Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മറുനാടൻ കുടുംബം നൽകിയത് 85 ലക്ഷം രൂപ; സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും നന്മയ്ക്ക് കൈകോർത്തതിന്റെ സന്തോഷ സൂചകമായി ചെറുപുഞ്ചിരിയോടെ ചെക്ക് ഏറ്റുവാങ്ങി പിണറായി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വീണ്ടും നന്മയുടെ പ്രതീകമാകുന്നത് ഇങ്ങനെ

പ്രളയക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മറുനാടൻ കുടുംബം നൽകിയത് 85 ലക്ഷം രൂപ; സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും നന്മയ്ക്ക് കൈകോർത്തതിന്റെ സന്തോഷ സൂചകമായി ചെറുപുഞ്ചിരിയോടെ ചെക്ക് ഏറ്റുവാങ്ങി പിണറായി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വീണ്ടും നന്മയുടെ പ്രതീകമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. സിപിഎം സൈബർ സഖാക്കൾ സംഘി പത്രം എന്നു വിളിച്ച് അവസരം കിട്ടുമ്പോൾ ഒക്കെ അധിക്ഷേപിക്കുന്നുമുണ്ട്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് മറുനാടൻ നൽകുന്ന പിന്തുണ ഇവരിൽ പലരും അറിയാറില്ലെന്നു മാത്രം. മുഖ്യമന്ത്രിയുടെ പ്രളദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 85 ലക്ഷം രൂപ കൈമാറിയത് ഏറ്റവും ഒടുവിലത്തെ മറുനാടൻ കുടുംബത്തിന്റെ ഇടപെടൽ. കഴിഞ്ഞ ദിവസമായിരുന്നു ഈ ഫണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കൈമാറിയത്.

മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ യുകെയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് ഈ തുക ശേഖരിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഫ്‌ളഡ് അപ്പീലിലേയ്ക്ക് ലഭിച്ച തുകയും ഈ ചാരിറ്റിക്ക് വേണ്ടി യുകെയിലെ ഒരുപറ്റം ചെറുപ്പക്കാർ 'റൺ ഫോർ കേരള ഫ്‌ളഡ്' എന്ന പേരിൽ നടത്തിയ പരിപാടിയുമാണ് ഈ ഫണ്ട് ശേഖരണത്തിന് കാരണമായത്. ആകെ ലഭിച്ചത് 73935.59 പൗണ്ടാണെങ്കിലും ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേർത്ത് 88700 ആക്കി ഉയർത്തിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഷാജി ലൂക്കോസ് ആണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. മറുനാടൻ മലയാളിയുടെ ചെയർമാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപക ചെയർമാനുമായി ഷാജൻ സ്‌കറിയ, ഉപദേശക സമിതി അംഗങ്ങളായ കെ ഡി ഷാജിമോൻ, സോണി ചാക്കോ, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സപ്പോർട്ടർമാരായ അബ്ദുല്ല, രാജീവ് കുമാർ, ശിവാജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടനിലെ നിരവധി മലയാളി കൂട്ടായ്മകളിലൂടെയും വ്യക്തികളിലൂടെയും ആണ് ഈ തുക ശേഖരിച്ചത്. ഇതിൽ ഏറ്റവും അധികം തുക നൽകിയത് റൺ ടു കേരളാ എന്ന കൂട്ടായ്മയാണ്. ലോകത്തിന്റെ പല ഭാഗത്തു മുള്ളവരെ ഏകോപിപ്പിച്ച് ഇംഗ്ലണ്ടിൽനിന്നുള്ള കുറെ ചെറുപ്പക്കാർ സംഘടിപ്പിച്ച 'റൺ ടു കേരള' എന്ന ധനസ മാഹരണ വളരെയേറെ ശ്രദ്ധയാണ് നേടിയെടുത്തത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി പതിനായിരം കിലോമീറ്റർ എന്ന ദൂരം ഇരുനൂറോളം ടീമംഗങ്ങളെ പങ്കെടുപ്പിച്ച് പത്തുലക്ഷം രൂപ ശേഖരിക്കുവാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഓട്ടം പൂർത്തിയാക്കി കഴിഞ്ഞപ്പോഴേക്കും പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ഈ ചെറുപ്പക്കാർ നേടിയത്.

അതുപോലെ തന്നെ, ലിവർപൂളിലെ ഒരു ഒൻപതു വയസുകാരനും പിതാവും സൈക്കിൾ റാലി നടത്തിയും ചാരിറ്റി ഡിന്നർ നടത്തിയും പണം സമാഹരിച്ചു. ലീഡ്സിലെ ഡാനിയേൽ കുന്നേലും പിതാവ് ആന്റണി അഗസ്റ്റിനും ചേർന്ന് അഞ്ചു ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. ലിവർപൂളിൽ നിന്നും ലീഡ്സിലേക്കുള്ള മൂന്ന് ദിവസത്തെ സൈക്കിൾ യാത്രയാണ് ഇവർ നടത്തിയത്. ലിവർപൂളിൽ നിന്നും ആരംഭിച്ച് ലീഡ്സിലെ സെന്റ തേരെസാസ് പ്രൈമറി സ്‌കൂളിലേക്കാണ് പിതാവ് ആന്റണി അഗസ്റ്റിനൊപ്പം മൂന്നു ദിവസത്തെ സൈക്കിൾ യാത്ര ഡാനിയേൽ നടത്തിയത്.

ഇതോടൊപ്പം തന്നെ അഞ്ചു ലക്ഷത്തിലധികം രൂപയാണ് കാന്റർബറി കേരളൈറ്റ് അസോസിയേഷൻ, കേരള സ്‌കൂൾ കവൻട്രി, മാസ് സട്ടൺ, റെഡ്ഡിങ് നാടിനൊപ്പം എന്നീ കൂട്ടായ്മകൾ നൽകിയത്. ഇത്തരത്തിൽ അനേകം മലയാളി കൂട്ടായ്മകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയത്. ആളുകൾക്കിടയിലേക്ക് ഇറങ്ങി അഭ്യർത്ഥിച്ചും കാമ്പയിനുകൾ നടത്തിയും ബാഡ്ജുകൾ ധരിച്ചും ഇരുപത്തഞ്ചോളം മലയാളി കൂട്ടായ്മകളാണ് ധനസമാഹരണം നടത്തിയത്. കുക്ക് ഫോർ കേരളാ, ചാരിറ്റി നൈറ്റുകൾ, കാമ്പയിനുകൾ എന്നിവയെല്ലാം ധനസമാഹരണ മാർഗങ്ങളായിരുന്നു.

ഇത്തരത്തിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനു വേണ്ടി മലയാളി കൂട്ടായ്മകൾ നേരിട്ടു പ്രവർത്തിച്ചു സമാഹരിച്ചത് 36 ലക്ഷത്തോളം രൂപയാണ്. ഇതോടൊപ്പം ബ്രിട്ടീഷ് മലയാളി നേരിട്ടു ശേഖരിച്ചു കൂടിയായപ്പോഴാണ് 85 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കഴിഞ്ഞത്. മൂന്നു മാസം കൊണ്ടാണ് ഈ തുക സമാഹരിച്ചത്. കേരളം പ്രളയക്കെടുതിയിൽപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് പത്തിനാണ് അപ്പീൽ ആരംഭിച്ചത്.

മലയാളികളല്ലാതെ വർണ, ദേശ വ്യത്യാസങ്ങളില്ലാതെ, 150തോളം പേരാണ് നേരിട്ട് പണം നൽകിയത്. ഇക്കൂട്ടരിൽ, ഇംഗ്ലീഷ്, വെൽഷ്, സ്‌കോട്ടിഷ്, ഐറിഷ്, യൂറോപ്യൻസ്, പാക്കിസ്ഥാനീസ്, ബംഗ്ലാദേശി, ഫിലിപ്പൈൻസ്, ശ്രീലങ്കൻ, ആഫ്രിക്കൻസ്, സൗത്ത് അമേരിക്കൻസ് എന്നിവരും തമിഴ്, കർണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ആളുകളും നേരിട്ട് പണം നൽകിയവരിൽ ഉൾപ്പെടുന്നു.

കേരളത്തിന്റെ പ്രളയക്കെടുതി കൂടുതൽ രൂക്ഷമാകുന്നതിന് മുൻപ് തന്നെ കേരള ജനതയ്ക്ക് കൈത്താങ്ങ് നൽകുവാൻ ഓഗസ്റ്റ് മാസം പത്തിനാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഫ്ളഡ് റിലീഫ് അപ്പീൽ തുടങ്ങിയത്. തുടർന്ന് കേരളം സമാനതകളില്ലാത്ത പ്രളയദുരന്തത്തിലൂടെ കടന്നു പോവുകയും പതിനായിരക്കണക്കിന് കോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും കേരളത്തിന്റെ പുനർ നിർമ്മാണത്തിനും നാശനഷ്ടങ്ങളുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിലും സമാഹരിക്കുന്ന തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി ഇതിനോടകം അഞ്ചര കോടി രൂപയോളം രൂപ വിവിധ ആളുകൾക്കും സംഘടനകൾക്കുമായി നല്കി കഴിഞ്ഞു. സേവനപാതയിൽ ഇനിയും തുടർന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP