Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

വടകര മുൻ എംഎൽഎ എം കെ പ്രേംനാഥ് അന്തരിച്ചു; അന്ത്യം അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

വടകര മുൻ എംഎൽഎ എം കെ പ്രേംനാഥ് അന്തരിച്ചു; അന്ത്യം അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

ജയപ്രകാശ് നാരായണനുൾപ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്മെന്റുകളിൽ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്. ഏറെക്കാലം വടരകരയിൽ സജീവ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെച്ചു. എൽ.ജെ.ഡി. രൂപവത്കൃതമായശേഷം പാർട്ടി സീനിയർ വൈസ് പ്രസിഡന്റായി.

വിദ്യാർത്ഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമാണ് സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ പ്രേംനാഥ്. സോഷ്യലിസ്റ്റ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. മടപ്പള്ളി ഗവ.കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം കേരള സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഭാരതീയ വിദ്യാഭവനിൽനിന്ന് പത്രപ്രവർത്തനത്തിൽ പി.ജി.ഡിപ്ലോമയും കരസ്ഥമാക്കി.

സ്വതന്ത്ര വിദ്യാർത്ഥി സംഘടനയുടെ (ഐ.എസ്.ഒ.) സംസ്ഥാന പ്രസിഡന്റായിരുന്നു. യുവജനതാദൾ സംസ്ഥാന സെക്രട്ടറിയായും ദേശീയസമിതി അംഗമായും പ്രവർത്തിച്ചു. ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1976-ൽ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അന്ന് പൊലീസ് മർദ്ദനത്തിന് ഇരയായി. ഒട്ടേറെ വിദ്യാർത്ഥി-യുവജനസമരങ്ങൾക്കും നേതൃത്വം നൽകി.

2006-ൽ വടകര മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ൽ വടകരയിൽനിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും സി.കെ.നാണുവിനോട് പരാജയപ്പെട്ടു. വടകര റൂറൽ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപർ, തിരുവനന്തപുരം പാപ്പനംകോട് എൻജിനീയറിങ് കോളേജ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. 'സ്വാതന്ത്ര്യം തന്നെ അമൃതം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽനിന് നിയമബിരുദം നേടിയ ഇദ്ദേഹം വടകര ബാറിലെ അഭിഭാഷകനായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടി.സി.പ്രഭ. മകൾ: ഡോ.പ്രിയ. മരുമകൻ: കിരൺ കൃഷ്ണ (ദുബായ്). സഹോദരങ്ങൾ: ബാബു ഹരിപ്രസാദ്, ശോഭന, രമണി, പരേതരായ സേതുകൃഷ്ണൻ, ചന്ദ്രമണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP