Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതം മാത്രം സമ്മാനിച്ച ജീവിതത്തിൽ നിന്നും അരുണ ഷാൻബാഗ് വിടവാങ്ങി; അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി 42 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ നഴ്‌സ് അന്തരിച്ചു

ദുരിതം മാത്രം സമ്മാനിച്ച ജീവിതത്തിൽ നിന്നും അരുണ ഷാൻബാഗ് വിടവാങ്ങി; അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി 42 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ നഴ്‌സ് അന്തരിച്ചു

മുംബൈ: ദുരിതം മാത്രം സമ്മാനിച്ച നരകതുല്യമായ ജീവിതത്തിൽ നിന്നും അരുണ ഷാൻബാഗ് (68)വിടവാങ്ങി. 42 വർഷങ്ങൾക്കു മുമ്പു ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി അബോധാവസ്ഥയിലായിരുന്ന അരുണ ഷാൻബാഗ് ഇന്ന് രാവിലെ അന്തരിച്ചു. മുംബൈയിലെ കെഇഎം ആശുപത്രിയിലായിരുന്നു അന്ത്യം. കർണാടകയിലെ ഹാൽദിപുർ സ്വദേശിനിയാണ് അരുണ. 1973 ൽ കിങ് എഡ്വേഡ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യവെയാണു അരുണ വാർഡ് ബോയിയുടെ ആക്രമണത്തിനിരയായത്. മാനഭംഗത്തിനിടെ തലയ്ക്കു സാരമായി പരിക്കേറ്റ അരുണ ഇതേ ആശുപത്രിയിൽ തന്നെ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കടുത്ത ന്യുമോണിയ ബാധ മൂലം ഇവരെ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൽ പാർപ്പിച്ചിരിക്കയായിരുന്നു. 1973ലാണ് നഴ്‌സായി അരുണാഷാൻബാഗിനെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വച്ച്, സഹപ്രവർത്തകൻ സോഹൻ ലാൽ ബർത വാൽമീകി ബലാൽസംഗം ചെയ്തത്. പട്ടിയുടെ ബെൽറ്റുപയോഗിച്ച് കെട്ടിയിട്ട് നടത്തിയ ക്രൂരകൃത്യത്തിന്റെ ഫലമായി അന്നുമുതൽ കോമയിൽ കഴിയുന്ന അരുണയുടെ സംരക്ഷണ ചുമതല കെ.ഇ. എം. ആശുപത്രിയും അവിടത്തെ ജോലിക്കാരും ഏറ്റെടുക്കുകയായിരുന്നു. ക്ലീനിങ്ങ്് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു അരുണയെ പീഡിപ്പിച്ചത്.

ആശുപത്രിയിലെ ഡോക്ടറായ സന്ദീപ് സർദേശായിയുമായി പ്രണയത്തിലായി. സന്ദീപുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹദിനത്തിന്റെ തലേന്നാണ് അരുണ ക്രൂരമായി ബലാത്സംഗംചെയ്യപ്പെട്ടത്. ക്രൂര പീഡനത്തിനിടെ തലച്ചോറിലെ പ്രധാന ഭാഗങ്ങളിലേക്കുള്ള ഓക്‌സിജൻ, രക്തം എന്നിവരുടെ പ്രവാഹം നിലച്ചു.

ഭോയ്‌വാഡ പൊലീസാണ് അരുണയുടെ കേസ് കൈകാര്യംചെയ്തത്. മുംബൈയിൽനിന്ന് രക്ഷപ്പെട്ട വാൽമീകിയെ പുണെയിൽ പൊലീസ് അറസ്റ്റുചെയ്തു. പുണെ ഡപ്പോടിയിലെ മിലിട്ടറി എൻജിനീയറിങ് കോളേജിന് സമീപത്തെ ചേരിയിൽനിന്ന് ഭാര്യ വിമലയോടൊപ്പം താമസിക്കുമ്പോഴായിരുന്നു ഇയാളെ അറസ്റ്റു ചെയ്തത്. കോടതി അയാൾക്ക് നൽകിയത് വെറും ഏഴുവർഷത്തെ തടവ്. ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ ഇയാൾ ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. ഇയാളുടെ വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കയാണ്.

അരുണയോടൊപ്പം ജീവിക്കാർ കൊതിച്ച ഡോക്ടർ സന്ദീപ് സർദേശായി ആ ദുരന്തത്തിനുശേഷം നാലുവർഷത്തോളം അരുണയെ മുടക്കമില്ലാതെ എല്ലാ ദിവസവും കാണാനെത്തിയിരുന്നു. അവസാനം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി സർദേശായി മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചത്.

2011ൽ ദയാവദത്തിന് അരുണയെ വിധേയമാക്കുന്നത് ചർച്ചയായി. എന്നാൽ സുപ്രീംകോടതി അതിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇപ്പോൾ 68 വയസ്സായ അരുണയുടെ ജീവിതത്തെക്കുറിച്ച് 'അരുണയുടെ കഥ' എന്ന പേരിൽ പുസ്തകം പുറത്തിറങ്ങിയിരുന്നു. പുസ്തകമെഴുതിയ പിങ്കി വിറാനി 2011ൽ അരുണക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തിവക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.

എന്നാൽ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. അരുണ മരിച്ചതിനു തുല്യമായാണ് ജീവിച്ചിരിക്കുന്നതെന്നും അതിനാൽ ദയാവധത്തിന് അർഹയാണ് എന്നുമായിരുന്നു പിങ്കിയുടെ വാദം. ഇതിനെതിരെ കെ.ഇ.എം. ആശുപത്രി ജീവനക്കാർ നിയമപോരാട്ടം നടത്തിയതിന്റെ ഫലമായാണ് സുപ്രീം കോടതി കേസ് തള്ളിയത്.

പ്രതികരണമില്ലാതെ കിടന്ന തങ്ങളുടെ സഹപ്രവർത്തകയെ കൈയൊഴിയാതിരിക്കുകയായിരുന്നു കെഇഎം ആശുപത്രി. മരണംവരെ അരുണയെ പരിചരിക്കാനായിരുന്നു അക്കാലത്തെ കെ.ഇ.എം. ആശുപത്രിയിലെ അരുണയുടെ കൂട്ടുകാരികൾ എടുത്ത തീരുമാനം. അവരെല്ലാം കാലമെത്തി നഴ്‌സിങ് സർവീസിൽനിന്ന് വിരമിച്ചിട്ടും ആ ദയാവായ്പ് ഇപ്പോഴും പുതിയ ജീവനക്കാരിലൂടെ തുടർന്നു പോരുകയായിരുന്നു. 42 വർഷത്തോളം ജീവച്ഛവമായി ജീവിച്ച ശേഷമാണ് മരണത്തിന്റെ ദയ അരുണയെ തേടിയെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP