Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിട പറഞ്ഞത് രാജ്യം പത്മശ്രീയും പത്മവിഭൂഷണനും നൽകി ആദരിച്ച മുഴുവൻ സമയ ആർഎസ്എസ് പ്രചാരകൻ: കവിയും ചിന്തകനുമായ പി പരമേശ്വരൻ കേരളത്തിലെ സംഘചിന്തകളുടെ തുടക്കകാരൻ; അർദ്ധരാത്രിയിൽ മരണത്തിന് കീഴടങ്ങിയത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ഗുരുവായി കണ്ടിരുന്ന ആർഎസ്എസ് നേതാവ്; കണ്ണീരോടെ സംഘപരിവാർ കേന്ദ്രങ്ങൾ

വിട പറഞ്ഞത് രാജ്യം പത്മശ്രീയും പത്മവിഭൂഷണനും നൽകി ആദരിച്ച മുഴുവൻ സമയ ആർഎസ്എസ് പ്രചാരകൻ: കവിയും ചിന്തകനുമായ പി പരമേശ്വരൻ കേരളത്തിലെ സംഘചിന്തകളുടെ തുടക്കകാരൻ; അർദ്ധരാത്രിയിൽ മരണത്തിന് കീഴടങ്ങിയത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ഗുരുവായി കണ്ടിരുന്ന ആർഎസ്എസ് നേതാവ്; കണ്ണീരോടെ സംഘപരിവാർ കേന്ദ്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഇന്നലെ അർദ്ധരാത്രിയിൽ മരണത്തിന് കീഴടങ്ങുമ്പോൾ ലാളിത്യത്തിന്റെ വഴിയിലൂടെയായിരുന്നു പി.പരമേശ്വരന്റെ ജീവിത യാത്രകൾ. അധികാരങ്ങൾ വേണ്ടെന്നു വച്ചു. തിരഞ്ഞെടുത്തതു സന്യാസമട്ടിലുള്ള ജീവിതം. പുരസ്‌ക്കാരങ്ങൾ തന്നെ തേടിയെത്തുമ്പോൾ സന്തോഷത്തോടെ ചെറു ലാളിത്യമാർന്ന ചിരിയും. ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനുമായ പി പരമേശ്വൻ(94) അന്തരിച്ചു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 12.10നായിരുന്നു അന്ത്യം. വൈചാരിക മേഖലയിൽ ഭാരതീയ ദർശനത്തിന്റെ ആഴവും വ്യാപ്തിയും പകർന്ന ചിന്തകനായിരുന്നു അദ്ദേഹം. 2018ൽ പത്മവിഭൂഷണനും 2004ൽ പത്മശ്രീയും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

അടുപ്പമുള്ളവർ പരമേശ്വർജി എന്നു വിളിക്കുന്ന പി.പരമേശ്വരൻ 1927ൽ ആലപ്പുഴ മുഹമ്മ കായിപ്പുറം താമരശേരിൽ ഇല്ലത്താണു ജനിച്ചത്. ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജ്ജനത്തിന്റെയും ഇളയമകനായാണ് ജനനം. സഹോദരങ്ങൾ: പരേതരായ വാസുദേവൻ ഇളയത്, കേശവൻ ഇളയത്. മുഹമ്മ ലൂതർ എൽപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേർത്തല ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എസ്ബി കോളേജിലുമായിരുന്നു തുടർപഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഓണേഴ്സിൽ സ്വർണമെഡലോടെ ബിരുദം പാസായി. സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം പിന്നീട് തിരുവനന്തപുരത്ത് വെച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി. കേസരി വാരികയുടെ തുടക്കത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ചു. 1967 മുതൽ 71വരെ ജനസംഘം ദേശീയ സെക്രട്ടറിയും 1971 മുതൽ 77വരെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതൽ 77വരെ മിസ തടവുകാരനായി ജയിൽ വാസം അനുഷ്ടിച്ചിട്ടുണ്ട്.

1977 മുതൽ 1982 വരെ ഡൽഹി കേന്ദ്രമായി ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. അവിടന്നു പരമേശ്വരൻ മടങ്ങുന്ന വർഷമാണു നരേന്ദ്ര മോദി അവിടെ വിദ്യാർത്ഥിയായി എത്തുന്നത്. ആശയപരമായി വിരുദ്ധ ചേരിയിലായിരുന്നെങ്കിലും ഇ.എം.എസ്.നമ്പൂതിരിപ്പാടും പി.ഗോവിന്ദപ്പിള്ളയുമായി അടുപ്പം സൂക്ഷിച്ചിരുന്നു. 1982ൽ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് അധ്യക്ഷനായി പ്രവർത്തിച്ച് വരികയായിരുന്നു.

കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ വിപ്ലവകരമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. മാർക്സിൽ നിന്നും മഹർഷിയിലേക്ക്, മാർക്സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകൾ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകൻ, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദർശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാർശനികൻ തുടങ്ങിയവ വിചാരമേഖലയിൽ ചലനങ്ങൾ സൃഷ്ടിച്ചു.

1992 ൽ കേരളത്തിൽ നിന്നൊരാളെ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭ എംപി ആക്കാൻ ബിജെപി തീരുമാനിച്ചപ്പോൾ ആദ്യം ഉയർന്നു വന്ന പേര് പി. പരമേശ്വരന്റേതായിരുന്നു. എന്നാൽ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. ആർഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീർത്തി പുരസ്‌കാരമുൾപ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP