Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

'മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു': തലേന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റേച്ചൽ അമ്മച്ചി പറഞ്ഞ കാര്യം നിഷ്‌ക്കളങ്കമായി പറയുമ്പോൾ ഗൗരിയമ്മ അറിഞ്ഞില്ല താൻ പ്രധാന സാക്ഷിയാകുമെന്ന്; കരിക്കൻ വില്ല കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയ സുപ്രധാനമൊഴി നൽകിയ ഗൗരിയമ്മ ഓർമയായി; മരണം 98 ാം വയസിൽ തിരുവല്ലയിലെ കൊച്ചുമകളുടെ വസതിയിൽ

'മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു': തലേന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റേച്ചൽ അമ്മച്ചി പറഞ്ഞ  കാര്യം നിഷ്‌ക്കളങ്കമായി പറയുമ്പോൾ ഗൗരിയമ്മ അറിഞ്ഞില്ല താൻ പ്രധാന സാക്ഷിയാകുമെന്ന്; കരിക്കൻ വില്ല കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയ സുപ്രധാനമൊഴി നൽകിയ ഗൗരിയമ്മ ഓർമയായി; മരണം 98 ാം വയസിൽ തിരുവല്ലയിലെ കൊച്ചുമകളുടെ വസതിയിൽ

എസ്.രാജീവ്

തിരുവല്ല : മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു... ഈ വാക്കുകൾ മൊഴിയായി എടുത്ത വിവാദ കൊലക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഗൗരിയമ്മ വിട പറഞ്ഞു. കൊലപാതകത്തിന് തുമ്പുണ്ടാക്കിയ മഞ്ഞാടി കുതിരിക്കാട്ട് മലയിൽ ഗൗരിയമ്മ (98) മരിച്ചു. കരിക്കൻ വില്ല ദമ്പതി വധക്കേസിലെ മുഖ്യസാക്ഷിയായ ഇവർ വൈകിട്ട് നാലിന് കൊച്ചുമകൾ മിനിയുടെ വസതിയിലാണ് മരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.

കേരളക്കരയാകെ ഏറെ കോളിളക്കം സൃഷ്ടിച്ച കരിക്കൻ വില്ല കൊലക്കേസിൽ പ്രതികളെ കുടുക്കിയതും 1980 കാലഘട്ടത്തിലെ സൂപ്പർ ഹീറോ ആയിരുന്ന രവീന്ദ്രനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ ശശികുമാർ ഒരുക്കിയ മദ്രാസിലെ മോൻ എന്ന ചലച്ചിത്രത്തിന് വഴിയൊരുക്കിയതും ഗൗരിയമ്മയെന്ന വീട്ടുജോലിക്കാരി പൊലീസിന് നൽകിയ മൊഴിയായിരുന്നു. മോഹൻലാൽ എന്ന മഹാ പ്രതിഭയും ഈ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ എത്തിയിരുന്നു.

റേച്ചലായി അഭിനയിച്ചത് മലയാള സിനിമയിലെ ഏക്കാലത്തെയും ലേഡീ സൂപ്പർ സ്റ്റാറായ ഷിലയും ജോർജായി അഭിനയിച്ചത് ഭാവാഭിനയ ചക്രവർത്തി കെ പി ഉമ്മറും. 1980 ഒക്ടോബർ ഏഴിന് രാവിലെ വീട്ടുജോലിക്കായി കരിക്കൻവില്ലയിലെത്തിയ ഗൗരിയമ്മ പിന്നിലെ ജനാലയിലൂടെ കണ്ട കാഴ്ച അതിദാരുണമായിരുന്നു. രക്തത്തിൽകുളിച്ചുകിടക്കുന്ന തിരുവല്ല മീന്തലക്കര കരിക്കൻവില്ലയിൽ കെ.സി. ജോർജ്(54), ഭാര്യ റേച്ചൽ(50) ദമ്പതികളുടെ മൃതദേഹങ്ങൾ. റേച്ചലിന്റെ ദേഹത്ത് പിടിഒടിഞ്ഞ കത്തി കുത്തിയിറക്കിയ നിലയിൽ. പിന്നീട് സിനിമവരെയായ കരിക്കൻവില്ല കൊലക്കേസ് ഗൗരിയമ്മയിലൂടെ പുറംലോകം അറിഞ്ഞു. തിരുവല്ല മീന്തലക്കര കരിക്കൻവില്ലയിൽ കെ.സി. ജോർജും ഭാര്യ റേച്ചലും വിദേശജോലി മതിയാക്കിയാണ് നാട്ടിൽ മടങ്ങിയെത്തിയത്. ദമ്പതിമാർക്ക് മക്കളില്ലായിരുന്നു. ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ഗൗരിയമ്മ.

നിരവധിപേരെ ചോദ്യം ചെയ്തതിനിടെയാണ് ഗൗരിയമ്മയുടെ മൊഴി പൊലീസ് വിശദമായി പരിശോധിച്ചത്. ജോർജിന്റെ അകന്ന ബന്ധുവായ റെനി ജോർജാണ് കൊലക്കുപിന്നിലെ മുഖ്യനെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മദ്രാസിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്സ് പഠിക്കുകയായിരുന്നു റെനി. സംഭവത്തിന് തലേന്ന് ജോലികഴിഞ്ഞ് പോകുമ്പോൾ മദ്രാസിലെ മോൻ വരുമെന്ന് റേച്ചൽ ഗൗരിയമ്മയോട് പറഞ്ഞിരുന്നു. റെനിയും കൂട്ടുകാരായ മൗറീഷ്യസ് സ്വദേശി ഗുലാം മുഹമ്മദ്, മലേഷ്യക്കാരനായ ഗുണശേഖരൻ, കെനിയക്കാരാനായ കിബ്ലോ ദാനിയേൽ എന്നിവർ ചേർന്ന് കറിക്കൊത്തികൊണ്ട് ദമ്പതിമാരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സിബി മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ലഹരിക്കടിപ്പെട്ട പ്രതികൾ ആർഭാട ജീവിതം നിയക്കുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനിടെ കത്തികൊണ്ട് റെനിയുടെ കൈഞരമ്പ് മുറിഞ്ഞു.

മടങ്ങിപ്പോകുംവഴി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടിയിരുന്നു. പൊലീസ് വേഷം മാറി മദ്രാസിൽ ചെന്നാണ് പ്രതികളെ പിടിച്ചത്. കരിക്കൻവില്ലയിലെ പരിശോധനയിൽ വിദേശനിർമ്മിത ഷൂസ് ഇട്ട് നടന്നതിന്റെ അടയാളങ്ങൾ പൊലീസ് ലഭിച്ചിരുന്നു. പ്രധാന പ്രതിയുടെ വിദേശ സുഹൃത്തുക്കളുടെ ബന്ധം ഇതിലൂടെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികൾക്ക് ആലപ്പുഴ സെഷൻസ് കോടതി വധശിക്ഷ വിധിച്ചെങ്കിലും മേൽക്കോടതി പിന്നീട് ജീവപര്യന്തമായി കുറച്ചു. 1995 ജൂൺ 23-ന് ശിക്ഷാ കാലവധി കഴിഞ്ഞ് പ്രതികൾ പുറത്തിറങ്ങി. ജയിലിൽവെച്ച് സുവിശേഷകനായി മാറിയ റെനി പിന്നീട് ബെംഗളൂരുകേന്ദ്രമാക്കി സാമൂഹ്യപ്രവർത്തനം തുടർന്നു. റെനിയുടെ മാനസാന്തരം ചൂണ്ടിക്കാട്ടി വധശിക്ഷയ്ക്കെതിരെയുള്ള ചർച്ചകളും അക്കാലത്ത് സജീവമായിരുന്നു. 1982-ൽ കരിക്കൻവില്ലയെ അടിസ്ഥാനമാക്കി മദ്രാസിലെ മോൻ എന്ന ചിത്രവും ഇറങ്ങി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ബുധനാഴ്ചയാണ് ഗൗരിയമ്മ അന്തരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP