Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

വൈദ്യരത്‌നം അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസ്സ് അന്തരിച്ചു; വിടപറഞ്ഞത് ആയുർവേദ ചികിത്സാരംഗത്തെ ആചാര്യനും വൈദ്യരത്‌നം വൈദ്യശാലയുടെ സ്ഥാപക ചെയർമാനും; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്; ഇല്ലം മുറ്റത്തെ ചികിത്സയിൽ നിന്നും വലിയ നഴ്‌സിങ് ഹോമിലേക്കുള്ള വളർച്ചക്ക് കാരണക്കാരനായ ക്രാന്തദർശി; ആയൂർവേദത്തെ ആഗോളതലത്തിലെത്തിച്ച പ്രചാരണത്തിലെ അഭിവാജ്യ ഘടകം; അന്ത്യാജ്ഞലി അർപ്പിച്ച് സംസ്‌കാരിക കേരളം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: വൈദ്യരത്‌നം അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസ്സ് (87) അന്തരിച്ചു. തൈക്കാട് വൈദ്യരത്‌നം വൈദ്യശാലയുടെ ചെയർമാനാണ്. ആയുർവേദ പരമ്പരയിൽപ്പെട്ട തൃശൂർ തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠൻ മൂസ്സിന്റെയും ദേവകി അന്തർജനത്തിന്റെയും പത്തു മക്കളിലെ ഏക പുത്രനാണ്. വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തർജനമാണു ഭാര്യ. ഇ.ടി.നീലകണ്ഠൻ മൂസ്സ്, ഇ.ടി.പരമേശ്വരൻ മൂസ്സ്, ഇ.ടി.ഷൈലജ എന്നിവരാണു മക്കൾ.

ഒല്ലൂർ തൈക്കാട്ടുശേരിയിലെ വൈദ്യരത്‌നം ഔഷധശാല തുടങ്ങുന്ന കാലത്ത് നാരായണൻ മൂസ്സിന് എട്ടു വയസ്സാണ്. സംസ്‌കൃതപഠനം ആയുർവേദത്തിന് അടിത്തറയൊരുക്കുന്ന കാലം. മുത്തച്ഛനും അച്ഛനും കേൾവികേട്ട വൈദ്യന്മാരായിരുന്നതുകൊണ്ടു കുട്ടിക്കാലം മുതലേ കേട്ടതും കണ്ടതുമെല്ലാം ആയുർവേദത്തിന്റെ സുഗന്ധമയമാർന്ന ലോകമാണ്. ഇല്ലത്തെ വീട്ടുമുറ്റത്തെ ചികിത്സയിൽനിന്നു വലിയ നഴ്‌സിങ് ഹോമിലേക്കുള്ള വളർച്ചയും ചെറിയ അടുപ്പുകളിൽനിന്നു വലിയ ഫാക്ടറിയിലേക്കുള്ള വളർച്ചയും നാരായണൻ മൂസ്സിന്റെ കാലത്താണുണ്ടായത്.
പത്മഭൂഷൺ വൈദ്യരത്‌നം ഇ,ടി നാരായണൻ മൂസ്സ് വിടപറയുമ്പോൾ കേരളത്തിന് അടിത്തറയൊരുക്കിയ അഷ്ടവൈദ്യനെയാണ് നഷ്ടമാകുന്നത്. പരശുരാമൻ കേരളം സൃഷ്ടിച്ചപ്പോൾ അതിനെ പതിനെട്ടു തളികളായി തിരിച്ചുവെന്നും ഓരോ തളിക്കും ഓരോ വൈദ്യകുടുംബത്തെയും നിശ്ചയിച്ചെന്നും അതിൽ നിയോഗിക്കപ്പെട്ട കുടുംബമാണ് എളയടത്ത് തൈക്കാട്ട് മൂസ്സിന്റെ കുടുംബമെന്നുമാണ് ഐതിഹ്യം.

കായ, ബാല, ഗ്രഹ, ഊർദ്ധ്വാഗ, ശല്യ, ദ്രംഷ്ട, ജര, വൃഷ ചികിൽസകൾ ചേർന്ന അഷ്ടാംഗഹൃദയം മുഖ്യഗ്രന്ഥമായി പഠിച്ചും പഠിപ്പിച്ചും വന്നവരാണ് അഷ്ടവൈദ്യന്മാർ. നാരായണ മൂസ്സിനേയും പ്രഗൽഭനാക്കിയത് വൈദ്യശാസ്ത്രത്തിലെ ഈ പ്രഗാൽഭ്യം തന്നെയായിരുന്നു.
അഷ്ടവൈദ്യപരമ്പരയിൽ പാണ്ഡിത്യവും കൈപ്പുണ്യവും കർമഗുണവും ജീവിതവിശുദ്ധിയും ഒരാളിൽ സംഗമിച്ചതിന്റെ പേരാണ് പത്മഭൂഷൺ എളയടത്ത് തൈക്കാട്ട് ഇ ടി നാരായണൻ മൂസ്സ് എന്ന് പിന്നീട് അറിയപ്പെട്ടത്.

1966ലാണ് വൈദ്യരത്‌നം യന്ത്രവൽകൃത യൂണിറ്റോടെ വൈദ്യശാല ആരംഭിക്കുന്നത്. 1976 ൽ കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ തൈക്കാട്ടുശേരിയിൽ തന്നെ വൈദ്യരത്നം കോളെജിനു തുടക്കം കുറിച്ചു.

ഇന്ത്യയിലെങ്ങും വിദഗ്ധ ചികിൽസയില്ലാതിരുന്ന അഞ്ച് തരം വാതരോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കിയിരുന്ന തൈക്കാട് മൂസമാരുടെ പ്രാഗത്ഭ്യമറിഞ്ഞ് കേന്ദ്രസർക്കാർ 2013ൽ ഒരു പ്രത്യേക ആശുപത്രി അനുവദിച്ചു.തുടക്കകാലത്ത് നാരായണൻ മൂസിനെയും അച്ഛൻ നീലകണ്ഠൻ മൂസിനെയും കാണാൻ വന്നിരുന്ന രോഗികൾക്കാവശ്യമായ മരുന്നുകൾ മാത്രം നിർമ്മിച്ചിരുന്ന ഔഷധശാല  ആശുപത്രി, ഗവേഷണശാല, ആയുർവേദ കോളേജ്, ആയുർവേദ മ്യൂസിയം തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു വൈദ്യകലാശാലയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP