Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച പ്രവാസിക്കുള്ള മറുനാടൻ മലയാളി അവാർഡ് ഷാജി സെബാസ്റ്റ്യന്; നിരവധി പ്രവാസി ജീവിതങ്ങൾ തുന്നിച്ചേർത്ത ഒമാനിലെ മലയാളി തുന്നൽക്കാരനെ തേടി അർഹിക്കുന്ന പുരസ്‌ക്കാരം; ചന്ദ്രൻ തിക്കോടി രണ്ടാമത്

മികച്ച പ്രവാസിക്കുള്ള മറുനാടൻ മലയാളി അവാർഡ് ഷാജി സെബാസ്റ്റ്യന്; നിരവധി പ്രവാസി ജീവിതങ്ങൾ തുന്നിച്ചേർത്ത ഒമാനിലെ മലയാളി തുന്നൽക്കാരനെ തേടി അർഹിക്കുന്ന പുരസ്‌ക്കാരം; ചന്ദ്രൻ തിക്കോടി രണ്ടാമത്

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ പലപ്പോഴും സംഘടനകളെ ആശ്രയിച്ചാണ് നടക്കുന്നത്. ഇങ്ങനെ കൂട്ടായ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് കെഎംസിസി ദുബായിക്ക് മറുനാടൻ മലയാളി മികച്ച സംഘടനയ്ക്കുള്ള പുരസ്‌ക്കാരം നൽകിയത്. സംഘടനയ്ക്ക് നൽകിയ പുരസ്‌ക്കാരത്തിന് പിന്നാലെ മികച്ച പ്രവാസിക്കുള്ള അവാർഡും പ്രഖ്യാപിച്ചു. തന്നാൽ കഴിയുന്ന വിധം അർഹിക്കുന്നവരെ സഹായിക്കുന്ന ബഹ്‌റിനിലെ പ്രവാസി മലയാളിയായ ഷാജി സെബാസ്റ്റ്യനാണ് മികച്ച പ്രവാസിക്കുള്ള മറുനാടൻ മലയാളി പുരസ്‌ക്കാരം നേടിയത്. ഓൺലൈൻ വോട്ടിംഗിൽ 28.5 ശതമാനം വോട്ടുകൾ നേടിയാണ് ബഹ്‌റിനിലെ തുന്നൽക്കാരനായ ഷാജി സെബാസ്റ്റ്യൻ വിജയി ആയത്. ചന്ദ്രൻ തിക്കോടി രണ്ടാംസ്ഥാനത്തുമെത്തി.

മികച്ച പ്രവാസിക്കുള്ള പുരസ്‌ക്കാരത്തിനായി ശക്തമായ മത്സരം തന്നെയാണ് നടന്നത്. ചന്ദ്രൻ തിക്കോടിയും ഷാജി സെബാസ്റ്റ്യനും തമ്മിലായിരുന്നു പ്രധാന മത്സരം. ഒടുവിൽ ബഹ്‌റിനിൽ സാധാരണക്കാരനായ തുന്നൽക്കാരനെ തേടി പുരസ്‌ക്കാരം എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ അക്കം വീട്ടിൽ ചന്ദ്രന് എന്ന ചന്ദ്രൻ തിക്കോടിക്ക് 22.9 ശതമാനം വോട്ട് ലഭിച്ചു. മൂന്നാം സഥാനത്ത് എത്തിയത് സൗദി പ്രവാസിയായ മുഹമ്മദ് ഈസയാണ്. ഇദ്ദേഹത്തിന് 19 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ നാലാം സ്ഥാനത്തെത്തിയ യുഎഇയിൽ നിന്നുള്ള അഷറഫിന് 18.4 ശതമാനം പേരുടെ പിന്തുണ കിട്ടി. അയൂബ് കൊടുങ്ങല്ലൂരിന് 11.2 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.

59488 പേരാണ് മികച്ച പ്രവാസിയെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടിംഗിൽ ആകെ പങ്കാളികളായത്. ഇതിൽ 16940 പേർ ഷാജി സെബാസ്റ്റ്യനെ അനുകൂലിച്ച് വോട്ടു ചെയ്തു. ചന്ദ്രൻ തിക്കോടിക്ക് അനുകൂലമായി 13618 പേരും മുഹമ്മദ് ഈഷയ്ക്ക് അനുകൂലമായി 11330 പേരും വോട്ടു ചെയ്തു. അഷറഫിന് 10934 പേരുടെ പിന്തുണ കിട്ടിയപ്പോൾ അയ്യൂബ് കൊടുങ്ങല്ലൂരിന് 6666 വോട്ടാണ് ലഭിച്ചത്. 21 ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിന് ഒടുവിലാണ് മറുനാടൻ മലയാളി മികച്ച പ്രവാസിയെ കണ്ടെത്തിയിരിക്കുന്നത്. വായനക്കാരുടെ നോമിനേഷനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചവരാണ് ഫൈനലിസ്റ്റുകളായി നിന്നത്. ഡിസംബർ 15 മുതൽ ആരംഭിച്ച വോട്ടിങ് ജനുവരി 5 വരെ നീണ്ടുനിന്നു.

ഒമാനിൽ തയ്യാൽകാരനായി ജോലി ചെയ്യുന്ന ഷാജി സെബാസ്റ്റ്യൻ തുന്നിപിടിപ്പിച്ചത് നിരവധി പ്രവാസി ജീവിതങ്ങളാണ്. മൂന്ന് പതിറ്റാണ്ടിയ ഒമാനിലെ മത്രയിൽ തയ്യൽക്കട നടത്തുന്ന ഷാജി ഇവിടുത്തെ പ്രവാസികൾക്ക് എന്താവശ്യം ഉണ്ടായാലും ഓടിയെത്തുന്ന സഖാവ് കൂടിയാണ്. ഒമാനിലെ ഇടതു സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. കഷ്ടത അനുഭവിക്കുന്നവർക്ക് തന്നാലാവുന്ന സഹായങ്ങൽ എത്തിക്കുകയാണ് ഷാജി. ഒമാൻ 2010ൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലത്ത് ഇന്ത്യൻ എംബസിയിലെത്തുന്ന പ്രവാസി ഇന്ത്യക്കാർക്ക് സർവ സഹായങ്ങളുമായി താങ്ങും തണലുമായി നിന്ന പൊതുപ്രവർത്തകനാണ് ഷാജി സെബാസ്റ്റ്യൻ. വിസതട്ടിപ്പുകാരാൽ വഞ്ചിതരായും മറ്റും ഒമാനിൽ എത്തിയർക്ക് എല്ലാ സഹായങ്ങളിയു എത്തി ഷാജി. അന്ന് ഷാജിയെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടവർ നിരവധിയാണ്. പേരുതെളിയിക്കുന്ന രേഖകളില്ലാത്തവരെ പോലും സഹായിക്കാൻ അദ്ദേഹം എത്തിയിരുന്നു.

മുപ്പതു വർഷമായി മത്രയിൽ തയ്യൽ കട നടത്തി വരുന്ന കൊല്ലം സ്വദേശി ഷാജി സെബാസ്റ്റ്യൻ ജീവിതങ്ങളെ നാടുമായും കുടംബങ്ങളുമായി തുന്നിച്ചേർക്കാനുള്ള ആത്മാർഥതയുമായി പൊതുപ്രവർത്തനത്തിന്റെ ചുമതലകളേറ്റെടുക്കുമ്പോഴും ഭാര്യയും മക്കളുമടങ്ങുന്ന തന്റെ സ്വന്തം ജീവിതം കരക്കടുപ്പിക്കാൻ ഇന്നും തയ്യൽ മെഷീന്റെ ചക്രം കറക്കുന്നു. പ്രവാസി പൊതുപ്രവർത്തകർക്കു നടുവിൽനിന്നും വേർതിരിച്ചെടുക്കാവുന്ന വ്യക്തിത്വം പ്രകാശിപ്പിച്ച് മസ്‌കത്തിലെ ഇടതു സാംസ്‌കാരിക സംഘടനയായ കൈരളിയുടെ അധ്യക്ഷനായി ഒരു സംഘത്തെ തന്നെ സേവന വഴിയേ നടത്തുകയാണിദ്ദേഹം. സഹോദരിമാരെ വിവാഹം ചെയ്തയക്കുന്നതുൾപെടെയുള്ള ചുമതലകളുടെ ഭാരവുമായാണ് 1978ൽ ഷാജി സെബാസ്റ്റ്യൻ മത്രയിലെത്തുന്നത്.

ഒരു ഒമാനിയുടെ സ്‌പോൺസർഷിപ്പിൽ തയ്യൽകട നടത്താൻ തന്നെയായിരുന്നു വന്നത്. ബോംബെയിൽ ടർണർ ആയി ജോലി ചെയ്യുന്നതിനൊപ്പം പാർട്‌ടൈമായി തയ്യൽ ജോലിയും നോക്കി വരികയായിരുന്നു. എൽ ആൻഡ് ടി കമ്പനിയിൽ ജോലി ശരിയായിരുന്നെങ്കിലും വരുമാനം ആവശ്യത്തിനു തികയില്ലെന്നു ബോധ്യമായതിനാൽ ഗൾഫ് അവസരം തിരഞ്ഞെടുക്കുകയായിരുന്നു. 2000 രൂപ ടിക്കറ്റിനു നൽകിയാണ് ബോംബെയിൽനിന്നും വിമാനം കയറി മസ്‌കത്തിലെത്തിയത്. പാർട്ണർ വിശ്വനാഥക്കുറിപ്പിനൊപ്പമായിരുന്നു ആറു വർഷം പ്രവർത്തിച്ചത്. പിന്നീട് സ്വന്തമായി. ഇക്കാലത്ത് സ്‌പോൺസറും മാറി. 84 മുതൽ ഒരേ സ്‌പോൺസർക്കു കീഴിൽ, ഇരുപതു വർഷത്തോളമായി ഒരു കെട്ടിടത്തിൽ തയ്യൽ കട നടത്തി വരുന്നു.

രണ്ടു ജോലിക്കാർ കൂടിയുണ്ട് ഷാജിയുടെ സ്ഥാപനത്തിൽ. പകൽ പൊതുപ്രവർത്തനത്തിനു സമയം കണ്ടെത്തേണ്ടി വരുന്നതിനാൽ രാത്രി വൈകിയും ജോലി ചെയ്യും. ജോലിക്കാർക്കുള്ള തുണികൾ മുറിച്ചു വെക്കും. പിന്നെ ആർക്കും എപ്പോഴും വിളിച്ചാൽ വിളി കേൾക്കാൻ പാകത്തിൽ ഷാജിയുടെ പൊതുജീവിതം തുറന്നുവെക്കും. ജീവിതം സായാഹ്നത്തിലേക്കു നീങ്ങുമ്പോഴും ഇപ്പോഴും തയ്യൽ യന്ത്രം തിരിച്ച് ഇവിടെ തുടരേണ്ടി വരുന്നത് മതിയായ സാമ്പത്തിക ഭദ്രതയുണ്ടാക്കാൻ കഴിയാത്തതു കൊണ്ടു തന്നെയെന്ന് അദ്ദേഹം സമ്മതിക്കുന്നു. നിരാലംബരായ നിരവധി പേരുടെ ജീവിതം ഏച്ചുകെട്ടാൻ പ്രവർത്തിച്ചപ്പോഴും സ്വന്തം ജീവിതത്തിന്റെ അളവുകോലിൽ ഷാജിയുടെ കണക്കുകൾക്ക് പിഴവ് പറ്റുന്നു. എന്നാൽ സേവനം കൊണ്ടു സമരം തീർക്കുന്ന ഈ ജീവിതമാണ് സംതൃപ്തമെന്നാണ് ഷാജി പറയുന്നത്. ഭാര്യ മോളിയും ഭർത്താവിന്റെ വഴിയേ സാമഹിക പ്രവർത്തനത്തിൽ പങ്കാളിയാണ്.

മറുനാടൻ അവാർഡ്‌സ് 2015ലെ അവസാനത്തെ പുരസ്‌ക്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. ജനനായകനുള്ള പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നേടിയപ്പോൾ പ്രൊമിസിങ് ലീഡർ പുരസ്‌ക്കാരം ലഭിച്ചത് വിടി ബൽറാമിനായിരുന്നു. മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം ഇടമലക്കുടിയിലെ ആദിവാസി സ്‌കൂളിലെ അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചർ നേടിയപ്പോൾ സാമൂഹ്യപ്രവർത്തകനുള്ള പുരസ്‌ക്കാരം വാവ സുരേഷും കരസ്ഥമാക്കി. സോഷ്യൽ മീഡിയയിലെ മികച്ച ഇടപെടലിനുള്ള അവാർഡ് കൃഷിഭൂമിയെന്ന ഫേസ്‌ബുക്ക് കൂട്ടായ്മമ്മയ്ക്കും, മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം കോഴിക്കോട് കലക്ടർ പ്രശാന്ത് നായർക്കും സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള പുരസ്‌ക്കാരം കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കുമായിരുന്നു ലഭിച്ചത്. ആഷിൻ തമ്പിക്കായിരുന്നു മികച്ച കാമ്പസ് പ്രതിഭയ്ക്കുള്ള പുരസ്‌ക്കാരം. കെഎംസിസി ദുബായ്ക്ക് മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചു. മികച്ച ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ മറുനാടൻ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

മറുനാടൻ പുരസ്‌ക്കാര ജേതാക്കളുടെ ലിസ്റ്റ്:

Jananayaka Puraskaram - V S Achuthanandan
Promising Leader Award - V T Balram MLA
Campus Acitvist Award - Aashin Thampy
Best Civil Servant Award - N Prasanth, Kozhikode Dist. Collector
Best Goverment Servant - Vijayalakshmi Teacher
Best Bussiness Man Award - Kochouseph Chittilappilly
Social Media Award - Krishi Bhoomi
Social Activist - Vava Suresh
Best NRI - Shaji Sebastian
Best NRI Organisation - KMCC, Dubai

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP