Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളും വിഫലമായി അഫീൽ ജോൺസൺ മരണത്തിന് കീഴടങ്ങി; ഹാമർ ത്രോ മത്സരത്തിന്റെ ഹാമർ വന്നിടിച്ചതോടെ തലയോട്ടി പൊട്ടി തലച്ചോർ ഉള്ളിലേക്കമർന്നു; പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥിയുടെ മരണം സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെയുണ്ടായ അപകടത്തെ തുടർന്ന്

ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളും വിഫലമായി അഫീൽ ജോൺസൺ മരണത്തിന് കീഴടങ്ങി; ഹാമർ ത്രോ മത്സരത്തിന്റെ ഹാമർ വന്നിടിച്ചതോടെ തലയോട്ടി പൊട്ടി തലച്ചോർ ഉള്ളിലേക്കമർന്നു; പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥിയുടെ മരണം സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെയുണ്ടായ അപകടത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കായികമേളയ്ക്കിടെ മൂന്നു കിലോഗ്രാം ഭാരമുള്ള ഹാമർ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ അഫീൽ ജോൺസൺ (16) മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥിയുടെ മരണം. നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഒക്ടോബർ നാലാം തീയതി ഉച്ചയ്ക്കാണ് അപകടം നടന്നത്. പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥിയാണ് അഫീൽ ജോൺസൺ. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജിന്റെ മകനാണ് അഫീൽ.

മത്സരങ്ങൾ കണ്ട് നിന്ന വിദ്യാർത്ഥിയാണ് അപകടത്തിൽ പെട്ടത്. ഹാമർ ത്രോ മത്സരം നടക്കുന്നതിനു സമീപത്തുതന്നെ ജാവലിൻ ത്രോ മത്സരവും നടന്നിരുന്നു. ജാവലിൻ മത്സരം കണ്ടുനിന്ന അഫീലിന്റെ തലയിൽ ഹാമർ പറന്നു വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അഫീൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നൽകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.

അത്‌ലറ്റിക് മീറ്റിലെ വാളണ്ടിയറായിരുന്നു അഫീൽ ജോൺസൺ. ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന വിദ്യാർത്ഥിയുടെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഹാമർ പതിച്ച് അഫീലിന്റെ തലയോട്ടി തകർന്നു. ഉടൻ തന്നെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയമാണ് നടത്തിയത്. ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്ത് നടത്തിയ മത്സരങ്ങൾക്ക് പക്ഷേ ഉണ്ടായിരുന്നത് ഒരു ഫിനിഷിങ് പോയിന്റ്. എന്നാൽ സംഘാടകർ ആരോപണം നിഷേധിച്ചിട്ടുണ്ട്

തലയോട്ടി പൊട്ടിച്ചിതറി തലച്ചോർ ഉള്ളിലേക്ക് അമർന്ന നിലയിലായതിനാൽ അഫീലിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ അറിയിച്ചിരുന്നു. സംഭവത്തെപ്പറ്റി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കലക്ടറോട് അടിയന്തിര റിപ്പോർട്ട് തേടിയിരുന്നു. അഫീലിന് എല്ലാ ചികിത്സാ സൗകര്യവും സർക്കാർ ഒരുക്കുമെന്നു കായിക മന്ത്രി ഇ.പി.ജയരാജൻ വ്.ക്തമാക്കിയിരുന്നു. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണു മത്സരം സംഘടിപ്പിച്ചതെന്നാണ് കേരള അത്ലറ്റിക് അസോസിയേഷന്റെ വിശദീകരണം.

വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും കായിക വകുപ്പ് നിയമിച്ചിരുന്നു. സംഘാടകർ ഒരേ സമയം നിരവധി മത്സരങ്ങൾ നടത്തിയെന്നും മൂന്ന് ദിവസം കൊണ്ട് മുഴുവൻ മത്സരങ്ങളും തീർക്കാൻ ശ്രമിച്ചുവെന്നും സമിതി കുറ്റപ്പെടുത്തിയിരുന്നു. സംഘാടകർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP