Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഗപ്പൻ നായർ വിടപറഞ്ഞതോടെ മറയുന്നത് സ്വാതന്ത്ര്യ സമര സേനാനികളുടെ നിരയിലെ അവസാന കള്ളികളിൽ ഒന്ന്; ഗാന്ധിയെ കണ്ട ആവേശത്തിൽ 15-ാം വയസ്സിൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പോരാളിയുടെ മരണം നൂറാം വയസ്സിൽ

നാഗപ്പൻ നായർ വിടപറഞ്ഞതോടെ മറയുന്നത് സ്വാതന്ത്ര്യ സമര സേനാനികളുടെ നിരയിലെ അവസാന കള്ളികളിൽ ഒന്ന്; ഗാന്ധിയെ കണ്ട ആവേശത്തിൽ 15-ാം വയസ്സിൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പോരാളിയുടെ മരണം നൂറാം വയസ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സ്വദേശാഭിമാനി ബാലുശ്ശേരി എസ് നാഗപ്പൻ നായർ അന്തരിച്ചു. നൂറ് വയസ്സായിരുന്നു. ബിലാത്തികുളത്തെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: നിര്യാതയായ കമല. മകൻ: സുനിൽകുമാർ (ബയോമിത്രം, തിരുവനന്തപുരം). മരുമകൾ: സന്ധ്യ. കൊച്ചുമക്കൾ: ആദർശ ഗാന്ധി, അമൃതേഷ്ഗാന്ധി. സഞ്ചയനം: തിങ്കളാഴ്ച.

കേരള സന്ദർശനത്തിനെത്തിയ ഗാന്ധിജിയുടെ വാക്കുകളിൽ ആകൃഷ്ടനായി 15-ാം വയസ്സിലാണ് നാഗപ്പൻ നായർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്. അന്ന് ഗാന്ധിജിക്കൊപ്പം വടക്കേ ഇന്ത്യയിലേക്ക് അദ്ദേഹം കൂടെ പോയി. പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇതിനിടെ അറസ്റ്റിലായി. രണ്ടു തവണ പോർട്ട് ബ്ലെയർ ജയിലിൽ തടവുകാരനായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അവിടെ ചിലവഴിച്ച ദിനങ്ങൾ. തടവുകാരനായിരിക്കുന്ന സമയത്ത് ജയിലിൽ വെച്ച് ഗാന്ധിജിയെ കണ്ടുമുട്ടിയ സംഭവം അദ്ദേഹത്തെ തികഞ്ഞ ഗാന്ധിയനാക്കി മാറ്റി. വൈക്കം സത്യാഗ്രഹത്തിലും ദണ്ഡി മാർച്ചിലും പങ്കാളിയാവാനും അവസരം ലഭിച്ചു. നിരവധി അംഗീകാരങ്ങൾ ലഭിച്ച അദ്ദേഹത്തെ നിയമസഭയുടെ വജ്രജൂലിയോടനുബന്ധിച്ച് കഴിഞ്ഞ വർഷം ആദരിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ അനുശോചിച്ചു.

പോരാട്ടത്തീയിലേക്ക് എടുത്തുചാടി; ഗാന്ധിജിയെ കണ്ടത് വഴിത്തിരിവായി

ദേശീയ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ ചൂടിലേക്ക് നന്നേ ചെറുപ്രായത്തിൽ എടുത്തുചാടിയപ്പോൾ നാഗപ്പൻ എന്ന കൗമാരക്കാരന് അമിത പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ലക്ഷ്യം നേടുമോ എന്നുപോലും അറിയാത്ത കാലം. ആ കാലഘട്ടത്തിൽ നിന്ന് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വറുതികൾക്കും സമൃദ്ധികൾക്കും നേർസാക്ഷിയായാണ് ബാലുശ്ശേരി എസ് നാഗപ്പൻ നായർ നൂറാം വയസ്സിൽ വിടവാങ്ങുന്നത്. കേരള സന്ദർശനത്തിനെത്തിയ ഗാന്ധിജിയുടെ വാക്കുകളിൽ ആകൃഷ്ടനായി സ്വയമൊരു പോരാളിയാവുകയായിരുന്നു. അതാണ് ജീവിത ദൗത്യമെന്ന് തിരിച്ചറിഞ്ഞതോടെ ഗാന്ധിജിക്കൊപ്പം വടക്കേ ഇന്ത്യയിലേക്ക് അദ്ദേഹം കൂടെ പോയി. പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇതിനിടെ അറസ്റ്റിലായി. നീണ്ടകാലം അന്തമാനിൽ ജയിൽവാസം.

1930 കളിൽ ദേശീയ പ്രക്ഷോഭകാലത്ത് ഇന്ത്യയിലെ ജനങ്ങളൊന്നാകെ ഉണർന്നപ്പോഴും ദക്ഷിണേന്ത്യയിലേക്ക് അതിന്റെ വ്യാപനം പതുക്കെയായിരുന്നെന്ന് അദ്ദേഹം പറയുമായിരുന്നു. പീന്നീട് പോരാട്ടത്തിൽ പങ്കുചേർന്ന മലയാളികളിൽ പ്രധാനിയായിരുന്നു അദ്ദേഹം. ജയിലിൽവെച്ച് അപായപ്പെടുത്താനുള്ള ശ്രമങ്ങളെ അതിജീവിച്ചു മുന്നോട്ടുവന്നു. നീതിക്കു വേണ്ടി രക്തരൂക്ഷിതമായ പോരാട്ടങ്ങൾക്ക് സാക്ഷിയായി. വൈക്കം സത്യാഗ്രഹത്തിലും ദണ്ഡി മാർച്ചിലും പങ്കാളിയായി.

മുപ്പതാമത്തെ വയസ്സിൽ തിരിച്ച് നാട്ടിലെത്തുമ്പോൾ കഷ്ടതകളായിരുന്നു കാത്തിരുന്നത്. നാലു സഹോദരിമാരുടെ വിവാഹം, കുടുംബം, ഭാര്യയുടെ അർബുദം അങ്ങനെ ഒരുപാട് കടമ്പകൾ. സ്വാതന്ത്ര്യാനന്തരം കുടുംബമായ് ഒതുങ്ങി ജീവിച്ചു. മകൻ സുനിൽകുമാറിന് ജെ ഡി ടി സ്‌കൂളിൽ താത്കാലിക ജോലിയും സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള പെൻഷനും ഉള്ളതിനാൽ ജീവിതം ഒരുവിധം തള്ളിനീക്കി. ഇന്ത്യാ വിഭജനം അദ്ദേഹത്തിന്റെ മനസ്സിൽ എന്നുമൊരു ദുഃഖമായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മൂന്ന് തവണ അദ്ദേഹത്തെ മറ്റ് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം രാഷ്ട്രപതി ഭവനിൽ അതിഥിയായി ആദരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും നിയമസഭയുടെ വജ്രജൂബിലി ആഘോഷവേളയിൽ സർക്കാറും ആദരിച്ചിരുന്നു. തന്റെ പേരക്കുട്ടികൾക്ക് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ആദർശ ഗാന്ധി, അമൃതേഷ്ഗാന്ധി എന്നിങ്ങനെ പേരിട്ടത്. സ്വാതന്ത്ര്യ പോരാളികളിൽ അവസാന കണ്ണികളിൽ ഒന്നുകൂടിയാണ് മാഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP