Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുവർഷത്തിൽ കേരളത്തിൽ പരക്കെ മരണങ്ങൾ; ഇടുക്കിയിൽ മുങ്ങി മരിച്ചത് മൂന്ന് പേർ; തിരൂരങ്ങാടിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് രണ്ട് യുവതികളും ഒരു പെൺകുട്ടിയും; ഒട്ടേറെ അപകടങ്ങൾ വേറെയും

പുതുവർഷത്തിൽ കേരളത്തിൽ പരക്കെ മരണങ്ങൾ; ഇടുക്കിയിൽ മുങ്ങി മരിച്ചത് മൂന്ന് പേർ; തിരൂരങ്ങാടിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് രണ്ട് യുവതികളും ഒരു പെൺകുട്ടിയും; ഒട്ടേറെ അപകടങ്ങൾ വേറെയും

തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം അപകട മരണങ്ങൾ. ബൈക്ക് അപകടങ്ങളിൽ പെട്ട് യുവാക്കൾ ആശുപത്രിയിൽ ആയ സംഭവങ്ങൾ കൂടാതെ രണ്ട് വലിയ അപകടങ്ങളുണ്ടായി. തിരൂരങ്ങാടിയിൽ കാർ അപകടത്തിൽ പെട്ട് രണ്ട് യുവതികുളും ഒരു പെൺകുട്ടിയും മരിച്ചപ്പോൾ ഇടുക്കിയിൽ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.

തിരൂരങ്ങാടിയിൽ വിവാഹസൽക്കാരത്തിനു പോയവരുടെ കാറാണ് റോഡരികിലെ സുരക്ഷാകുറ്റികളിലിടിച്ചു താഴ്ചയിലേക്കു മറിഞ്ഞ് നവവധു ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചത്. മൂന്നുപേർക്ക് പരുക്കേറ്റു. മൂന്നിയൂർ കാര്യാട്കടവ് പാലം അപ്രോച്ച് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. പരപ്പനങ്ങാടി ചെറമംഗലം തിരിച്ചിലങ്ങാടി കോണിയത്ത് അബ്ദുറഹ്മാന്റെ മകൻ സമീറലിയുടെ ഭാര്യ കുന്നുമ്മൽ ഹുസ്‌ന (19), സമീറലിയുടെ സഹോദരി ഷംന (14), സമീറലിയുടെ പിതൃസഹോദരപുത്രൻ അബ്ദുൽറഷീദിന്റെ മകൾ ഫാത്തിമ ഷിഫാന (ഏഴ്) എന്നിവരാണു മരിച്ചത്.

കാർ ഓടിച്ചിരുന്ന സമീറലി (25), സഹോദരൻ സൽമാൻ (ഒൻപത്), ഫാത്തിമ ഷിഫാനയുടെ മാതാവ് ഉമ്മുഹബീബ (36) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹുസ്‌നയുടെ കളിയാട്ടമുക്കിലെ അമ്മാവന്റെ വീട്ടിലേക്കുപോയ കുടുംബമാണ് അപകടത്തിൽപെട്ടത്. കാര്യാട്കടവ് പാലം കഴിഞ്ഞ്, അപ്രോച്ച് റോഡിന്റെ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട കാർ, ഇടതുവശത്തെ കോൺക്രീറ്റ് കുറ്റികൾ ഇടിച്ചുതെറിപ്പിച്ചശേഷം പത്തടിയോളം താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്കു വീഴുകയായിരുന്നു.

വീടിന്റെ ചുമരുകൾക്കും കാർപോർച്ചിനും കേടുപറ്റി. കാറിനുള്ളിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണു പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല. ഫാത്തിമ ഷിഫാനയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരുടേത് കോഴിക്കോട് മെഡിക്കൽ കോളജിലും പോസ്റ്റ്‌മോർട്ടം നടത്തും. ഇന്ന് ചെറമംഗലം സൗത്ത് ജുമാ മസ്ജിദിൽ കബറടക്കും. ഇക്കഴിഞ്ഞ ഡിസംബർ പത്തിനാണ് സമീറലിയുടെയും ഹുസ്‌നയുടെയും വിവാഹം കഴിഞ്ഞത്. മൂന്നിയൂർ ചുഴലിയിലെ കുന്നുമ്മൽ കുട്ടിഹസന്റെയും റംലയുടെയും മകളാണ് ഹുസ്‌ന.

ഷംന പരപ്പനങ്ങാടി എസ്എൻഎംഎച്ച്എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: സൽമാൻ, ഹബീബ്. പരപ്പനങ്ങാടി പുത്തൻപീടിക മുനവ്വിറുൽ ഇസ്‌ലാം ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ ഷിഫാന. പിതാവ് അബ്ദുൽറഷീദ് ജിദ്ദയിലാണ്.

അതേസമയം പുതുവൽസര ദിന ആഘോഷങ്ങൾക്കിടെയാണ് ഇടുക്കിയിൽ മൂന്ന് പേർ മണപ്പെട്ടത്. കല്ലാർകുട്ടി അണക്കെട്ട്, ഇടുക്കി അണക്കെട്ട്, വാഗമണ്ണിലെ വെടിക്കുഴി എന്നിവിടങ്ങളിലാണു മരണം. കൂട്ടുകാരോടൊപ്പം കല്ലാർകുട്ടി അണക്കെട്ട് ജലാശയത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി വെള്ളത്തൂവൽ കുത്തുപാറ തറനിലത്ത് ജയസൂര്യ തറനിലം (19), ഇടുക്കി അണക്കെട്ട് കാണാനെത്തിയ എറണാകുളം തമ്മനം ശാന്തിപുരം റോഡിൽ കൂത്തപ്പിള്ളി പറമ്പിൽ സുനിൽ (30), വാഗമണ്ണിലെ വെടിക്കുഴിയിൽ കുളിക്കാനിറങ്ങിയ നല്ല തണ്ണി എം.എം.ജെ. ലയത്തിൽ താമസിക്കുന്ന ബാലൻ (ജോൺ -27) എന്നിവരാണു മരിച്ചത്.

സഹപാഠികളായിരുന്ന ഇഞ്ചപതാൽ സ്വദേശി റാംഗോപാൽ, ദേവിയാർ കോളനി സ്വദേശി എം.ആനന്ദ് എന്നിവരോടൊപ്പമാണ് കല്ലാർകുട്ടിക്ക് സമീപമുള്ള കുളിക്കടവിൽ ജയസൂര്യ കുളിക്കാനിറങ്ങിയത്. നീന്തൽ വശമില്ലാത്തതിനാൽ നടന്ന് ജലാശയത്തിലെ പാറയിൽ കയറാനുള്ള ശ്രമത്തിനിടെ കാൽ വീഴുതി വീഴുകയായിരുന്നത്രെ. ആനന്ദും, റാംഗോപാലും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പ്രദേശവാസികളെത്തി ജയസൂര്യയെ കരയ്‌ക്കെത്തിച്ച് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കന്യാകുമാരിയിൽ ലയോള കോളജ് ഓഫ് എൻജിനീയറിങ്ങിൽ രണ്ടാംവർഷ ബിടെക് വിദ്യാർത്ഥിയാണ് ജയസൂര്യ. സംസ്‌കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും. പിതാവ്: ബോസ്, മാതാവ്: ഗിരിജ. സഹോദരൻ: ശിവകാർത്തിക്.

എറണാകുളത്ത് പുതുവത്സര ആഘോഷങ്ങൾക്കുശേഷം ഇടുക്കി അണക്കെട്ട് സന്ദർശിക്കാനെത്തിയ സുനീഷ് പെരിയാറിലെ കയത്തിലാണു മുങ്ങി മരിച്ചത്. വെളുപ്പിന് മൂന്നിന് ഓട്ടോയിൽ നാലംഗസംഘം സുഹൃത്തിന്റെ ഇടുക്കിയിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഇടുക്കി ആർച്ച് അണക്കെട്ടിന് സമീപം ചെക് പോസ്റ്റിനും പൊലീസ് ഔട്ട്‌പോസ്റ്റിനും ഇടയിൽ പെരിയാറിലെ കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. രണ്ടു പേരാണ് കുളിക്കാനിറങ്ങിയത്.

കയത്തിന് 30 അടിയോളം താഴ്ചയുണ്ടായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും സുനിലിനിനെ കാണാതെ വന്നതോടെ ബഹളംകൂട്ടി. നിലവിളി കേട്ടെത്തിയ പൊലീസ് ഔട്ട് പോസ്റ്റിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സുനിലിനെ കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം പിന്നീട്. പിതാവ്: ജോസഫ്, മാതാവ്: ലില്ലി. സഹോദരൻ സുജിത്ത്. വാഗമൺ ഇൻഡോ സ്വിസ് പ്രോജക്ടിലെ താൽക്കാലിക ജീവനക്കാരനായിരുന്നു വാഗമൺ വെടിക്കുഴിയിൽ മുങ്ങിമരിച്ച ബാലൻ.

സുഹൃത്തുമൊത്ത് കോലാഹലമേട്ടിലെ പണി പൂർത്തിയാവാത്ത റിസോർട്ടിന് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശവസംസ്‌കാരം പിന്നീട്. ശങ്കർ വിജയ ദമ്പതികളുടെ മകനാണ്. സഹോദരൻ: മാർട്ടിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP