Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ ഫുട്‌ബോൾ ക്ലബ് ഉണ്ടാക്കി സാമൂഹ്യപ്രവർത്തനം തുടങ്ങി; എൻജിനിയർ ജോലി ഉപേക്ഷിച്ച് സമൂഹത്തിൽ ഇറങ്ങി; 172 രാജ്യങ്ങളിൽ വേരുകളുള്ള സംഘടനയെ നയിച്ച് സമാധാനത്തിന്റെ പ്രവാചകനായി; സത്യാർത്ഥിയുടെ ജീവിതകഥ ആരെയും വിസ്മയിപ്പിക്കുന്നത്

സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ ഫുട്‌ബോൾ ക്ലബ് ഉണ്ടാക്കി സാമൂഹ്യപ്രവർത്തനം തുടങ്ങി; എൻജിനിയർ ജോലി ഉപേക്ഷിച്ച് സമൂഹത്തിൽ ഇറങ്ങി; 172 രാജ്യങ്ങളിൽ വേരുകളുള്ള സംഘടനയെ നയിച്ച് സമാധാനത്തിന്റെ പ്രവാചകനായി; സത്യാർത്ഥിയുടെ ജീവിതകഥ ആരെയും വിസ്മയിപ്പിക്കുന്നത്

കുട്ടികളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ഏവർക്കുമുള്ള അംഗീകാരമാണ് കൈലാഷ് സത്യാർത്ഥിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം. മദർ തെരേസ എന്ന മഹാവ്യക്തിക്കുശേഷം സമാധാനത്തിന് നൊബേൽ സമ്മാനം വീണ്ടും ഇന്ത്യയിലെത്തുമ്പോൾ ആ പുരസ്‌കാരത്തിന്റെ തിളക്കം വെളിച്ചമേകുന്നത് സന്നദ്ധപ്രവർത്തകർക്കും സന്നദ്ധസംഘടനകൾക്കും പുറമെ ആയിരക്കണക്കിന് കുരുന്നുകൾക്കുമാണ്. കുട്ടിക്കാലം മുതൽ മറ്റുള്ളവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈ മനുഷ്യന്റെ കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്.

പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അവരുടെ സ്വന്തം ഭായ് സാബാണ് കൈലാഷ് സത്യാർത്ഥിയെന്ന മനുഷ്യൻ. 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദീഷയിൽ ജനിച്ച അദ്ദേഹം സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ അശരണർക്കുവേണ്ടി പ്രവർത്തിച്ചു തുടങ്ങി. സ്‌കൂളിൽ പഠിക്കാൻ കഴിയാത്ത കുട്ടികളെ പഠിപ്പിക്കുന്നതിന് പണം കണ്ടെത്താൻ അദ്ദേഹം കണ്ടുപിടിച്ച വഴി ഫുട്‌ബോൾ ക്ലബ് തുടങ്ങുക എന്നതാണ്. ക്ലബിൽനിന്ന് ലഭിച്ച മെമ്പർഷിപ്പ് ഫീസ് പാവപ്പെട്ട കുട്ടികൾക്ക് നൽകിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.

പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ഒറ്റ ദിവസം കൊണ്ട് വിദീഷയിൽ 2000 നോട്ടു ബുക്കുകൾ സമാഹരിച്ചു. നോട്ട് ബുക്ക് ശേഖരണ പദ്ധതി ബുക്ക് ബാങ്ക് ആയി ഇപ്പോഴും തുടരുന്നു. ഇലക്ട്രിക്കൽ എൻജിനീയറായ സത്യാർത്ഥി ആ മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് 1983ൽ ബാലാവകാശപ്രവർത്തനങ്ങൾക്കായി മുഴുവൻ സമയവും മാറ്റിവച്ചത്. ഭോപ്പാലിലെ ഒരു കോളേജിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

കുരുന്നുകൾക്കായി പോരാടുന്നതിനിടെ കനത്ത തിരിച്ചടികളും സത്യാർത്ഥിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഫാക്ടറികളിലും ഖനികളിലും അടിമകളായി ജോലി നോക്കേണ്ടിവന്ന കുട്ടികളെ രക്ഷിക്കാൻ ചെന്നപ്പോഴോക്കെ മാഫിയകളിൽ നിന്ന് കടുത്ത ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവിടെയൊന്നും അദ്ദേഹം മുട്ടുമടക്കിയില്ല. ഒടുവിൽ മാഫിയകൾക്ക് തോൽവി സമ്മതിക്കേണ്ടിവന്നു.

കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ബച്പൻ ബച്ചാവോ ആന്ദോളൻ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത് 80,000 കുട്ടികളെയാണ്. ബാലവേലയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഈ കുരുന്നുകൾക്ക് വിദ്യാഭ്യാസം നൽകാനും പുനരധിവസിപ്പിക്കാനും മുൻപന്തിയിലുണ്ട് ബച്പൻ ബചാവോ ആന്ദോളൻ.

അന്താരാഷ്ട്ര തലത്തിൽ ബാലവേലയ്‌ക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരുന്നതിനൊപ്പം ബാലവേല തടയുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരുന്നതിനുള്ള പോരാട്ടമാണ് അദ്ദേഹം തുടരുന്നത്. 172 ഓളം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മാർച്ച് എഗൻസ്റ്റ് ചൈൽഡ് ലേബർ സത്യാർത്ഥിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ്. നൂറുക്കണക്കിന് സന്നദ്ധ സംഘടനകളും തൊഴിലാളി സംഘടനകളും അദ്ധ്യാപക സംഘടനകളും ഇതുമായി കൈകോർത്ത് പ്രവർത്തിക്കുന്നു. ഗ്‌ളോബൽ കാമ്പെയിൻ ഫോർ എഡ്യൂക്കേഷനാണ് അദ്ദേഹം നേതൃത്വം നൽകുന്ന മറ്റൊരു സംഘടന.

ബാലവേലയിൽ ഏർപ്പെട്ടിരുന്ന കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനായി രാജസ്ഥാനിൽ അദ്ദേഹം ബാലാശ്രമം തുടങ്ങി. ഒരു കുട്ടിയെയും ജോലിക്ക് വിടില്ലെന്നും വിദ്യാഭ്യാസം നൽകുമെന്നും ഗ്രാമീണരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്ന ബാലമിത്ര ഗ്രാമം പരിപാടിക്കും അദ്ദേഹം തുടക്കം കുറിച്ചു. പരവതാനി വ്യവസായ മേഖലയിലെ റഗ് മാർക്കാണ് സത്യാർത്ഥിയുടെ ജീവിതത്തിലെ മറ്റൊരു തൂവൽ. കുട്ടികളെ കൊണ്ട് ഉണ്ടാക്കിയ പരവതാനി അല്ല എന്ന് സർട്ടിഫൈ ചെയ്യുന്നതാണ് റഗ് മാർക്ക്. ഇത് പരിശോധിക്കാൻ അദ്ദേഹം ഫാക്ടറികൾ സന്ദർശിക്കാറുമുണ്ട്.

ദക്ഷിണ ഡൽഹിയിലെ കൽക്കാജിയിലെ എൽ16 എന്ന ഫ്‌ളാറ്റിലാണ് ബച്പൻ ബചാവോ ആന്ദോളന്റെ (ബിബിഎ) ആസ്ഥാനം. മുമ്പ് നാട്ടുകാരോ രാഷ്ട്രീയ പ്രവർത്തകരോ ഈ സന്നദ്ധ സംഘടനയോട് മമത കാണിച്ചിരുന്നില്ല. എന്നും പ്രശ്‌നങ്ങളായിരുന്നു ഇവിടെ. പൊലീസും മോചിപ്പിക്കുന്ന കുട്ടികളെ തിരികെ കൊണ്ടുവരാൻ എത്തുന്ന ഗുണ്ടകളും മർദനമേൽക്കുന്ന സംഘടനാ പ്രവർത്തകരുമൊക്കെയായിരുന്നു ഇതുവരെ ബിബിഎ.

എന്നാൽ പുരസ്‌കാര ലബ്ധിയോടെ കൈലാഷ് സത്യാർഥിയും അദ്ദേഹത്തിന്റെ ബിബിഎയും നാട്ടുകാരുടേതായി മാറി. നൊബേൽ സമ്മാനം തനിക്ക് കൂടുതൽ ഉത്തരവാദിത്വമാണു നൽകുന്നതെന്ന് പറയുമ്പോൾ സത്യാർഥിയുടെ മുഖത്ത് നിശ്ചയദാർഢ്യം. പുരസ്‌കാര നിറവിലും സത്യാർത്ഥിയുടെ മനസ് ശാന്തമല്ല. ഇനിയുമേറെ പ്രവർത്തനങ്ങൾ തനിക്ക് ചെയ്യാനുണ്ടെന്ന് അദ്ദേഹം പറയുന്നു. രാജ്യത്ത് പലയിടങ്ങളിലും ഇപ്പോഴും ബാലവേല നിലനിൽക്കുന്നുണ്ട്. ഇതിനെതിരായ പ്രവർത്തനങ്ങളിൽ ഇനി കൂടുതൽ പേർ അദ്ദേഹത്തിന് തുണയാകുമെന്ന് പ്രതീക്ഷിക്കാം.

ബാല്യം നിഷേധിക്കപ്പെടുകയും അവരെ അടിമവേലക്കിരയാക്കുകയും ചെയ്യുന്ന അവസ്ഥ മാറ്റുകയാണ് നാം ആദ്യം ചെയ്യേണ്ടതെന്ന് സത്യാർത്ഥി പറയുന്നു. ആരോഗ്യം, കുട്ടിക്കാലം, വിദ്യാഭ്യാസം, മൗലികാവകാശങ്ങൾ ഇവയൊക്കെ സംരക്ഷിക്കപ്പെടണം. അതുകൊണ്ടു തന്നെ മാറ്റങ്ങൾ ഇന്ത്യയിൽ നിന്നു തന്നെ തുടങ്ങണം. ബാലവേല എന്നത് ഒരു രാജ്യം മാത്രം നേരിടുന്ന പ്രശ്‌നമല്ല. ലോകമാകമാനം 17 കോടിയോളം കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ പുരസ്‌കാരം ഇന്ത്യയിലെ മാത്രമല്ല, പാക്കിസ്ഥാനിലേയും നേപ്പാളിലേയും ആഫ്രിക്കയിലേയുമൊക്കെ കുട്ടികൾക്കാണ് ഞാൻ സമർപ്പിക്കുന്നതെന്നും സത്യാർത്ഥി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP