Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെല്ലിയാമ്പതിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിച്ച് വനം മാഫിയയുടെ കണ്ണിൽ കരടായി; വയനാട്ടിലെ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിച്ച മനുഷ്യസ്‌നേഹി; മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്‌ക്കാരത്തിന്റെ ഫൈനലിസ്റ്റായ വനംവകുപ്പ് ഉദ്യോസ്ഥൻ പി ധനേഷ് കുമാറിനെ അറിയാം

നെല്ലിയാമ്പതിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിച്ച് വനം മാഫിയയുടെ കണ്ണിൽ കരടായി; വയനാട്ടിലെ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിച്ച മനുഷ്യസ്‌നേഹി; മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്‌ക്കാരത്തിന്റെ ഫൈനലിസ്റ്റായ വനംവകുപ്പ് ഉദ്യോസ്ഥൻ പി ധനേഷ് കുമാറിനെ അറിയാം

തിരുവനന്തപുരം: പ്രകൃതി ഒരു വരദാനം തന്നെയാണ്. അതിന് സംരക്ഷിക്കേണ്ട മനുഷ്യന്റെ ആർത്തി പരിസ്ഥിതി സന്ദുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു. വനം കൈയേറ്റവും അനധികൃതമായി മാഫിയകളുടെ ഭൂമി വിൽപ്പനയുമൊക്കെയാണ് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നത്. അതിലൂടെ ജീവജാലങ്ങളുടെയും എന്തിനേറെ, മനുഷ്യരുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാകുകയും ചെയ്യും.

വൻ മാഫിയകൾക്കെതിരെ പോരാടി ഇതിനു തടയിടാൻ മിക്ക ഉദ്യോഗസ്ഥരും ഭയക്കും. മാത്രമല്ല, സ്വന്തം കാര്യം നോക്കി അവർക്ക് ഒത്താശ പാടാനാകും പലരുടെയും ശ്രമം. എന്നാൽ, ഇത്തരത്തിൽ വനം കൈയേറ്റവും അനധികൃത ഭൂമി വിൽപ്പനയും തടയാനും അവർക്കെതിരെ നടപടി സ്വീകരിക്കാനും ധൈര്യം കാണിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനാണ് പി ധനേഷ് കുമാർ. ഈ ധൈര്യം തന്നെയാണ് മറുനാടൻ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയിൽ ഇദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്.

ജനകീയ ഇടപെടൽ നടത്തുന്ന സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ വിഭാഗത്തില് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ, ഇടമലക്കുടി ട്രൈബൽ സ്‌കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, ആർടിഒ ആദർശ് കുമാർ നായർ, പുനലൂർ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ഷാഹിർ ഷാ എന്നിവരാണ് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പുരസ്‌ക്കാര വിഭഗത്തിന്റെ ഫൈനൽ ലിസ്റ്റിൽ ധനേഷ് കുമാറിനെ കൂടാതെ ഇടം പിടിച്ചവർ. 

നിലവിൽ വനം വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റർ ചുമതല വഹിക്കുന്ന വ്യക്തിയാണ് പി ധനേഷ് കുമാർ. ഇത് കൂടാതെ വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയും വഹിക്കുന്നു. വനം വകുപ്പിലെ റേഞ്ച് ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അനധികൃത മരം മുറി തടയുന്നതിനും വനഭൂമി തിരിച്ചെടുക്കുന്നതിനും നിർണ്ണായക പങ്കു വഹിച്ച ഉദ്യോഗസ്ഥനാണ് ഈ 42കാരൻ. നെല്ലിയാമ്പതി ഡിഎഫ്ഒ എന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ തന്റെ ശക്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥനായിരുന്നു പി ധനേഷ് കുമാർ.



പശ്ചിമഘട്ടത്തിലെ ജൈവപ്രാധാന്യമുള്ള പ്രദേശങ്ങളിൽ ഒന്നായ നെല്ലിയാമ്പതിയിലെ വനഭൂമി സംരക്ഷിക്കുന്നതിനും വർഷങ്ങളായി നടക്കുന്ന കയ്യേറ്റങ്ങൾ കണ്ടെത്തി നിയമ പോരാട്ടങ്ങളിലൂടെ ഒഴിപ്പിക്കുന്നതിനും ആയിരക്കണക്കിന് ഏക്കർ വനഭൂമി തിരിച്ചു പിടിക്കുന്നതിനും അസാമാന്യമായ ധൈര്യവും അർപ്പണവും കാണിച്ച് മറ്റുള്ളവർക്ക് മാതൃകയായ വ്യക്തിത്വമാണ് ഇദ്ദേഹം. ധനേഷ് കുമാർ നെല്ലിയാമ്പതിയിൽ ഡിഎഫ്ഒ ആയി വന്നശേഷമാണ് മുപ്പതിലേറെ വർഷങ്ങളായി അവിടെ നടക്കുന്ന വനംകയ്യേറ്റവും അനധികൃത ഭൂമി വിൽപ്പനയും കണ്ടെത്തിയതും രേഖകളെല്ലാം സർക്കാരിന് മുന്നിൽ ഹാജരാക്കി തോട്ടങ്ങൾ ഏറ്റെടുക്കാൻ നടപടി തുടങ്ങിയതും.

ഇതിനിടെ പലതവണ വനംമാഫിയയുടെ വധാശ്രമങ്ങളും ഭീഷണിയും നേരിട്ടെങ്കിലും രണ്ടായിരത്തിലേറെ ഏക്കർ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ചു തിരിച്ചെടുത്ത ശേഷമാണ് ധനേഷ് കുമാർ നെല്ലിയാമ്പതി വിട്ടത്. വനംകയ്യേറ്റങ്ങൾ കണ്ടെത്തിയതിനും ആയിരക്കണക്കിന് ഏക്കർ വനഭൂമി തിരിച്ചു പിടിച്ചതിനും സംസ്ഥാന സർക്കാരിന്റേതുൾപ്പെടെയുള്ള അംഗീകാരങ്ങളും ജനകീയാംഗീകാരങ്ങളും ധനേഷിനെ തേടിയെത്തിയിട്ടുണ്ട്.

പട്ടികവർഗ ഭവനരഹിതരില്ലാത്ത വയനാട് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലും ധനേഷ് കുമാർ നടത്തിയ പോരാട്ടങ്ങൾ ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റിയതായിരുന്നു. വീടുകളിലെ സൗകര്യങ്ങളുടെ കാര്യത്തിൽ അലംഭാവം കാട്ടിയ കരാറുകാർക്കെതിരെ ധനേഷ് കുമാർ നൽകിയ പരാതി പരിഗണിച്ച് മന്ത്രി പി കെ ജയലക്ഷ്മി നടപടി സ്വീകരിച്ചിരുന്നു.

പ്രകൃതി ചൂഷണം വർധിച്ചുവരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും അതിനെതിരെ പ്രതികരിക്കുകയുമാണ് യുവതലമുറ ചെയ്യേണ്ടതെന്നുമുള്ള തിരിച്ചറിവാണു വേണ്ടതെന്ന നിലപാടുകാരനാണ് ധനേഷ് കുമാർ. മലനിരകളും കുന്നുകളും വയലുകളും ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം നാം കണ്ട കുന്നുകൾ നേരം പുലരുമ്പോഴേക്കും അപ്രത്യക്ഷമാവുന്നു. അത്രയധികം ഭീതിദമായ രീതിയിലാണ് പ്രകൃതിയെ മനുഷ്യർ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പരിഹാരം കാണാൻ പുതിയ തലമുറയ്ക്കുമാത്രമേ കഴിയൂ. മിക്കയിടത്തും അനിയന്ത്രിതമായ രീതിയിൽ ക്വാറികൾ വളർന്നുകഴിഞ്ഞു. അവശേഷിക്കുന്ന മരങ്ങളും കുന്നുകളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം യുവാക്കളും വിദ്യാർത്ഥികളും ഏറ്റെടുക്കണമെന്നാണ് ധനേഷ് കുമാർ പറയുന്നത്.

വനം വകുപ്പിലെ റേഞ്ച് ഓഫീസർ തസ്തികയിൽ നിന്നും ഇന്നത്തെ നിലയിലേക്ക് അദ്ദേഹം വളർന്നത് പ്രകൃതിയോടുള്ള സ്‌നേഹം കൊണ്ടാണ്. വനത്തിന്റെ സ്പന്ദനം അറിയുന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആദിവാസി സമൂഹത്തെയും വനസംരക്ഷണത്തിനായി കൂട്ടുപിടിച്ചു. അട്ടാപ്പാടിയിലെ കഞ്ചാവ് മാഫിയക്കെതിരെയും പോരാടാൻ ജോലി ചെയ്ത വേളയിൽ ധനേഷ് കുമാറിന് സാധിച്ചു. പ്രകൃതി സംരക്ഷണത്തിനായി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ നിരവധി പുരസ്‌ക്കാരങ്ങളും ഈ ഉദ്യോഗസ്ഥനെ തേടിയെത്തിയിട്ടുണ്ട്.

കടുവാ സംരക്ഷണത്തിന് വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഏർപ്പെടുത്തിയ ടൈഗർ പ്രൊട്ടക്ഷൻ അവാർഡ്(2005), വനസംരക്ഷണത്തിന് മുഖ്യമന്ത്രിയുടെ സ്വർണ്ണമെഡൽ(2006) തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിൽ പുതുതായി രണ്ട് സസ്യവർഗ്ഗങ്ങളുടെ കണ്ടുപിടിത്തത്തിന്റെ പ്രേരകശക്തിയായും ധനേഷ് കുമാർ ഉണ്ടായിരുന്നു. ഇങ്ങനെ സത്യസന്ധതയോടെ ജോലി ചെയ്യുന്ന ഈ പ്രകൃതി സംരക്ഷകനാണോ നിങ്ങൾ വോട്ടു ചെയ്യുന്നത്? ധനേഷ് കുമാറിന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP