Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിന്റെ ജനനായകൻ വി എസ് തന്നെ; 39.5 ശതമാനം വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ രണ്ടാമതെത്തിയ ഉമ്മൻ ചാണ്ടിക്ക് കിട്ടിയത് 18.7 ശതമാനം വോട്ട് മാത്രം; ഏറ്റവും കുറവ് വോട്ട് സുധീരന്: മറുനാടൻ ജനനായക പുരസ്‌ക്കാര ഫലം പുറത്തുവരുമ്പോൾ

കേരളത്തിന്റെ ജനനായകൻ വി എസ് തന്നെ; 39.5 ശതമാനം വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ രണ്ടാമതെത്തിയ ഉമ്മൻ ചാണ്ടിക്ക് കിട്ടിയത് 18.7 ശതമാനം വോട്ട് മാത്രം; ഏറ്റവും കുറവ് വോട്ട് സുധീരന്: മറുനാടൻ ജനനായക പുരസ്‌ക്കാര ഫലം പുറത്തുവരുമ്പോൾ

തിരുവനന്തപുരം: ഒരു മാസത്തോളമായി കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-സോഷ്യൽ മീഡിയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടെത്തി അവരെ ആദരിക്കാനുള്ള പരിശ്രമത്തിലായിരുന്നു മറുനാടൻ മലയാളി. ഞങ്ങളുടെ ദൗത്യത്തോട് മറുനാടൻ വായനക്കാർ എല്ലാവിധത്തിലും അനുകൂലമായി പ്രതികരിച്ചു. തീർത്തും സുതാര്യമായ ഓൺലൈൻ വോട്ടിംഗിലൂടെ വിജയികളെ കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമം ഫലപ്രാപ്തിയിൽ എത്തിയിരിക്കയാണ്. വോട്ടെടുപ്പിനും വിശദമായ വിലയിരുത്തലുകൾക്കും ഒടുവിലായി ഇന്ന് മുതൽ മറുനാടൻ മലയാളി അവാർഡ്‌സ് - 2015ലെ വിജയികളെ പ്രഖ്യാപിച്ചു തുടങ്ങുകയാണ്. പത്ത് വിഭാഗങ്ങളിലായി നൽകുന്ന പുരസ്‌ക്കാരങ്ങളിലെ ഓരോ വിഭാഗത്തിലെയും വിജയികളെയാണ് ഇന്ന് മുതൽ പ്രഖ്യാപിക്കുന്നത്. ഇനിയുള്ള പത്ത് ദിവസങ്ങളിലായി ഓരോ വിഭാഗങ്ങളിലെയും പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിക്കും.

വി എസ് തന്നെ ജനനായകൻ

മറുനാടൻ മലയാളി പുരസ്‌ക്കാര പട്ടികയിലെ സുപ്രധാനമായ പുരസ്‌ക്കാരമാണ് ഇന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നത്. ആരാണ് കേരളത്തിന്റെ യഥാർത്ഥ ജനനായകൻ എന്നറിയാനുള്ള പരിശ്രമമാണ് മറുനാടൻ നടത്തിയത്. ഇതിന് വായനക്കാർ ഉത്തരം നൽകിയത് 93ാം വയസിലും തളരാത്ത പോരാളിയായി തുടരുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദൻ എന്നാണ്. ആറ് പേർ ഉൾപ്പെട്ട അന്തിമ ലിസ്റ്റിൽ ഏറ്റവും അധികം വോട്ടു നേടിയാണ് വി എസ് അച്യുതാനന്ദൻ മറുനാടൻ മലയാളിയുടെ ജനനായക പുരസ്‌ക്കാരത്തിന് അർഹനായത്.

39.5 ശതമാനം വോട്ടാണ് വി എസ് നേടിയത്. 18.7 ശതമാനം വോട്ട് നേടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാമതെത്തി. 14.7 ശതമാനം വോട്ടുകൾ കരസ്ഥമാക്കിയ ബിജെപിയുടെ തലമുതിർന്ന നേതാവ് ഒ രാജഗോപാൽ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ 10.7 ശതമാനം വേട്ടുകൾ നേടി നാലാം സ്ഥാനത്തായി. 9.3 ശതമാനം വോട്ടു നേടിയ പി കെ കുഞ്ഞാലിക്കുട്ടിയാണ് അഞ്ചാമൻ. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഏഴ് ശതമാനം വോട്ട് നേടി ഏറ്റവും പിന്നിലായി.

58,128 പേരാണ് മറുനാടൻ മലയാളിയുടെ ജനനായക പുരസ്‌ക്കാരത്തിന്റെ ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 22960(39.5%) പേർ വി എസ് തന്നെയാണ് കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്ന് വിധിയെഴുതി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി 10896(18.7%) പേർ വോട്ടു ചെയ്തു. മറ്റുള്ളവർക്ക് ലഭിച്ച വോട്ട് വിവരം ഇങ്ങനെയാണ്: ഒ രാജഗോപാൽ - 8560(14.7), പിണറായി വിജയൻ -6208(10.7%), പി കെ കുഞ്ഞാലിക്കുട്ടി- 5424(9.3%), വി എം സുധീരൻ-4080(7%).

2015 ഡിസംബർ 15 മുതൽ 2016 ജനുവരി 5ാം തീയ്യതി വരെ ഇരുപത്തൊന്ന് ദിവസങ്ങളിലായാണ് കേരളത്തിന്റെ ജനനേതാവിനെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന്റെ തുടക്കം മുതൽ തന്നെ വി എസ് അച്യുതാനന്ദൻ തന്നെയായിരുന്നു മുന്നിൽ നിന്നത്. പ്രായത്തെയും വെല്ലുന്ന പോരാട്ടം വീര്യം കാഴ്‌ച്ചവെക്കുന്ന വി എസ് തന്നെയാണ് ഭൂരിപക്ഷത്തിന്റെ ഇപ്പോഴത്തെ ഹീറോ എന്ന് വ്യക്തമാക്കുന്നതാണ് മറുനാടൻ മലയാളി അവാർഡ് പട്ടികയിൽ മറ്റുള്ള വരെ ബഹുദൂരം പിന്നിലാക്കി അദ്ദേഹം നേടിയ വിജയം.

വിഎസിന്റെ ജനകീയതയിൽ വിശ്വസിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത സിപിഐ(എം) നിയമസഭാ തിരഞ്ഞടുപ്പിലെ മുഖ്യപ്രചാരകന്റെ റോൾ അദ്ദേഹത്തെ തന്നെ ഏൽപ്പിക്കുമെന്ന കാര്യവും ഏതാണ്ട് ഉറപ്പാണ്. 93ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം തുളുമ്പുന്ന നേതാവെന്ന നിലയിൽ വി എസ് എല്ലാവർക്കും ആവേശമാണ്. മൂന്നാർ സമരത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലും വി എസ് പ്രഭാവം കേരളം കാണുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ അതുവരെ അദ്ദേഹവുമായി ഇടഞ്ഞു നിന്ന പാർട്ടി നേതൃത്വം പോലും വീണ്ടും വിഎസിൽ പ്രതീക്ഷ അർപ്പിക്കുന്നതും ജനസമ്മതിയുടെ തെളിവാണ്.

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാൻ വേണ്ടി വി എസ് തന്നെയാണ് സിപിഎമ്മിന് വേണ്ടി മുന്നിൽ നിന്നും നയിച്ചത്. ചെറുപ്പക്കാർക്ക് പോലും കഴിയാത്ത വിധത്തിൽ ഈ പ്രായത്തിലും സജീവ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന വി എസ് ജനനായകനായതിൽ യാതൊരു അതിശയോക്തിയുമില്ല. പാർട്ടിക്കുള്ളിൽ പടനയിച്ച് നീങ്ങിയ വി എസ് ഇന്ന് അനുസരണയുള്ള സിപിഎമ്മുകാരനാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് മത്സരിക്കുമോ എന്നതാണ് ചർച്ചകളിൽ നിറയുന്നത്. ഏതായാലും പ്രതിപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലെത്തുന്നത് വിഎസിന്റെ വാക്കുകളിലൂടെയാണ്. കുറിക്കുകൊള്ളുന്ന വിമർശനവുമായി വി എസ് കേരള രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയായി മാറുകയാണ്. അതിന്റെ തെളിവ് തന്നെയാണ് വി എസ് മറുനാടൻ പുരസ്‌ക്കാരവും.

വിവാദങ്ങൽ ഏറെ ഉലച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്ന നല്ലൊരു വിഭാഗം ഉണ്ടെന്ന തെളിവാണ് അദ്ദേഹത്തിന് ലഭിച്ച രണ്ടാം സ്ഥാനം. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് അദ്ദേഹത്തിന് ഊർജ്ജം ഇനിയും അവശേഷിക്കുമെന്ന കാര്യം ഉറപ്പാണ്. മറുവശത്ത് ഓൺലൈൻ പിന്തുണയിൽ സുധീരൻ പിന്നിലാണെന്നും വ്യക്തമാകുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റിനിർത്തുന്ന കേരള ജനതയ്ക്ക് ഒ രാജഗോപാൽ എന്ന നേതാവിൽ വിശ്വാസമുണ്ടെന്ന തെളിവാണ് അദ്ദേഹം വോട്ടെടുപ്പിൽ മൂന്നാമതെത്തിയത്.

മറുനാടന്റെ മറ്റ് ഒമ്പത് അവാർഡുകളിൽ നിന്നും വ്യത്യസ്തമായി ജനനായക പുരസ്‌ക്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ആറ് നേതാക്കളുടെ പേര് ഉൾപ്പെടുത്തിയിരുന്നു. വായനക്കാർ നോമിനേറ്റ് ചെയ്തവരെ തന്നെയാണ് മറുനാടൻ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച പേരുകളാണ് അന്തിമ ലിസ്റ്റിൽ ഇടം നേടിയത്. വിഎസും ഉമ്മൻ ചാണ്ടിക്കും ശേഷം മറ്റ് നാലു നേതാക്കൾക്ക് ഒരേ പോലെ നോമിനേഷൻ ലഭിച്ചതിനാലാണ് ആറ് പേരെ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതിൽ നിന്നും വോട്ടെടുപ്പിലാണ് വി എസ് വിജയി ആയത്.

മറുനാടൻ അവാർഡ്‌സ് 2015ലെ മറ്റ് പുരസ്‌ക്കാരങ്ങൾ നാളെ മുതൽ പ്രഖ്യാപിക്കുന്നതാണ്. നാളെ കേരളത്തിന്റെ പ്രോമിസിങ് ലീഡർ ആരാണെന്ന പുരസ്‌ക്കാരമാകും പ്രഖ്യാപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP