Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലണ്ടനിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബത്തിന് മറുനാടൻ കുടുംബം ശേഖരിച്ചു നൽകിയത് ഇരുപത് ലക്ഷത്തിലധികം രൂപ; നിശബ്ദരായി കാരുണ്യം ഏറ്റുവാങ്ങി ഹരി ശ്രീധരൻ നായരുടെ വിധവയും പെൺമക്കളും; അവയവങ്ങൾ ദാനം ചെയ്ത് ബ്രിട്ടന്റെ നന്ദി ഏറ്റുവാങ്ങി കുടുംബം

ലണ്ടനിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബത്തിന് മറുനാടൻ കുടുംബം ശേഖരിച്ചു നൽകിയത് ഇരുപത് ലക്ഷത്തിലധികം രൂപ; നിശബ്ദരായി കാരുണ്യം ഏറ്റുവാങ്ങി ഹരി ശ്രീധരൻ നായരുടെ വിധവയും പെൺമക്കളും; അവയവങ്ങൾ ദാനം ചെയ്ത് ബ്രിട്ടന്റെ നന്ദി ഏറ്റുവാങ്ങി കുടുംബം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മറുനാടൻ കുടുംബത്തിന്റെ ഭാഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഒരിക്കൽ കൂടി ഒരു കുടുംബത്തിന് തണലായും സാന്ത്വനമായും മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ലണ്ടനിലെ ഹരി ശ്രീധരൻ നായർ എന്ന തിരുവനന്തപുരം സ്വദേശിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് ഇരുപതു ലക്ഷത്തിലധികം രൂപയാണ് സമാഹരിച്ചു നൽകിയത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ലണ്ടനിലെ വിവിധ നഴ്സിങ് ഹോമുകളിൽ കെയററായി ജോലി ചെയ്യുകയായിരുന്നു ഹരി ശ്രീധരൻ നായർ. നവംബർ 24നാണ് ഹരിക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നത്. രണ്ടാഴ്ചയോളം മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് ഹരി കടന്നു പോയതും ഒടുവിൽ മരണത്തിനു കീഴടങ്ങിയതും. തലച്ചോറിന്റെ മധ്യഭാഗത്തു തന്നെ ശക്തമായ നിലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ തലയോട് പിളർന്നിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹരി ഒരിക്കലും അബോധാവസ്ഥയിൽ നിന്നും മോചനം നേടിയിരുന്നില്ല.

പ്രതീക്ഷകൾ പോലും അസ്ഥാനത്താണെന്ന് ഡോക്ടർമാർ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതിനാൽ നാട്ടിൽ കഴിയുന്ന ഭാര്യ ശോഭയേയും മക്കളായ ഹരിഷ്മാ, ഹർഷ എന്നിവരെയും എങ്ങനെയെങ്കിലും യുകെയിൽ എത്തിച്ച് അദ്ദേഹത്തെ ജീവനോടെ അവസാനമായി കാണുവാൻ അവസരമൊരുക്കുക ആയിരുന്നു ലണ്ടനിൽ ഹരിയെ അടുത്തറിയാവുന്നവർ ചെയ്തത്. കഴിഞ്ഞ 20 വർഷമായി ലണ്ടനിലെ സാധാരണ നഴ്സിങ് ഹോമിൽ കെയററായി ജോലി ചെയ്യുകയായിരുന്ന ഹരി ജീവിതത്തിൽ നിന്നും മടങ്ങുമ്പോൾ കുന്നോളം കടവും ബാധ്യതകളും മാത്രമാണ് ബാക്കിയായിരുന്നത്. ഈ ഒറ്റക്കാരണത്താൽ മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തെ കൂടെ നിർത്തി സംരക്ഷിക്കാൻ കഴിയാതിരുന്നതും.

എല്ലാക്കാലവും തുച്ഛ ശമ്പളത്തിൽ ഉള്ള താൽക്കാലിക ജോലികൾ ചെയ്തിരുന്ന ഹരിക്ക് ആശ്രിത വിസയിൽ ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. പലവട്ടം ഹരി ഇതിനായി ശ്രമിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ വരുമാനം കണക്കിലെടുത്തു കുടുംബാംഗങ്ങൾക്ക് വിസ നൽകുവാൻ ഹോം ഓഫിസ് തയ്യാറായില്ല. ഇതോടെയാണ് ഹരിയും കുടുംബവും ലോകത്തിന്റെ രണ്ടു കോണുകളിലായി ഒറ്റപ്പെട്ടത്. പക്ഷെ ജീവിതത്തിന്റെ അവസാന നാളുകളിൽ കുറച്ചു മണിക്കൂർ നേരത്തേക്കെങ്കിലും ഈ കുടുംബത്തെ ഒന്നിച്ചാക്കാൻ സുമനസുകളുടെ പ്രവർത്തനം വഴി സാധ്യമായി.

ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഹോം ഓഫീസ് അനുവദിച്ച വിസയിലൂടെയാണ് ഹരിയുടെ ഭാര്യയും മക്കളും യുകെയിലേക്ക് എത്തിയത്. ഇവർ എത്തി കണ്ട ശേഷമാണ് ഹരിക്കു നൽകിയിരുന്ന വെന്റിലേറ്റർ ഓഫ് ചെയ്ത് മരണം സ്ഥിരീകരിച്ചത്. സ്വാൻസിയിലെ ഒരു മനുഷ്യ സ്‌നേഹിയുടെ വീട്ടിലാണ് ഹരിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഹരിയുടെ അകാല വിയോഗം ആകെ തളർത്തിയ കുടുംബത്തെ വൻ സാമ്പത്തിക ബാധ്യതകളുമാണ് കാത്തിരുന്നത്. 

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാളയെ പോലെ തുച്ഛ ശമ്പളത്തിന് പണിയെടുക്കുക ആണെങ്കിലും നാട്ടിലെ കുടുംബത്തെ സംരക്ഷിക്കാനും യുകെയിലെ ജീവിത ചെലവും കഴിഞ്ഞു കാര്യമായൊന്നും ഹരിയുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്നില്ല. മൂത്ത മകളുടെ വിവാഹത്തിന് വീട് പണയപ്പെടുത്തി 25 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ധാരാളം ആളുകളെ പലപ്പോഴായി സഹായിച്ചിട്ടുള്ള തനിക്ക് ഈ കടങ്ങളൊക്കെ വീട്ടാൻ ഈശ്വരൻ എന്തെങ്കിലും വഴി തെളിച്ചു തരും എന്നായിരുന്നു ഹരി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത്.

വിവാഹ ശേഷം ലണ്ടനിൽ മടങ്ങി എത്തിയാൽ കൂടുതൽ സ്ഥലത്തു ജോലി ചെയ്തു കടം വേഗം വീട്ടിയെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. എന്നാൽ പ്രതീക്ഷകളും അസ്ഥാനത്താക്കി ഹരി മരണത്തിനു കീഴടങ്ങുകയായിരുന്നു. ലോക് കേരള സഭാംഗം കാറൽ മിറാൻഡയെ പോലുള്ള അനേകം പേരാണ് ഹരിയുടെ കുടുംബത്തിന് സഹായവുമായി ഒപ്പമുണ്ടായത്. ഇവരുടെയും കുടുംബത്തിന്റെയും അഭ്യർത്ഥനയിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലിലൂടെ 2134751.93 രൂപ (22932.25 പൗണ്ട്) യാണ് സമാഹരിച്ചത്.

വിർജിൻ മണി അക്കൗണ്ടു വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം സമാഹരിച്ചത്. വിർജിൻ മണി വഴി 1625435.94 രൂപ (17461 പൗണ്ട്) ലഭിച്ചപ്പോൾ ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേർത്ത് ഇത് 1944383.88 രൂപ (20887.25 പൗണ്ട) യായി മാറുകയായിരുന്നു. ലഭിക്കുന്ന ഓരോ പൗണ്ടിനും ബ്രിട്ടീഷ് സർക്കാർ നൽകുന്ന തുകയാണ് ഗിഫ്റ്റ് എയ്ഡായി ലഭിക്കുന്നത്. 1625435.94 രൂപ (17461 പൗണ്ട്)യുടെ 4.5 ശതമാനം വിർജിൻ മണിക്ക് കമ്മീഷനായി നൽകേണ്ടതുണ്ട്. 73168.36 രൂപ (786 പൗണ്ട്) ആണ് കമ്മീഷൻ ഇനത്തിൽ നൽകേണ്ടത്. ഇതുകഴിച്ച് വിർജിൻ മണി വഴി ശേഖരിച്ച തുക 1871215.53 രൂപ (20101.25 പൗണ്ട്) ആണ്. ബാങ്ക് അക്കൗണ്ട് വഴി ശേഖരിച്ചത് 190368.05 രൂപ (2045 പൗണ്ട്) ആണ്. ഇങ്ങനെയാണ് ആകെ തുക 2061583.57 രൂപ (22146.25 പൗണ്ട്) യായി മാറുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ജനറൽ ഫണ്ടിൽ നിന്നും 349.09 രൂപ (3.75 പൗണ്ട്) കൂടി ചേർത്ത് 2061932.66 രൂപ (22150 പൗണ്ട്) ആണ് ഹരിയുടെ കുടുംബത്തിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇന്നലെ കൈമാറിയത്.

ജാതി മത രാഷ്ട്രീയ ഭേദമെന്യേ നല്ല മനസുള്ള മനുഷ്യർ ഒന്നിച്ചപ്പോൾ ലഭിച്ച 22150 പൗണ്ടിന്റെ ചെക്കാണ് ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ സൈമി ജോർജും അഫ്സൽ അലിയും ചേർന്ന് അപ്പീലിന് തുടക്കം മുതൽ പ്രയത്നിച്ച ലോക് കേരള സഭ അംഗം കാറൽ മിറാൻഡയുടെ സാന്നിധ്യത്തിൽ ഹരിയുടെ ഭാര്യ ശോഭയെ ഏൽപ്പിച്ചത്. അപ്പീലിൽ സജീവ പങ്കാളിത്തം നൽകിയ സമസ്ത ലണ്ടൻ പ്രതിനിധി മുജീബ് റഹ്മാൻ, സൗത്താൽ മലയാളി രാജേഷ് സഹദേവൻ എന്നിവരും സാന്നിധ്യമായി. ഒരു ഡസനിലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് അപ്പീലിലേക്കു പണം എത്തിയത്.

ഹരിയുടെ മൃതദേഹം ഇന്നലെയാണ് ലണ്ടനിൽ സംസ്‌കരിച്ചത്. ജീവിച്ചിരുന്നപ്പോൾ ഉറ്റ സുഹൃത്തുക്കൾ മാത്രം അറിഞ്ഞിരുന്ന, നന്മയുള്ള ഹൃദയത്തിന്റെ ഉടമ മാത്രമായിരുന്നു ഹരി. എന്നാൽ മരണത്തിലൂടെ ബ്രിട്ടനു മുഴുവൻ അഭിമാനമാകുകയാണ് ജീവിതം തേടിയെത്തിയ ഈ നിർഭാഗ്യവാൻ. അദ്ദേഹം ജീവിതത്തിൽ ചെയ്ത നന്മകളുടെ ബാക്കി എന്നോണം ജീവിതത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന നാലു രോഗികളെ തേടിയാണ് ഹരിയുടെ അവയവങ്ങൾ എത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തിലെ തുടിപ്പുകളുമായി നാലു പേരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഈ അപൂർവ്വ നന്മയ്ക്കു തീരുമാനം എടുത്ത ഹരിയുടെ ഭാര്യക്കും മക്കൾക്കും രാജ്യത്തിന്റെ നന്ദിയും കടപ്പാടും വാക്കുകൾ എഴുതിയാണ് ബ്രിട്ടനിലെ സർക്കാർ ആശുപത്രിയായ എൻഎച്ച്എസ് ഓർഗൻ ഡൊണേഷൻ ടീം തങ്ങളുടെ ദൗത്യവും പൂർത്തിയാക്കിയത്.

ഹരിയുടെ ചിതാഭസ്മം അടങ്ങിയ പേടകത്തിനൊപ്പം അപൂർവമായ ഈ കത്തും ഓർമ്മയ്ക്കായി നെഞ്ചിൽ ഏറ്റുവാങ്ങിയാകും ശോഭയും മക്കളും നാട്ടിൽ എത്തുക. ലണ്ടനിലെ റസ്ലിപ് ക്രിമറ്റോറിയത്തിൽ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംസ്‌കാരം.

ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP