പിൾസ് വാറും) എംസിസിയും യോജിച്ച് സിപിഐ(മാവോയിസ്റ്റ്) രൂപീകരിച്ച ശേഷം സമാന സ്വഭാവമുള്ള തീവ്രകമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പികുന്നതിനുള്ള ശ്രമങ്ങൾ സജീവമാക്കിയിരുന്നു. ആന്ധ്രയിലെ ചില ഭാഗങ്ങളിലും തമിഴ്‌നാട്, കർണാടക അതിർത്തി മേഖലകളിലും സ്വാധീനമുണ്ടായിരുന്നു മരുളിയുടെ നേതൃത്വത്തിലുള്ള സിപിഐഎംഎൽ നക്‌സൽബാരി ഇവർക്കൊപ്പം ചേരുന്നത് ഈ ചർച്ചയുടെ തുടർച്ചയായാണ്. 2014 മെയ് ഒന്നിനാണ് അജിത് എന്ന് കണ്ണമ്പിള്ളി മുരളിയുടെ നേതൃത്വത്തിലുള്ള സിപിഐ നക്‌സൽ ബാരി, സിപിഐ മാവോയിസറ്റിൽ ലയിക്കുന്നത്. പിന്നീടിങ്ങോട്ട് പൊലീസിന്റെ നോട്ടപ്പുള്ളിയായി അജിത്.

മാവോയിസ്റ്റിൽ ലയിക്കുന്നതിന് മുമ്പുവരെ മുരളിയുടെ പ്രവർത്തനം പൊലീസിന്റെ തീവ്രശ്രദ്ധയുണ്ടായിരുന്നില്ല. ലനയ ശേഷം സിപിഐ(മാവോയിസ്റ്റ് )കേന്ദ്ര കമ്മിറ്റി അംഗമായതോടെയാണ് പൊലീസ് അജിതിന്റെ നീക്കങ്ങളെയും നിരീക്ഷിച്ചുതുടങ്ങിയത്. ആന്ധ്ര പൊലീസും തമിഴ്‌നാട് പൊലീസും ചേർന്ന് നടത്തിയ നീക്കത്തിൽ രൂപേഷ് അടക്കമുള്ള ദക്ഷിണേന്ത്യൻ നേതാക്കളെ പിടികൂടിയതിന്റെ പിന്നാലെയാണ് അജിതിനെ മഹാരാഷ്ട്ര പൊലീസ് പൂണെയിൽ പിടികൂടുന്നത്. 62 കാരനായ മുരളി കണ്ണമ്പള്ളി നക്‌സൽ പ്രസ്ഥാനങ്ങളിൽ പ്രവർച്ച കെ വേണുവിന് സമകാലികനായ വ്യക്തിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP