Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോ റിക്ഷാക്കാരനായ മണി സിനിമയിലെത്തിയത്‌ അക്ഷരത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്ത്; സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പൻ ബ്രേയ്ക്കായി; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലൂടെ നായക സ്ഥാനത്ത്: ദാരിദ്ര്യത്തോട് പടവെട്ടി സിനിമയിൽ ശോഭിച്ച കലാഭവൻ മണിയുടെ ജീവിതം സിനിമയെ വെല്ലുന്നത്

ഓട്ടോ റിക്ഷാക്കാരനായ മണി സിനിമയിലെത്തിയത്‌ അക്ഷരത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്ത്; സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പൻ ബ്രേയ്ക്കായി; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലൂടെ നായക സ്ഥാനത്ത്: ദാരിദ്ര്യത്തോട് പടവെട്ടി സിനിമയിൽ ശോഭിച്ച കലാഭവൻ മണിയുടെ ജീവിതം സിനിമയെ വെല്ലുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ദാരിദ്ര്യത്തോട് പടവെട്ടി സിനിമയിൽ എത്തി മുൻനിരക്കാരനായി ശോഭിച്ച നടനെയാണ് കലാഭവൻ മണിയുടെ വിയോഗത്തിലൂടെ തെന്നിന്ത്യൻ സിനിമയ്ക്ക് നഷ്ടമായത്. സിനിമാക്കഥ പോലെ തന്നെയായിരുന്നു മണിയുടെ ജീവിതവും. സാധാരണക്കാരനിൽ നിന്നും സിനിമാക്കാരനായി വളർന്ന മണി അഭിനയശേഷികൊണ്ട് തന്റെതായ സ്വാധീനം ഉറപ്പിക്കുകയായിരുന്നു.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ 1971 ജനുവരി ഒന്നിനാണ് മണിയുടെ ജനനം. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായാണ് അദ്ദേഹം ജനിച്ചത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുള്ള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകർക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവൻ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുള്ള മണി ഇന്ന് ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു.

ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ നിന്നുമെത്തിയ കലാഭവൻ മണി സിനിമ നൽകിയ സൗഭാഗ്യത്താൽ ഇന്ന് സമ്പന്നനാണ്. പാടത്തും പറമ്പിലും കൂലിപ്പണി ചെയ്തു രാമൻ നേടുന്ന സമ്പാദ്യം പത്തുപേരടങ്ങുന്ന കുടുംബത്തെപോറ്റുവാൻ മതിയാകില്ലായിരുന്നു. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ തന്നെ അനുകരണകല മണിയുടെ തലയ്ക്കുപിടിച്ചിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ മോണോ അക്ടിൽ മണി യുവജനോൽസവങ്ങളിൽ മത്സരിച്ചു. 1987ൽ മോണോ ആക്ടിൽ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ ഒന്നാമനാകുവാൻ കഴിഞ്ഞത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി.

കൊച്ചിൻ കലാഭവൻ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.

സ്‌കൂൾ പഠനത്തിന് ശേഷം അദ്ദേഹം ഓട്ടോ ഓടിച്ചായിരുന്നു ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ഓട്ടോ ഓടിക്കലിനൊപ്പം മിമിക്രിയും മുന്നോട്ടുകൊണ്ടുപോയി. പകൽ ഓട്ടോ ഡ്രൈവിങ്ങും രാത്രി മിമിക്രിയുമായിരുന്നു പതിവ്. പല ട്രൂപ്പിനൊപ്പവും ചേർന്ന് മണി പരിപാടികൾ അവതരിപ്പിച്ചു. കേരളത്തിലെ സിനിമാ രംഗത്ത് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കലാഭവനുമായി മണി പിന്നീട് ബന്ധം സ്ഥാപിച്ചു. ഇതിനിടക്ക് ഒരു ടി.വി പരമ്പരയിൽ അഭിനയിക്കാൻ പോയതോടെ കലാഭവനുമായുള്ള ബന്ധം വേർപെട്ടു. കലാഭവനിലെ അവസരം നഷ്ടമായതോടെ മണി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

രാക്ഷസരാജാവ്, വൺമാൻ ഷോ, സമ്മർ ഇൻ ബേത്‌ലഹേം, ഡൽഹിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിൽ മണി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, എന്നീ ചിത്രങ്ങളിൽ മണി നായകനായി. ദി ഗാർഡ് എന്ന ചിത്രത്തിൽ മണി മാത്രമാണ് അഭിനേതാവ്.

സുന്ദർദാസ്‌ലോഹിതദാസ് കൂട്ടുകെട്ടിന്റെ 'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷമാണ് മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. ഇതിൽ ഒരു അന്ധന്റെ വേഷമായിരുന്നു മണി ചെയ്തത്. സംസ്ഥാന തലത്തിലും ഇതേ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2002ൽ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിന്റെ മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

നാടൻ പാട്ടുകളെ കെസറ്റുകളിലാക്കി ജനകീയമാക്കുന്നതിൽ മണി വഹിച്ച പങ്ക് മറക്കാൻ സാധിക്കില്ല. മികച്ച ഗായകനായിരുന്ന മണിയുടെ ശബ്ദത്തിൽ നിരവധി നാടൻ പാട്ടുകളാണ് പുറത്തിറങ്ങിയത്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കെസെറ്റുകൾ ഏറെ ശ്രദ്ധ നേടി. ഇതിന് പുറമെ സിനിമാ ഗാനങ്ങളുടെ പാരഡികളും മണിയുടെ ശബ്ദത്തിൽ ഇറങ്ങി.

ഗായകനെന്ന നിലക്ക് സിനിമകളിലും അദ്ദേഹം തിളങ്ങി. അഭിനയിക്കുന്ന പല ചിത്രങ്ങളിലും മണിയുടെ ഗാനങ്ങളുണ്ടാകുമായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ 'കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി..', 'കരുമാടിക്കുട്ടനിലെ കൈകൊട്ടു പെണ്ണേ കൈകൊട്ടുപെണ്ണേ...', 'കബഡി കബഡി എന്ന ചിത്രത്തിലെ 'മിന്നാമിനുങ്ങെ മിന്നും മിനുങ്ങെ..' എന്നീ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP