Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറുനാടൻ മലയാളി വായനക്കാരുടെ മനസ് മോദിക്കൊപ്പം തന്നെ: മോദി ഭരണത്തിൽ തൃപ്തിയായി 67 ശതമാനം മലയാളികൾ; ഇന്ത്യയുടെ അന്തസ്സ് ഉയർത്തിയെന്ന് 65 ശതമാനം പേർ; വിദേശനയത്തെ പിന്തുണച്ച് 78 ശതമാനം; ന്യൂനപക്ഷ വിരുദ്ധ സർക്കാറല്ലെന്ന് വിലയിരുത്തൽ; പെട്രോൾ വിലയിൽ നിരാശ പങ്കുവച്ചു

മറുനാടൻ മലയാളി വായനക്കാരുടെ മനസ് മോദിക്കൊപ്പം തന്നെ: മോദി ഭരണത്തിൽ തൃപ്തിയായി 67 ശതമാനം മലയാളികൾ; ഇന്ത്യയുടെ അന്തസ്സ് ഉയർത്തിയെന്ന് 65 ശതമാനം പേർ; വിദേശനയത്തെ പിന്തുണച്ച് 78 ശതമാനം; ന്യൂനപക്ഷ വിരുദ്ധ സർക്കാറല്ലെന്ന് വിലയിരുത്തൽ; പെട്രോൾ വിലയിൽ നിരാശ പങ്കുവച്ചു

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഭരണത്തെ വിലയിരുത്താൻ മറുനാടൻ മലയളി നടത്തിയ സർവേയിൽ വായനക്കാരുടെ മനസ് മോദിക്കൊപ്പം. അഴിമതി ആരോപണങ്ങൾ ഇല്ലാതെ കടന്നുപോയ കേന്ദ്രസർക്കാറിന്റെ ഒരു വർഷത്തെ ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തുകയാണ് സർവേയിൽ പങ്കെടുത്ത 67 ശതമാനം പേരും. ദേശീയ മാദ്ധ്യമങ്ങൾ നടത്തിയ സർവേയിലും മോദി സർക്കാറിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് മറുനാടൻ മലയാളി മലയാളത്തിൽ നടത്തിയ സർവേയിലും കേന്ദ്രസർക്കാറിന് അനുകൂലമായ അഭിപ്രായം ഉണ്ടായത്. ഈമാസം 20ന് ആരംഭിച്ച സർവേ ആറ് ദിവസമാണ് നീണ്ടു നിന്നത്. വായനക്കാരുടെ മികച്ച പങ്കാളിത്തമാണ് കേന്ദ്രസർക്കാറിനെ വിലയിരുത്താൻ മലയാളത്തിൽ നടത്തിയ ആദ്യ സർവേയിൽ ഉണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സർവേയിൽ വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി അവസാനിച്ചത്. 

69871 പേർ സർവേയിൽ മൊത്തത്തിൽ പങ്കാളികളായി. ഓരോ ദിവസവും ആവേശത്തോടെയാണ് വായനക്കാർ സർവേയിൽ പങ്കെടുത്തത്. 16 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സർവേയിൽ പെട്രോൾ വിലയുടെ കാര്യത്തിൽ ഒഴികെ മറ്റെല്ലാ ചോദ്യങ്ങളോടും മോദിക്ക് അനുകൂലമായ അഭിപ്രായമാണ് ഉയർന്നത്. മോദി ഭരണത്തിൽ 67 ശതമാനം തൃപ്തി നേടിയപ്പോൾ മോദിയുടെ കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നുവെന്ന് 67 ശതമാനം അഭിപ്രായപ്പെട്ടു. വിദേശ നയത്തെ പിന്തുണച്ച് 78 ശതമാനം പേർ രംഗത്തെത്തിയപ്പോൾ പെട്രോൾ വിലയുടെ കാര്യത്തിൽ മോദി സർക്കാർ ജനവിരുദ്ധമാണെന്ന അഭിപ്രായവും ഉയർന്നു.

മോദി സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു സർവേയിൽ ഉൾപ്പെടുത്തിയിരുന്ന പ്രധാന ചോദ്യം. ഇതിന് വളരെ മെച്ചം എന്ന അഭിപ്രായം 40 (27948)ശതമാനം പേർ രേഖപ്പെടുത്തി. പ്രതീക്ഷിച്ചത് പോലെ എന്ന അഭിപ്രായം പങ്കുവച്ചത് 12.8 (8943) ശതമാനം പേരാണ്. ഈ രണ്ട് അഭിപ്രായങ്ങൾ കൂടാതെ പ്രതീക്ഷിച്ചതിനേക്കാൾ മോശമാണെങ്കിലും മന്മോഹൻ സിംഗിനേക്കാൾ മെച്ചം എന്ന അഭിപ്രായം രേഖപ്പെടുത്തിയവരെയും തൃപ്തരെന്ന ഗണത്തിലാണ് മറുനാടൻ പെടുത്തിയത്. ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തിയത് 15.6 ശതമാനം(11039) പേരാണ്. അതേസമയം 23 ശതമാനം പേർ മോദി ഭരണത്തിൽ അതൃപ്തരായാണ് കാണപ്പെട്ടത്. 17.9 (12506)ശതമാനം നിരാശാജനകം എന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ പരിതാപകരമെന്ന് 13.7 (9572)ശതമാനം പേർ അഭിപ്രായപ്പെട്ടു.

പ്രവർത്തിയേക്കാൾ മോദിക്ക് താൽപ്പര്യം പ്രസംഗത്തിൽ ആണെന്ന് വിശ്വസിക്കുന്നുണ്ടോ എന്നതായരുന്നു മറുനാടൻ ഉൾപ്പെടുത്തിയ രണ്ടാമത്തെ ചോദ്യം. ഇതിൽ 55.7 ശതമാനം പേർ അങ്ങനെയല്ലെന്നാണ് വോട്ട് ചെയ്തത്. 39.8 ശതമാനം മോദിക്ക് പ്രസംഗത്തിൽ മാത്രമാണ് താൽപ്പര്യമെന്ന് വിശ്വസിക്കുന്നു. അഭിപ്രായം രേഖപ്പെടുത്താത്തത് 4.5 ശതമാനം പേരാണ്.

മോദിയുടെ കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നുവെന്നാണ് പൊതുവിൽ സർവേയിൽ ഉയർന്ന അഭിപ്രായം. 65.3 ശതമാനം പേർ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ ഇല്ലെന്ന് 19.8 ശതമാനം അഭിപ്രായപ്പെട്ടു. അന്തസ്സ് താഴ്ന്നുവെന്ന് അഭിപ്രായപ്പെട്ടത് 10.3 ശതമാനം പേരാണ്. 4.7 ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല. മോദിയുടെ വിദേശനയത്തിന് മികച്ച പിന്തുണയും ലഭിച്ചു. പത്തിൽ പത്ത് മാർക്ക് നൽകൻ 32.5 ശതമാനം പേർ തയ്യാറായപ്പോൾ ഒമ്പത് മാർക്ക് നൽകിയത് 9.8 ശതമാനം പേരാണ്. മൊത്തത്തിൽ 78 ശതമാനം പേർ മോദിയുടെ വിദേശ നയം മികച്ചതാണെന്ന് അഭിപ്രായമാണ് സർവേയിൽ രേഖപ്പെടുത്തിയത്.

മോദി സർക്കാറിന്റെ ഹിന്ദുത്വ നിലപാടിനെ കുറിച്ച് അധികാരമേറ്റ അന്ന് മുതൽ ഉയർന്ന ആശങ്കയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് രണ്ട് ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഹിന്ദുത്വ നിലപാടിൽ ആശങ്ക ഇല്ലെന്ന് 42.1 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ 17 ശതമാനം പ്രതീക്ഷിച്ചതിൽ കൂടുതൽ ആശങ്കയുണ്ടെന്ന് പറഞ്ഞു. ആശങ്കയുണ്ടെന്ന് 19.7 ശതമാനം പേരുമാണ്. പ്രതീക്ഷിച്ചത്ര ഇല്ലെന്ന് പറഞ്ഞ് മൃദുസമീപനം സ്വീകരിച്ച 17. 6 ശതമാനം പേരാണ്. ന്യൂനപക്ഷ വിരുദ്ധമാണോ സർക്കാറെന്നായിരുന്നു മറ്റൊരു ചോദ്യം. ന്യൂനപക്ഷ വിരുദ്ധമല്ലെന്ന അഭിപ്രായമാണ് ഇതിൽ ഉണ്ടായത്. 64.5 ശതമാനം പേർ മോദി സർക്കാർ ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അഭിപ്രായപ്പെട്ടു.

പെട്രോൾ വിലയുടെ കാര്യത്തിലാണ് മോദി സർക്കാറിനെ വായനക്കാർ എല്ലാവരും കൂടി പ്രതികൂട്ടിൽ നിർത്തിയത്. പെട്രോൾ വിലവർധനവിൽ സർവേയിൽ പങ്കെടുത്തവരിൽ 41.7 ശതമാനം കടുത്ത നിരാശ രേഖപ്പെടുത്തി. 24 ശതമാനം പേർ മറ്റ് വഴികൾ ഇല്ലെന്ന് അഭിപ്രായപ്പെട്ടു. 18.7 ശതമാനം പേർ നിരാശയും രേഖപ്പെടുത്തി. പെട്രോൾ വിലയിലും വളരെ തൃപ്തിയാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. 11.6 ശതമാനം പെട്രോൾ വിലയുടെ വർധനവിലും സന്തോഷം രേഖപ്പെടുത്തി.

ഈ സർക്കാറിനെ ഏറെ വിവാദത്തിലാക്കിയ ബില്ലായിരുന്നു ഭൂമി ഏറ്റെടുക്കൽ ബിൽ. മുൻ സർക്കാർ കൊണ്ടുവന്ന ബില്ലിനെ സമഗ്രമായി പരിഷ്‌ക്കരിക്കാൻ ലക്ഷ്യമിട്ട ബില്ലിനെയും പിന്തുണയാണ് സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. 45.6 ശതമാനം പേർ ഭൂമി ഏറ്റെടുക്കൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 38.3 ശതമാനം എതിർപ്പ് രേഖപ്പെടുത്തി. 16.1 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

മോദി സർക്കാർ ഒരു വർഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യമായിരുന്നു സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ജൻധൻ യോജന, സ്വച്ഛ് ഭാരത്, മേക്ക് ഇൻ ഇന്ത്യ, വിദേശ നയം, മറ്റുള്ളവ എന്നിവയായിരുന്നു നൽകിയ ഓപ്ഷൻസ്. ഇതിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 50.1 ശതമാനം പേർ പദ്ധതിയെ പിന്തുണച്ചപ്പോൾ ജൻധൻ യോജനയെ 8.1 ശതമാനം പിന്തുണച്ചു. സ്വച്ഛ് ഭാരതിന് പിന്തുണച്ചത് 15. 2 ശതമാനം പേർ മാത്രമാണെന്നതും ശ്രദ്ധേയമായി. വിദേശനയത്തെ 19. 4 ശതമാനം പിന്തുണച്ചപ്പോൾ മറ്റുള്ളവ പരിഗണിച്ചത് 7.2 ശതമാനം പേരാണ്.

കോർപ്പറേറ്റുകളെ പിന്തുണക്കുന്നു എന്നതായിരുന്നു സർക്കാറിനെതിരെ ഉയർന്ന പ്രധാന വിമർശനം. ഈ വിമർശനം സർവേയിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ അത് മോദിയുടെ ജനപ്രീതിയെ മറികടക്കാൻ പര്യാപ്തമായിരുന്നില്ല. 53.3 ശതമാനം പേർ കോർപ്പറേറ്റുകൾക്ക് വേണ്ടിയല്ല മോദി പ്രവർത്തിക്കുന്നതെന്ന് വിലയിരുത്തി. അതേസമയം അങ്ങനെയാണെന്ന് വിലയിരുത്തിയത് 42.1 ശതമാനം പേരാണ്. അഭിപ്രായം രേഖപ്പെടുത്താതെ 4.6 ശതമാനവും രംഗത്തെത്തി.

കർഷകരുടെ കാര്യത്തിലാണ് ഈ സർക്കാർ ഏറ്റവും അധികം വിമർശനം കേട്ടത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഈ വിഷയം സജീവമായി ഉന്നയിക്കുകയാണ്. അതുകൊണ്ട് കർഷക വിരുദ്ധമാണോ ഈ സർക്കാർ എന്നതായിരുന്നു മറുനാടൻ ഉൾപ്പെടുത്തിയ മറ്റൊരു പ്രധാന ചോദ്യം. ഇതിൽ അങ്ങനെയാണെന്ന അഭിപ്രായം 34 ശതമാനം രേഖപ്പെടുത്തിയപ്പോൾ 60.1 ശതമാനം പേർ കർഷക വിരുദ്ധ സർക്കാറല്ല മോദിയുടേത് എന്ന് വോട്ട് ചെയ്തു. 5.9 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായില്ല.

മോദി സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ വീഴ്‌ച്ചയായി ജനങ്ങൾ വിലയിരുത്തിയത് പെട്രോൾ വിലയുടെ വർധനവാണ്. 50 ശതമാനം പേർ ഈ അഭിപ്രായം പങ്കുവച്ചപ്പോൾ പേരെഴുതിയ സ്യൂട്ട് ധരിച്ച മോദിയുടെ നടപടിക്ക് എതിരായി 12.2 ശതമാനം വോട്ട് ചെയ്തു. ഭൂമി ഏറ്റെടുക്കൽ ബില്ലിനെ കുറ്റപ്പെടുത്തി 7.6 ശതമാനവും രംഗത്തെത്തി.

മോദി സർക്കാറിന്റെ ഭരണത്തിൽ കൈയടി നേടിയത് പ്രവാസികളുടെ കാര്യത്തിൽ ആയിരുന്നു. യുദ്ധ മേഖലയിൽ കുടുങ്ങിയ മലയാളി നഴ്‌സുമാർ അടക്കമുള്ളവരെ നാട്ടിലെത്തിയത് വലിയ നേട്ടം തന്നെയായിരുന്നു. അതുകൊണ്ട് മോദി ഭരണം പ്രവാസികൾക്ക് ഗുണകരമാണെന്ന് സർവേയിൽ പങ്കെടുത്ത 43.7 ശതമാനം അഭിപ്രായപ്പെട്ടു. ഒരു ഗുണവും ഇല്ലെന്ന് അഭിപ്രായപ്പെട്ടത് 20 ശതമാനവും മുമ്പത്തേക്കാൾ ഭേദമാണെന്ന് 19.4 ശതമാനവും അഭിപ്രായപ്പെട്ടു. ആര് വന്നാലും പ്രവാസികൾക്ക് ഗുണകരമല്ലെന്ന അഭിപ്രായം 16.4 ശതമാനം രേഖപ്പെടുത്തി.

പ്രതിപക്ഷത്തിന് ആയുധം നൽകിയ സംഭവമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾ. ഒരുവർഷത്തിനുള്ളിൽ 18 വിദേശയാത്രകളാണ് മോദി നടത്തിത്. എന്നാൽ ഈ വിദേശയാത്രകൾ രാജ്യത്തിന് ഗുണപ്രദമായി എന്നാണ് സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കിയത്. 64.5 ശതമാനം അങ്ങനെ അഭിപ്രായപ്പെട്ടു. അതേസമയം ഒരു ഗുണവും ഇല്ലെന്ന് 16.6 ശതമാനം അഭിപ്രായപ്പെട്ടു. അധികമാണെന്ന് പറഞ്ഞത് 10.9 ശതമാനം പേരാണ്. അഭിപ്രായമില്ലെന്ന് 8 ശതമാനവും പറഞ്ഞു.

ഒരു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഇടപെടൽ നടത്തിയത് വളരെ കുറിച്ച് സമയം മാത്രമായിരുന്നു. എങ്കിൽ കൂടി മോദിയെ പിന്തുണച്ചുകൊണ്ടാണ് കൂടുതൽ പേർ രംഗത്തെത്തിയത്. പാർലമെന്റേറിയൻ എന്ന നിലയിൽ മോദിയുടെ പ്രവർത്തനം മികച്ചതാണെന്ന് 55.5 ശതമാനം അഭിപ്രായപ്പെട്ടു. മോശമാണെന്ന് 18 ശതമാനവും ശരാശരിയെന്ന് 26.5 ശതമാനവും അഭിപ്രായപ്പെട്ടു.

ഓപ്ഷൻ നൽകിയ പതിനഞ്ച് ചോദ്യങ്ങൾക്ക് പുറമേ മോദി സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന ചോദ്യവും മറുനാടൻ ഉന്നയിച്ചിരുന്നു. ഇതിൽ രാജ്യസഭയിലെ അംഗബലത്തിലുള്ള കുറവും പെട്രോൾ വില നിയന്ത്രിക്കാൻ സാധിക്കാത്തതും അവശ്യ സാധനങ്ങളുടെ വിലവർധനവുമാണ് ഇതിന് മറുപടിയായി സർവേയിൽ പങ്കെടുത്തവർ നൽകിയത്.

പൊതുവിൽ കേരളത്തിലെ സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാറിന് പിന്തുണ വർദ്ധിക്കുന്നുവെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. സൈബർലോകത്ത് മോദിക്ക് ലഭിക്കുന്ന സ്വീകര്യത തന്നെയാണ് ഇപ്പോഴത്തെ സർവേയിൽ പ്രതിഫലിച്ചതും. ഒരു വർഷത്തിനിടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിൽ മോദി സർക്കാറിന് വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും ജനപിന്തുണയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേഫലം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP