Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുകെയിൽ എത്തി എട്ടുമാസം തികയും മുമ്പ് റോഡപകടത്തിൽ കൊല്ലപ്പെട്ട വിപ്രോ ജീവനക്കാരന്റെ സഹോദരിയുടെ പഠനം തുടരാൻ മറുനാടൻ ടീം നൽകിയത് അഞ്ച് ലക്ഷത്തോളം രൂപ; തിരുവഞ്ചൂരിൽ നിന്നും ദേവിശ്രീ ചെക്ക് ഏറ്റുവാങ്ങിയത് വിതുമ്പുന്ന ചുണ്ടുകളോടെ

യുകെയിൽ എത്തി എട്ടുമാസം തികയും മുമ്പ് റോഡപകടത്തിൽ കൊല്ലപ്പെട്ട വിപ്രോ ജീവനക്കാരന്റെ സഹോദരിയുടെ പഠനം തുടരാൻ മറുനാടൻ ടീം നൽകിയത് അഞ്ച് ലക്ഷത്തോളം രൂപ; തിരുവഞ്ചൂരിൽ നിന്നും ദേവിശ്രീ ചെക്ക് ഏറ്റുവാങ്ങിയത് വിതുമ്പുന്ന ചുണ്ടുകളോടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബ്രിട്ടനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിന് കൈത്താങ്ങായി മറുനാടൻ മലയാളി കുടുംബം. നോട്ടിങ്ഹാമിലെ എം 1 മോട്ടോർവേയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി ഋഷിയുടെ അമ്മയ്ക്കും സഹോദരിക്കും സഹോദരനുമാണ് അഞ്ച് ലക്ഷത്തോളം രൂപ ശേഖരിച്ചു നൽകിയത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ഫൗണ്ടേഷനിലൂടെയാണ് യുകെയിലെ വായനക്കാരിൽ നിന്നും 5670 പൗണ്ട് ശേഖരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് രണ്ടു മലയാളികൾ ഉൾപ്പെടെ എട്ടു പേർ മരണമടഞ്ഞ അപകടം സംഭവിച്ചത്.

ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട കോട്ടയം ചിങ്ങവനത്തെ നാലംഗ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഋഷി. എഞ്ചിനീയറിങ് പഠനത്തിനു ശേഷം ബാംഗ്ലൂരിൽ ജോലി ലഭിക്കുകയും അവിടെ നിന്നും വിപ്രോ ജീവനക്കാരനായി ബ്രിട്ടനിലേക്ക് പോവുകയുമായിരുന്നു. അവിടെ എത്തി എട്ടുമാസം തികയും മുൻപാണ് മോട്ടോർവേയിൽ നടന്ന അപകടത്തിൽ ഋഷി മരണപ്പെടുന്നത്. തുടർന്ന് ഇരുട്ടിലായ ഋഷിയുടെ കുടുംബത്തെ സഹായിക്കാനായാണ് സഹായനിധി രൂപീകരിച്ചത്. അമ്മയ്ക്കും സഹോദരിയുടെയും സഹോദരന്റെയും തുടർപഠനത്തിനു ചെറിയൊരു സഹായം നൽകാനുമായിരുന്നു ഇത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഹ്വാന പ്രാകാരം വായനക്കാർ രാജീവിന്റെ കുടുംബത്തെ സഹായിക്കാൻ വേണ്ടി മൂന്നു ദിവസം കൊണ്ടു ശേഖരിച്ചത് 5670 പൗണ്ടാണ്. ഇതിലെ വിർജിൻ മണിയിലൂടെ ലഭിച്ച തുക ഗിഫ്റ്റ് എയ്ഡ് അടക്കം 4,975 പൗണ്ടാണ്. ഇതിൽ നിന്നും വിർജിൻ മണി കമ്മീഷനായ 174 പൗണ്ട് കഴിച്ച് ബാക്കി തുകയായ 4800 പൗണ്ടും ബ്രിട്ടീഷ് മലയാളി ബാങ്ക് അക്കൗണ്ടിലേക്ക് 695 പൗണ്ടും ചേർത്ത് 5670 പൗണ്ടിന്റെ ചെക്കാണ് ഋഷിയുടെ കുടുംബത്തിന് നൽകിയത്.

ഇങ്ങനെ ശേഖരിച്ച 5670 പൗണ്ട് ഏകദേശം അഞ്ചുലക്ഷത്തോളം രൂപയുടെ ചെക്കാണ് മുൻ മന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഋഷിയുടെ വീട്ടിലെത്തി കൈമാറിയത്. നിറകണ്ണുകളോടെയാണ് ഋഷിയുടെ സഹോദരി ദേവി ശ്രീ ചെക്ക് ഏറ്റുവാങ്ങിയത്. ആ സമയത്ത് തൊട്ടരികിൽ നിന്ന അമ്മ ഉഷ രാജീവ് മകന്റെ വിയോഗത്തിന്റെ വേദനയിൽ ഉരുകുന്ന കാഴ്ചയായിരുന്നു അവിടെ. അപകടം നടന്നു ഒരു മാസം പിന്നിട്ടിട്ടും കണ്ണുനീർ തോരാത്ത മുഖങ്ങളായിരുന്നു ഇരുവരുടേതും.

അഗതികൾക്കും രോഗികൾക്കും നിരാലംബർക്കുമായ മലയാളികൾക്ക് അർഹമായ രീതിയിൽ സഹായകമായ തുക കണ്ടെത്തി നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും നന്മ നിറഞ്ഞ മനസുകൾക്കുടമയായ യുകെയിലെ പ്രവാസി മലയാളികൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് തിരുവഞ്ചൂർ ചെക്ക് കൈമാറിയത്. പനച്ചിക്കാട് പഞ്ചായത്ത മെമ്പർമാരായ പ്രിയ മധുസൂദനൻ, വിജി വിജയകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോണി ജോസ്, ജയൻ ബി മഠം മറ്റനേകം പ്രാദേശിക പാർട്ടി നേതാക്കൾ എന്നിവർ തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു.

45 മിനുറ്റോളം ഋഷിയുടെ വീട്ടിൽ ഇരിക്കുകയും എന്ത് ആവശ്യമുണ്ടെങ്കിലും ഋഷിയുടെ കുടുംബത്തിന് തന്നെ സമീപിക്കാമെന്ന ഉറപ്പും പ്രാദേശിക പാർട്ടി നേതാക്കൾക്ക് നിർദ്ദേശവും നൽകിയ ശേഷമാണ് അദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയത്. തൃശൂർ ശ്രീരാമകൃഷ്ണൻ മഠത്തിലെ വിദ്യാർത്ഥിയാണ് ഋഷിയുടെ സഹോദരൻ. പഠിക്കാൻ സമർത്ഥനായ ഋഷിക്കു വിപ്രോ നൽകിയ ജോലിയിലൂടെ കുടുംബ സാഹചര്യങ്ങൾ മെച്ചപ്പെട്ടു വരവെയാണ് ഈ യുവാവ് യുകെയിൽ എത്തുന്നത്. പഠനം പൂർത്തിയാക്കിയ സഹോദരിയെ വിവാഹം ചെയ്തു അയക്കുക എന്നതായി ഋഷിയുടെ പിന്നീടുള്ള സ്വപ്നം. മികച്ച ശമ്പളം ഉള്ള ജോലി ലഭിച്ചതോടെ ഈ സ്വപ്നം എത്രയും വേഗം നടക്കും എന്ന പ്രതീക്ഷയിൽ കഴിയവെയാണ് വിധി മരണത്തിന്റെ രൂപത്തിൽ ഋഷിയെ തട്ടിയെടുത്തത്.

മോട്ടോർ വേ ദുരന്തത്തിൽ എട്ടു പേർ മരിച്ചപ്പോൾ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആദ്യം ആലോചിച്ചത് നോട്ടിങ്ഹാം മലയാളിയായിരുന്ന ബെന്നിയുടെ കുടുംബത്തിന് കൈത്താങ്ങാകുന്ന കാര്യത്തെ കുറിച്ചാണ്. എന്നാൽ അദ്ദേഹത്തിന്റെ ജീവിത വീക്ഷണം മാനിച്ചു കുടുംബാംഗങ്ങൾ പൊതു ജനം നൽകുന്ന സഹായം സ്വീകരിക്കാൻ ഉള്ള ബുദ്ധിമുട്ട് അറിയിച്ച വേളയിൽ തന്നെയാണ് യുകെയിൽ ആറു മാസം മുൻപ് ജോലിക്കെത്തി അപകടത്തിൽ കൊല്ലപ്പെട്ട ഋഷിയുടെ കുടുംബ സ്ഥിതിയെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.

തുടർന്ന് നാട്ടിൽ അവധിക്കെത്തിയ മാഞ്ചസ്റ്റർ സ്വദേശിയും മരിച്ച ഋഷിയുടെ അയൽവാസിയുമായ പ്രദീപ് കുമാർ മുഖേനെ കൂടുതൽ അന്വേഷണം നടത്തുകയും കുടുംബവുമായി ബന്ധപ്പെട്ടു അപ്പീൽ നടത്തുന്നതിനുള്ള അനുവാദം വാങ്ങുകയും ചെയ്ത ശേഷം വെറും മൂന്നു ദിവസത്തെ അപ്പീലിലൂടെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വായനക്കാരിൽ നിന്നും 5670 പൗണ്ടിന്റെ സഹായധനം സ്വരൂപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP