Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് നൽകും; നീതി നിഷേധിക്കപ്പെട്ടവർക്കായി നിയമ പോരാട്ടം നടത്തും; ജനകീയ സംരംഭങ്ങൾക്ക് പിന്തുണ നൽകും; പൊതുജനാരോഗ്യവും പൊതു വിദ്യാഭ്യാസവും ശക്തിപ്പെടുത്താൻ സർക്കാരിനൊപ്പം നിൽക്കും; മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ വാർത്തകൾക്കപ്പുറത്തേക്ക് പോരാട്ടത്തിന് തുടക്കമിട്ട് മറുനാടൻ മലയാളി; ബഹുജന പങ്കാളിത്തത്തോടെ 'ആവാസി'ന് തുടക്കം

സർക്കാർ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് നൽകും; നീതി നിഷേധിക്കപ്പെട്ടവർക്കായി നിയമ പോരാട്ടം നടത്തും; ജനകീയ സംരംഭങ്ങൾക്ക് പിന്തുണ നൽകും; പൊതുജനാരോഗ്യവും പൊതു വിദ്യാഭ്യാസവും ശക്തിപ്പെടുത്താൻ സർക്കാരിനൊപ്പം നിൽക്കും; മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ വാർത്തകൾക്കപ്പുറത്തേക്ക് പോരാട്ടത്തിന് തുടക്കമിട്ട് മറുനാടൻ മലയാളി; ബഹുജന പങ്കാളിത്തത്തോടെ 'ആവാസി'ന് തുടക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതി ദുരന്തം കേരളീയരുടെ ചിന്താധാരയെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ഏതുനിമിഷവും ആർക്കും നോക്കി നിൽക്കുമ്പോൾ അപകടം ഉണ്ടാവുമെന്നത് മാത്രമല്ല, രക്ഷകരായി എത്തുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്തവർ ആയെന്നും വരാം എന്നതാണ് സാഹചര്യം. അതിനുമപ്പുറം ഏതുസഹായവും വാഗ്ദാനം ചെയ്ത് സർവപിന്തുണയുമായി ലോകമെമ്പാടുമുള്ള മലയാളികൾ വരുന്നു. അവർക്കൊപ്പം വിദേശ രാജ്യങ്ങളും, ഇതരസംസ്ഥാനങ്ങളും കൈകോർക്കുന്നു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും പുനരധിവാസവും ഏറ്റെടുത്ത് നടത്തേണ്ട ചുമതലയാണ് ഇപ്പോൾ ബാക്കിയാകുന്നത്.

ഇവിടെ ഒരുവലിയ പ്രശ്‌നം അവശേഷിക്കുന്നുണ്ട്. ആരാണ് ഇതൊക്കെ ചെയ്യേണ്ടത്? എല്ലാം സർക്കാരിന്റെ ബാധ്യതാണോ? സുമനസുകൾ കാശുനൽകുമ്പോൾ അതെങ്ങനെയാണ് അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കും എന്നുറപ്പ് വരുത്തേണ്ടത്? ലോകം മുഴുവനും നിന്നും എത്തിച്ചേരുന്ന വിഭവങ്ങൾ കൃത്യമായി അർഹതപെട്ടവർക്ക് വീതിച്ചുനൽകാൻ എന്തുമെക്കാനിസമാണുള്ളത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ സർക്കാരിന്റെ ചുവപ്പ്‌നാടയിൽ കിടന്നുപിടയുന്ന കാഴ്ചയാകാം കാണുന്നത്. സർക്കാരും സന്നദ്ധസംഘടനകളും അനുശാസിക്കുംപോലെ അവരവരുടെ ചുമതല നിറവേറ്റുന്ന സാഹചര്യം ഉറപ്പുവരുത്താൻ പൊതുജനങ്ങളുടെ ഒരുനിരീക്ഷണ സംവിധാനം ആണുവേണ്ടത്.

അതിനുള്ള തുടക്കം ഇടുകയാണ് മറുനാടൻ മലയാളി. വാർത്തകൾക്ക് അപ്പുറത്തേക്ക് പോയി സാമൂഹ്യ ഇടപെടൽ നടത്തുന്ന പൂർണമായും സുതാര്യമായ ഒരു സംഘടനയ്ക്ക് മറുനാടൻ രൂപം നൽകുകയാണ്. അസോസിയേഷൻ ഫോർ വെൽഫെയർ ആക്ഷൻ ആൻഡ് സോഷ്യൽ ഇനിഷ്യേറ്റീവ്‌സ് അഥവാ 'ആവാസ്'എന്ന സംഘടനയ്ക്ക് തുടക്കം ഇട്ടുകൊണ്ടാണ് സാമൂഹ്യ ഇടപെടലുമായി മറുനാടൻ രംഗത്ത് വരുന്നത്. മറുനാടന്റെ പിന്തുണയോടെയാണ് പ്രവർത്തനം എങ്കിലും മറുനാടനിൽ നിന്നും തികച്ചും സ്വതന്ത്രമായി പൊതുപ്രവർത്തകരും പൊതു ജനങ്ങളും ഉൾപ്പെടുന്ന പ്രസ്ഥാനം ആയി ആയിരിക്കും ആവാസിനെ വളർത്തുക.

തിരുവനന്തപുരത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ആവാസ് 'ഏറെ വൈകാതെ കേരളത്തിലെ 14 ജില്ലകളിലും ഓഫീസ് തുറക്കും. സംസ്ഥാനം എമ്പാടുമുള്ള ജനകീയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും. കേരളത്തിലെ എല്ലാ ഗ്രeമങ്ങളിലും പൊതു ജനനന്മ ആഗ്രഹിച്ചു പ്രവർത്തിക്കുന്ന സംഘടനകൾ, വായനശാലകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുമായി ചേർന്നാവും പ്രവർത്തനം വിപുലീകരിക്കുക. പൊതു ജനനന്മ ആഗ്രഹിക്കുന്ന ആർക്കും അംഗത്വം എടുക്കാം. കേരള സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ പ്രധാന ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും.

കേരളത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുമായി സംഹകരിച്ചാവും ആവാസിന്റെ പ്രവർത്തനം. ജനകീയ സംരംഭങ്ങളെ ആളും അർത്ഥവും നൽകി സഹായിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യും. സർക്കാർ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആരംഭിക്കും. യാതൊരു പ്രതിഫലവും വാങ്ങാതെ ഇത്തരക്കാരെ കണ്ടെത്തി സഹായിക്കാൻ വേണ്ടതെല്ലാം ചെയ്യും. മൂന്നു വർഷമാണ് ഈ പ്രവർത്തനം പൂർണ്ണമാക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയം.

സർക്കാർ ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റുന്നവർക്കെതിരെ നിയമ നടപടികൾ ആരംഭിക്കും. സർക്കാർ പദവികളിൽ അനർഹമായി കയറയിരിക്കുന്നവർക്കെതിരെയും നിയമനടപടികൾ ഉണ്ടാവും. നീതി നിഷേധിക്കപ്പെടുന്ന പാവപ്പെട്ടവർക്ക് സൗജന്യമായി നിയമ സഹായം നൽകാനായി അഭിഭാഷകരെ സംഘടിപ്പിക്കും. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ പൊതു താൽപ്പര്യ ഹർജികൾ നൽകും. ഇത്തരം വിഷയങ്ങൾ പഠിക്കാനായി പ്രത്യേക റിസേർച്ച് വിങ്ങിന് രൂപം നൽകും. സർക്കാർ പദ്ധതികളുടെ ലാഭ നഷ്ടങ്ങളെ കുറിച്ചു വിദഗ്ദ്ധ പഠനം നടത്തി അഴിമതി കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ നൽകും.

പൊതു ജനാരോഗ്യം, പൊതു വിദ്യാഭ്യാസം എന്നീ രണ്ടു മേഖലകളിൽ ആയിരിക്കും തുടക്കത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഇതിനു സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുകയും കൂടുതൽ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ പഠനത്തിലൂടെ കണ്ടെത്തി സർക്കാരിന് നൽകുകയും ചെയ്യും. ഈ രണ്ടു മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് കഴിയുന്നത്രയും സഹായങ്ങൾ നൽകും. ഇവരുടെ പ്രശ്നങ്ങൾ കണ്ടെത്തി പഠന റിപ്പോർട്ട് തയ്യാറാക്കി സർക്കാരിനെ കൊണ്ടു നടപ്പിലാക്കാനുള്ള സംരംഭങ്ങൾ ആരംഭിക്കും.

പൊതു ജനങ്ങളുമായി ബന്ധപ്പെടുന്ന പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനുമായിരിക്കും മറുനാടന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുക. അല്ലാതെ യാതൊരുവിധ ബന്ധവും മറുനാടൻ മാനേജുമെന്റുമായി ഉണ്ടാവുകയില്ല. ഒക്ടോബറിൽ തുരുവനന്തപുരത്ത് വച്ചായിരിക്കും പദ്ധതികളുടെ തുടക്കം കുറിക്കുക. രാജ്യത്തെ ഏറ്റവും പ്രശസ്തരായ പൊതു പ്രവർത്തകർ പരിപാടിയിൽ അണിനിരക്കും.

ആവാസിനെ കുറിച്ച് കൂടുതൽ അറിയാനും ആവാസിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും താൽപ്പര്യം ഉള്ളവർക്ക് ചുവടെ കൊടുത്തിരിക്കുന്ന ഇ-മെയിലിൽ ബന്ധപ്പെടാം:
[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP