Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവി ഒഎൻവി കുറുപ്പ് അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ; വിട പറഞ്ഞത് ജ്ഞാനപീഠ പുരസ്‌കാര ജേതാവും മലയാള സാംസ്കാരിക രംഗത്തെ കുലപതിയുമായ വ്യക്തി; മഹാകവിയുടെ വിയോഗത്തിൽ തേങ്ങൽ അടക്കാനാവാതെ കലാകേരളം

കവി ഒഎൻവി കുറുപ്പ് അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ; വിട പറഞ്ഞത് ജ്ഞാനപീഠ പുരസ്‌കാര ജേതാവും മലയാള സാംസ്കാരിക രംഗത്തെ കുലപതിയുമായ വ്യക്തി; മഹാകവിയുടെ വിയോഗത്തിൽ തേങ്ങൽ അടക്കാനാവാതെ കലാകേരളം

തിരുവനന്തപുരം: മലായാള ഗാനശാഖയിലെ ആ ഭാവഗാനം നിലച്ചു. കവിയും ഗാനരചയിതാവുമായ ഒ.എൻ.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വൈകീട്ട് 4.35ഓടെയാണ് മരണം സംഭവിച്ചത്. സംസ്‌ക്കാരം മറ്റെന്നാൾ രാവിലെ സംസ്ഥാന ബഹുമതികളോടെ നടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. മൃതദേഹം നാളെ രാവിലെ 11 മണി മുതൽ വിജെടി ഹാളിൽ പൊതുദർശനത്തിന് വെക്കും.

ആറ് പതിറ്റാണ്ടായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ വിയോഗം മലയാളക്കരയ്ക്ക് തീരാനാഷ്്ടമാണ്. ജ്ഞാനപീഠം ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഒഎൻവിക്ക്. മലയാളം സിനിമാ ഗാനശാഖയ്ക്ക് ഇത്രത്തോളം സംഭാവന നൽകിയ മറ്റൊരു വ്യക്തിത്വം തന്നെ കേരളത്തിൽ ഇല്ല. ഒറ്റപ്ലായ്ക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. പത്മ വിഭൂഷൺ, പത്മശ്രീ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായിരുന്നു.

ആറ് പതിറ്റാണ്ടോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ കാവ്യജീവിതം ഏറെ സമ്പന്നമായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന ആരംഭിച്ച ഒഎൻവി ആദ്യ കവിതയായ 'മുന്നോട്ട്' എഴുതുന്നത് പതിനഞ്ചാം വയസിലാണ്. 1949ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരം. മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയിൽപ്പീലി, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്,അഗ്‌നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം.ഉപ്പ്, ഉജ്ജയിനി, ഭൈരവിന്റെ തുടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകൾ.

കവിയെന്നതിലുപരി ഗാനരചയിതാവെന്ന നിലയിലും ഒഎൻവി ശ്രദ്ധ നേടിയിരുന്നു. പ്രശസ്തമായ നിരവധി മലയാള ചലച്ചിത്ര ഗാനങ്ങൾ ഒഎൻവി എഴുതിയിട്ടുണ്ട്. നഖക്ഷതങ്ങൾ, വൈശാലി, ജാലകം, പഞ്ചാഗ്‌നി,നീയെത്ര ധന്യ, ഇടനാഴിയിൽ ഒരു കാലൊച്ച എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ മലയാളികൾ നെഞ്ചോടു ചേർത്ത അനശ്വരഗീതങ്ങളാണ്.

1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ എൻ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായാണ് ഒ എൻ വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും 1948ൽ ഇന്റർമീഡിയറ്റ് പാസ്സായ ഒഎൻവി കൊല്ലം എസ്എൻ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും 1955ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി.

1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആർട്‌സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.

1982 മുതൽ 1987 വരെയുള്ള കാലയളവിലാണ് അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അംഗമാമായി പ്രവർത്തിച്ചത്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007ലാണ് അദ്ദേഹ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികളും ഒഎൻവിയെ തേടിയെത്തി. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

1986 മെയ് 31നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. 1989ൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്വതന്ത്രനായി മൽസരിച്ചിരുന്നു. എന്നാൽ കോൺഗ്രസിലെ എ.ചാൾസിനോട് പരാജയപ്പെടുകയായിരുന്നു. 1949ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1971 (അഗ്‌നിശലഭങ്ങൾ), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1975 അക്ഷരം), എഴുത്തച്ഛൻ പുരസ്‌കാരം (2007), ചങ്ങമ്പുഴ പുരസ്‌കാരം, സോവിയറ്റ്‌ലാൻഡ് നെഹ്‌റു പുരസ്‌കാരം (1981 ഉപ്പ്), വയലാർ രാമവർമ പുരസ്‌കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂർ പുരസ്‌കാരം, ആശാൻ പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം. ഇങ്ങനെ നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേനം നേടിയിട്ടുണ്ട്.

ചലച്ചിത്ര ഗാനരചനയുടെ പേരിൽ അനവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (1989 വൈശാലി). അദ്ദേഹത്തിന് ലഭിച്ച് മറ്റ് പുരസ്‌ക്കാരങ്ങൾ ഇവയാണ്. മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. 2008 (ഗുൽമോഹർ), 1990 (രാധാമാധവം), 1989 (ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്), 1988 (വൈശാലി), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ), 1986 (നഖക്ഷതങ്ങൾ), 1984 (അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1983 (ആദാമിന്റെ വാരിയെല്ല്), 1980 (യാഗം, അമ്മയും മകളും), 1979 (ഉൾക്കടൽ), 1977 (മദനോത്സവം), 1976 (ആലിംഗനം), 1973 (സ്വപ്നാടനം) മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്‌കാരം 2009 (പഴശ്ശിരാജ)

കവിതാ സമാഹാരങ്ങൾ: പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികൾ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും, ഗാനമാല, നീലക്കണ്ണുകൾ, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്‌സിന്റെ കവിതകൾ, ഞാൻ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്‌നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗകപ്പക്ഷികൾ, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കൾ, തോന്ന്യാക്ഷരങ്ങൾ, നറുമൊഴി, വളപ്പൊട്ടുകൾ, ഈ പുരാതന കിന്നരം, സ്‌നേഹിച്ചു തീരാത്തവർ, സ്വയംവരം, പാഥേയം, അർദ്ധവിരാമകൾ, ദിനാന്തം, സൂര്യന്റെ മരണം.

ഭാര്യ: സരോജിനി, മകൻ: രാജീവ് റെയിൽവേ ഉദ്യോഗസ്ഥനാണ്. മകൾ ഡോ. മായാദേവി ഇംഗ്ലണ്ടിൽ ഗൈനക്കോളജിസ്റ്റാണ്. ഗായിക അപർണ രാജീവ് കൊച്ചുമകളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP