Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ദാരുണമായി മരണത്തിനു കീഴടങ്ങിയ ലണ്ടനിലെ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മറുനാടൻ കുടുംബം ശേഖരിച്ചു നൽകിയത് ഒമ്പതു ലക്ഷം രൂപ; ബ്രിട്ടനിൽ സ്ഥിരതാമസം ലഭിച്ചതിന്റെ രണ്ടാം നാൾ മരണം വിളിച്ച തൃശൂർ സ്വദേശിയായ ബിനിലിന്റെ വിധവയ്ക്കും മകൾക്കും ആശ്വാസമായത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇടപെടൽ

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ദാരുണമായി മരണത്തിനു കീഴടങ്ങിയ ലണ്ടനിലെ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മറുനാടൻ കുടുംബം ശേഖരിച്ചു നൽകിയത് ഒമ്പതു ലക്ഷം രൂപ; ബ്രിട്ടനിൽ സ്ഥിരതാമസം ലഭിച്ചതിന്റെ രണ്ടാം നാൾ മരണം വിളിച്ച തൃശൂർ സ്വദേശിയായ ബിനിലിന്റെ വിധവയ്ക്കും മകൾക്കും ആശ്വാസമായത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇടപെടൽ

മറുനാടൻ ഡെസ്‌ക്‌

റുനാടൻ കുടുംബത്തിന്റെ ഭാഗമായി ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മറ്റൊരിക്കൽ കൂടി സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും തണൽ വിരിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരണത്തിനു കീഴടങ്ങിയ ലണ്ടൻ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയാണ് ഒൻപതു ലക്ഷത്തോളം രൂപ ഫൗണ്ടേഷൻ കഴിഞ്ഞ ദിവസം കൈമാറിയത്.

കഴിഞ്ഞ മാസം 31നാണ് ബിനിൽ പള്ളത്ത് എന്ന ചെറുപ്പക്കാരന്റെ മരണത്തിന് ഇടയാക്കിയ സംഭവം നടക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞു പുറത്തു നിന്നും ഭക്ഷണം കഴിച്ച് ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് ബിനിൽ വീട്ടിലെത്തിയത്. ക്ഷീണമുണ്ടെന്നും അൽപനേരം കിടക്കട്ടെ എന്നും ഭാര്യയോടു പറഞ്ഞാണ് ബിനിൽ മുകളിലെ ബെഡ് റൂമിലേക്ക് പോയത്. അത്താഴം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ഭാര്യ അപ്പോൾ. മൂന്നു വയസുകാരിയായ മകൾ കളിക്കുകയായിരുന്നു. കളിക്കിടെ പിതാവിനെ വിളിച്ചുണർത്താൻ ശ്രമിച്ച മകൾ ഡാഡി ഉണർന്നില്ലെന്നും ഉറങ്ങിപ്പോയെന്നും അമ്മയോടു പറഞ്ഞു.

അങ്ങനെയൊരു ഉറക്കം പതിവില്ലാത്തതിനാൽ ഭാര്യ ഉടൻ തന്നെ മുറിയിലേക്ക് ഓടിയെത്തി. മുറിയിലെത്തിയപ്പോൾ തലയിണയിൽ മുഖം അമർത്തിയ രീതിയിലായിരുന്നു ബിനിൽ കിടന്നിരുന്നത്. ബിനിലിനെ തിരിച്ചു കിടത്തിയപ്പോൾ തലയിണയിൽ ഭക്ഷണം ഛർദ്ദിച്ചതായും കണ്ടു. മാത്രമല്ല, ശരീരമാകെ തണുത്തു മരവിക്കുകയും നീലനിറം ആവുകയും ചെയ്തിരുന്നു. ബിനിലിന്റെ അവസ്ഥയിൽ ഭയന്നു പോയ ഭാര്യ ഉടൻ തന്നെ പാരാമെഡിക്കൽ സംഘത്തെ വിവരം അറിയിച്ചു.

ഉടൻ തന്നെ വീട്ടിലെത്തിയ പാരാമെഡിക്കൽ സംഘം മരണം അര മണിക്കൂർ മുൻപേ തന്നെ സംഭവിച്ചുവെന്ന് അറിയിച്ചു. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പാരാമെഡിക്കൽ സംഘം നൽകിയ വിവരം. ഹീത്രൂ മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു ബിനിൽ. ഭാര്യയ്ക്കും മൂന്നു വയസുകാരനായ മകൾക്കും ഒപ്പമായിരുന്നു ഹീത്രൂവിൽ താമസിച്ചിരുന്നത്. ഭാര്യ ലിജിയും തൃശൂർ സ്വദേശിനിയാണ്. തൃശൂർ ചേരൂർ പള്ളത്ത് ആണ് ബിനിലിന്റെ വീട്. ബാലഗോപാൽ - വിലാസിനി ദമ്പതികളുടെ മകനാണ്.

ഏറെ നാളുകളായി അനിശ്ചിതത്വത്തിന്റെ വഴികളിലൂടെ ആയിരുന്നു ബിനിലിന്റേയും ലിജിയുടെയും ജീവിത യാത്ര. യുകെ മലയാളികളിൽ ഭൂരിഭാഗവും കടന്നു പോയിട്ടുള്ള പി ആർ കിട്ടുന്നതിന് മുൻപുള്ള സംഘർഷമായിരുന്നു ഇവർക്ക്. ബിനിലിന്റെ മരണത്തിന്റെ രണ്ടു ദിവസം മുൻപു മാത്രമാണ് ഇവർക്ക് പിആർ ലഭിച്ചത്. ആറു വർഷത്തിനു ശേഷം നാട്ടിലെത്തി മാതാപിതാക്കളെ കാണണം എന്ന ആഗ്രഹവുമായി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കവേയാണ് ബിനിലിനെ തേടി മരണം എത്തുന്നത്.

ഇന്ത്യയിൽ ഹോട്ടൽ മാനേജ്മെന്റ് പഠിച്ച ബിനിൽ കിച്ചൺ അസിസ്റ്റായും ലിജി നഴ്സിങ് പാസായതാണെങ്കിലും കെയർ അസിസ്റ്റായും ജോലി ചെയ്യുകയായിരുന്നു. ബിനിലിന് നാട്ടിൽ സ്വന്തമായുള്ളത് സ്വന്തമായുള്ളത് ഒൻപതു സെന്റു സ്ഥലവും അതിൽ 20 വർഷത്തോളം പഴക്കമുള്ള ഒരു വീടും മാത്രമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം കണ്ടെത്തണമെങ്കിൽ ആകെയുള്ള ഈ സമ്പാദ്യം വിൽക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല. മകനെ അവസാന നോക്കു കാണുവാൻ അതും ചെയ്യാനുള്ള മനസ് ഈ മാതാപിതാക്കൾ കാണിച്ചെങ്കിലും പെട്ടെന്ന് ഒരു വിൽപനയും മറ്റും സാധിക്കാത്ത സാഹചര്യത്തിൽ എന്തു ചെയ്യാൻ സാധിക്കും എന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിന്നപ്പോഴാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ സമീപിച്ചത്.

അങ്ങനെ വെറും അഞ്ചു ദിവസം കൊണ്ടാണ് ബ്രിട്ടീഷ് മലയാളി വായനക്കാർ ഒൻപതു ലക്ഷത്തോളം രൂപ സമാഹരിച്ചത്. ഇന്നലെ ലണ്ടനിലെ ബിനിലിന്റെ വീട്ടിലെത്തി ഹീത്രൂ മലയാളി അസോസിയേഷൻ പ്രതിനിധിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ചെക്ക് കൈമാറിയത്. ഇന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ തൃശൂരിലെത്തിക്കും. പൊതുദർശനത്തിനു ശേഷം പാറമേക്കാവ് ശാന്തികെട്ടിലാണ് സംസ്‌കാരം.

ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും വിർജിൻ മണി അക്കൗണ്ടു വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് സഹായധനം ശേഖരിച്ചത്. വിർജിൻ മണി അക്കൗണ്ട് വഴി 692971.13 (7801 പൗണ്ട്) രൂപയാണ് ശേഖരിച്ചത്. ഇതു ബ്രിട്ടീഷ് സർക്കാർ നൽകുന്ന നികുതി ഇളവ് അടക്കം 820554.75 രൂപ (9237.25 പൗണ്ട്) യായി മാറി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 82168.73 രൂപ (925 പൗണ്ട്) ആണ് ലഭിച്ചത്. വിർജിൻ മണി വഴി കിട്ടിയ 7801 പൗണ്ടിന്റെ 3.5 ശതമാനം വിർജിൻ മണിക്ക് കമ്മീഷനായി നൽകേണ്ടതുണ്ട്. ഈ തുകയായ 24250.88 (273 പൗണ്ട്) രൂപ കുറച്ച ശേഷം ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുക കൂടി ചേർക്കുമ്പോൾ 878472.60 രൂപ (9,889.25 പൗണ്ട്) യാണ് ഉണ്ടാവുക. ജനറൽ ഫണ്ടിൽ നിന്നും 10.75 പൗണ്ടു കൂടി ചേർത്ത് 9,900 പൗണ്ട് (ഒൻപതു ലക്ഷത്തോളം രൂപ) ആണ് ബിനിലിന്റെ കുടുംബത്തിനായി നൽകിയത്.

ബാങ്ക് സ്റ്റേറ്റ്‌മെന്റ് വിവരങ്ങൾ ചുവടെ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP