Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ; വിടവാങ്ങുന്നത് ആധുനിക മലയാള നാടകവേദിയെ പരീക്ഷണങ്ങളിലൂടെ നവീകരിച്ച ബഹുമുഖ പ്രതിഭ; കലാകേരളത്തിന് ഇത് തീരാനഷ്ടം

നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ; വിടവാങ്ങുന്നത് ആധുനിക മലയാള നാടകവേദിയെ പരീക്ഷണങ്ങളിലൂടെ നവീകരിച്ച ബഹുമുഖ പ്രതിഭ; കലാകേരളത്തിന് ഇത് തീരാനഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ (88) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായുന്നു അന്ത്യം. ഏതാനും ദിവസമായി വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം. തനതു നാടോടി കലാരൂപങ്ങളെ മലയാള നാടകവേദിയിലേക്ക് ഉൾച്ചേർത്തു. അവനവൻ കടമ്പ, ദൈവത്താർ, സാക്ഷി എന്നിവയാണ് പ്രമുഖ നാടകങ്ങൾ. മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപ്പണിക്കർ നാടകകൃത്ത്, കവി, സംവിധായകൻ, സൈദ്ധാന്തികൻ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ സ്വത്വമുള്ള ഒരു തിയേറ്ററും അവതരണവും ഉൾക്കൊള്ളുന്ന നാടകപ്രവർത്തനത്തിൽ വ്യാപരിച്ച കലാകാരനാണ് വിടവാങ്ങുന്നത്. അനവധി നാടകങ്ങൾ അത്തരത്തിൽ അരങ്ങിലെത്തിച്ച്, നാട്യകലയുടെ സൂക്ഷമവും അഗാധവുമായ അന്വേഷണത്തെ സാർത്ഥകമാക്കി, ഭാരതീയ നാടക പാരമ്പര്യത്തോട് പ്രതിബദ്ധത കാട്ടിയ കാലാകാരനാണ് കാവാലം നാരായണപ്പണിക്കർ. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കർ. നാടകകൃത്ത്, കവി, സംവിധായകൻ, സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ശാരദാമണി.പരേതനായ കാവാലം ഹരികൃഷ്ണൻ,പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനാണ്. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു. കാവാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളിൽ നിന്നു പഠനം കഴിഞ്ഞ് കോട്ടയം സിഎംഎസ് കോളേജ് (ഇന്റർമീഡിയറ്റ്), ആലപ്പുഴ എസ് ഡി കോളേജ് (ബി.എ. എക്കണോമിക്‌സ്), മദ്രാസ് ലോ കോളേജ് (നിയമബിരുദം) എന്നിവിടങ്ങളിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1955 മുതൽ വക്കീൽ ആയി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ആറു വർഷം അതു തുടർന്നു. പിന്നീട് നാടകരംഗത്തേക്കു ചുവടുമാറ്റി.

ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നല്കി. 1968ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത് കാവാലമാണ്. ഇബ്സനിസ്റ്റുരീതി പിന്തുടർന്ന മലയാളനാടകവേദിയിൽ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്.

മലയാളിയുടെ ആത്മഭാവമായി മാറാൻ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്നുമുള്ള ചിന്തയിൽ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്‌കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ.

കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവർമ്മ, ചലച്ചിത്രസംവിധായകൻ ജി. അരവിന്ദൻ എന്നിവരാണ്. പില്ക്കാലനാടകങ്ങൾ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. സാക്ഷി, അവനവൻ കടമ്പ, ദൈവത്താർ, കരിങ്കുട്ടി, തിരനോട്ടം, പ്രേമരശ്മി, ഭൂതം, തിരുമുടി, കോയ്മ, തെയ്യത്തെയ്യം, മരുകിടാത്തി തുടങ്ങി ഇരുപതിലേറെ നാടകങ്ങളും കുട്ടികൾക്കായി കുമ്മാട്ടി, ചക്കീചങ്കരം തുടങ്ങി അഞ്ച് നാടകങ്ങളും രചിച്ചു. ഭാസന്റേതുൾപ്പെടെ ഒട്ടനേകം നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. സോപാനത്തിനുവേണ്ടി പതിനെട്ടിലേറെ നാടകങ്ങളും കേരള കലാമണ്ഡലം, കാളിദാസ അക്കാദമി, നൃത്തലയ ഈസ്‌തെറ്റിക് സൊസൈറ്റി, നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ, യൂനിവേഴ്‌സിറ്റി ഒഫ് വിസ്‌കോൺസിൽ (അമേരിക്ക) എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങൾക്കു വേണ്ടി പത്തിലേറെ നാടകങ്ങളും സംവിധാനം ചെയ്തു.

രതിനിർവേദം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി. തുടർന്നു വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി തുടങ്ങിയ പടങ്ങൾക്ക് ഗാനരചന നിർവഹിച്ചു.1978 ലും 1982 ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ബാല്യകാലസഖി' എന്ന ചിത്രത്തിനാണ് ഏറ്റവും ഒടുവിലായി പാട്ടെഴുതിയത്. 1975ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ൽ പത്മഭൂഷൺ പുരസ്‌കാരം നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. 2009ൽ വള്ളത്തോൾ പുരസ്‌കാരവും ലഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP