Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചു രോഗികൾക്കായി വീതിച്ചു നൽകിയത് ആറര ലക്ഷം രൂപ; മറുനാടൻ കുടുംബം ഏറ്റവും ഒടുവിൽ സഹായിച്ചത് അഞ്ച് സാധുക്കളെ; പത്തനാപുരം ഗാന്ധി ഭവനിൽ വീണ്ടും ഒരു നന്മമരം പൂത്തപ്പോൾ

അഞ്ചു രോഗികൾക്കായി വീതിച്ചു നൽകിയത് ആറര ലക്ഷം രൂപ; മറുനാടൻ കുടുംബം ഏറ്റവും ഒടുവിൽ സഹായിച്ചത് അഞ്ച് സാധുക്കളെ; പത്തനാപുരം ഗാന്ധി ഭവനിൽ വീണ്ടും ഒരു നന്മമരം പൂത്തപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: നന്മ വറ്റാത്ത മനസുകൾ വീണ്ടും കയ്യടി നേടുന്ന ചടങ്ങിനാണ് കഴിഞ്ഞ ദിവസം പത്തനാപുരം ഗാന്ധിഭവൻ സാക്ഷ്യം വഹിച്ചത്. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി യുകെയിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റർ വിഷു അപ്പീൽ വഴി സമാഹരിച്ച ആറര ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. സഹായം അഭ്യർത്ഥിച്ച അഞ്ചു നിർധന രോഗികൾക്ക് 1,30,000 രൂപ വീതം ആറര ലക്ഷം രൂപയാണ് നൽകിയത്.

പത്തനാപുരം ഗാന്ധിഭവനിലെ സ്‌നേഹ മന്ദിർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ വച്ചാണ് അഞ്ചു പേർക്കുള്ള ധനസഹായ വിതരണം നടന്നത്. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാൽ ആണ് ധനസഹായം വിതരണം ചെയ്തത്. വേദിയിലെത്തി ചെക്ക് സ്വീകരിച്ച ഓരോരുത്തരും സഹായം നൽകിയ മനസുകൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് വേദി വിട്ടത്. ദുരിതം നിറഞ്ഞ ജീവിതത്തിലെ ഓരോ ദിവസങ്ങളും തള്ളിനീക്കാൻ പാടുപെടുന്ന അഞ്ചു നിർധന രോഗികൾ കണ്ണുനീരോടെയാണ് ചെക്ക് ഏറ്റുവാങ്ങിയത്.

ഗാന്ധിഭവനിൽ വച്ചു നടന്ന പകൽ വീട് ഉദ്ഘാടനം, ശയനോപകരണങ്ങളുടെ കൈമാറ്റം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങുകൾക്കൊപ്പമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നത്. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതമാശംസിച്ച ചടങ്ങിൽ നടൻ ടി പി മാധവൻ തുടങ്ങി നിരവധി സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ എന്ന നാൽപ്പത്തെട്ട് വയസുകാരി, തളർവാതം പിടിപെട്ട കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയിൽ അജിതാലയത്തിൽ അഭിലാഷ്, ഇരു വൃക്കകളും തകരാറിലായ വാഴൂർ പുളിക്കൽ കവലയിൽ തൈക്കൂടത്തു വീട്ടിൽ സുബിൻ ബാബു, ശ്വാസാകോശാർബുദം ബാധിച്ച 35 വയസുപ്രായമുള്ള ഇടുക്കി സ്വദേശിനിയായ ബിന്ദു, ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ഓപ്പറേഷൻ നടത്തിയ ശേഷം ജോലിക്കു പോകാൻ പോലും സാധിക്കാനാവാതെ കഴിയുന്ന പത്തനാപുരം കഞ്ഞിക്കേൽ തെക്കേതിൽ രാജൻ എന്നിവരാണ് സഹായം കൈപ്പറ്റിയവർ.

മറുനാടന്റെയും ബ്രിട്ടീഷ് മലയാളിയുടെയും സ്ഥാപക എഡിറ്ററായ ഷാജൻ സ്‌കറിയ ചെയർമാനായി 2012ൽ തുടങ്ങിയതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ആറു വർഷം മുൻപ് തുടങ്ങിയ ചാരിറ്റി ഫൗണ്ടേൻ ഇതുവരെ ആറു കോടിയിൽ അധികം രൂപയാണ് പാവപ്പെട്ട രോഗികൾക്കും വിദ്യാഭ്യാസ ധനസഹായം ആവശ്യമുള്ളവർക്കും പ്രകൃതി ദുരന്തം സംഭവിച്ചപ്പോഴുള്ള ധനസഹായമായും വിതരണം ചെയ്തത്. കേരളം നേരിട്ട വെള്ളപ്പൊക്ക ദുരന്തത്തെ തുടർന്ന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിലേക്ക് സംഭാവന ചെയ്തത്.

നാട്ടിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായം നൽകുകയാണ് പ്രധാന പദ്ധതി. സഹായം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവ കൃത്യമായി പരിശോധിച്ച് സഹായം ആവശ്യമുള്ളവരാണെന്ന് പൂർണമായും ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് ഫണ്ട് ശേഖരണം നടക്കുന്നത്. യുകെയിലെ മലയാളികൾ മരിച്ചാൽ, ഒരു അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇതു കൂടാതെ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ തുടങ്ങിയ സ്ഥാപനങ്ങളും സഹായം കൈപ്പറ്റിയിട്ടുള്ളവയിൽ പെടും.

വിർജിൻ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും ആണ് ധനസമാഹരണം നടത്തുന്നത്. ഇതുവഴി ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനം നടക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 12 അംഗ ടീമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP