Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമപ്രവർത്തകൻ ആർ.മാനസന്റെ വിയോഗത്തിൽ വേദനിച്ച് സഹപ്രവർത്തകർ; വിട പറഞ്ഞത് ജനകീയ പ്രശ്‌നങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച മാധ്യമപ്രവർത്തകൻ; മാധ്യമപ്രവർത്തകരിലെ മനുഷ്യസ്‌നേഹിയെ മറക്കാനാകാതെ ആലപ്പുഴ

മാധ്യമപ്രവർത്തകൻ ആർ.മാനസന്റെ വിയോഗത്തിൽ വേദനിച്ച് സഹപ്രവർത്തകർ; വിട പറഞ്ഞത് ജനകീയ പ്രശ്‌നങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച മാധ്യമപ്രവർത്തകൻ; മാധ്യമപ്രവർത്തകരിലെ മനുഷ്യസ്‌നേഹിയെ മറക്കാനാകാതെ ആലപ്പുഴ

ആലപ്പുഴ: സൗഹൃദങ്ങളുടെയും സ്‌നേഹബന്ധങ്ങളുടെയും വെളിച്ചത്തു നിന്ന് പെട്ടെന്നാണ് മാനസൻ നടന്നു മറഞ്ഞത്.സൂര്യ ടിവിയിൽ ക്യാമറമാനായി ജോലി തുടങ്ങിയ മാനസൻ പിന്നീട് റിപ്പോർട്ടറായി മാറുകയായിരുന്നു.ആലപ്പുഴയിൽ സൂര്യ ടിവിയുടെ റിപ്പോർട്ടറായിരുന്നുവെങ്കിലും മറ്റുള്ള മാധ്യമപ്രവർത്തകരുടെയും വാർത്താ ഉറവിടമായിരുന്നു മാനസൻ.

ആലപ്പുഴയിലെ മുക്കിലും മൂലയിലും നടക്കുന്ന ഏത് വാർത്താ പ്രാധാന്യമുള്ള വിഷയവും റിപ്പോർട്ട് ചെയ്യുക മാത്രമായിരുന്നില്ല അത് മറ്റുള്ളവർക്ക് കൈമാറുന്നതിലും അദ്ദേഹം പിശുക്ക് കാണിച്ചിരുന്നില്ല.സ്വാർത്ഥത തെല്ലുമില്ലാത്ത ഈ സൗഹൃദ മനോഭാവം തന്നെയാണ് മാനസന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനാവാത്ത വിധം ആലപ്പുഴയ്ക്കകത്തും പുറത്തുമുള്ള മാധ്യമപ്രവർത്തകരെ വേദനിപ്പിക്കുന്നതും.

ഇന്ന് പല ദൃശ്യമാധ്യമങ്ങളുടെയും ജില്ലാ റിപ്പോർട്ടർമാരുടെ തുടക്കകാലത്ത് അവരുടെ ഏറ്റവും വലിയ ആശ്രയമായിരുന്നു മാനസൻ.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ മാധ്യമപ്രവർത്തകർക്കും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സഹായ ഹസ്തം നീട്ടിയാണ് മാനസൻ മറ്റുള്ളവരുടെ മനസ്സ് കീഴടക്കിയത്.

തോമസ് ഐസക്ക് ആലപ്പുഴയിൽ നടപ്പിലാക്കിയ 'നിർമലഭവനം നിർമല നഗരം' പദ്ധതിയുടെ മേന്മകൾ ജനസമക്ഷമെത്തിച്ചത് മാനസന്റെ റിപ്പോർട്ടുകളായിരുന്നു.മറ്റുള്ള മാധ്യമങ്ങൾ പോലും മാനസന്റെ ഈ റിപ്പോർട്ടുകൾ പിന്തുടർന്നായിരുന്നു ഈ പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നങ്ങളും വെള്ളപ്പൊക്കവും എന്നുവേണ്ട ആ നാടിന്റെ തനിമയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും മാനസനിലൂടെ മാലോകരറിഞ്ഞു.

മദ്യപിക്കാത്ത,പുകവലിക്കാത്ത,സൗഹൃബന്ധങ്ങൾ നഷ്ടപ്പെടുത്താത്ത മാനസൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മകളിലെയും ഒത്തുചേരലുകളിലെയെല്ലാം സജീവ സാന്നിധ്യമായിരുന്നു.എന്നാൽ അപ്രതീക്ഷിതമായി സൂര്യ ടിവി വാർത്തകൾ നിർത്തിയത് മാനസനേറ്റ കനത്ത ആഘാതമായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.പെട്ടെന്നൊരു ദിവസം ജോലിയില്ലാതായത് അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു.പക്ഷെ അതിലൊന്നും തളരാതിരുന്ന മാനസൻ മറ്റ് മാധ്യമപ്രവർത്തകർക്ക് വാർത്തയെത്തിച്ചും മറ്റും മാധ്യമലോകത്ത് സജീവമായിത്തന്നെ നിന്നു.പ്രാദേശിക ചാനൽ നടത്തിയും മറ്റ് മാധ്യമങ്ങളുടെ സ്ട്രിങ്ങറായുമൊക്കെ മാനസൻ തന്റെ തന്റെ കർമരംഗത്ത് മുന്നോട്ടു പോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം ഗോഗശയ്യയിലേക്ക് വീഴുന്നത്.

ഏതാനും ദിവസം മുമ്പ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയം മുതൽ തന്നെ ആലപ്പുഴയിലെ മാധ്യമപ്രവർത്തകർ പ്രാർത്ഥനയിലും പ്രതീക്ഷയിലുമായിരുന്നു.എന്നാൽ സ്‌നേഹം നിറഞ്ഞ എല്ലാ കാത്തിരിപ്പുകളെയും നിരാശയിലാക്കി മാനസൻ യാത്രയായി.ഇനി വാർത്തയുടെ ലോകത്ത് മാനസനില്ല,വാർത്തയോടൊപ്പം സ്‌നേഹവും സൗഹൃദവും പകർന്നു തരാൻ ഇനി ഈ മനുഷ്യനില്ലാത്തതിന്റെ ശൂന്യതയിലൂടെയായിരിക്കും ജില്ലയിലെ ഓരോ മാധ്യമപ്രവർത്തകന്റെയും ദിവസങ്ങൾ കടന്നു പോകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP