Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഉമ്മൻ ചാണ്ടി, വി എസ്, പിണറായി, സുധീരൻ, രാജഗോപാൽ, കുഞ്ഞാലിക്കുട്ടി... ആരാണ് കേരളത്തിന്റെ ജനനായകൻ? പി രാജീവ്, എം ബി രാജേഷ്, വി ടി ബൽറാം, എം ലിജു, വി വി രാജേഷ്... ആരാണ് പ്രൊമിസിങ് ലീഡർ? മറുനാടൻ അവാർഡുകളുടെ ആദ്യ ഫൈനലിസ്റ്റുകളിൽ ഇടംപിടിച്ചവർ ഇവർ

ഉമ്മൻ ചാണ്ടി, വി എസ്, പിണറായി, സുധീരൻ, രാജഗോപാൽ, കുഞ്ഞാലിക്കുട്ടി... ആരാണ് കേരളത്തിന്റെ ജനനായകൻ? പി രാജീവ്, എം ബി രാജേഷ്, വി ടി ബൽറാം, എം ലിജു, വി വി രാജേഷ്... ആരാണ് പ്രൊമിസിങ് ലീഡർ? മറുനാടൻ അവാർഡുകളുടെ ആദ്യ ഫൈനലിസ്റ്റുകളിൽ ഇടംപിടിച്ചവർ ഇവർ

തിരുവനന്തപുരം: സ്വാധീനത്തിനും പണത്തിനും വഴങ്ങാതെ ജനകീയ വോട്ടെടുപ്പിലൂടെ കേരളത്തിന്റെ ആദരവ് അർഹിക്കുന്നവർക്ക് പുരസ്‌കാരം നൽകാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഭാഗമായി ഇന്നു മുതൽ അഞ്ച് ദിവസം ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. ജേതാവിനെ കണ്ടെത്താനായി ഫൈനൽ ലിസ്റ്റിൽ ഓരോ വിഭാഗത്തിലും അഞ്ചു പേരെ വീതമാണ് തെരഞ്ഞെടുക്കുന്നതെന്ന് അറിയിച്ചിരുന്നതെങ്കിലും ജനനായകനെ കണ്ടെത്താനുള്ള പട്ടികയിൽ ഇടം പിടിച്ചത് ആറു പേരാണ്. വായനക്കാർ നൽകിയ നോമിനേഷനുകളുടെ എണ്ണം കണക്കിലെടുത്താണ് ഈ ആറു പേരെ തെരഞ്ഞെടുത്തത്. വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നീ സിപിഐ(എം) നേതാക്കളും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എം സുധീരൻ എന്നീ കോൺഗ്രസ്സ് നേതാക്കളും ബിജെപി നേതാവായ ഒ രാജഗോപാലും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ജനനായക പുരസ്‌കാരത്തിന് വായനക്കാർ വോട്ട് ചെയ്യാൻ അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച ആറ് പേർ. വളർന്നു വരുന്ന ഏതെങ്കിലും ഏറ്റവും ജനസമ്മതിയുള്ള അഞ്ചു പേരെ തെരഞ്ഞെടുക്കാനുള്ള നോമിനേഷനിൽ ഇടം പിടിച്ചത് കോൺഗ്രസ്സ് നേതാക്കളായ വി ടി ബലറാം എംഎൽഎ, എം ലിജു, സിപിഐ(എം) നേതാക്കളായ എം ബി രാജേഷ്, പി രാജീവ് എന്നിവരും ബിജെപി നേതാവായ വി വി രാജേഷുമാണ്.

ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച പേരുകളാണ് അന്തിമ ലിസ്റ്റിൽ ഇടം നേടിയത്. വിഎസും ഉമ്മൻ ചാണ്ടിക്കും ശേഷം മറ്റ് നാലു നേതാക്കൾക്ക് ഒരേ പോലെ നോമിനേഷൻ ലഭിച്ചതിനാലാണ് ആറ് പേർ ജനനായക പുരസ്‌കാര ലിസ്റ്റിൽ ചേർത്തത്. ഇന്നു മുതൽ ഞയറാഴ്ച വരെയുള്ള ദിവസങ്ങളിലായി പത്തു വിഭാഗത്തിലെയും ഫൈനലിസ്റ്റുകളുടെ പേര് വിവരം പ്രഖ്യാപിച്ച ശേഷം തിങ്കളാഴ്ച മുതൽ വോട്ടിങ് ആരംഭിക്കുന്നതാണ്. ഒരുമിച്ചു വോട്ടിങ് നടത്തി അവസാനിപ്പിക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. 14 ാം തീയതി തിങ്കളാഴ്ച മുതൽ 31 ാം തീയതി വ്യാഴാഴ്ച വരെ 18 ദിവസമാണ് വോട്ടിങ് കൊടുക്കുന്നത്. ജനുവരി നാലാം തീയതി തിങ്കളാഴ്ച ആയിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്ത് വച്ച് തന്നെ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്.

വായനക്കാരുടെ നോമിനേഷൻ മാനാദണ്ഡമാക്കിയാണ് പുരസ്‌ക്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഈ 11 പേരും ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിന്റ മുഖ്യമന്ത്രി എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്ന നിലയിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വായനക്കാർ ജനനായക പുരസ്‌ക്കാരത്തിനായി നോമിനേറ്റ് ചെയ്തത്. രാജ്യവ്യാപകമായി കോൺഗ്രസിന് വൻ തിരിച്ചടി നേടിട്ടപ്പോഴും കേരളത്തിൽ കോൺഗ്രസിന് കാര്യമായ ക്ഷീണമുണ്ടാകാതിരിക്കാൻ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് സാധിച്ചിരുന്നു. അതിലുപരിയായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രി എന്ന ഇമേജ് തന്നെയാണ് ഉമ്മൻ ചാണ്ടിയെ ജനനായക പുരസ്‌ക്കാരത്തിന്റെ ഫൈനൽപട്ടികയിൽ ഇടംപിടിക്കാൻ സാധിച്ചതിന് കാരണം.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ജനനായക പുരസ്‌ക്കാരത്തിനായി വായനക്കാർ നോമിനേറ്റ് ചെയ്ത മുതിർന്ന നേതാവ്. 93ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം തുളുമ്പുന്ന നേതാവെന്ന നിലയിൽ വി എസ് എല്ലാവർക്കും ആവേശമാണ്. മൂന്നാർ സമരത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലും വി എസ് പ്രഭാവം കേരളം കാണുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ അതുവരെ അദ്ദേഹവുമായി ഇടഞ്ഞു നിന്ന പാർട്ടി നേതൃത്വം പോലും വീണ്ടും വിഎസിൽ പ്രതീക്ഷ അർപ്പിക്കുന്നതും ജനസമ്മതിയുടെ തെളിവാണ്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാൻ വേണ്ടി വി എസ് തന്നെയാണ് സിപിഎമ്മിന് വേണ്ടി മുന്നിൽ നിന്നും നയിച്ചത്. ചെറുപ്പക്കാർക്ക് പോലും കഴിയാത്ത വിധത്തിൽ ഈ പ്രായത്തിലും സജീവ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന വി എസ് ജനനായക പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിക്കുന്നതിൽ യാതൊരു അതിശയോക്തിയുമില്ല.

കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് ജനനായക പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ്. സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാൺ എന്ന വിധത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് സുധീരൻ. സംസ്ഥാനത്ത് ബാറുകൾ പൂട്ടുന്ന നീക്കത്തിലേക്ക് എത്തിച്ചത് സുധീരന്റെ കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു. സാമുദായിക ശക്തികളുടെ ഏറാന്മൂളികളായി നിൽക്കുന്ന കോൺഗ്രസ് സംസ്‌ക്കാരത്തിന് മാറ്റം വരുത്തിയത് സുധീരന്റെ ഇടപെടലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അധികാരമേൽക്കുന്ന വേളയിൽ ഇത് ശക്തമായി പ്രതിഫലിക്കുകയും ചെയ്തു. കൊച്ചി കോർപ്പറേഷനിൽ സൗമിനി ജയിൻ മേയർ ആയത് അടക്കം സുധീരന്റെ നേതൃത്വത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്നായിരുന്നു. കാർക്കശ്യക്കാരനായ കോൺഗ്രസ് പ്രസിഡന്റ് എന്നതിലുപരിയായി അഴിമതി രഹിത പ്രതിച്ഛായയുള്ള നേതാവ് കൂടിയാണ് സുധീരൻ. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മറുനാടൻ ജനനായക പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചത്.

അടുത്ത കേരളാ മുഖ്യമന്ത്രി എന്ന സൂചനയാണ് പിണറായി വിജയനെ കുറിച്ച് സിപിഐ(എം) നേതൃത്വം നൽകുന്നത്. വർഗീയതയോട് വിട്ടുവീഴ്‌ച്ചയില്ലാതെ പൊരുതുന്ന നേതാവ് എന്ന പ്രതിച്ഛായയാണ് പിണറായിയെ മറുനാടൻ അവാർഡിനായി പരിഗണിക്കാൻ ഇടയാക്കിയ കാര്യം. കൂടാതെ അപ്രിയസത്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന നേതാവ് കൂടിയാണ് അദ്ദേഹം. സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പാർട്ടിയിൽ ഇപ്പോഴും പിണറായി തന്നെയാണ് കരുത്തൻ. സമകാലിക വിഷയങ്ങളിൽ പിണറായി വിജയന്റെ വാക്കുകൾക്കായി കേരളം കാതോർക്കുന്നതും ശ്രദ്ധേയമാണ്.  അതു തന്നെയാണ് പിണറായി വിജയനെന്ന നേതാവിന്റെ ജനകീയതയ്ക്കുള്ള തെളിവും.

ബിജെപി രാഷ്ട്രീയത്തോട് എതിർപ്പുള്ളവർക്കും പ്രിയങ്കരനായ നേതാവാണ് ഒ രാജഗോപാൽ. കേരള ബിജെപിയിലെ ഏറ്റവും ജനകീയനായ നേതാവായ അദ്ദേഹം അരുവിക്കരയിൽ തന്റെ ജനപ്രീതി എത്രത്തോളമുണ്ടെന്ന് തെളിയിട്ടുണ്ട്. കേരളത്തിലെ കക്ഷിരാഷ്ട്രീയ സംവിധാനം കൊണ്ട് മാത്രമാണ്‌ പലപ്പോഴും അദ്ദേഹത്തിന് വിജയം അന്യമായി നിന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരൻ എന്ന നിലയിലാണ് രാജേട്ടനെന്ന ഓമനപേരിൽ അണികളും സുഹൃത്തുക്കളും വിളിക്കുന്നതും ജനകീയതയുടെ ഒരു തെളിവാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ മറുനാടൻ അവാർഡിനായി പരിഗണിക്കുന്നതും.

വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് മറുനാടന്റെ ജനകീയ നേതാവ് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു നേതാവ്. മുസ്ലിംലീഗിലെ ഏറ്റവും കരുത്തനായ മന്ത്രിയും നേതാവുമാണ് കുഞ്ഞാലിക്കുട്ടി. ലീഗ് രാഷ്ട്രീയത്തിലെ പ്രൊഫഷണൽ രാഷ്ട്രീയക്കാരൻ എന്ന് കുഞ്ഞാലിക്കുട്ടിയെ വിശേഷിപ്പിക്കാം. മൈക്കിന് മുന്നിൽ എത്തിയാൽ ലീഗ് അണികൾക്ക് ആവേശം വിതറുന്ന നേതാവ് കൂടിയാണ് അദ്ദേഹം. പലപ്പോഴും യുഡിഎഫിലെ അഴിയാത്ത കുരുക്കഴിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. വ്യവസായ വകുപ്പിന് യുവസംരംഭകർക്കായി നിരവധി പദ്ധതികൾ ഒരുക്കിയും കുഞ്ഞാലിക്കുട്ടി തന്റെ ഭരണമികവ് പ്രകടിപ്പിക്കുന്നു.

കോൺഗ്രസ്, സിപിഐ(എം) രാഷ്ട്രീയത്തിൽ നിന്നും രണ്ട് പേർ വീതവും ബിജെപിയിൽ നിന്നും ഒരാളുമാണ് മറുനാടൻ മലയാളിയുടെ രണ്ടാമത്തെ പുരസ്‌ക്കാരമായ പ്രൊമിസിങ് ലീഡർ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും എം ലിജുവും വി ടി ബൽറാമുമാണ് ഈ പട്ടികയിലേക്ക് നോമിനേഷൻ ലഭിച്ചവർ. കേരളത്തിലെ പുരോഗമന ആശയങ്ങളുടെ വക്താവായാണ് വി ടി ബൽറാം എംഎൽഎ അറിയപ്പെടുന്നത്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പില്ലാത്ത വ്യക്തിത്വം കൂടിയാണ് ബൽറാം. തൃത്താല മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്ന ബൽറാം തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടാണ് വാദമുഖങ്ങൾ നിരത്തിയത്. കക്ഷിഭേദമന്യേ യുവാക്കളെ ആകർഷിക്കാൻ കഴിയുന്ന ലീഡറായി ബൽറാം വളർന്നിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ പ്രൊമിസിങ് ലീഡർ അവാർഡിലേക്ക് പരിഗണിക്കുന്നതും.

കോൺഗ്രസ് രാഷ്ട്രീയത്തിലും കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങളിൽ തന്റെ നിലപാട് ശക്തമായി ഊന്നിപ്പറയാറുള്ള എം ലിജുവാണ് പ്രൊമിസിങ് ലീഡർ പട്ടികയിൽ ഇടംപിടിച്ച മറ്റൊരു കോൺഗ്രസ് നേതാവ്. സർക്കാറിനെ പ്രതിരോധിക്കേണ്ട വിഷയങ്ങളിൽ പോലും അന്ധമായി പിന്തുണയ്ക്കാതെ തന്റെ നിലപാടിൽ ഉറച്ച് കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് ലിജുവിനെ ശ്രദ്ധേയനാക്കുന്നത്. വെള്ളാപ്പള്ളി-ബിജെപി ബാന്ധവത്തെ തുറന്നെതിർത്ത് ലിജു നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധേമാണ്. യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ തന്റെ നേതൃപാടവം തെളിയിച്ച വ്യക്തികൂടിയാണ് സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ എം ലിജു.

കേരളത്തിലെ നേതൃപാടവവും അറിവും ഉള്ള നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമാണ് എം ബി രാജേഷ് എംപിയുടേത്. ഇന്ത്യൻ പാർലമെന്റിൽ രാജേഷിന്റെ വാദമുഖങ്ങളും സംവാദങ്ങളും പലപ്പോഴും ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയത് ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. നേരത്തെ മറുനാടൻ മലയാളിയുടെ ജനകീയ എംപി പുരസ്‌ക്കാര ജേതാവ് കൂടിയാണ് എം ബി രാജേഷ്. കേരളത്തിലെ സിപിഎമ്മിലെ ഭാവി അമരക്കാരിൽ ഒരാളായി എം ബി രാജേഷ് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടി പി രാജീവാണ് മറുനാടൻ പ്രൊമിസിങ് ലീഡർ പട്ടികയിൽ ഇടംപിടിച്ച മറ്റൊരു വ്യക്തിത്വം. രാജ്യസഭാ എംപി എന്ന നിലയിൽ ഏവരുടെയും പ്രിയങ്കരനായിരുന്നു രാജീവ്. കേരളത്തിലെ യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ നയിക്കാൻ പ്രാപ്തനാണ് അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പ്രാദേശിക തലത്തിൽ മുന്നേറ്റുമുണ്ടാക്കാൻ സാധിച്ചതിൽ രാജീവിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. പാർട്ടിയെ ഭിന്നിപ്പില്ലാതെ നയിക്കാൻ സാധിക്കുന്ന പി രാജീവ് പാർട്ടിയുടെ ഭാവി പ്രതീക്ഷ കൂടിയാണ്. കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ട് പി രാജീവ് നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

പ്രൊമിസിങ് ലീഡർ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച ഏക ബിജെപി നേതാവാണ് വി വി രാജേഷ്. ബിജെപി സംസ്ഥാന വക്താവായ അദ്ദേഹം ചാനൽ ചർച്ചകളിലൂടെയാണ് കൂടുതൽ പ്രിയങ്കരനായത്. തന്റെ പാർട്ടിയുടെ രാഷ്ട്രീയത്തെ സമർത്ഥമായി പറഞ്ഞ് അവതരിപ്പിക്കാനും ആക്രമണങ്ങളെ ചെറുക്കാനും പലപ്പോഴും രാജേഷിന് സാധിച്ചിട്ടുണ്ട്. യുവമോർച്ചയിലൂടെ വളർന്നാണ് രാജേഷ് ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നത്. തെരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരത്ത് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പാർട്ടി ആദ്യം പരിഗണിച്ചത് രാജേഷിനെയായിരുന്നു. ബിജെപി യുവത്വത്തെ അഡ്രസ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട് എന്നതാണ് രാജേഷിനെ ജനകീയനാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP