Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കവേ; അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് ശബ്ദം നൽകിയ കലാകാരി

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കവേ; അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് ശബ്ദം നൽകിയ കലാകാരി

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കം (84) അന്തരിച്ചു. ഇന്ന് രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. സംസ്‌കാരം പിന്നീട് നടക്കും.

കോട്ടയം വേളൂർ തിരുവാതുക്കൽ ശരത്ചന്ദ്രഭവനിൽ കുഞ്ഞുക്കുട്ടൻ-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പിൽക്കാലത്ത് പാലാ തങ്കം എന്ന പേരിൽ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ഏഴാംതരം വരെ മാത്രം പഠിച്ചിട്ടുള്ള പാലാ തങ്കം ജോൺ ഭാഗവതർ, രാജഗോപാലൻ ഭാഗവതർ, വിജയൻ ഭാഗവതർ എന്നിവരുടെ ശിക്ഷണത്തിൽ പത്തു വയസ് മുതൽ സംഗീതപഠനത്തിൽ ശ്രദ്ധയൂന്നി. തുടർന്ന് ചങ്ങനാശേരിയിൽ എൽ.പി.ആർ. വർമ്മയുടെ ശിക്ഷണത്തിൽ സംഗീതപഠനം നടത്തി.

സിനിമകളിൽ അഭിനയത്തിന് പുറമേ ഡബ്ബിങ് രംഗത്തു ശോഭിച്ച താരമായിരുന്നു ഇവർ. പതിനഞ്ചാമത്തെ വയസിൽ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിൻസെന്റിന്റെ 'കെടാവിളക്ക്' എന്ന ചിത്രത്തിൽ 'താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി' എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നു. ചെന്നൈയിലായിരുന്നു റെക്കോർഡിങ്. തുടർന്ന് നിരവധി ചിത്രങ്ങൾക്കും നാടകങ്ങൾക്കും പാടി. പാലായിലെ പള്ളികളിലെയും അമ്പലങ്ങളിലെയും ഏകാംഗനാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്. നാടകങ്ങൾക്ക് പ്രധാന കഥാപാത്രത്തിന് ജീവൻ നൽകുന്നത് തങ്കമായിരുന്നു. എൻ.എൻ. പിള്ളയുടെ 'മൗലികാവകാശം' എന്ന നാടകത്തിൽ എൻ.എൻ. പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് കടന്നുവന്നത്.

വിശ്വകേരള കലാസമിതി, ചങ്ങനാശേരി ഗീഥ, പൊൻകുന്നം വർക്കിയുടെ കേരള തീയറ്റേഴ്‌സ് എന്നിവിടങ്ങളിലും തുടർന്ന് കെ.പി.എ.സി.യിലും എത്തി. 'ശരശയ്യ'യാണ് കെ.പി.എ.സി.യിൽ അഭിനയിച്ച ആദ്യനാടകം. കെ.പി. ഉമ്മർ, സുലോചന, അടൂർ ഭവാനി, കൃഷ്ണപിള്ള എന്നിവരോടൊപ്പവും കെ.പി.എ.സി.യുടെ പഴയ നാടകങ്ങളിൽ കെ.എസ്. ജോർജ്ജിനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. 'അന്വേഷണം' എന്ന സിനിമക്ക് വേണ്ടി എസ്. ജാനകിക്കൊപ്പം പാടി. സിനിമ അഭിനയത്തിലേക്കുള്ള ആദ്യ കാൽവയ്പ് 'കെടാവിളക്കി'ലായിരുന്നു. ഈ സിനിമയിലെ വിളക്കുകത്തിക്കുന്ന സീനിൽ തിരി തെളിച്ചുകൊണ്ടായിരുന്നു തങ്കത്തിന്റെ പ്രവേശം. വാസു സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം.

ഉദയ സ്റ്റുഡിയോയിൽ 'റബേക്ക'യിൽ അഭിനയിക്കുന്നതിനൊപ്പം ഇതേ ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റുമായി. ബി.എസ്. സരോജക്കും ഗ്രേസിക്കുമാണ് ശബ്ദം നൽകിയത്. ആലപ്പി വിൻസെന്റ് പടങ്ങളിലും ഭാസ്‌കരൻ മാസ്റ്ററുടെ 'തുറക്കാത്ത വാതിലിലും' അഭിനയിച്ചു. ശാരദ, സത്യൻ, രാഗിണി തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ശശികുമാറിന്റെ 'ബോബനും മോളി'ക്കുമായി ബേബി സുമതിക്കും മാസ്റ്റർ ശേഖറിനും ശബ്ദം നൽകിയതും പാലാ തങ്കമാണ്. അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് പാലാ തങ്കം ശബ്ദം നൽകി. ബാലൻ കെ നായരുടെ യാഗാഗ്നി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

കേരള പൊലീസിൽ എസ്‌ഐ ആയിരുന്ന ശ്രീധരൻ തമ്പിയാണ് തങ്കത്തിന്റെ ഭർത്താവ്. 25 വർഷം മുമ്പ് അദ്ദേഹം മരിച്ചു. മകൾ പരേതയായ അമ്പിളി ഡബ്ബിങ് ആർട്ടിസ്റ്റാണ്. കേരള സംഗീതനാടക അക്കാദമി 2018 ൽ ഗുരുപൂജാ പുരസ്‌കാരം നൽകി ആദരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP