Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

പാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്‌സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെ

പാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്‌സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കവൻട്രി: യു.കെയിൽ നഴ്‌സായ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുൺ (33) ആണ് മരിച്ചത്. യു.കെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ കവന്ററി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അരുൺ ബുധനാഴ്ച രാത്രി നൈറ്റ് ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രി അധികൃതർ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനുള്ളിൽ അരുണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെവിയിൽ ഹെഡ്‌സെറ്റ് വെച്ച് പാട്ടു കേട്ടുകൊണ്ടിരുന്ന നിലയിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം ജോലിക്ക് എത്തേണ്ട സമയം പിന്നിട്ടിട്ടും അരുൺ വരാതായതോടെ ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോഴാണ് 33കാരനായ യുവ നഴ്സിന്റെ മരണം പുറംലോകം അറിഞ്ഞത്. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട യുവാവ് എത്താതായതോടെ കവൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ അധികൃതർ പൊലീസിനെ ബന്ധപ്പെടുക ആയിരുന്നു. 

ഹോസ്പിറ്റലിൽ അറിയിച്ചതോടെ ഐടിയുവിൽ ജോലി ചെയ്യുന്ന അരുണിന്റെ സഹപ്രവത്തകരായ മലയാളികൾ വഴിയാണ് ഇന്നലെ രാത്രി വിരലിൽ എണ്ണാവുന്ന കവൻട്രി മലയാളികൾ വിവരം അറിയുന്നത്. ഇതിനിടെ അരുണിന്റെ നാട്ടിലുള്ള കുടുംബത്തെ ബന്ധപ്പെടാനുള്ള ശ്രമത്തിൽ ലോക്ക്ഡ് ഫേസ്‌ബുക് പ്രൊഫൈലും തടസമായി. അരുണിന്റെ ഭാര്യ ആര്യ നായരുടെ ഫേസ്‌ബുക്കും ലോക്ക് ചെയ്യപ്പെട്ട നിലയിലായിരുന്നു.

ഒടുവിൽ പൊതു സുഹൃത്ത് വഴി കുടുംബത്തെ ബന്ധപെട്ട് അരുൺ ഹോസ്പിറ്റൽ അഡ്‌മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് എന്നു മാത്രമാണ് അറിയിച്ചത്. പിന്നീട് അരുണിന്റെ ബന്ധു കെറ്ററിംഗിൽ ഉണ്ടെന്നു കുടുംബം അറിയിച്ചതിനെ തുടർന്ന് മരണ വിവരം ഈ ബന്ധുവിനോടാണ് ആദ്യം പങ്കിടുന്നത്. ഇദ്ദേഹം വഴിയാണ് ഭാര്യ ഉൾപ്പെടെ കുടുംബത്തെ മരണ വിവരം അറിയിക്കുന്നത്.

ഉറക്കത്തിൽ പാട്ടു കേട്ട് കിടക്കുന്നതിനിടെ മരണം സംഭവിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. ചെവിയിൽ ഹെഡ്‌ഫോൺ കണ്ടെത്തിയിരുന്നതിലാണ് ഈ നിഗമനം. ഇതോടെ ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതം ആയിരിക്കാം യുവ നഴ്‌സിന്റെ മരണത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. 

ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ മുരളീധരൻ നായരുടെയും കുമാരി ശാന്തിയുടെയും മകനായ അരുൺ ഒന്നര വർഷം മുമ്പാണ് കവന്ററിയിൽ എത്തിയത്. പൊതു സമൂഹത്തിൽ അത്ര സജീവമാകാൻ സമയം കിട്ടാതിരുന്നതിനാൽ പരിചയക്കാരും കുറവാണ്. ജോലി സ്ഥലത്തെ സഹപ്രവർത്തകരിൽ ചിലർ മാത്രമാണ് അരുണിനെ അടുത്തറിയുന്നത്.

നഴ്‌സായ ഭാര്യ ആര്യയ്ക്കും അരുൺ ജോലി ചെയ്യുന്ന ആശുപത്രിയിൽ അടുത്തിടെ ജോലി കിട്ടിയിരുന്നു. ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞും ഇതിനായി യുകെയിലേക്ക് വരാനുള്ള വീസ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അരുണിന്റെ ആകസ്മിക മരണം. സൗദിയിൽ ജോലി ചെയ്തിരുന്ന ആര്യ ഇപ്പോൾ നാട്ടിൽ കുടുംബത്തോടൊപ്പമുണ്ട്. ഒഇറ്റി കഴിഞ്ഞ് ഇന്റർവ്യൂവിനായി കാത്തിരിക്കുകയാണ്. എം.എസ് ആതിരയാണ് അരുണിന്റെ സഹോദരി.

ആകസ്മിക മരണം എന്ന നിലയിൽ പോസ്റ്റ്മോർട്ടം ആവശ്യമായതിനാൽ നടപടിക്രമങ്ങൾക്ക് രണ്ടു മുതൽ മൂന്നു ആഴ്ച വരെ സമയം വേണ്ടിവന്നേക്കും എന്ന് കരുതപ്പെടുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനാവശ്യമായ കാര്യങ്ങൾക്കു സഹായകമായി കവൻട്രി മലയാളി സമൂഹവും കൂടെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP