Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

ആയുർവേദ ആചാര്യൻ ഡോ. പി.കെ. വാര്യർ അന്തരിച്ചു; കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിങ് ട്രസ്റ്റിയുടെ അന്ത്യം വസതിയിൽ വെച്ച്; നൂറാം പിറന്നാൾ വിപുലമായി ആഘോഷിച്ചത് കഴിഞ്ഞ മാസം; വിട വാങ്ങിയത് രാജ്യം പത്മഭൂഷൺ പുരസ്‌ക്കാരം നൽകി ആദരിച്ച മഹനീയ വ്യക്തിത്വം; ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കർമ്മയോഗിക്ക് പ്രണാമം

ആയുർവേദ ആചാര്യൻ ഡോ. പി.കെ. വാര്യർ അന്തരിച്ചു; കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിങ് ട്രസ്റ്റിയുടെ അന്ത്യം വസതിയിൽ വെച്ച്; നൂറാം പിറന്നാൾ വിപുലമായി ആഘോഷിച്ചത് കഴിഞ്ഞ മാസം; വിട വാങ്ങിയത് രാജ്യം പത്മഭൂഷൺ പുരസ്‌ക്കാരം നൽകി ആദരിച്ച മഹനീയ വ്യക്തിത്വം; ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കർമ്മയോഗിക്ക് പ്രണാമം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടക്കൽ: ആയുർവേദാചാര്യൻ പത്മഭൂഷൺ ഡോ. പികെ വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു. കോട്ടക്കലെ വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഇക്കഴിഞ്ഞ ജൂൺ എട്ടാം തീയ്യതിയാണ് അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്.

പന്നിയമ്പള്ളി കൃഷ്ണൻ കുട്ടി വാരിയർ എന്ന പേര് പികെ വാരിയർ എന്ന് ചുരുങ്ങിയപ്പോൾ വികസിച്ചത് ആയുർവേദവും കോട്ടക്കൽ ആര്യ വൈദ്യശാലയുമാണ്. ഇന്ന് ആയുർവേദം എന്നാൽ കോട്ടക്കലും, കോട്ടക്കൽ എന്നാല് പികെ വാരിയറുമാണ്. 1921 ൽ ജനനം. അച്ഛൻ കോടി തലപ്പണ ശ്രീധരൻ നമ്പൂതിരി, അമ്മ പാർവതി വാരസ്യാർ എന്ന കുഞ്ചി. അമ്മാവൻ വൈദ്യരത്നം പിഎസ് വാരിയർ. ആയുർവേദത്തിന്റെ തലവര തന്നെ മാറ്റി എഴുതിയ പികെ വാരിയർ, 1954 മുതൽ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനത്ത് തുടരുകയായിരുന്നു.

കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലൂം കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കൽ ആയുർവേദ പാഠശാലയിൽ 'ആര്യവൈദ്യൻ' കോഴ്‌സിന് പഠിച്ചു. ആയുർവേദ പഠന സമയത്ത് നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എൻ.വി. കൃഷ്ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.

ആയുർവേദത്തിന്റെ അടിസ്ഥാന സത്തകൾ നില നിർത്തിക്കൊണ്ട് തന്നെ ആധുനികവൽക്കരണത്തെ ഒപ്പം കൂട്ടി പികെ വാരിയർ. ആധുനിക മരുന്ന് നിർമ്മാണ പ്ലാന്റുകളിൽ നിന്ന് കഷായവും തൈലവും ഭസ്മങ്ങളും ഗുളികയും ജെല്ലും ക്യാപ്‌സ്യൂളും ഒക്കെ ആയി വിപണിയിൽ എത്തി. കഴിക്കുന്നവരുടെ സൗകര്യം കൂടി പരിഗണിച്ച് എന്നാല് മരുന്നുകളുടെ നിലവാരം ഉറപ്പ് വരുത്തി ആയിരുന്നു ഈ തീരുമാനം. കോട്ടക്കലിന് പുറമെ കേരളത്തിലെ വിവിധ നഗരങ്ങളിലും ഡൽഹി, മുംബൈ, ബാംഗളൂർ തുടങ്ങി രാജ്യത്തെ പ്രധാന ഇടങ്ങളിലും ആയുർവേദ ആശുപത്രികൾ തുടങ്ങി. പ്രധാനമന്ത്രിമാർക്കും പ്രസിഡണ്ട് മാർക്കും ഒപ്പം കടൽ കടന്നെത്തുന്ന നിരവധി അനവധി രാജ്യങ്ങളിലെ ആളുകളും ആയുർവേദ ത്തിന്റെ മഹത്വം അറിഞ്ഞു,അവരുടെ ആയുർവേദവും കോട്ടയ്ക്കൽ ആര്യവൈദ്യശാല യും ദിക്കുകൾ കീഴടക്കി.

ഗവേഷണങ്ങൾ നടത്തി സ്വയം നവീകരിച്ച് ആയുർവേദത്തെ കാലാനുസൃതമായി നിലനിർത്തുന്നതിലും പി കെ വാര്യരുടെ ദീർഘദർശനം തന്നെ തെളിഞ്ഞു.പികെ വാരിയരുടെ കാൻസർ ചികിത്സ ഒട്ടേറെ പേർക്ക് ആണ് ആശ്വാസം ആയത്. കവയിത്രി കൂടിയായ ഭാര്യ മാധവിക്കുട്ടി 1997 ൽ അന്തരിച്ചു. മക്കൾ ഡോ.കെ.ബാലചന്ദ്ര വാരിയർ, അന്തരിച്ച കെ.വിജയൻ വാരിയർ, സുഭദ്രാ രാമചന്ദ്രൻ. 1999 ൽ പത്മശ്രീ, 2010 ൽ പത്മഭൂഷൺ, കൂടാതെ നിരവധി അവാർഡുകളും ഈ മഹാവൈദ്യപ്രതിഭയെ തേടിവന്നിട്ടുണ്ട്.

ആയുർവേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കൽ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പി.കെ. വാര്യർ പാരമ്പര്യ വിധികളിൽനിന്ന് വ്യതിചലിക്കാതെതന്നെ ശാസ്ത്ര സാങ്കേതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച് ആയുർവേദ കേരളത്തിന്റെ 'തലസ്ഥാന'മാക്കി കോട്ടക്കലിനെ മാറ്റുകയായിരുന്നു. ആയുർവേദ രംഗത്തെ കോർപറേറ്റ് മത്സരങ്ങൾക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെ തന്നെ ഒരു ട്രസ്റ്റ് ആയി ഇന്നും നിലനിൽക്കുന്നു കോട്ടക്കൽ ആര്യവൈദ്യശാല.

'സ്മൃതിപർവം' അദ്ദേഹത്തിന്റെ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ 'പാദമുദ്രകൾ' പോലെ മറ്റു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പല അക്കാദമിക് കൗൺസിലുകളിലും അംഗമായി. ഓൾ ഇന്ത്യ ആയുർവേദിക് കോൺഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്‌സ് റിസർച്ചിന്റെ (സി.എംപി.ആർ) പ്രോജക്ട് ഓഫിസർകൂടിയാണ് അദ്ദേഹം. കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ് ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യർ, കെ. വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP