Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

സദ്ദാമിന്റെ അധിനിവേശകാലത്ത് കുവൈറ്റിൽ നിന്ന് ആയിരങ്ങളെ രക്ഷിച്ച ടൊയോട്ട സണ്ണി യാത്രയായി; മലയാളികൾക്ക് പ്രിയങ്കരനായ സണ്ണിച്ചായൻ വിടപറയുന്നത് 81-ാം വയസ്സിൽ; അക്ഷയ് കുമാർ വേഷമിട്ട എയർലിഫ്റ്റ് എന്ന സിനിമയ്ക്ക് ആധാരമായത് സണ്ണിയെന്ന എം മാത്യൂസിന്റെ ജീവിതം

സദ്ദാമിന്റെ അധിനിവേശകാലത്ത് കുവൈറ്റിൽ നിന്ന് ആയിരങ്ങളെ രക്ഷിച്ച ടൊയോട്ട സണ്ണി യാത്രയായി; മലയാളികൾക്ക് പ്രിയങ്കരനായ സണ്ണിച്ചായൻ വിടപറയുന്നത് 81-ാം വയസ്സിൽ; അക്ഷയ് കുമാർ വേഷമിട്ട എയർലിഫ്റ്റ് എന്ന സിനിമയ്ക്ക് ആധാരമായത് സണ്ണിയെന്ന എം മാത്യൂസിന്റെ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി : കുവൈത്ത് മലയാളികളിലെ മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ എം.മാത്യൂസ് (ടൊയോട്ട സണ്ണി) അന്തരിച്ചു. 81 വയസ്സ് പ്രായമായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി കഴിയുന്ന അദ്ദേഹം  ഇന്ന് വൈകീട്ട് 4 മണിയോടെ കുവൈത്ത് ഖാദിസിയയിലെ വീട്ടിൽ വച്ചാണു അന്ത്യശ്വാസം വലിച്ചത്.

കുവൈറ്റ് യുദ്ധകാലത്ത് നിരവധി മലയാളികൾക്ക് നാട്ടിലെത്താൻ രക്ഷകനായി പ്രവർത്തിച്ച അദ്ദേഹം പലർക്കും പ്രിയങ്കരനാണ്.കുവൈത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്‌റ്റോബറിലാണു അദ്ദേഹം കുവൈത്തിൽ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബയിൽ കമ്പനിയായ അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയത് സണ്ണിയാണ്.

Stories you may Like

അദ്ദേഹം 1989ൽ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയിൽ അറിയപ്പെട്ടത്.

പിന്നീട് സഫീന റെന്റ് എ കാർ, സഫീന ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു.

1990ൽ ഇറാഖ് അധിനിവേശത്തെ തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ സ്തുത്യർഹമായ സേവനമാണു അദ്ദേഹം കാഴ്ച വെച്ചത്. ഇത് അദ്ദേഹത്തിന്റെ കീർത്തി വർദ്ധിപ്പിക്കുന്ന നടപടിയുമായി.

ജാബിരിയ ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപകനായ മാത്യൂസ് 15 വർഷക്കാലം ഇന്ത്യൻ ആർട്ട് സർക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്പത്തനം തിട്ട കൊയ്‌പ്പുറം കുമ്പനാട് സ്വദേശിയാണ് ഭാര്യ മേരി മാത്യു , മക്കൾ ജോയ് മാത്യു , ആനി മാത്യു , സൂസൻ മാത്യു.

എയർലിഫ്റ്റ് എന്ന സിനിമ സണ്ണിയുടെ ജീവിതം

ഇറാഖിന്റെ, കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറഞ്ഞ എയർലിഫ്റ്റ് എന്ന ഹിന്ദി സിനിമ ഇന്ത്യയിൽ അംഗീകാരം നേടുമ്പോൾ അത് കുവൈത്തിൽ നിന്ന് 1.7 ലക്ഷം ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുൻനിരയിൽ നിന്ന മലയാളിയായ മാത്യൂസ് എന്ന ടൊയോട്ട സണ്ണിക്കാണ് ഏറെ അഭിമാനം പകർന്നത്. അദ്ദേഹത്തിന്റെ ജീവിതകഥയാണ് സിനിമയായത്. ഹിന്ദിയിലെ സൂപ്പർ സ്റ്റാറുകളിലൊരാളായ അക്ഷയ്കുമാറാണ് രഞ്ജിത് കത്യാൽ എന്ന പേരിൽ ടൊയോട്ട സണ്ണിയെ അവതരിപ്പിച്ചത്.

1990 ഒക്ടോബർ 31നാണ് ടൊയോട്ട സണ്ണിയുടെ ധീരകൃത്യത്തെക്കുറിച്ച് അബ്ദുർറബ് എന്ന പത്രപ്രവർത്തകൻ ഖലീജ് ടൈംസിൽ റിപ്പോർട്ടെഴുതിയത്. സല്യൂട്ട് ടു സണ്ണി, ദി സേവ്യർ (സണ്ണി, എന്ന രക്ഷകന് അഭിവാദ്യം) എന്ന റിപ്പോർട്ടിന്റെ ഭാഗം സിനിമയിൽ കാണിച്ചിരുന്നു. കുവൈത്തിൽ അരക്ഷിതാവസ്ഥയിലായ ഇന്ത്യക്കാരുടെ കൂട്ടത്തിലുള്ള അവസാന ആളെയും രക്ഷപ്പെടുത്തിയ ശേഷമാണ് ടൊയോട്ട സണ്ണി കുവൈത്ത് വിട്ടത്.  ഇരവിപേരൂർ സ്വദേശിയായ സണ്ണി 1956ൽ ആണ് കുവൈത്തിലെത്തുന്നത്.

ടൊയോട്ട കാറിന്റെ ഏജന്റായിരുന്നു. സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകൾ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു. സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തിൽ നാശം വിതച്ചപ്പോൾ ഇന്ത്യക്കാർ സണ്ണിയെയാണ് രക്ഷകനായി കണ്ടത്. അവിടത്തെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ക്യാമ്പ് ഒരുക്കുകയും 125 ബസിൽ അമ്മാനിൽ എത്തിക്കുകയുമായിരുന്നു. അവിടെ നിന്ന് എയർ ഇന്ത്യ ഇടതടവില്ലാതെ ഇന്ത്യക്കാരെ കയറ്റിക്കൊണ്ടുപോയി. ഇതിനെ ആധാരമാക്കി കുവൈത്തിലും റാസൽ ഖൈമയിലുമായാണ് എയർലിഫ്റ്റ് ചിത്രീകരിച്ചത്.

സദ്ദാമിന്റെ അധിനിവേശക്കാലത്ത് ഒരുലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈറ്റിൽ ഉണ്ടായിരുന്നത്. രാജ്യം മുഴുവൻ മുൾമുനയിലായ നാളുകൾ. 59 ദിവസം കൊണ്ട് 488 ഫ്‌ളൈറ്റുകളിലായാണ് ഇന്ത്യ അന്ന് ഇന്ത്യക്കാരെ അവിടെനിന്ന് ഒഴിപ്പിച്ചത്. ഇതിന് മുൻനിരയിൽ നിന്നയാളായ സണ്ണിയെ ശ്‌ളാഘിച്ച് നിരവധി റിപ്പോർട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു.
സണ്ണിയുടെ സേവനങ്ങളുടെ പുരസ്‌കരിച്ച് മിശിഹാ മാത്യൂസ് എന്നും രക്ഷകന് സല്യൂട്ട് എന്നുമെല്ലാം അക്കാലത്ത് പത്രങ്ങളിൽ നിരവധി റിപ്പോർട്ടുകളും വന്നു. ആ മനുഷ്യസ്‌നേഹിയാണ് ഇപ്പോൾ ഈ ലോകത്തുനിന്ന് വിടപറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP