Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അക്ഷരങ്ങളുടെ ലോകത്തോട് വിടപറഞ്ഞ് ലീല പുലിക്കുരുമ്പ യാത്രയായി; ഒരു സാധാരണ വീട്ടമ്മയിൽ നിന്നും എഴുത്തുകാരിയും പ്രസാധകയുമായി വളർന്ന പ്രതിഭ

അക്ഷരങ്ങളുടെ ലോകത്തോട് വിടപറഞ്ഞ് ലീല പുലിക്കുരുമ്പ യാത്രയായി; ഒരു സാധാരണ വീട്ടമ്മയിൽ നിന്നും എഴുത്തുകാരിയും പ്രസാധകയുമായി വളർന്ന പ്രതിഭ

രഞ്ജിത് ബാബു

കണ്ണൂർ: കുടിയേറ്റ മേഖലയിലെ ഒരു സാധാരണ വീട്ടമ്മയായി ജീവിതം നയിക്കേണ്ടിയിരുന്ന ലീല നിരന്തര വായനയിലൂടേയാണ് എഴുത്തുകാരിയും പ്രസാധകയുമായി വളർന്നത്. കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ പുലികുരുമ്പയിലെ ആദംകുഴിയിൽ പൈലിയുടേയും ഏലിക്കുട്ടിയുടേയും അഞ്ച് മക്കളിൽ നാലാമത്തെ മകളാണ് ലീലാമ്മ.

കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം പത്താം ക്ലാസ് പാസായതോടെ തുടർ പഠനം മുടങ്ങി. അതോടെ തയ്യൽ കോഴ്സിന് ചേരുകയായിരുന്നു. അതിനിടയിലെ ഒഴിവു വേള ഉപയോഗപ്പെടുത്തി വായനക്ക് സമയം കണ്ടെത്തി. ഗ്രാമത്തിലെ ഗാന്ധി സ്മാരക വായനശാലയായിരുന്നു ലീലാമ്മയുടെ വായനാശീലത്തിന് പ്രേരകമായത്.

വായനശാലയിലെ പുസ്തകങ്ങൾ വായിച്ച് തീർക്കും മുമ്പ് തന്നെ ലീലാമ്മയിലെ എഴുത്തികാരി ഉണർന്നു. വായനയിൽ നിന്നും ലഭിച്ച പ്രചോദനം ലീലാമ്മയെ എഴുത്തിന്റെ ലോകത്തേക്ക് എത്തിച്ചു. ആനുകാലികങ്ങളിലായിരുന്നു തുടക്കം. അതോടെ ലീലാമ്മ പുതിയ തൂലികാ നാമവും സ്വീകരിച്ചു. ലീല പുലിക്കുരുമ്പ എന്ന പേരിൽ അവർ ശ്രദ്ധേയയായി. 1976 ൽ തൃശ്ശൂരിലെ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ ലീലാമ്മക്ക് എഴുത്തിനോടുള്ള അഭിനിവേശം കൂടി. അന്ന് സമ്മനമായി ലഭിച്ച 125 രൂപ കൊണ്ട് തയ്യൽ മിഷൻ വാങ്ങി. ജോലി ചെയ്തു കൊണ്ടു തന്നെ വരുമാനമുണ്ടാക്കി. അതോടെ വീണ്ടും പഠനം തുടങ്ങി. ഒടുവിൽ അദ്ധ്യാപികയുമായി.

ലൗലി ഡാഫോഡിൽസ് എന്ന നോവൽ അച്ചടിച്ച് പുറത്തിറങ്ങി. അതിന്റെ പ്രകാശനം നിർവ്വഹിച്ചത് ടി. പത്മനാഭനും. തുടർന്ന് അന്തി വിളക്ക്, മുത്ത്, ദശാസന്ധി, നെയ്ത്തിരികൾ, മൗനജ്വാലകൾ എന്നീ നോവലുകൾ ലീലാമ്മയുടേയായി പുറത്ത് വന്നു. കഥ, കവിത, നാടകം, എന്നീ ശാഖകളിൽ മുപ്പതോളം പുസ്തകങ്ങൾ ലീലാമ്മയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രസാധക രംഗത്ത് സിയെന്നസ്. ബുക്സിലൂടെ ലീല മുന്നേറി. തന്റെ രചനകളുടെ ഡി.ടി.പി, എഡിറ്റിഗ്, പ്രൂഫ് റീഡിങ്, എന്നിവയൊക്കെ ലീല സ്വന്തമായി തന്നെ നടത്തി എഴുത്തിന്റെ ലോകത്ത് പുതിയ ചരിത്രം രചിക്കുകയായിരുന്നു.

എന്നാൽ രോഗം അവരെ കാർന്നു തിന്നുകയായിരുന്നു. അതിനിടയിലും പ്രസാധനത്തിന്റെ മികവിന് സിയെന്നസ് ബുക്സിന് ഐ.എസ്. ഒ. അംഗീകാരവും ലഭിച്ചു. മുബൈ മലയാളി സമാജത്തിന്റേതുൾപ്പെടെ നിരവധി ബഹുമതികളും ലീലാ പുലിക്കുരുമ്പയെത്തേടിയെത്തി. രോഗം മൂർച്ചിച്ചപ്പോൾ രണ്ടാമത്തെ മകൻ ശിശിരന്റെ കല്യാണം കഴിഞ്ഞു കാണണമെന്ന ആഗ്രഹം ലീല അറിയിച്ചു. രാവിലെ വിവാഹം നടക്കുകയും ഉച്ചയോടെ ലീല മരണത്തെ പുൽകുകയും ചെയ്തു. റിട്ടയേർഡ് എക്സസൈസ് ഇൻസ്പെക്ടർ എം,. ചന്ദ്രനാണ് ഭർത്താവ്. മൃതദേഹം പുലിക്കുരുമ്പ ചർച്ചിൽ സംസ്‌ക്കരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP