Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണ തമിഴ് കുടുംബത്തിൽ ജനിച്ചു; രണ്ട് ബെഡ് റൂം ഫ്ളാറ്റിലെ ലിവിങ് റൂമിൽ കിടന്ന് വളർന്നു; ബസിൽ യാത്ര ചെയ്ത് പഠിച്ചു; ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിളിന്റെ തലവനായി മാറിയ സുന്ദറിന്റെ കഥ ബോളിവുഡ് സിനിമയെ വെല്ലുന്നത്

സാധാരണ തമിഴ് കുടുംബത്തിൽ ജനിച്ചു; രണ്ട് ബെഡ് റൂം ഫ്ളാറ്റിലെ ലിവിങ് റൂമിൽ കിടന്ന് വളർന്നു; ബസിൽ യാത്ര ചെയ്ത് പഠിച്ചു; ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിളിന്റെ തലവനായി മാറിയ സുന്ദറിന്റെ കഥ ബോളിവുഡ് സിനിമയെ വെല്ലുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സുന്ദർ പിച്ചൈ ഗൂഗിളിൽ ഏറ്റവും കൂടുതൽ തവണ സെർച്ച് ചെയ്ത പേരുകളിലൊന്നായി മാറിയത് ഇന്നലെ മുതൽക്കാണ്. ലോകത്തെ ഏറ്റവും വലിയ ടെക് സ്ഥാപനമായ ഗൂഗിളിന്റെ തലവനായി നിയോഗിക്കപ്പെട്ടതോടെയാണ് സുന്ദർ പിച്ചൈ എന്ന 43കാരൻ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായത്. തമിഴ്‌നാട്ടിൽ ജനിച്ച്, സാധാരണ ജീവിതം നയിച്ച സുന്ദറിന്റെ വളർച്ച സ്വന്തം കഠിനാധ്വാനത്തിലൂടെ മാത്രമാണ്.

ഗൂഗിളിലേക്ക് വരുന്നതിന് മുമ്പും ജോലി മാത്രം ഹരമാക്കി ജീവിച്ചയാളാണ് സുന്ദർ പിച്ചൈയെന്ന് അടുപ്പമുള്ളവർ പറയുന്നു. ഐഐടി ഖരഗ്പുരിൽനിന്ന് ബിരുദം നേടിയ സുന്ദർ പിന്നീട് സ്റ്റാൻഫഡ് സർകവലാശാലയിൽനിന്ന് എംഎസ്സും പെൻസിൽവാനിയയിലെ വാർട്ടൻ സ്‌കൂളിൽനിന്ന് എംബിഎയും കരസ്ഥമാക്കി. ഗുഗിളിലെത്തുന്നതിന് മുമ്പ് അപ്ലൈഡ് മെറ്റീരിയൽസിൽ എൻജിനീയറായി പ്രവർത്തിച്ചു. പിന്നീട് മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്‌മെന്റ് തസ്തികയിലും ജോലി ചെയ്തു.

2004ലാണ് സുന്ദർ ഗൂഗിളിലെത്തുന്നത്. പ്രോഡക്ട് മാനേജ്‌മെന്റിൽ വൈസ് പ്രസിഡന്റായാണ് തുടക്കം. ഗൂഗിൾ ക്രോം ബ്രൗസറിന്റെ നിർമ്മാണത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. ഇതിന്റെ വിജയത്തോടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തെ തേടിയെത്തി.ഗുഗിളിന്റെ വിവിധ സെർച്ച് പ്രോഡക്ടുകളായ ഫയർഫോക്‌സ്, ഗൂഗിൾ ടൂൾബാർ, ഡെസ്‌ക്‌ടോപ്പ് സെർച്ച്, ഗാഡ്‌ജെറ്റ്‌സ്, ഗൂഗിൾ ഗിയേഴ്‌സ് തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ ചുമതലക്കാരനായി. 2008ൽ ഗൂഗിൾ ക്രോമിന്റെ വിജയത്തോടെ സുന്ദർ ടെക് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ആ വളർച്ചയാണ് 2013 മാർച്ചിൽ ആൻഡ്രോയ്ഡ് സിഇഒ ആൻഡി റൂബിന്റെ പകരക്കാരനായി സുന്ദറിനെ ഉയർത്തിയത്.

2008 ൽ ഗൂഗിൾ ക്രോം വികസിപ്പിച്ചതിന് ശേഷം ഗൂഗിളിന് ഏറ്റവും വേണ്ടപ്പെട്ട പത്ത് ജീവനക്കാരുടെ ലിസ്റ്റിൽ അദ്ദേഹം കയറിക്കൂടി. 2012 ലായിരുന്നു അടുത്ത ബ്രേക്ക്. ഗൂഗിൾ ആപ്പ്‌സിന്റെ തലവനായിരുന്ന ഡേവ് ഗിറൗദ് സ്വന്തം കമ്പനിയുണ്ടാക്കാൻ വേണ്ടി ഗൂഗിൾ വിട്ടപ്പോൾ ആപ്പ്‌സിൽ രണ്ടാമനായിരുന്ന സുന്ദർ പിച്ചൈ വീണ്ടും ഗൂഗിളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഒരു വർഷത്തിന് ശേഷം ആൻഡ്രോയ്ഡ് സഹസ്ഥാപകനും സിഇഒയുമായിരുന്ന ആൻഡി റൂബിൻ ഒഴിഞ്ഞപ്പോൾ ഗൂഗിൾ ആ സ്ഥാനമേൽപ്പിച്ചതും സുന്ദർ പിച്ചൈയെ ആയിരുന്നു. സാംസങ്ങ് കോർപ്പറേഷനുമായി ഗൂഗിൾ നടത്തിയ ദീർഘകാലത്തെ വ്യവഹാരങ്ങൾ ഒരു പരിധി വരെ പരിഹരിക്കുന്നതിൽ സുന്ദർ പിച്ചൈ വിജയിച്ചു. മികച്ച നയതന്ത്രജ്ഞനെന്നാണ് ലോകത്തിലെ പ്രധാന ബിസിനസ് പ്രസിദ്ധീകരണങ്ങൾ അന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

 

സൗമ്യമായി മാത്രം സംസാരിക്കുന്ന, മുഖ്യധാരയിൽ അധികം അറിയപ്പെടാത്ത ടെക്കി എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ സുന്ദർ പിച്ചൈയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ടീമിനെ നയിക്കാനും പുതിയ പുതിയ പദ്ധതികൾ വിജയിപ്പിക്കാനും സുന്ദറിനുള്ള കഴിവ് ഗൂഗിളിലെ ഉന്നതർ തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ സ്ഥാനക്കയറ്റമെന്നും വിലയിരുത്തപ്പെടുന്നു.

മൊബൈൽ ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നാണ് ബ്ലൂംബെർഗ് സുന്ദറിനെ വിശേഷിപ്പിക്കുന്നത്. ബോളിവുഡ് സിനിമയെ അതിശയിപ്പിക്കുന്ന ജീവിതവിജയമായും അദ്ദേഹത്തിന്റെ ഉയർച്ച വിശേഷിപ്പിക്കപ്പെടുന്നു. ചെന്നൈയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് സാധാരണക്കാരനായി വളർന്ന സുന്ദർ ഗൂഗിളിന്റെ തലവനായി മാറിയത് അത്തരമൊരു വിജയഗാഥയാണ്.

ജിഇസിയിൽ ഇലക്ട്രിക്കൽ എൻജിനിയറായ അച്ഛന്റെയും സ്റ്റെനോഗ്രാഫറായ അമ്മയുടെയും മകനായി ജനിച്ച സുന്ദറിന്റെ ബാല്യകാലം സാധാരണ കുട്ടിയുടേതായിരുന്നു. എൻജിനിയറായ അച്ഛന്റെ പാത പിന്തുടരാനാണ് കുട്ടിക്കാലത്തുതന്നെ സുന്ദർ തീരുമാനിച്ചത്. എന്നും ജോലി കഴിഞ്ഞെത്തുമ്പോൾ സംശയങ്ങളുമായി സുന്ദർ തന്നെ സമീപിച്ചിരുന്നുവെന്ന് അച്ഛൻ രഘുനാഥ പിച്ചൈ പറയുന്നു.

 

നാലുപേരടങ്ങിയ കുടുംബം രണ്ടു മുറി ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. സുന്ദറും അനിയനും ലിവിങ് റൂമിൽ കിടന്നുറങ്ങി. ടെലിവിഷനോ മറ്റ് വിനോദോപാധികളോ ഇല്ലാത്ത കുട്ടിക്കാലം. സിറ്റി ബസ്സുകളിലെ തിരക്ക് സഹിച്ച് സ്‌കൂളിലേക്ക് യാത്ര ചെയ്തിരുന്ന സുന്ദറും അനിയനും ഉണ്ടായിരുന്ന ഏക ആർഭാടം അച്ഛന്റെ ലാംബി സ്‌കൂട്ടർ മാത്രമായിരുന്നു. സ്‌കൂട്ടറിന് മുന്നിൽ നിന്നുകൊണ്ടായിരുന്നു സുന്ദറിന്റെ യാത്ര. ആ യാത്രയാണ് ഇന്ന് ഗൂഗിളിന്റെ തലപ്പത്തെത്തി നിൽക്കുന്നത്.

ആൽഫബെറ്റ് എന്ന പുതുതായി രൂപീകരിച്ച മാതൃകമ്പനിക്ക് കീഴിൽ ആറോളം ഉപവിഭാഗങ്ങളിലാവും പഴയ ഗൂഗിൾ കോർപ്പറേഷൻ പ്രവർത്തിക്കുക. ഗൂഗിൾ, കാലികോ, എക്‌സ് ലാബ്, ലൈഫ് സയൻസസ്, ഇൻവെസ്റ്റ്‌മെന്റ് ആംസ്, വെഞ്ചേഴ്‌സ് ആൻഡ് ക്യാപിറ്റൽ തുടങ്ങിയവയാണ് ഉപവിഭാഗങ്ങൾ. സുന്ദർ പിച്ചൈ സിഇഒ ആയ ഗൂഗിൾ തന്നെയാവും ആൽഫബെറ്റ് കോർപ്പറേഷന്റെ തലച്ചോറും ഹൃദയവും. മൊബൈൽ വിപണി ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് നടത്തുന്ന ശ്രമങ്ങൾക്ക് തടയിടുന്ന ആൻഡ്രോയ്ഡ് വികസന പ്രവർത്തനങ്ങളും സുന്ദർ പിച്ചൈയുടെ മേൽനോട്ടത്തിലാവും. ആഗോളവിപണിയിൽ 80 ശതമാനം പങ്കാളിത്തമുള്ള ആൻഡ്രോയ്ഡിന്റെ വിപണി മൂല്ല്യം നിലനിർത്തുന്നതിന് വൻ പദ്ധതികളാണ് സുന്ദർ പിച്ചൈയെ ആൽഫബെറ്റ് സിഇഒ ലാറി പേജ് നിയോഗിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP