Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

സംവിധായിക വിധു വിൻസന്റിന്റെ അച്ഛൻ അന്തരിച്ചു; എം പി വിൻസന്റിന്റെ അന്ത്യം ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ; സംസ്‌ക്കാരം ബുധനാഴ്‌ച്ച കൊല്ലത്ത്

സംവിധായിക വിധു വിൻസന്റിന്റെ അച്ഛൻ അന്തരിച്ചു; എം പി വിൻസന്റിന്റെ അന്ത്യം ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ; സംസ്‌ക്കാരം ബുധനാഴ്‌ച്ച കൊല്ലത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംവിധായിക വിധു വിൻസന്റിന്റെ അച്ഛൻ എംപി വിൻസന്റ് അന്തരിച്ചു. 81 വയസായിരുന്നു. കുറച്ചുനാളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച കൊല്ലത്ത് നടക്കും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ വിധു വിൻസന്റ് തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്.


വിധു വിൻസന്റ് പങ്കുവച്ച കുറിപ്പ്


എന്റെ പപ്പാ M P വിൻസന്റ് (81) ഇന്നു പുലർച്ചെ ഞങ്ങളെ വിട്ടു പോയി. കുറച്ചധികം നാളായി ശ്വാസകോശ സംബന്ധമായ അസുഖങളാൽ ബുദ്ധിമുട്ടിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച (08 - 03 - 2023 ) വൈകിട്ട് 3.30 ന് കൊല്ലത്ത് .എന്റെ എല്ലാ കുത്സിത പ്രവർത്തനങ്ങൾക്കും പിന്തുണ പപ്പയായിരുന്നു. മാൻ ഹോൾ സിനിമയുടെ നിർമ്മാണത്തിൽ വരെ എത്തിയ വൻപിന്തുണ. പെൺ മക്കളെ വിവാഹം കഴിപ്പിച്ചയക്കാനും ചിലപ്പോ പഠിപ്പിക്കാനും കാശ് ചെലവാക്കാൻ മാതാപിതാക്കൾ തയ്യാറാവും .പക്ഷേ മകള് സിനിമ പിടിക്കാൻ പോണു എന്നു പറയുമ്പോ ഇതിരിക്കട്ടെ എന്നു പറയുന്ന അച്ഛന്മാരെ / അമ്മമാരെ ഞാൻ കണ്ടിട്ട് തന്നെയില്ല.

അങ്ങനെ പറയാനുള്ള യാതൊരു സമ്പത്തുമില്ലാതിരുന്നിട്ടും പപ്പ അതു ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിലെ comradery യെ ഞാൻ തിരിച്ചറിഞ്ഞത്. അരിക് വല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ സിനിമക്ക് കച്ചവട സാധ്യത ഇല്ലെന്നറിഞ്ഞിട്ടും പെൻഷൻ കാശ് എടുത്തു തന്നു അദ്ദേഹം... ഒരു പാടൊന്നും സംസാരിക്കില്ലെങ്കിലും അദ്ദേഹം തന്ന പണം കൊണ്ട് നിർമ്മിച്ച സിനിമ സംസാരിച്ചു കൊള്ളുമെന്ന ഒരു ദീർഘദർശനം പപ്പായ്ക്കുണ്ടായിരുന്നുവോ? എന്നെ ഞാനാക്കുന്ന ഓരോ ഘടകത്തിലും പപ്പയുടെ സ്വാധീനം അത്രമേൽ ഉണ്ടെന്നത് ഞാൻ വൈകി മാത്രം തിരിച്ചറിഞ്ഞ ഒരു കാര്യമാണ്.

ചിന്തകളിൽ , എഴുത്തിൽ, വായനയിൽ ഒക്കെ പപ്പാ വലിയൊരു സ്വാധീനമായിരുന്നു. വാടക വീടുകളിലെ ഞെരുക്കങ്ങൾക്കിടയിലും തവണ വ്യവസ്ഥയിൽ പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് റഷ്യൻ കഥാ പുസ്തകങ്ങൾ കൃത്യമായി വാങ്ങി കുട്ടികളായ ഞങൾക്ക് തരുന്ന കാര്യത്തിൽ ഒരു മുടക്കവും വരുത്താതിരുന്ന വിൻസന്റ് മാഷ് .. ചുക്കും ഗെക്കുമായി വേഷം മാറി കളിച്ചിരുന്ന സഹോദരനും ഞാനും , ചിലപ്പോ തീപ്പക്ഷി യിലെ ഇവാൻ രാജകുമാരനും തവള രാജകുമാരിയുമായി , മറ്റ് ചിലപ്പോ ചെക്കോവ്‌ന്റെ വാൻകയായി.. കളി കാര്യമായി അടി പിടിയാകുന്നതോടെ പപ്പ ബാബയാഗ മന്ത്രവാദിയായി ചൂരൽ വടിയുമായെത്തും.

പപ്പാ..എനിക്കും വിനുവിനും വീണ്ടും ചുക്കും ഗെക്കുമാകണം ... അച്ഛനെ കാണാൻ കൊതിച്ച്..സൈബീരിയൻ മഞ്ഞ് കാടുകളിൽ അച്ഛനെ തിരഞ്ഞു പോയ ആ കുട്ടികളെ പോലെ .....
We miss you..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP