Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലതാരമായി തുടങ്ങി, അവസാനം ഹിറ്റായത് ചാർലിയിലെ മേരി; മുന്നൂറിൽ അധികം സിനിമകളിൽ തിളങ്ങി; സ്ത്രീകൾ വാഴാത്ത ഹാസ്യത്തിൽ വിജയിച്ച ഏകനടി: കൽപ്പനയുടെ വേർപാട് മലയാള സിനിമയ്ക്ക് താങ്ങാൻ ആകുമോ?

ബാലതാരമായി തുടങ്ങി, അവസാനം ഹിറ്റായത് ചാർലിയിലെ മേരി; മുന്നൂറിൽ അധികം സിനിമകളിൽ തിളങ്ങി; സ്ത്രീകൾ വാഴാത്ത ഹാസ്യത്തിൽ വിജയിച്ച ഏകനടി: കൽപ്പനയുടെ വേർപാട് മലയാള സിനിമയ്ക്ക് താങ്ങാൻ ആകുമോ?

ആവണി ഗോപാൽ

തിരുവനന്തപുരം: ജീവിതമെന്നാൽ കൽപ്പനയെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും സിനിമയായിരുന്നു. കാരണം സിനിമയിൽ ജീവിക്കുകയായിരുന്നു ഇന്ന് വിടവാങ്ങിയ മലയാളം താരം കൽപ്പന എന്ന് തന്നെ തുടങ്ങാം. ബാലതാരമായി അഭിനയ രംഗത്തെത്തി പിന്നീട് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഹാസ്യതാരമായും സ്വഭാവനടിയായും ഒടുവിൽ മലയാളികളെ കരയിപ്പിക്കുകയും ചെയ്തു കൽപ്പന. ഡോക്ടർ പശുപതിയിലെ യു.ഡി.സി എന്ന കഥാപാത്രം മാത്രം മതി കൽപ്പനയിലെ അഭിനേത്രിയുടെ മികവ് എത്രത്തോളം ഉണ്ടെന്ന് അറിയാൻ. ഏറ്റവും ഒടുവിൽ ചാർലിയിലെ മേരി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടനെഞ്ചിൽ നെരിപ്പോട് സമ്മാനിച്ചിരുന്നു. നടി എന്ന നിലയിൽ അവർ എത്രത്തോളും പൂർണ്ണയായിരുന്നു എന്നറിയാൽ ഈ രണ്ട് കഥാപാത്രങ്ങൾക്കിടയിലെ വൈവിധ്യം പരിശോധിച്ചാൽ മതിയാകും.

മലയാള സിനിമയിൽ ഹാസ്യം ഭംഗിയായി കൈകാര്യം ചെയ്‌തൊരു കൂട്ടുകെട്ടിന്റെ ഭാഗം കൂടിയായിരുന്നു കൽപ്പന. മലയാളത്തിന്റെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജോഡിയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കൽപ്പന മലയാളികളെ കുടുകുടെ ചിരിപ്പിച്ചിരുന്നു. മലയാളത്തിൽ മാത്രം ഒതുങ്ങുന്ന താരമായും അവർ നിന്നില്ല. തമിഴിലും തെലുങ്കിലും ശ്രദ്ധേയ സാന്നിധ്യമായി മാറി അവർ. മലയാളത്തിന്റെ മനോരമ എന്ന് പോലും തമിഴകത്തെ ചില താരങ്ങൽ കൽപ്പനയെ വിശേഷിപ്പിച്ചിരുന്നു. അത്രയ്ക്ക് മികച്ച രീതിയിലായിരുന്നു അവരുടെ അഭിനയം.

അരവിന്ദന്റെയും എം. ടി. വാസുദേവൻ നായരുടെയും സിനിമകളിലും സാന്നിധ്യമായിട്ടുണ്ട് കൽപ്പന. തമിഴിൽ ഭാഗ്യരാജിന്റെയും കമൽഹാസന്റെയും വിശുവിന്റെയും കളരിയിൽ തുടർന്ന് അഭിനയിച്ചു. സുകുമാരൻ നായരുടെയും പി. എൻ. മേനോന്റെയും കഥാപാത്രങ്ങളിലൂടെ യാത്ര...ഇപ്പോൾ ബാബു തിരുവല്ലയുടെ തനിച്ചല്ല ഞാൻ എന്ന ചിത്രത്തിലെ റസിയയെ അനശ്വരമാക്കിയതിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ്ും ഇവരെ തേടിയെത്തി.

നാടകപ്രവർത്തകരായ വി.പി.നായരുടെയും നർത്തകികൂടിയായ വിജയലക്ഷ്മിയുടേയും മകളാണ് കൽപ്പന. ഈ അച്ഛന്റെയും അമ്മയുടെയും മക്കളായി പിറന്ന കൽപ്പനയും ഉർവ്വശിയും കലാരഞ്ജിനിയും അഭിനയ രംഗത്തെത്തി. സ്‌കൂൾ കാലത്ത് മുതൽ കലാരംഗത്ത് സജീവമായിരുന്ു അവർ. സ്‌കൂളിൽ പഠിക്കുമ്പോൾ മോഹനിയാട്ടം നാടോടിനൃത്തം, പദ്യപാരായണം, കഥാപ്രസംഗം, ലളിതഗാനം, മോണോആക്ട് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഹാസ്യവേഷങ്ങളിലൂടെ മുൻനിരയിലെത്തിയ കൽപ്പന പിന്നീട് അഭിനയപ്രധാന്യമുള്ള വേഷങ്ങളിലും മികവുപുലർത്തി. അരവിന്ദൻ സംവിധാനം ചെയ്ത 'പോക്കുവെയിൽ' എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഭാഗ്യരാജിന്റെ ചിത്രത്തിലൂടെ തമിഴകത്തും പ്രതിഭതെളിയിച്ചു. 80കളുടെ അവസാനം ഇറങ്ങിയ ഒരുപറ്റം ഹാസ്യചിത്രങ്ങളിലൂടെയാണ് കൽപ്പന മലയാളികളെ ചിരിപ്പിച്ചു തുടങ്ങുന്നത്. തുളസീദാസിന്റെ 'പൂച്ചയ്ക്കാരു മണികെട്ടും' എന്ന ചിത്രത്തിലെ വേഷം വളരെയേറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്.

വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു. ഭാഗ്യരാജ് സാറിന്റെ കൂടെ, കമൽഹാസൻ സാറിന്റെ കൂടെ ഒക്കെ അഭിനയിച്ചു. മലയാളത്തിൽ നൂറിലധികം ചിത്രങ്ങളിൽ കോമഡി ക്യാരക്റ്ററുകൾ ചെയ്തു. ഇടയ്ക്ക് മറ്റു ചില വേഷങ്ങളും ചെയ്തു. പുട്ടിന് പീരയെന്നപോലെ. കേരള കഫേയിലെ ബ്രിഡ്ജ് എന്ന സിനിമയിലെ കഥാപാത്രം. പി. എൻ. മേനോന്റെ നേർക്കു നേർ, ആർ.സുകുമാരൻ നായരുടെ ശയനം തുടങ്ങിയ സിനിമകളിലെ വേഷങ്ങൾക്കു പ്രശംസ കിട്ടി. പക്ഷേ, അംഗീകാരമൊന്നും ലഭിച്ചില്ല. ഒടുവിലാണ് ഞാൻ എന്ന സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം കൽപ്പനയ്ക്ക ലഭിക്കുന്നത്.

ഈ അവാർഡ് കൽപ്പനയെ പുതിയൊരു പാഠം കൂടി പഠിപ്പിച്ചെന്ന് കൽപ്പന പറഞ്ഞിരുന്നു. സാധാരണ ആർക്കെങ്കിലും അവാർഡ് കിട്ടിയാൽ വിളിച്ച് അഭിനന്ദിക്കുന്ന പതിവ് കൽപ്പനയ്ക്കില്ല. അവർ തിരക്കിലായിരിക്കും, ഇപ്പോൾ വിളിക്കാമോ തുടങ്ങിയ സംശയങ്ങളാവും മനസിൽ. എന്നാൽ എനിക്ക് അവാർഡ് കിട്ടിയ വിവരം അറിഞ്ഞ് ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചു. മമ്മൂക്ക വിളിച്ചെങ്കിലും സംസാരിക്കാൻ പറ്റിയില്ലെന്ന് കൽപ്പന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ നിരവധി ചെയ്‌തെങ്കിലും കോമാളി വേഷങ്ങളാലാണ് ശ്രദ്ധിക്കപ്പെട്ടതെന്ന സങ്കടം കൽപ്പനയ്ക്കുണ്ടായിരുന്നു. ശിവന്റെ യാഗത്തിലൂടെയായിരുന്നു കൽപ്പനയുടെ ചലച്ചിത്രജീവിതത്തിനു തുടക്കം. പിന്നെ എംടിയുടെ മഞ്ഞ്. നായിക സംഗീതാനായിക്കിന്റെ ചെറുപ്പകാലം. പോക്കുവെയിലിൽ നിഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബഹളമില്ലാത്ത സെറ്റ്. ക്യാമറയോടുന്ന ശബ്ദം മാത്രം. സിനിമയാണെന്ന ഫീൽ ഇല്ലായിരുന്നു. ഭാഗ്യരാജിന്റെ ചിന്നവീടിലേത് ശക്തമായ കഥാപാത്രമായിരുന്നു. ഭർത്താവിനെ വിട്ടുകൊടുത്തശേഷം കാത്തിരിക്കുന്ന ഭാര്യയുടെ വേഷം. അതിൽ നിന്നേറെ വിഭിന്നമായിരുന്നു സതി ലീലാവതിയിലെ കഥാപാത്രം. ഭർത്താവ് വേറൊരു സ്ത്രീയുടെ പുറകേ പോകുകയും ക്ഷമയോടെ കാത്തിരുന്ന് തിരികെ നേടുകയും ചെയ്യുന്ന കഥാപാത്രം. ചിന്നവീടിനുശേഷവും കുറച്ച് തമിഴ് സിനിമകളിൽ അഭിനയിച്ചു. അതിൽപ്രധാനം വിശുവിന്റെ തിരുമഹി ഒരു ബഹുമതി എന്നചിത്രം. ഈ സിനിമകളിലൂടെ തമിഴിൽ തിളങ്ങിനിൽക്കുന്ന ഘട്ടത്തിലാണ് പെരുവണ്ണാപുരത്തിലെ വിശേഷങ്ങളിലൂടെ സംവിധായകൻ കമൽ കൽപ്പനയെ വീണ്ടും മലയാളത്തിലേക്കെത്തിക്കുന്നത്.

പെരുവണ്ണാപുരത്തിലെ വിശേഷങ്ങൾ എന്ന സിനിമയിൽ പുതിയൊരു കൽപ്പന ജനിക്കുകയായിരുന്നു എന്നുപറയാം. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശങ്കറിന്റെയും രതീഷിന്റെയുമൊക്കെ നായികയാവാനും അവരോടൊപ്പം ആടിപ്പാടാനും ആഗ്രഹിച്ച് സിനിമയിൽ വന്ന എനിക്ക് ഹാസ്യനടിയാകേണ്ടിവന്നതിൽ വിഷമമുണ്ടായിരുന്നു. കൂടാതെ ഞങ്ങളുടെ വീട്ടിൽ രണ്ടു നായികമാർ ഉണ്ടായിരുന്നല്ലോ, ഉർവശിയും കലാരഞ്ജിനിയും. കോമാളിയായിപ്പോയല്ലോ എന്ന സങ്കടം തനിക്കുണ്ടായെന്നും അവർ പറഞ്ഞിരുന്നു.

ഡോക്റ്റർ പശുപതിയിലെ യുഡിസി കുമാരി, ഇൻസ്‌പെക്റ്റർ ബൽറാമിലെ ദാക്ഷായണി, ഗാന്ധർവത്തിലെ ശകുന്തള.....തുടങ്ങി മലയാളിയെ ചിരിപ്പിച്ച കൽപ്പനയുടെ കഥാപാത്രങ്ങൾക്കും വ്യക്തിത്വം ഉണ്ടായിരുന്നു. കഥാപാത്രങ്ങളിലൊന്നും അശ്ലീലത്വം കടന്നുവരരുതെന്ന ഉറച്ച ബോധവും തീരുമാനവുമുണ്ടായിരുന്നു അവർക്ക്. തൊട്ടും പിടിച്ചും കെട്ടിപ്പിടിച്ചുമൊക്കെ അഭിനയിച്ച് ആളുകളെ ചിരിപ്പിക്കേണ്ടെന്ന തീരുമാനവും എടുത്തിരുന്നു. അശ്ലീല ഇമേജ് എനിക്കുണ്ടാകരുത് എന്ന നിർബന്ധവും അവർക്കുണ്ടായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് കൽപ്പന. പകൽ നക്ഷത്രങ്ങൾ, ബ്രിഡ്ജ്, ഇന്ത്യൻ റുപ്പി, സ്പിരിറ്റ് തുടങ്ങി അടുത്തകാലത്തും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു അവർ. മികച്ച വേഷങ്ങൾക്ക് ക്ഷമയോടെ കാത്തിരിക്കുമ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്. ഉലകനായകൻ കമൽഹാസനുമായി നല്ല അടുപ്പമുണ്ടായിരുന്നു അവർക്ക്. കുടുംബവുമായും നല്ല ബന്ധത്തിലാണ്. സതി ലീലാവതി, പമ്മൽ കെ സംബന്ധം തുടങ്ങിയ സിനിമകളിൽ കമലിനോടൊപ്പം അഭിനയിച്ചു കൽപ്പന.
1985ലെ ഭാഗ്യരാജിന്റെ നായികയായി 'ചിന്നവീട്' എന്ന സിനിമയിൽ തുടങ്ങി 2015ലെ ടോളിവുഡ് ഹിറ്റായ 'കാക്കി സട്ടെ' വരെ ആറോളം തമിഴ് സിനിമകളിലും, പ്രേമ എന്ന തെലുങ്ക് സിനിമയിലും കൽപ്പന വേഷമിട്ടു. തമിഴിലും മലയാളത്തിലുമായി വിവിധ സീരിയലുകളിലും അഭിനയിക്കുകയും റിയാലിറ്റിഷോകളിലെ ജഡ്ജായും ടിവിയിലും കൽപ്പന നിറഞ്ഞുനിന്നു. അനുഭവക്കുറിപ്പുകൾ ഞാൻ കൽപ്പന എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ഉഷാ ഉതുപ്പിനൊപ്പം ഒരു സംഗീത ആൽബത്തിലും കൽപ്പന അഭിനയിച്ചിരുന്നു. സാമൂഹ്യവിഷയങ്ങളിലെ ശക്തമായ നിലപാടുമായി മലയാള സാംസ്‌കാരിക മണ്ഡലത്തിലെ സുപ്രധാനവ്യക്തിത്വമായി മാറാനും കൽപ്പനയ്ക്ക് കഴിഞ്ഞു.

90കളിൽ ജഗതി ശ്രീകുമാറുമായും ജഗദീഷുമായും കൽപ്പന ഒന്നിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് നിറഞ്ഞ തീയറ്ററുകളിലെ ചിരിനാളുകളായിരുന്നു. സ്വന്തം വീട്ടിലെ ഒരംഗമായി മലയാളി കൽപ്പനയോളം പരിഗണിച്ച മറ്റൊരാളുണ്ടാകില്ല. ത്രീ മെൻ ആർമ്മിയിലെ കാഥിക ഇന്ദിര, ഗാന്ധർവ്വത്തിലെ കൊട്ടാരക്കര കോമളം, പാർവതീപരിണയത്തിലെ രാധ, ജൂനിയർ മാൻഡ്രേക്കിലെ വന്ദന.. നിറചിരിയോടല്ലാതെ മലയാളിക്ക് ഓർക്കാനാകാത്ത ഒരുനൂറ് കഥാപാത്രങ്ങൾ ഓരോ മലയാളിയുടെ മനസിലും എന്നുമുണ്ടാകും. സ്പിരിറ്റിലെ പങ്കജവും, തനിച്ചല്ല ഞാനിലെ റസിയ ബീവിയും, സതി ലീലാവതിയിലെ ലീലാവതിയും തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഹാസ്യതാരമായി മാത്രം ഒതുങ്ങേണ്ടയാളല്ല താനെന്ന ശക്തമായ പ്രഖ്യാപനവും കൽപ്പന നടത്തി.

അടുത്തകാലത്തായി വാരിവലിച്ച് അഭിനയിക്കാൻ അവർ തയ്യാറായിരുന്നില്ല. മനസിന് താത്പര്യമുള്ള സിനിമകൾ സ്വീകരിക്കാാനായിരുന്നു അവർ ശ്രദ്ധിച്ചത്. സംവിധായകൻ കൂടിയായ അനിൽകുമാറുമായി വിവാഹ ജീവിതം അധികം നീണ്ടില്ല. ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടായി അധികം വൈകാതെ ഇവർ വിവാഹ മോചനം നേടി. 2012ൽ ഇരുവരും ഒഴിഞ്ഞിരുന്നു. പൊരുത്തക്കേടുകൾ കൂടിയപ്പോൾ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇവർ പറഞ്ഞത്. അനിൽകുമാർ കൽപ്പനയ്‌ക്കെതിരെ രംഗത്തെത്തയിരുന്നെങ്കിലും അവർ അതിനെതിരെ രംഗത്തെത്തിയിരുന്നില്ല. മകൾക്കും അമ്മയ്ക്കുമൊപ്പം എറണാകുളത്ത് തൃക്കാക്കരയിലാണ് ജീവിച്ചിരുന്നത്.

ഇത്രയധികം വർഷം സിനിമയിൽ നിന്നിട്ടും ആരാലും മോശം അഭിപ്രായം പറയിപ്പിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ബാല്യവും കൗമാരവും സിനിമാജീവിതവും നാട്ടുഭാഷയിൽ ഒരു നാടോടിക്കഥപോലെ അവതരിപ്പിക്കുന്ന ഞാൻ കൽപ്പന എന്ന പുസ്തകവും രചിച്ചിട്ടുണ്ട് കൽപ്പന. പുതുതലമുറ ചിത്രങ്ങളിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾക്ക് കൽപ്പന ജീവൻനൽകി. ചാർളി എന്ന ചിത്രത്തിലൂടെയാണ് അവസാനമായി പ്രേക്ഷകർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആഴക്കടലിലേക്ക് ചാടി ജീവിതമൊടുക്കുന്ന എയിഡ്‌സ് രോഗിയുടെ വേഷമാണ് അവർ ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ കരളലിയിപ്പിച്ച ഈ വേഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൽപ്പന വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് പകരംവെക്കാനില്ലാത്ത ഒരു സാന്നിധ്യം കൂടിയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP