Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെയിംസ് ബോണ്ടായി ആദ്യം വെള്ളിത്തിരയിലെത്തിയ സർ ഷോൺ കോണറി അന്തരിച്ചു; 90കാരനായ അഭിനയപ്രതിഭ മരണത്തിന് കീഴടങ്ങിയത് ഉറക്കത്തിനിടെ

ജെയിംസ് ബോണ്ടായി ആദ്യം വെള്ളിത്തിരയിലെത്തിയ സർ ഷോൺ കോണറി അന്തരിച്ചു; 90കാരനായ അഭിനയപ്രതിഭ മരണത്തിന് കീഴടങ്ങിയത് ഉറക്കത്തിനിടെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിലൂടെ വിശ്വപ്രസിദ്ധനായ ബ്രിട്ടീഷ് നടൻ സർ ഷോൺ കോണറി അന്തരിച്ചു. ബഹമാസിൽ വെച്ച് ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 90കാരനായ ഷോൺ കോണറി കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. ആദ്യ ജെയിംസ് ബോണ്ട് നായകനെന്ന വിശേഷമുള്ള നടനാണ് ഷോൺ കോണറി. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും കോണറിയാണ്.

ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജയിംസ് ബോണ്ടായി വേഷമിട്ടത്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിങ്കർ, തണ്ടർബോൾ, യു ഒൺലി ലീവ് ടൈ്വസ്, ഡയമണ്ട് ആർ ഫോറെവർ, നെവർ സേ നെവർ എഗെയിൻ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങൾ. ജയിംസ് ബോണ്ട് ചിത്രങ്ങൾക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബർ, ഇന്ത്യാന ജോൺസ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്‌കർ, ബാഫ്ത. ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ജെയിംസ് ബോണ്ട് വേഷങ്ങളിൽനിന്ന് പിന്മാറിയ ശേഷം ദി അൺടച്ചബിളിലെ ഉജ്വല കഥാപാത്രവുമായാണ് കോണറി ഹോളിവുഡിൽ തിരിച്ചെത്തിയത്. പിന്നീട് തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലൂടെ അദ്ദേഹം അഭിനയജീവിതം തുടർന്നു. 1986-ൽ ഇറ്റാലിയൻ നോവലിസ്റ്റായ ഉംബർട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാൻസിസ്‌കൻ സന്യാസിയുടെ വേഷത്തിൽ തിളങ്ങിയ കോണറി ദ റോക്ക് എന്ന ചിത്രത്തിൽ 13 വർഷത്തിനു ശേഷവും അതേ തീവ്രതയോടെ സ്‌ക്രീനിൽ നിറഞ്ഞുനിന്നു. ലോർഡ് ഓഫ് ദ റിങ്‌സ്, മാട്രിക്‌സ് തുടങ്ങിയവ കോണറി വേണ്ടെന്നുവെച്ച സിനിമകളും ബോക്‌സോഫിസിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. ഒട്ടേറെ ആനിമേഷൻ സിനിമകളിടെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും കോണറി സിനിമാപ്രേക്ഷകരുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടി.

1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്‌ലൻഡിലെ എഡിൻബറോയിലാണ് ഷോൺ കോണറി ജനിച്ചത്. തോമസ് ഷോൺ കോണറി എന്നാണ് മുഴുവൻ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തിൽ സർ പദവി അദ്ദേഹത്തിന് സമ്മാനിച്ചു. 1988ൽ മികച്ച സഹ നടനുള്ള ഓസ്‌കാർ പുരസ്‌കാരവും ബാഫ്ത, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP