Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കേസരി വാരിക മുൻ പത്രാധിപരുമായിരുന്ന മുതിർന്ന പത്രപ്രവർത്തകനുമായ പി കെ സുകുമാരൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് വെച്ച്; ഹിന്ദുസ്ഥാൻ സമാചാർ, സമാചാർ തുടങ്ങിയ വാർത്താ ഏജൻസികളുടെ കേരളത്തിന്റെ കറസ്പോണ്ടന്റായും പ്രവർത്തിച്ചു

കേസരി വാരിക മുൻ പത്രാധിപരുമായിരുന്ന മുതിർന്ന പത്രപ്രവർത്തകനുമായ പി കെ സുകുമാരൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് വെച്ച്; ഹിന്ദുസ്ഥാൻ സമാചാർ, സമാചാർ തുടങ്ങിയ വാർത്താ ഏജൻസികളുടെ കേരളത്തിന്റെ കറസ്പോണ്ടന്റായും പ്രവർത്തിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: ഗ്രന്ഥകാരനും കേസരി വാരിക മുൻ പത്രാധിപരും മുതിർന്ന പത്രപ്രവർത്തകനുമായിരുന്ന പി.കെ. സുകുമാരൻ (78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് ആയിരുന്നു അന്ത്യം. അഖണ്ഡ ജ്യോതി മാസിക പത്രാധിപരും എൻബിടി മുൻ അംഗവുമായിരുന്നു.തൃശൂർ ജില്ലയിൽ തളിക്കുളം പുളിക്കൽ കുഞ്ഞന്റെയും അമ്മാളുവിന്റെയും അഞ്ചാമത്തെ മകനായി 1942 ലാണ് ജനനം.

പ്രാഥമിക വിദ്യാഭ്യാസം തളിക്കുളം എസ്എൻകെഎൽപി സ്‌കൂളിലായിരുന്നു. തുടർന്ന് നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, തൃശൂർ ശ്രീ കേരള വർമ്മ കോളജ് എന്നിവിടങ്ങളിൽ പഠനം. ബിഎ ബിരുദമെടുത്തതിന് ശേഷം 1968ൽ കേസരി വാരികയിൽ സബ് എഡിറ്ററായി ജോലിയിൽ ചേർന്നു. 2002 ൽ കേസരി വാരികയുടെ പത്രാധിപരായാണ് നിന്ന് വിരമിച്ചത്.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനിടയിൽ ടാഗോർ ജന്മശതാബ്ദി സംബന്ധിച്ച് നടന്ന സാഹിത്യ മത്സരത്തിൽ പുരസ്‌കാരത്തിന് അർഹനായി. ഓർഗനൈസർ, പാഞ്ചജന്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്ന സുകുമാരൻ 1975-76 കാലഘട്ടത്തിൽ ഹിന്ദുസ്ഥാൻ സമാചാർ, സമാചാർ എന്നീ വാർത്താ ഏജൻസികളുടെ കേരളത്തിന്റെ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.

സംഘകഥ (ആർഎസ്എസ്സിന്റെ ചരിത്രം), ബങ്കിം ചന്ദ്രന്റെ ആനന്ദമഠം (നോവൽ), ഭാരതവിഭജനത്തിന്റെ ചരിത്രം വിവരിക്കുന്ന പാർട്ടീഷ്യൻ ഡെയ്സ്, ആൻ ഇൻട്രൊഡൊക്ഷൻ ടു വേദാസ് തുടങ്ങിയ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. 2007 ൽ പ്രസിദ്ധീകരിച്ച രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങൾ 2010 ൽ പ്രസിദ്ധീകരിച്ച പ്രകൃതി ആത്മനാശനത്തിന്റെ കഥ, അമൃതവചനങ്ങൾ എന്നീ പുസ്തകങ്ങളുടെയും കർത്താവാണ്. 1999 മുതൽ മൂന്ന് വർഷക്കാലം നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ (എൻബിടി) കേന്ദ്രസർക്കാറിന്റെ പ്രതിനിധിയായിരുന്നു.

കോഴിക്കോട് ബിലാത്തികുളം ഹൗസിങ് കോളനിയിലായിരുന്നു താമസം. ഭാര്യ പരേതയായ കെ. സൈരന്ധ്രി (പ്രിൻസിപ്പൽ, പിവി എസ്. കോളേജ്, കോഴിക്കോട്). മക്കൾ: നിവേദിത (കാനഡ), ജയലക്ഷ്മി(ബംഗലുരു). മരുമക്കൾ: നിഷാന്ത് (കാനഡ), പരാഗ് (യുഎസ്എ). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, പരേതരായ ബാലൻ, ദാമോദരൻ, ഭാസ്‌ക്കരൻ, ചന്ദ്രശേഖരൻ, ലീലാമണി.

പി.കെ. സുകുമാരന്റെ നിര്യാണത്തിൽ ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുതിർന്ന ബിജെപി നേതാവ് അഹല്ല്യാ ശങ്കർ, കേസരി പത്രാധിപർ ഡോ.എൻ.ആർ. മധു എന്നിവർ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP