Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; തിരുവനന്തപുരം കാലടിയിലുള്ള വീട്ടിൽ നിന്നും മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി

പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; തിരുവനന്തപുരം കാലടിയിലുള്ള വീട്ടിൽ നിന്നും മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദ പ്രകൃതി ചികിത്സകനായ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിയഞ്ച് വയസായിരുന്നു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി എട്ടരയോടെയാണ് മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്.

കാലടിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു രണ്ടുദിവസമായി ഇദ്ദേഹമുണ്ടായിരുന്നത്. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാവിലെ മുതൽ പനിയും ശ്വാസതടസ്സും ഉണ്ടായിരുന്നതായി വീട്ടിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞു. അദ്ദേഹം ആകെ അവശനായിരുന്നതായും പറയുന്നു.

കോവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. നാട്ടുമരുന്നുകൾ പ്രചരിപ്പിച്ചിരുന്ന മോഹനൻ വൈദ്യരുടെ ചികിത്സാരീതികൾക്ക് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അലോപ്പതി ചികിത്സാരീതിയിക്കെതിരേ വിവാദമായ പ്രസ്താവനകളിലൂടെ ഒട്ടേറെ തവണ വിമർശന വിധേയമായിട്ടുണ്ട്.

കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയതിന് കഴിഞ്ഞ വർഷം മാർച്ചിൽ മോഹനൻ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ചികിത്സ നടത്തുന്നവർക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തുകയും വിതരണം ചെയ്ത മരുന്നുകൾക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയമായ രീതിയിലായിരുന്നു പല രോഗികളേയും മോഹനൻ വൈദ്യർ ചികിത്സിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

ഇരുപതു വയസുമുതൽ പ്രകൃതി ചികിൽസ നടത്തുന്ന ആളായിരുന്നു മോഹനൻ വൈദ്യർ. പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്.മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തിൽ ഊന്നിയാണ് പ്രവർത്തനം. അപൂർവവും ചികിൽസിച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾക്കാണ് ചികിൽസ നൽകിയിരുന്നതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, പല ചികിത്സകളും വിവാദത്തിൽ കലാശിച്ചു

വ്യാജ ചികിത്സ നടത്തിയതിന്റെ പേരിൽ മോഹനൻ വൈദ്യർക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരിൽ ഇഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ ഭേദപ്പെടുത്താമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ വർഷം ചികിത്സ നടത്തുന്നതിനിടെയാണ് ആരോഗ്യവകുപ്പും പൊലീസും ചേർന്ന് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തത്. തുടർന്ന് കുറച്ചുദിവസം വിയ്യൂർ ജയിലിൽ പാർപ്പിച്ചിരുന്നു.

മോഹനൻ വൈദ്യരുടെ പട്ടിക്കാട് ആയുർവേദ ചികിത്സ കേന്ദ്രത്തിൽ ഡി എം ഒ യുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തിയാണ് മോഹനൻ വൈദ്യരെ അന്ന് അറസ്റ്റ് ചെയ്തത്. കോവിഡ് രോഗത്തിന് ചികിത്സ നടത്തുന്നു എന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇതിനു പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.നിപയുടെ കാലത്ത് മരുന്നുണ്ടെന്ന് മോഹനൻ വൈദ്യർ പ്രചരിപ്പിച്ചിരുന്നു.

ചികിത്സ നടത്തിയ ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയതിനെ തുടർന്ന് കായംകുളം പൊലീസ് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. .പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനു പിന്നാലെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP