Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

പൊന്നു കൊണ്ട് തുലാഭാരം തൂക്കുന്നതിൽ അല്ല ആനന്ദം...ഇഷ്ടം വിശന്നുവലയുന്നവന് ഒരുനേരത്തെ ആഹാരം കൊടുക്കാൻ; 36 വർഷം വിയർപ്പൊഴുക്കി ഏഴ് രാജ്യങ്ങളിലായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും പൂരത്തിന് എത്തിയാൽ വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പും അണിഞ്ഞ് താളം പിടിക്കുന്ന സാധാരണക്കാരൻ; ഖത്തർ ഭരണാധികാരികൾ പോലും ബിസിനസ് പങ്കാളികൾ; മോദിയുടെ ആരാധകൻ; പിണറായിയുടെ ഉറ്റ ചങ്ങാതി; ബെഹ്‌സാദ് ഗ്രൂപ്പിന്റെ മേധാവി സി.കെ.മേനോനെ ഓർക്കുമ്പോൾ

പൊന്നു കൊണ്ട് തുലാഭാരം തൂക്കുന്നതിൽ അല്ല ആനന്ദം...ഇഷ്ടം വിശന്നുവലയുന്നവന് ഒരുനേരത്തെ ആഹാരം കൊടുക്കാൻ; 36 വർഷം വിയർപ്പൊഴുക്കി ഏഴ് രാജ്യങ്ങളിലായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും പൂരത്തിന് എത്തിയാൽ വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പും അണിഞ്ഞ് താളം പിടിക്കുന്ന സാധാരണക്കാരൻ; ഖത്തർ ഭരണാധികാരികൾ പോലും ബിസിനസ് പങ്കാളികൾ; മോദിയുടെ ആരാധകൻ; പിണറായിയുടെ ഉറ്റ ചങ്ങാതി; ബെഹ്‌സാദ് ഗ്രൂപ്പിന്റെ മേധാവി സി.കെ.മേനോനെ ഓർക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 തൃശൂർ: ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കില്ല. ഏഴ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് എന്ന് ഒരിക്കലും തോന്നിക്കാത്ത പെരുമാറ്റം. സഹജീവികളോട് ഇത്രയും കാരുണ്യം കാട്ടുന്ന മനുഷ്യനെ കണ്ടെത്തുക പ്രയാസം. പതിറ്റാണ്ടുകളുടെ കഠിന പ്രയത്‌നം അദ്ദേഹത്തെ പാകപ്പെടുത്തിയിരിക്കുന്നു. തമ്മിൽ തല്ലിക്കുന്നവർക്കിടയിൽ വഴി കാണാതെ ഉഴറുന്നവർക്ക് വഴികാട്ടിയായി വലിയ പ്രകാശ ഗോപുരം പോലെ. ആ വെളിച്ചമായിരുന്നു ബെഹ്‌സാദ ഗ്രൂപ്പിന്റെ മേധാവി അഡ്വ.സി.കൃഷ്ണ മേനോൻ. ആ വെളിച്ചം ഇല്ലാതാകുമ്പോഴും അദ്ദേഹം കൊളുത്തിയ നേരുള്ള ബിസിനസിന്റെയും കരുണയുടെയും, സാന്ത്വനത്തിന്റെയും വിളക്ക് കെടുന്നില്ല.

പൂരത്തിന് താളം പിടിക്കാൻ എത്തുന്ന സാധാരണക്കാരൻ

ഏഴ് രാജ്യങ്ങളിലായി തന്റെ ബിസിനസ് സാമ്രാജ്യം പടർന്ന് കിടക്കുമ്പോഴും സാധാരണക്കാരിൽ സാധാരണക്കാരനായി ആയിരുന്നും സി.കെ.മേനോന്റെ ജീവിതം. നാട്ടിലെത്തിയാൽ നാട്ടുകാരുടെ സ്വന്തം മേനോനാണിദ്ദേഹം. പൂരത്തിനും ഉത്സവങ്ങൾക്കും വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പും ധരിച്ച് സാധാരണക്കാരിലൊരാളായി കാണാം. വാക്കുകളിലും പെരുമാറ്റത്തിലും ലാളിത്യം. അതാണ് മേനോനെ വ്യത്യസ്തനാക്കുന്നത്. പുളിയംകോട്ട് നാരായണൻനായരുടേയും ചേരിൽ കാർത്യായനിഅമ്മയുടേയും മകനായി 1949ൽ തൃശൂരിൽ ജനിച്ച കൃഷ്ണമേനോൻ ഇന്നത്തെ പത്മശ്രീ സി.കെ.മേനോൻ ആയതിന് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെ വലിയൊരു കഥ തന്നെയുണ്ട്.

അച്ഛന്റെ വഴിയേ മകനും

തൃശൂരിലെ ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തിലാണ് 1949ൽ കൃഷ്ണ മേനോന്റെ ജനനം. അച്ഛൻ നാരായണൻ നായർ അറിയപ്പെടുന്ന ബിസിനസുകാരനും ബസ് ഓപ്പറേറ്ററുമായിരുന്നു. ശ്രീരാമരാജ്യം എന്ന പേരിൽ അദ്ദേഹത്തിന്റെ 20 ബസുകൾ തൃശൂർ കേന്ദ്രമാക്കി അക്കാലത്ത് സർവീസ് നടത്തിയിരുന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജിലും ശ്രീകേരളവർമ കോളേജിലുമാണ് സി കെ മേനോൻ വിദ്യാഭ്യാസം നേടിയത്. ശ്രീകേരളവർമ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ജബൽപ്പൂരിൽ നിന്ന് നിയമ ബിരുദം നേടുകയും എഴുപതുകളുടെ മധ്യത്തിൽ കേരള ഹൈക്കോടതിയിൽ രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അദ്ദേഹം ഖത്തറിലേക്ക് യാത്രയായി.

ഖത്തറിൽ കഷ്ടപ്പെട്ട് നേടിയ വിജയം

സി കെ മേനോൻ തന്റെ ആദ്യ സ്പോൺസറായ അലി ഹുസൈൻ ബഹ്സാദിനൊപ്പവും പിന്നീട് അലി ബിൻ നാസർ അൽ മിസ്നാദിനോട് ചേർന്നും ബിസിനസിൽ ശക്തമായ സാന്നിധ്യമായി മാറി. 36 വർഷക്കാലം തന്റെ ജീവിതവും ആത്മാവും നൽകി വിയർപ്പൊഴുക്കി വളർത്തിയെടുത്തതാണ് ഇന്ന് കാണുന്ന സി കെ മേനോന്റെ ബിസിനസ് സാമ്രാജ്യം.

കരമാർഗവും കടൽ മാർഗവുമുള്ള ഫ്യൂവൽ ട്രാൻസ്പോർട്ടേഷൻ, സ്റ്റീൽ മാന്യുഫാക്ചറിങ്, എഞ്ചിനീയറിങ് മെഷീനറി എക്യുപ്മെന്റ്സ് മാർക്കറ്റിങ്, കാർ അസസറീസ് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ബിസിനസുകൾ. ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൺ, സുഡാൻ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം. പെട്രോളിയം ഉത്പന്നങ്ങളുടെ ട്രാൻസ്പോർട്ടിങ്, സ്റ്റീൽ മാനുഫാക്ചറിങ്, എഞ്ചിനീയറിങ് ഉപകരണങ്ങളുടെ നിർമ്മാണം എന്നിവയാണ് ബഹ്സാദ ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തന മേഖല.ബെഹ്സാദ് ട്രേഡിങ് എന്റർപ്രൈസസ്, ബെഹ്സാദ് ട്രാൻസ്പോർട്സ്, ബെഹ്സാദ് പ്ലാസ്റ്റിക് പ്രോഡക്ട്സ്, ഓറിയന്റൽ ബേക്കറി തുടങ്ങിയ ഗ്രൂപ്പിന്റെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളിൽ ഒട്ടേറെ കേരളീയർ ജോലി ചെയ്യുന്നു. വർഷം തോറും നൂറു കണക്കിന് മലയാളികൾക്ക് ബെഹ്സാദ് ഗ്രൂപ്പ് ജോലി നൽകുന്നുണ്ട്.ഖത്തർ ഭരണാധികാരികൾ വരെ അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളികളാണ്.

പൊന്നു കൊണ്ട് തുലാഭാരം തൂക്കുന്നതിൽ അല്ല ആനന്ദം

ആരാധനാലയങ്ങളിൽ പൊന്നുകൊണ്ട് തുലാഭാരം നടത്തുന്നതിനേക്കാൾ തനിക്കിഷ്ടം വിശന്നുവലയുന്നവന് ഒരുനേരത്തെ ആഹാരം കൊടുക്കാനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിസിനസ്സിലായാലും ജീവിതത്തിലായാലും. തൃശൂരിൽ ചേരിനിവാസികൾക്കായി നൂറ് വീടുകൾ പണിത് നൽകിയതും കേരള സർക്കാരിന്റെ ലക്ഷംവീട് പദ്ധതിയിൽ ഭവനരഹിതർക്ക് വീടുകൾ വച്ചുനൽകിയതും സി.കെ.മേനോന്റെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ ഉദാഹരണങ്ങളാണ്. അദ്ദേഹം പഠിച്ച തൃശൂരിലെ സിഎംഎസ് വിദ്യാലയത്തിന് പുതിയ കെട്ടിടം പണിതു നൽകി. ഒട്ടേറെപ്പേർക്കാണ് പ്രതിവർഷം ചികിത്സാധനസഹായമായി ലക്ഷങ്ങൾ നൽകുന്നത്. 

2006ൽ തൃശൂർ മുനിസിപ്പൽ കോർപറേഷൻ സർക്കാർ ഭൂമി കൈയേറി താമസിക്കുന്ന 600 ഓളം ചേരിനിവാസികളെ പുനരധിവസിപ്പിക്കുന്നതിന് സഹായം തേടിയപ്പോൾ സി കെ മേനോൻ ദൗത്യമേറ്റെടുക്കുകയും ചേരി നിവാസികളുടെ പുനരധിവാസത്തിനായി നഗരപ്രാന്തത്തിൽ 150 ഓളം വീടുകൾ നിർമ്മിച്ചു നൽകുകയും ചെയ്തു. ഒന്നര കോടി ചെലവു വരുന്ന ഈ റെസിഡൻഷ്യൽ പ്രോജക്ട് 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചത് ഒരു റെക്കോഡായിരുന്നു.

2009ൽ അന്നത്തെ നിയമസഭാ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരം കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിർധന വിഭാഗത്തിൽ പെട്ട 260 പേരുടെ ജീർണാവസ്ഥയിലായ വീടുകൾ പുനർനിർമ്മിച്ചു നൽകി. ഒരു കോടി രൂപയാണ് സേവന പദ്ധതിക്കായി ചെലവഴിച്ചത്. 2009ൽ തന്നെ എം എൻ ലക്ഷം വീട് പദ്ധതിക്കായി അന്നത്തെ റവന്യു ഭവന മന്ത്രി ബിനോയ് വിശ്വത്തിന് രണ്ടു കോടി രൂപ കൊച്ചിയിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് സി കെ മേനോൻ കൈമാറുകയുണ്ടായി.

ഓട്ടിസവും സെറിബ്രൽ പാൽസിയും പോലുള്ള മാനസിക വ്യതിയാനങ്ങൾ ബാധിച്ച കുട്ടികൾക്കായി തൃപ്പൂണിത്തുറയിൽ ആദർശ് എന്ന ഒരു മാതൃകാ സ്ഥാപനം ആരംഭിച്ചു കൊണ്ട് അദ്ദേഹം കാണിച്ച ദീനാനുകമ്പ ഒരുപാടു പേരുടെ പ്രശംസ പിടിച്ചു പറ്റി. 2007ൽ ആദർശിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ എത്തിയത് മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാം ആയിരുന്നു.

2004ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുനാമി ദുരന്തത്തിനിരയായവർക്ക് 40 ലക്ഷം രൂപയുടെ ധനസഹായം നൽകിക്കൊണ്ട് ആദ്യം രംഗത്തുവന്നവരിൽ സി കെ മേനോനും ഉണ്ടായിരുന്നു. സഹപ്രവർത്തകൻ കൊലചെയ്യപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിലുള്ള ഒരു കോടതി വധശിക്ഷക്ക് വിധിച്ച നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇരയുടെ കുടുംബത്തിന് 80 ലക്ഷം രൂപ ബ്ലഡ് മണി നൽകിയതും സൗദിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ കൈ നഷ്ടപ്പെട്ട കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു യുവാവിന് എട്ടു ലക്ഷം രൂപയുടെ ധനസഹായം നൽകിയതും അദ്ദേഹത്തിലെ മനുഷ്യസ്നേഹിയുടെ ഉദാരമനസ്‌കതക്കുള്ള ഉദാഹരണങ്ങളിൽ ചിലത് മാത്രം

മോദിയുടെ ആരാധകൻ; പിണറായിയുടെ കൂട്ടുകാരൻ

സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു നമ്മുടെ രാജ്യത്തിന് ഇതുപോലൊരു ഊർജ്ജസ്വലനായ പ്രധാനമന്ത്രിയെക്കിട്ടാൻ മേനോൻ പറഞ്ഞിട്ടുണ്ട്. പ്രവാസി സമൂഹവും ബിസിനസ് ലോകവും മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ നോക്കുന്നു. ഭാരതത്തിൽ പരിവർത്തനത്തിന്റെ കാലമാണിത്, മേനോൻ പലവട്ടം പറഞ്ഞിട്ടുണ്ട്. സ്വന്തം രാജ്യത്ത് അവസരങ്ങൾ ലഭിക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രയോജനപ്പെടും. ദീർഘദൃഷ്ടിയോടെ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതി ലോകരാജ്യങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സി.കെ.മേനോൻ പറഞ്ഞിരുന്നു, നോർക്കയുടെ വൈസ് ചെയർമാൻ ബിസിനസ് ലോകത്തെ തിരക്കുകൾക്കിടയിൽ മറ്റുള്ളവരുടെ കാര്യങ്ങൾക്കും പരിഗണന നൽകിയിരുന്നു. ഗൾഫിൽ അറസ്റ്റിലായ പ്രമുഖ വ്യാപാരി അറ്റ്ലസ് രാമചന്ദ്രനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനായി ശ്രമം നടത്തിയിരുന്നു.

രാജ്യം ആദരിച്ച വ്യക്തിത്വം

2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 2006ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകൾക്കുള്ള സർക്കാരിന്റെ അംഗീകാരമായി നോർക്ക റൂട്സിന്റെ സ്ഥിരം ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. നോർക്ക റൂട്സ് വൈസ് ചെയർമാനാണ് അദ്ദേഹം ഇപ്പോൾ. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2007ൽ ഇൻകെൽ രൂപീകരിച്ചപ്പോൾ അതിന്റെ ഡയറക്ടറായി സി കെ മേനോനെ സർക്കാർ നിയമിച്ചു. കേന്ദ്ര ഓവർസീസ് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിൽ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻസിങ് മുൻകൈയെടുത്ത് ആരംഭിച്ച ജീവകാരുണ്യ സ്ഥാപനമായ ഇന്ത്യൻ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ട്രസ്റ്റീ ബോർഡ് അംഗമായും സി കെ മേനോൻ നിയമിതനായി.

കേന്ദ്ര ഗവൺമെന്റ് സി കെ മേനോനെ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അഡൈ്വസറി കൗൺസിലിലെ അംഗമായും നിയമിച്ചു. ജെയ്ഹിന്ദ് ടി വിയുടെ ഡയറക്ടർ ബോർഡംഗം, സിംഫണി ടിവിയുടെ ഡയറക്ടർ ബോർഡംഗം, കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡംഗം, സി ബി എസ് ഇയിൽ അഫിലിയേറ്റ് ചെയ്ത ദോഹയിലെ അൽ മിസ്നാദ് എഡ്യൂക്കേഷൻ സെന്റർ (ഭാവൻസ് പബ്ലിക് സ്‌കൂൾ ദോഹ) ചെയർമാൻ, ഇന്ത്യയിലെ ആദ്യത്തെ പലിശ രഹിത ധനകാര്യസ്ഥാപനമായ അൽ ബറാക്ക ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡംഗം തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിരുന്നു.

നെഹ്രുവിനെ പോലെ റോബർട്ട് ഫ്രോസ്ര്റ്റിന്റെ വരികൾ എന്നും ഹൃദയത്തിൽ

വിജയത്തിന് കുറുക്കുവഴികളില്ല. റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. 'Miles to go before I sleep and Miles to go before I sleep'' താൽക്കാലിക നേട്ടങ്ങൾകൊണ്ട് സംതൃപ്തിപ്പെടുകയോ അവിടെ നിൽക്കുകയോ ചെയ്യരുത്. കഠിനാദ്ധ്വാനം തുടരണം. അപ്പോഴാണ് വിജയം നിങ്ങളെ തേടിവരിക. കഠിനാദ്ധ്വാനത്തിനൊപ്പം അർപ്പണ മനോഭാവം ചേരുമ്പോൾ വിജയം ഉറപ്പ്. മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ വാക്കുകൾ ആവർത്തിക്കാറുണ്ടായിരുന്നു സി.കെ.മേനോൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP