Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളിൽ നിന്ന് മടങ്ങവേ അമ്മയെ കണ്ട് കുട്ടി പാളത്തിലേക്ക് ഓടിക്കയറി; അലറി വിളിച്ച് മുത്തച്ഛൻ പിന്നാലെ; വടക്ക് നിന്ന് മെമു പാഞ്ഞുവന്നപ്പോൾ നിസ്സഹായയായി അമ്മ; കരുനാഗപ്പള്ളി പാപ്പാൻകുളങ്ങരക്കാരെ കണ്ണീരിലാഴ്‌ത്തി ദാരുണമരണം

സ്‌കൂളിൽ നിന്ന് മടങ്ങവേ അമ്മയെ കണ്ട് കുട്ടി പാളത്തിലേക്ക് ഓടിക്കയറി; അലറി വിളിച്ച് മുത്തച്ഛൻ പിന്നാലെ; വടക്ക് നിന്ന് മെമു പാഞ്ഞുവന്നപ്പോൾ നിസ്സഹായയായി അമ്മ; കരുനാഗപ്പള്ളി പാപ്പാൻകുളങ്ങരക്കാരെ കണ്ണീരിലാഴ്‌ത്തി ദാരുണമരണം

ആർ.കണ്ണൻ

കൊല്ലം: കരുനാഗപ്പള്ളിയിൽ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൽ.കെ.ജി വിദ്യാർത്ഥിനിയും പള്ളി ഇമാമായ മുത്തച്ഛനും ട്രെയിൻ തട്ടി മരിച്ചു. തഴവ കടത്തൂർ അമ്പിശ്ശേരി തൈക്കാവിലെ ഇമാം ദാറുൽഫൈസലിൽ ഇസ്മയിൽ കുട്ടി(55) യും ചെറുമകളായ യു.കെ.ജി വിദ്യാർത്ഥിനി അയ്ദ (6) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.20 നായിരുന്നു സംഭവം.

യു.കെ.ജി വിദ്യാർത്ഥിനിയായ അയ്ദയെ ക്ലാസ്സ് കഴിഞ്ഞ് മുത്തച്ഛനായ ഇസ്മയിൽ കുട്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. റെയിൽവേ പാളം മുറിച്ച് കടന്ന് വേണം വീട്ടിലേക്ക് പോകുവാൻ. ഇതിനായി അമ്പിശേരി തൈക്കാവിന് സമീപമുള്ള റെയിൽവേ പാളത്തിന് സമീപം എത്തി. പാളത്തിനപ്പുറം അയ്ദയുടെ ഉമ്മ നിൽപ്പുണ്ടായിരുന്നു. ഉമ്മ നിൽക്കുന്നത് കണ്ട് പാളത്തിലേക്ക് കുട്ടി ഓടിക്കയറി. ഈ സമയം വടക്കുനിന്നും എറണാകുളം-കൊല്ലം മെമു കടന്നു വന്നു.

ഇത് കണ്ട് ഇസ്മയിൽ കുട്ടി അലറി വിളിച്ച് കുട്ടിയെ രക്ഷിക്കാനായി പാളത്തിലേക്ക് ഓടിക്കയറി. പാളത്തിൽ ഇരുവരെയും കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുറച്ചു നേരം മുന്നോട്ട് നീങ്ങി ട്രെയിൻ നിന്നു. ട്രെയിൻ ഇടിച്ചപ്പോൾ വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. ആദ്യം ആർക്കും ഒന്നും മനസ്സിലായില്ല. പിന്നീടാണ് പാളത്തിന് വശത്ത് ഇരുവരും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

നാട്ടുകാർ എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പത്ത് മിനിട്ടോളം മെമു സംഭവസ്ഥലത്ത് നിർത്തിയിട്ടതിന് ശേഷം യാത്ര തുടർന്നു. പൊലീസെത്തി മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റി. 31 വർഷമായി പള്ളി ഇമാമായും മദ്രസാ അദ്ധ്യാപകനായും പ്രവർത്തി വരികയായിരുന്നു ഇസ്മയിൽ കുട്ടി. ഇദ്ധേഹത്തിന്റെ മകളുടെ മകളാണ് അയ്ദ. താഹാമോൻ - ഫെമിനാ ദമ്പതികളുടെ മകളാണ് അയ്ദ അയ്ഹാൻ സഹോദരനും. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാളെ ചിറ്റുമൂല ജമാഅത്ത് പള്ളിയിൽ ഖബറടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP