Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സാമൂഹിക സേവനം ജീവത ദൗത്യമാക്കിയ സിസ്റ്റർ മൈഥിലി; പരിമിതികളെ മറികടന്ന് സഹജീവികൾക്ക് കൈതാങ്ങായി മുന്നോട്ട്; നെയ്യാറ്റിൻകര ലോകസേവാ ട്രസ്റ്റിന്റെ സാരഥിക്ക് അംഗീകാര തിളക്കം

സാമൂഹിക സേവനം ജീവത ദൗത്യമാക്കിയ സിസ്റ്റർ മൈഥിലി; പരിമിതികളെ മറികടന്ന് സഹജീവികൾക്ക് കൈതാങ്ങായി മുന്നോട്ട്; നെയ്യാറ്റിൻകര ലോകസേവാ ട്രസ്റ്റിന്റെ സാരഥിക്ക് അംഗീകാര തിളക്കം

ചില ജീവിതങ്ങൾ അങ്ങനെയാണ്. വൈകല്യങ്ങളും തിരിച്ചടികളും നൽകി ജീവിതം പരീക്ഷിക്കുമ്പോൾ അവർ കൂടുതൽ ആവേശത്തോടെ കർമ്മനിരതരാകും. സ്വയം എരിയുമ്പോഴും ചുറ്റുമുള്ളവർക്ക് അവർ പ്രകാശമേകും. കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പിന്റെ രാജ്യമഹിളാ സമ്മാൻ പുരസ്‌ക്കാര ജേതാവ് സിസ്റ്റർ മൈഥിലിയുടെ ജീവിതം ഒരേസമയം പ്രചോദനദായകവും അത്ഭുതകരവുമാണ്. നെയ്യാറ്റിൻകരയെന്ന പ്രദേശത്തെ സ്ത്രീകളുടെ ജീവിതനിലവാരവും സാമൂഹ്യപദവിയും ഉയർത്താൻ വിലപ്പെട്ട സംഭാവനകളാണ് സിസ്റ്റർ മൈഥിലി നൽകിയത്. ഒന്നരവയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് കാൽ തളർന്നുപോയ ഒരു സ്ത്രീ സാധിച്ച സാമൂഹ്യമുന്നേറ്റങ്ങൾ മുഴുവൻ സമൂഹത്തിനും മാതൃകയാണ്.

1947 സെപ്റ്റംബർ 10-ന് തമിഴ്‌നാട്ടിലെ മധുരയിൽ വി. ശങ്കരന്റെയും ഗൗരി ശങ്കരന്റെയും മകളായാണ് ജനനം. മുത്തച്ഛൻ എ. വൈദ്യനാഥ അയ്യർ മധുര മീനാക്ഷി ക്ഷേത്രം ഹരിജനങ്ങൾക്കു വേണ്ടി തുറന്നുകൊടുക്കാനുള്ള പ്രക്ഷോഭം നയിച്ച സാമൂഹ്യ പരിഷ്‌ക്കർത്താവായിരുന്നു. സാമൂഹിക പ്രവർത്തനം കുടുംബപരമായിത്തന്നെ സിസ്റ്റർ മൈഥിലിക്ക് കൈവന്നതായിരുന്നു.

ശാരീരിക വൈകല്യമുള്ള ഒരു കുട്ടി എന്ന രീതിയിലല്ല മാതാപിതാക്കൾ മൈഥിലിയെ പരിഗണിച്ചത്. മറിച്ച് സാധാരണ കുട്ടികൾ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ തന്റെ മകളും ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു. ഡോക്ടർമാർ കാലിൽ ഇരുമ്പുചട്ട ഘടിപ്പിച്ച് നൽകിയതോടെ മുടന്തി നടക്കാൻ മൈഥിലിക്കായി. സ്‌കൂളിലേക്ക് നടന്നു പോകാനും, ടെന്നീസ് കളിക്കാനുമൊക്കെ നിശ്ചയദാർഢ്യം അവരെ തുണച്ചു. ചിലപ്പോഴൊക്കെ തളർന്ന കാലുമായി കുഞ്ഞു മൈഥിലി മരത്തിൽവരെ വലിഞ്ഞുകയറാനും തുടങ്ങി.

മധുര സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 13-ാമത്തെ വയസ്സിൽത്തന്നെ എസ്.എസ്.എൽ.സി പരീക്ഷ പാസ്സായി. ഫാത്തിമാ കോളേജിൽ നിന്ന് ബിരുദവും മധുര കോളേജിൽ നിന്ന് കണക്കിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് പ്രൈവറ്റായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

സ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളോട് മൈഥിലിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഒരിക്കൽ സ്‌കൂളിൽ നിന്ന് വരുന്നവഴി വണ്ടിയിടിച്ച് പരിക്കേറ്റു കിടന്ന ഒരു സ്ത്രീയെ സൈക്കിൾ റിക്ഷയിൽ കയറ്റി മൈഥിലി വീട്ടിലേക്കു കൊണ്ടുവന്നു. താഴ്ന്നവരായി കണക്കാക്കപ്പെട്ട് അകറ്റി നിർത്തിയിരുന്ന ജനവിഭാഗങ്ങളോടെല്ലാം അവർ അടുത്തു പെരുമാറി.

തന്റെ വഴി സന്യാസമാണെന്ന് തിരിച്ചറിഞ്ഞ മൈഥിലി രക്ഷിതാക്കളുടെ സമ്മതത്തോടെ സേലത്തെ ശ്രീ. ശാരദ സമിതിയിൽ ചേർന്നു. ഇതോടൊപ്പം തന്നെ ബി.എഡ്. കോഴ്‌സ് പഠനവും ആരംഭിച്ചു. സ്വാമി ചിത്ഭവാനന്ദയുടെ മാർഗ്ഗനിർദ്ദേശത്തിനു കീഴിൽ തന്റെ സേവനപ്രവർത്തനങ്ങളും മൈഥിലി മുന്നോട്ടു കൊണ്ടുപോയി.


ഈറോഡിലെ കസ്തൂർബാഗ്രാമിൽ പെൺകുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ മൈഥിലി സജീവ പങ്കാളിത്തം വഹിച്ചു. തളർന്ന കാലുകളുമായി വിദ്യാർത്ഥികളെ ക്ഷണിക്കാൻ അവർ കിലോമീറ്ററുകൾ സഞ്ചരിച്ചു. 5-ാംതരം വരെയുണ്ടായിരുന്ന ഈ സ്‌കൂളിൽ അവർ ഒരു വർഷം പ്രധാനാധ്യാപികയായിരുന്നു. അതിനുശേഷം എം.എഡ് പഠനത്തിനു ചേർന്നു.

മൈഥിലിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞാണ് പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ജി. രാമചന്ദ്രന്റെ ഭാര്യ സൗന്ദരം രാമചന്ദ്രൻ അവരെ ഗാന്ധിഗ്രാമിലെ സേവിക ആശ്രമത്തിലേക്ക് ക്ഷണിച്ചത്. മൈഥിലിയുടെ മുത്തച്ഛൻ വൈദ്യനാഥ അയ്യരും ജി. രാമചന്ദ്രനും തമ്മിൽ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. വിധവകളുടെയും ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെയും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവാനുള്ള ക്ഷണമായിരുന്നു അത്. എതിർപ്പുകൾ വകവെയ്ക്കാതെ ഈ ദൗത്യത്തിൽ മൈഥിലി പങ്കാളിയായി.

ഗാന്ധിഗ്രാമിൽ വച്ചാണ് മൈഥിലിയുടെ ജീവിതം മാറ്റിമറിച്ച കൂടിക്കാഴ്ച നടക്കുന്നത്. പിൽക്കാലത്ത് തന്റെ ഗുരുവായി സ്വീകരിച്ച ജി. രാമചന്ദ്രനുമായി മൈഥിലി ആശയവിനിമയം നടത്തുന്നത് അവിടെവച്ചാണ്. ദൈവത്തെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചുമുള്ള മൈഥിലിയുടെ സംശയങ്ങൾക്കെല്ലാം രാമചന്ദ്രന്റെ പക്കൽ മറുപടിയുണ്ടായിരുന്നു. അങ്ങനെ മൈഥിലി, സിസ്റ്റർ മൈഥിലിയായി. സാമൂഹിക സേവനം തന്റെ ജീവിത ദൗത്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ആരോഗ്യ മോശമായിരുന്ന രാമചന്ദ്രന്റെ പരിചരണച്ചുമതല അവർ ഏറ്റെടുത്തു.

കേരളത്തിലേക്ക്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ ഊരൂട്ടുകാലായിരുന്നു ജി. രാമചന്ദ്രന്റെ സ്വദേശം. മാതാവിന്റെ മരണത്തോടെ അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 1976-ൽ അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തി. കൂടെ പരിചരണത്തിനായി സിസ്റ്റർ മൈഥിലിയും. കുടുംബസ്വത്തായി തനിക്കു ലഭിച്ച വീട് ആസ്ഥാനമാക്കി 1980-ൽ ജി. രാമചന്ദ്രൻ അമ്മയുടെ ഓർമ്മയ്ക്കായി മാധവി മന്ദിരം ലോക്‌സേവാ ട്രസ്റ്റിന് രൂപം നൽകി. ട്രസ്റ്റ് സെക്രട്ടറിയായി മൈഥിലിയെ നിയോഗിക്കുകയും ചെയ്തു. 'അന്യനാട്ടുകാരായ' ജനങ്ങൾക്ക് വേണ്ടിയുള്ള സിസ്റ്റർ മൈഥിലിയുടെ സേവന പ്രവർത്തനങ്ങൾക്ക് അവിടെ തുടക്കംകുറിക്കുകയായിരുന്നു.

'ശാന്തി സേന' രൂപവൽക്കരിച്ചാണ് ട്രസ്റ്റ് അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർക്ക് പ്രത്യേക പരിശീലനം നൽകി. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ വിലപ്പെട്ട സംഭാവനയാണ് ഈ ശാന്തി സേന നൽകിയത്. പൂന്തുറയടക്കമുള്ള പ്രദേശങ്ങളിൽ സേന സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.

പ്രദേശത്തെ വനിതകളുടെയും കുട്ടികളുടെയും അവസ്ഥ പരിതാപകരമാണെന്ന് കണ്ടെത്തിയ സിസ്റ്റർ മൈഥിലി അവർക്കുവേണ്ടി പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്തു. സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡിന്റെയും ഖാദി കമ്മീഷന്റെയും സഹായത്തോടെ നെയ്യാറ്റിൻകരയിൽ ഒരു ഖാദി നെയ്ത്തുകേന്ദ്രം സ്ഥാപിച്ചു. ജി. രാമചന്ദ്രന്റെ താൽപ്പര്യപ്രകാരം കാഞ്ചീപുരം സാരികളോട് കിടപിടിക്കുന്ന പ്രത്യേക ഖാദി മസ്‌ലിൻ സാരികൾ ഈ കേന്ദ്രത്തിൽ നിന്ന് പുറത്തിറക്കി. ജി.ആർ സാരി എന്ന ബ്രാന്റ് നാമത്തിൽ പുതിയൊരു സാരി തന്നെ ഇവർ വിപണിയിലെത്തിച്ചു.

പിന്നീട് പ്രദേശത്തെ കുഞ്ഞുങ്ങൾക്കായി ഡേ കെയർ സെന്ററുകൾ ആരംഭിച്ചു. സ്ത്രീകളുടെ കൂട്ടായ്മകൾ രൂപപ്പെടുത്താനുള്ള ശ്രമത്തിന്റ ഭാഗമായിരുന്നു ഇവയെല്ലാം. ട്രസ്റ്റിനു കീഴിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി. അന്ന് മാനേജിങ് ട്രസ്റ്റിയായിരുന്ന ജി. രാമചന്ദ്രനായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല. പത്രപാരായണവും പ്രസംഗവുമൊക്കെയായി ലോകത്ത് നടക്കുന്നതെന്താണെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു അത്. വനം വകുപ്പുമായി ചേർന്ന് സാമൂഹ്യ വനവൽക്കരണ പരിപാടിയിലും ട്രസ്റ്റ് പങ്കാളിത്തം വഹിച്ചു. ബൈപ്പാസ് റോഡിൽ ആറ്റിങ്ങൽവരെയുള്ള സ്ഥലത്ത് തണൽമരങ്ങൾ വച്ചുപിടിപ്പിച്ചു.

വാഴനാരുകൊണ്ട് കരകൗശല വസ്തുക്കളും വസ്ത്രങ്ങളും നിർമ്മിച്ചു. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ഫാൻസി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. പ്രത്യേക രീതിയിൽ സിസ്റ്ററും സംഘവും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ തുണി ജപ്പാനിലേക്കടക്കം കയറ്റുമതി ചെയ്യപ്പെട്ടു. ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണ തയ്ക്കാൻ ഏറെ അനുയോജ്യമായ തുണിയായിരുന്നു അത്.

വിവിധ മാനസിക പ്രശ്‌നങ്ങളനുഭവിക്കുന്ന സ്ത്രീകൾക്കായി കൗൺസിലിങ് സെന്ററുകൾ ആരംഭിച്ചു. ആത്മവിശ്വാസം പകർന്നു നൽകി സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുകയായിരുന്നു പ്രധാന ഉദ്ദേശം.

ആർത്തവകാലത്തെ ശുചിത്വക്കുറവു കാരണം സ്ത്രീകൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. സാനിറ്ററി നാപ്കിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് സിസ്റ്റർ ചിന്തിക്കുന്നതങ്ങനെയാണ്. സമൂഹത്തിൽ ഈ നാപ്കിന് സ്വീകാര്യത കിട്ടണമെങ്കിൽ അത് കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുകയും വേണം. നാപ്കിൻ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചുപോലും വ്യക്തമായ ധാരണയില്ലായിരുന്നു. ഇതേക്കുറിച്ച് സിസ്റ്റർ ഒരുപാട് ഗവേഷണ പ്രവർത്തനങ്ങൾ നടത്തി. നാപ്കിൻ ഉൽപ്പാദന പ്ലാന്റ് യാഥാർത്ഥ്യമാക്കാമെന്ന അവസ്ഥയിൽ അടുത്ത കടമ്പയെത്തി. നാപ്കിനുകൾ എങ്ങനെ അണുവിമുക്തം (സ്റ്റെറിലൈസ്ഡ്) ആക്കുമെന്നതായിരുന്നു അത്. ഇവിടെ സഹായവുമായി ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ അന്നത്തെ ഡയറക്ടർ ഡോ. എം.എ. വല്യത്താനെത്തി. ഡോ. ജി. രാമചന്ദ്രന്റെ സഹോദരന്റെ സഹപാഠി കൂടിയായിരുന്നു ഡോ. വല്യത്താൻ. ഡോ. എ.വി. രമണിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കാനുള്ള സംവിധാനം ക്രമപ്പെടുത്തി. 1985 സെപ്റ്റംബർ 20-ന് 'ദയ' എന്ന പേരിൽ നാപ്കിൻ ഉൽപ്പാദന യൂണിറ്റ് തുടങ്ങി. തുടക്കത്തിൽ സൗജന്യമായി നൽകിയിരുന്ന നാപ്കിൻ ഗ്രാമീണർ മറിച്ചുവിൽപ്പന തുടങ്ങിയപ്പോൾ 3 രൂപാ നിരക്കിൽ വിൽപ്പന നടത്തി. ശ്രീചിത്രയിലെ ജീവനക്കാർക്കുള്ള യൂണിഫോം തയ്ക്കൽ ഏറ്റെടുക്കുമോ എന്ന ചോദ്യമുയർന്നപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തന്നെ സിസ്റ്റർ തീരുമാനിച്ചു. 30 തയ്യൽ മെഷീനുകളുമായി ഒരു യൂണിറ്റ് ആരംഭിച്ചു. പ്രദേശത്തെ വനിതകൾക്ക് തൊഴിൽ നൽകാനായിരുന്നു ഇതിന്റെയെല്ലാം പ്രധാന ഉദ്ദേശം.


ഓരോ ദൗത്യവും വിജയകരമായി ഏറ്റെടുത്ത് പൂർത്തിയാക്കുമ്പോൾ അടുത്തത് തേടിയെത്തും. ഇന്നിപ്പോൾ കൃത്രിമ ഹൃദയ വാൽവുകൾവരെ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഓപ്പറേഷൻ തിയേറ്റിലേക്കാവശ്യമായ സ്റ്റെറിലൈസ്ഡ് ഹോസ്പിറ്റൽ ഡ്രസിങ്‌സ്, യൂറിനറി ബാഗുകൾ, ബ്ലഡ് ബാങ്ക് യൂണിറ്റുകൾ, ഹോസ്പിറ്റൽ ഉപകരണങ്ങൾ അണുവിമുക്തമാക്കാനുള്ള സൗകര്യം, എനിമ ബാഗുകൾ എന്നിവയെല്ലാം ഇവിടെ നിർമ്മിക്കുന്നുണ്ട്. പ്രതിമാസം 900 കൃത്രിമ വാൾവുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ടി.ടി.കെ ഫാർമക്കു വേണ്ടി 'ഹൃദയ' എന്ന പേരിൽ ഹൃദയവാൽവിന്റെ സ്യൂവിങ് റിംഗുകളും ഇവിടെ നിർമ്മിക്കുന്നു.

വിദ്യാഭ്യാസമാണ് എല്ലാ നല്ല ഗുണങ്ങളുടെയും അടിസ്ഥാനമെന്ന് വാദിച്ച ഡോ. ജി. രാമചന്ദ്രന് ഒരു സ്‌കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു. അങ്ങനെയാണ് 1990-ൽ ഡോ. മൈഥിലി പ്രിൻസിപ്പലായി ഡോ. ജി.ആർ. പബ്ലിക് സ്‌കൂൾ സ്ഥാപിച്ചത്. ഒരു ഗാന്ധിയൻ സ്ഥാപനം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുന്നതിനെതിരെ നിശിതമായ വിമർശനമാണ് ഉയർന്നത്. എന്നാൽ ആഗോള പൗരന്മാരായി വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജി.ആർ ഊന്നിപ്പറഞ്ഞു. ഇന്ന് 12-ാം ക്ലാസ്സുവരെ 3,000 ത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 135 വനിതാ ജീവനക്കാരാണ് സ്‌കൂളിലുള്ളത്. വിവിധ വ്യവസായ യൂണിറ്റുകളിലായി 75 വനിതകൾ വേറെയും തൊഴിലെടുക്കുന്നു. സ്‌കൂളിലെ കടലാസുകൾ പാഴായിപ്പോവുന്നത് തടയാനായി പേപ്പർ റീസൈക്ലിങ് യൂണിറ്റ് തുടങ്ങി. 'സ്യമന്തക' എന്ന ബ്രാന്റ് നാമത്തിൽ ഹാന്റ്‌മെയ്ഡ് പേപ്പറുകളും ഫയലുകളും വിപണിയിലെത്തിക്കുന്നു. നാപ്കിൻ നിർമ്മാണത്തെക്കുറിച്ച് അറിവ് പകരാൻ വിവിധ സംഘടനകൾക്കായി സിസ്റ്റർ ക്ലാസ്സെടുക്കാറുണ്ട്.

പരമഹംസ യോഗാനന്ദയുടെ 'ഓട്ടോ ബയോഗ്രഫി ഓഫ് എ യോഗി' എന്ന പുസ്തകമാണ് ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ചതെന്ന് പറയുന്ന സിസ്റ്റർ മൈഥിലി തന്റെ ജീവിതം ചിട്ടപ്പെടുത്തിയത് ഡോ. ജി. രാമചന്ദ്രനാണെന്നും സ്മരിക്കുന്നു. മുൻപരിചയമില്ലാതിരുന്നിട്ടുംഓരോ വ്യവസായ സംരംഭങ്ങളും തുടങ്ങി വിജയിപ്പിക്കാൻ തനിക്ക് സാധിച്ചത് ഗുരു ഡോ. ജി. ആർ പകർന്നുനൽകിയ അദ്ധ്യാപനങ്ങളാണെന്ന് സിസ്റ്റർ പറയുന്നു. സ്ത്രീകൾ ആത്മവിശ്വാസമുള്ളവരാകണമെന്നും ആത്മവിശ്വാസമുണ്ടെങ്കിൽ എന്തും നേടാമെന്നതിന് തന്റെ ജീവിതം തന്നെ തെളിവാണെന്നും സിസ്റ്റർ പറഞ്ഞു.

ഒരു പ്രദേശത്തിന്റെയും സ്ത്രീ സമൂഹത്തിന്റെയും ഉന്നമനത്തിന് പരിമിതികൾ മറികടന്ന് നിസ്തുല സംഭാവനയർപ്പിച്ച സിസ്റ്റർ മൈഥിലിക്ക് അർഹതയ്ക്കുള്ള പുരസ്‌ക്കാരമായാണ് രാജ്യമഹിളാ സമ്മാൻ പുരസ്‌ക്കാരം തേടിയെത്തുന്നത്. അവർ നട്ട മനുഷ്യസ്‌നേഹത്തിന്റെ വിത്ത് വരുംതലമുറകൾക്ക് തണലേകുന്ന വൃക്ഷങ്ങളായി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

(അബ്ദുമനാഫ്. കെ - ഇൻഫർമേഷൻ അസിസ്റ്റന്റ്, പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP