Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജേക്കബ് തോമസ്... പ്രശാന്ത്... അനുപമ... ശ്രീജിത്ത്... രാജമാണിക്യം: എന്തുകൊണ്ട് ഇവരെ ഞങ്ങൾ സെലക്ട് ചെയ്തു? നിങ്ങൾ ഇവരിൽ ആരെ തെരഞ്ഞെടുക്കും?

ജേക്കബ് തോമസ്... പ്രശാന്ത്... അനുപമ... ശ്രീജിത്ത്... രാജമാണിക്യം: എന്തുകൊണ്ട് ഇവരെ ഞങ്ങൾ സെലക്ട് ചെയ്തു? നിങ്ങൾ ഇവരിൽ ആരെ തെരഞ്ഞെടുക്കും?

ടീം മറുനാടൻ

തിരുവനന്തപുരം: ജനങ്ങളുടെ മനസിൽ എക്കാലവും നിൽക്കുന്നത് അവർക്കു നന്മ ചെയ്യുന്ന, അവർക്കു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാകും. പൊതുജനസേവനത്തിനു വേണ്ടി നിയമതിരാകുന്ന ഉദ്യോഗസ്ഥരിൽ പലരും പിന്നീട് പൊതുജനത്തെ മറക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്. എന്നാൽ, തങ്ങളുടെ ഉത്തരവാദിത്വം ജനങ്ങളെ സേവിക്കുകയാണെന്നു മനസിലാക്കുകയും അവർക്കു വേണ്ടി അഹോരാത്രം പണിയെടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾ സ്‌നേഹിക്കുക തന്നെ ചെയ്യും. തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളിനെ തൃണവദ്ഗണിച്ച് ജനസേവനം നടത്തുന്ന ഒരുപിടി ഉദ്യോഗസ്ഥരാണ് സിവിൽ സർവീസ് വിഭാഗത്തിലെ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലേക്ക് മറുനാടൻ മലയാളി തെരഞ്ഞെടുത്തത്.

നട്ടെല്ല് അൽപ്പം പോലും വളയ്ക്കാതെ സത്യത്തിന് വേണ്ടി നിലനിൽക്കുന്ന ഐപിഎസ് ഉദ്യോസ്ഥൻ ജേക്കബ് തോമസ്, വ്യത്യസ്ത പ്രവർത്തനങ്ങൾക്കൊണ്ട് ശ്രദ്ധ നേടിയ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ, ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കസേരയിൽ ഇരുന്ന് നിയമലംഘകരായ ഉന്നത സ്ഥാപനങ്ങളെ പോലും വിറപ്പിച്ച ടി വി അനുപമ, ഹാരിസൺ മലയാളം പ്ലാന്റേഷനെ മുട്ട് കുത്തിച്ച എറണാകുളം കളക്ടറും ലാൻഡ് അഡൈ്വസറും ആയ രാജമാണിക്യം, ഓൺലൈൻ പെൺവാണിഭവും ഭൂമാഫിയ ഇടപെടലുകളും കുട്ടിക്കടത്തും മനുഷ്യാവകാശ പ്രശ്‌നങ്ങളും ഒക്കെ ഉയർത്തിക്കാട്ടി ജനശ്രദ്ധ നേടിയ ഐജി എസ് ശ്രീജിത്ത് എന്നിവരാണു പുരസ്‌കാരത്തിന് അവസാന റൗണ്ടിലുള്ളത്.

പ്രവർത്തന മികവും വിവിധ മേഖലകളിൽ നിന്നുള്ള നിർദേശങ്ങളും പരിഗണിച്ചണ് അവസാനറൗണ്ടിലേക്കുള്ള അഞ്ചു പേരെ മറുനാടൻ മലയാളി തെരഞ്ഞെടുത്തത്. സിവിൽ സർവീസ് അവാർഡ് വിഭാഗത്തിൽ ഇടംപിടിച്ച അഞ്ച് പേരും അവരുടെ കർമ്മ മണ്ഡലങ്ങളിൽ തിളങ്ങി നിന്നവരാണ്.

14 ാം തീയതി തിങ്കളാഴ്ച മുതൽ 31 ാം തീയതി വ്യാഴാഴ്ച വരെ 18 ദിവസമാണ് വോട്ടിങ് കൊടുക്കുന്നത്. ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം പത്ത് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.

ജനുവരി നാലിനാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്ത് വച്ച് തന്നെ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ആരുടെയും മുന്നിൽ തലകുനിക്കാത്ത ഉദ്യോഗസ്ഥൻ

ടുത്തിടെ ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞ ഉദ്യോഗസ്ഥനാണു ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരെ കർശന നിലപാടുകൾ സ്വീകരിച്ചതിനു ഭരണതലത്തിൽ നിന്ന് പ്രതികൂല നടപടികൾ നിരവധിതവണ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. അഴിമതിക്കെതിരെ നട്ടെല്ല് വളയ്ക്കാതെ പോരാടിയ ഈ ഉദ്യോഗസ്ഥന്റെ സേവനമികവാണ് അവാർഡിനു പരിഗണിക്കാൻ കാരണം.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ഭരണാധികാരികളുടെ കണ്ണിൽ കരടാകുകയായിരുന്നു അദ്ദേഹം. നിയമം ചൂണ്ടിക്കാട്ടിയ വഴിയെ ധൈര്യമായി മുന്നോട്ടു നീങ്ങിയ അദ്ദേഹത്തെ ആദ്യം വിജിലൻസിൽ നിന്നു സ്ഥലം മാറ്റി. തുടർന്ന് മാഫിയകൾക്കെതിരെ ശക്തമായ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും മാറ്റുകയാണ് ഉണ്ടായത്. എന്നാൽ സർക്കാറിന്റെ തെറ്റായ നടപടി ചൂണ്ടിക്കാട്ടി താൻ നട്ടെല്ല് വളയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ച അദ്ദേഹം മറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെല്ലാം മാതൃകയാണ്.

വിഷവിതരണ മാഫിയയുടെ ഉറക്കം കെടുത്തിയ പെൺകുട്ടി

നിറപറയുടെ മായം കലർത്തലിനെതിരെ പ്രതികരിച്ചും വിഷപച്ചക്കറി തടയാൻ നടപടി എടുത്തുമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎഎസ് ശ്രദ്ധ നേടിയത്. അനുപമയുടെ ധീരമായ നടപടി എല്ലാവരുടെയും കൈയടി നേടാൻ സഹായിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ ഭരണവർഗത്തിന്റെ എതിർപ്പിന് ഇരയായ അനുപമയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിൻ നടന്നു എന്നതും ഇവരുടെ ജനകീയതയുെട തെളിവായി. ഇക്കാരണം കൊണ്ടാണ് ഇവർ മറുനാടന്റെ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ചതും.

കേരളീയരെ വിഷം തീറ്റിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ ടി വി അനുപമ പിന്നീട് പല പ്രമുഖരുടെയും കണ്ണിലെ കരടായി മാറി. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വിൽപ്പനക്കെത്തിക്കുന്ന പച്ചക്കറികളിലെ വിഷാംശങ്ങൾ വ്യാപകമായ സാഹചര്യത്തിൽ പരിശോധനയും മറ്റുമായി കർശന നിലപാട് സ്വീകരിച്ച ടി വി അനുപമ തുടർന്ന് കേരളത്തിലെ ഒരു വമ്പൻ ബ്രാൻഡിന് എതിരെ തന്നെ നിലപാടെടുക്കുകയായിരുന്നു. പാക്ക് ചെയ്ത ഭക്ഷ്യോൽപ്പന്ന നിർമ്മാണ രംഗത്തെ പ്രമുഖരായ നിറപറയുടെ തട്ടിപ്പാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ പുറംലോകം അറിഞ്ഞത്. നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാൻഡിൽ മായം കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഭീഷണിയും വക്കീൽ നോട്ടീസുകളും നിർലോഭം ലഭിച്ചെങ്കിലും വിഷ ഭക്ഷ്യവസ്തുക്കളെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിലാണ് അനുപമ.

കോഴിക്കോട്ടെ ജനകീയനായ കലക്ടർ ബ്രോ

കോഴിക്കോടിന്റെ സ്വന്തം ബ്രോയാണു തിരുവനന്തപുരത്തുകാരനായ പ്രശാന്ത് നായർ ഐഎഎസ്. കോഴിക്കോട് ജില്ലയിലെ ജനകീയ കലക്ടർ. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഈ ഉദ്യോഗസ്ഥൻ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട വ്യക്തികൂടിയാണ്. കളക്ടർ ബ്രോ എന്ന് പോലും വിളിക്കാവുന്ന വിധത്തിൽ ജനസമ്മതനായ ഉദ്യോഗസ്ഥനായി മാറി അദ്ദേഹം. കോഴിക്കോട് നഗരത്തിൽ സുലൈമാനി പദ്ധതി അടക്കം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു അദ്ദേഹം കൈയടി നേടിയിരുന്നു.

ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് എന്നും കോഴിക്കോടിനു വേണ്ടി മുൻപന്തിയിൽ നിലകൊണ്ടതാണ് പുരസ്‌കാര പട്ടികയുടെ അന്തിമഘട്ടത്തിലെത്താൻ പ്രശാന്തിനെ സഹായിച്ചത്. കോഴിക്കോട് നഗരത്തിൽ പണമില്ലാത്തതിന്റെ പേരിൽ ആരും വിശന്നിരിക്കരുത്. അതായിരുന്നു ഓപ്പറേഷൻ സുലൈമാനി പദ്ധതി. ജില്ലാ കളക്ടർ പ്രശാന്ത് നായർ ആവിഷ്‌കരിച്ച പദ്ധതി വിജയകരമായി തുടർന്ന് പോകുന്നു. ആവശ്യത്തിന് ഓട്ടോ കിട്ടുക എന്നത് എല്ലാരുടേയും പ്രശ്‌നമാണ്. ഏയ് ഓട്ടോ എന്ന മൊബൈൽ ആപ് ആണ് പ്രശാന്ത് നായർ കോഴിക്കോട്ടുകാർക്ക് മുന്നിൽ വച്ചത്. നിങ്ങളുടെ 'വിരൽത്തുമ്പിൽ' എത്തും ഓട്ടോറിക്ഷ. മോഹൻലാൽ സിനിമയിലെ ഡയലോഗായ സവാരിഗിരി കോഴിക്കോട്ടെ കുട്ടികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാനുള്ള കളക്ടറുടെ പദ്ധതിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജില്ലാ കളക്ടർ ഏവർക്കും എപ്പോഴും സമീപിക്കാവുന്ന ഒരാളാണ്. അതുകൊണ്ട് തന്നെയാണ് 'കളക്ടർ ബ്രോ' എന്ന് ഫേസ്‌ബുക്കിലെ വിളിപ്പേര് അദ്ദേഹത്തിനു ലഭിച്ചതും. നല്ലതും വ്യത്യസ്തവും ആയ പദ്ധതികളാണ് അദ്ദേഹം കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നത്. ഇങ്ങനെയുള്ള ഒരു കളക്ടറോട് ആരാധനതന്നെയാണു കോഴിക്കോടു നിവാസികൾക്കുള്ളത്.

സത്യത്തിനു മുന്നിൽ വിട്ടുവീഴ്ചകളില്ലാത്ത ഐപിഎസുകാരൻ

നുഷ്യക്കടത്ത് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്ന ഐജി ശ്രീജിത്ത് തന്റെ കർമമേഖലയിലെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണു മറുനാടൻ അവാർഡ് പട്ടികയിൽ ഇടംപിടിച്ചത്. ഓൺലൈൻ പെൺവാണിഭ റാക്കറ്റിനെ പുറത്തുകൊണ്ടുവന്നതും ക്രൈംബ്രാഞ്ച് മേധാവിയായ ശ്രീജിത്തിന്റെ ഇടപെടലാണ്. സുപ്രധാനമായ ഈകേസ് പുറത്തുകൊണ്ടുവന്നത് അടക്കമുള്ള കാര്യങ്ങളാണ് ശ്രീജിത്ത് അവാർഡ് ലിസ്റ്റിൽ ഇടംപടിക്കാൻ കാരണമായത്.

മുഖം നോക്കാതെ നടപടി എടുത്തതിനു രാഷ്ട്രീയക്കാരുടെ ശത്രുവായി മാറിയതിനെ തുർന്ന് ശ്രീജിത്തിനെ നാലുകൊല്ലം ക്രിമിനൽ ചുമതലയിൽ നിന്നും മാറ്റി നിർത്തുകവരെ ചെയ്തിരുന്നു. എന്നാൽ പിന്നീട് ക്രൈം ബ്രാഞ്ചിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിലും ഏറെ വിവാദം സൃഷ്ടിച്ച ഓൺലൈൻ പെൺവാണിഭക്കേസിലുമൊക്കെ ശക്തമായ നിലപാടുകൾ സ്വീകരിച്ച അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കു സ്വീകാര്യനായ വ്യക്തിയാണ്.

ഹാരിസന്റെ മുന്നിൽ മുട്ടുവളയ്ക്കാത്ത ഐഎഎസുകാരൻ

ല സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാധാരണക്കാർക്കു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. പകരം സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവർക്കു മുന്നിൽ തന്നെത്തന്നെ അടിയറവയ്ക്കുകയാണു ചെയ്യുക. എന്നാൽ, ഹാരിസൺ പോലൊരു വൻകിട കമ്പനിയോടുപോലും ഏറ്റുമുട്ടി ധീര നിലപാടു സ്വീകരിച്ച വ്യക്തിയാണു എറണാകുളം കലക്ടർ രാജമാണിക്യം. ഹാരിസൺ മലയാളം പ്ലാന്റേഷനെ മുട്ട് കുത്തിച്ച രാജമാണിക്യം ജില്ലയിൽ ജനകീയ വ്യക്തിത്വമാണ്. ലാൻഡ് അഡൈ്വസർകൂടിയായ അദ്ദേഹം സംസ്ഥാന സർക്കാറിലേക്ക് കൈയേറ്റ ഭൂമി തിരിച്ചു പിടിച്ചു. കാർക്കശ്യം നിറഞ്ഞ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ രാജമാണിക്യം ജീവകാരുണ്യ രംഗത്തും സജീവമാണ്.

അരൂർ-കുമ്പളം പാലത്തിലെ ടോൾ പിരിവുമായി ബന്ധപ്പെട്ടും അദ്ദേഹം നടത്തിയ ഇടപെടലുകൾ ജനങ്ങൾക്കു വേണ്ടിയായിരുന്നു. ദേശീയ പാത അധികൃതർക്കു തന്നെ കലക്ടർ നോട്ടീസ് അയക്കുകയും ചെയ്തു. അധികൃതരുടെ കൽപ്പനകൾക്കു മുന്നിൽ മുട്ടുവളയ്ക്കാതെ ജനങ്ങൾക്കു വേണ്ടി നിലകൊണ്ടു എന്നതു തന്നെയാണ് ഈ ജനസേവകനെ മറുനാടൻ അവാർഡുപട്ടികയിൽ ഉൾപ്പെടുത്താൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP