Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഭാര്യയുടെയും മക്കളുടെയും ജീവിതം വഴിമുട്ടി പോകില്ല എന്ന ആശ്വാസത്തോടെ സോണിയുടെ ആത്മാവ് അദൃശ്യ സാന്നിധ്യമായി എത്തിയിരിക്കാം; മഴപ്പെയ്ത്തു കഴിഞ്ഞ ശാന്തത പോലെ കരച്ചിൽ വറ്റി ടിന്റു; അച്ഛൻ ഉറങ്ങിക്കിടക്കുകയാണെന്നു കരുതിയ മക്കൾക്ക് വേണ്ടി മറുനാടൻ കുടുംബം കൈമാറിയത് 15 ലക്ഷം; ഡാഡിയുടെ ചിത്രവും കയ്യിൽ പിടിച്ചു അന്നയും ഹൈഡാനും നൊമ്പരക്കാഴ്ചയായി

ഭാര്യയുടെയും മക്കളുടെയും ജീവിതം വഴിമുട്ടി പോകില്ല എന്ന ആശ്വാസത്തോടെ സോണിയുടെ ആത്മാവ് അദൃശ്യ സാന്നിധ്യമായി എത്തിയിരിക്കാം; മഴപ്പെയ്ത്തു കഴിഞ്ഞ ശാന്തത പോലെ കരച്ചിൽ വറ്റി ടിന്റു; അച്ഛൻ ഉറങ്ങിക്കിടക്കുകയാണെന്നു കരുതിയ മക്കൾക്ക് വേണ്ടി മറുനാടൻ കുടുംബം കൈമാറിയത് 15 ലക്ഷം; ഡാഡിയുടെ ചിത്രവും കയ്യിൽ പിടിച്ചു അന്നയും ഹൈഡാനും നൊമ്പരക്കാഴ്ചയായി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മികച്ചൊരു ജീവിതം തേടി വിദേശത്തു പോയി ഒന്നും സമ്പാദിക്കാൻ കഴിയാതെ ദുരിതം പേറേണ്ടി വരുന്ന പ്രവാസികൾ നിരവധിയുണ്ട്. അത്തരക്കാരിൽ ഒരാളായിരുന്നു സോണി ചാക്കോ എന്ന കോട്ടയം കങ്ങഴക്കാരൻ. പത്ത് വർഷത്തോളമായി യുകെയിൽ താമസിച്ചിട്ടും അധികം സമ്പാദ്യമൊന്നുമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി സോണി ചാക്കോ വിടവാങ്ങി. എന്നാൽ വളരെ ആകസ്മികമായി എത്തിയ മരണത്തിനു മുന്നിൽ തളർന്നു പോയ അദ്ദേഹത്തിന്റെ ഭാര്യ ടിന്റുവിന്റെ കൈപിടിക്കാൻ യുകെയിലെ മലയാളി സമൂഹം കൈകോർത്തും. ഒപ്പം നിന്നത് മറുനാടൻ കുടുംബവും.

ടിന്റുവിന്റെ കരഞ്ഞു തളർന്ന കൺകളിൽ ഒരു ചെറുതരി പ്രകാശം പരത്തിയാണ് ഇന്നലെ ചെസ്റ്റർഫീൽഡിൽ നടന്ന സംസ്‌കാര ചടങ്ങിൽ വച്ച് വൈദികരെയും നാട്ടുകാരെയും സാക്ഷികളാക്കി മറുനാടൻ കുടുംബത്തിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി സോണി ചാക്കോ 16260 പൗണ്ടിന്റെ(15 ലക്ഷത്തിലേറെ രൂപ) ചെക്ക് കൈമാറിയത്. ഇതിൽ 5000 പൗണ്ട് വീതമുള്ള രണ്ടു ചെക്കുകൾ രണ്ടു കുട്ടികളുടെയും പേരിൽ സ്ഥിരനിക്ഷേപത്തിനും ബാക്കി വരുന്ന 6260 പൗണ്ട് അന്തരിച്ച സോണിയുടെ ഭാര്യയുടെ പേരിലുമാണ് നൽകിയത്. 16,260 പൗണ്ട് മൊത്തം മൂന്ന് ചെക്കുകൾ ആയാണ് കൈമാറിയത്. വിറയ്ക്കുന്ന കൈകളോടെ ടിന്റു ചെക്കുകൾ ഏറ്റുവാങ്ങുമ്പോൾ അനേകായിരം കൈകൾ താങ്ങായി കൂടെയുണ്ടാകും എന്നോർമ്മിപ്പിക്കുക കൂടിയായിരുന്നു ആ ചെക്കുകൾ.

തന്റെ വേദന മുഴുവൻ പ്രാർത്ഥന സമയത്തു ഒതുക്കി പിടിച്ചു നിന്ന ടിന്റു മൃതദേഹം സെമിത്തേരിയിലേക്കു എടുക്കാൻ സമയമായപ്പോഴേക്കും നിയന്ത്രണം നഷ്ടമായി ശവപേടകത്തിൽ കെട്ടിപ്പിടിച്ചു വിമ്മിപ്പൊട്ടുക ആയിരുന്നു. മനസിലെ മുഴുവൻ സങ്കടവും കണ്ണീരായി ഒഴുകി തീരട്ടെ എന്ന ആശ്വാസവചനവുമായി ടിന്റുവിന് ഉള്ളിലെ പ്രയാസം തെല്ലൊന്നു അടക്കാൻ സമയമാകും വരെ ആ നില തുടരാൻ ബന്ധപ്പെട്ടവരും അനുവദിക്കുകയായിരുന്നു.

ആരും കാണാതെ പോയ ഒരു മരണത്തിന്റെ മുഴുവൻ തീവ്രതയും വേദനയും ടിന്റുവിന്റെ ചുടുകണ്ണീരിൽ നിറഞ്ഞത് അവിടെ കൂടിയ മുഴുവൻ ആളുകൾക്കും ബോധ്യപ്പെടുക കൂടിയായിരുന്നു. സംസ്‌ക്കാരത്തിനായി സെമിത്തേരിയിൽ എത്തി ശവപേടകം ആറടി മണ്ണിന്റെ ഉടസ്ഥതയിലേക്കു എടുത്തപ്പോഴും തനിക്കിനിയാരുണ്ട് എന്ന മറുപടിയില്ലാത്ത ചോദ്യവുമായി ടിന്റുവിന്റെ വിമ്മിക്കരച്ചിൽ കനത്ത നിശബ്ദതയിൽ ഏറെ പ്രയാസകരമായി ഏവരുടെയും ഉള്ളുലയ്ക്കുക ആയിരുന്നു.

ഇന്നലെ രാവിലെ നടന്ന സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നിയന്ത്രണം ഉണ്ടായിട്ടും സോണിയെ അടുത്ത ബന്ധുക്കളായ കുടുംബക്കാരും പരിചയമുള്ളവർ അടക്കം അന്ത്യയാത്ര മൊഴി ചൊല്ലുവാൻ എത്തിയിരുന്നു. ഓർത്തോഡോക്‌സ് സഭ വിശ്വാസികളായ സോണിയുടെയും കുടുംബത്തിന്റെയും പരിചയക്കാരായ വൈദികരുടെ മേൽനോട്ടത്തിലായിരുന്നു സംസ്‌ക്കാര ശുശ്രൂഷകൾ. വൈദികരായ ഫാ. അനൂപ് എബ്രഹാം, ഫാ. മാത്യു കുര്യാക്കോസ്, ഫാ. ടോം ജേക്കബ്, ഫാ. ബിനോയ് എന്നിവരാണ് സംസ്‌കാര കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

''അമ്മേ ഡാഡി അനങ്ങുന്നില്ല'' എന്ന തലക്കെട്ടോടെ ഡെർബി പ്രാദേശിക പത്രം സോണിയുടെ മരണം റിപ്പോർട്ട് ചെയ്തതോടെ കൂമ്പത്തിന്റെ അവസ്ഥയോർത്തു പ്രാദേശികമായും കുടുംബത്തെ തേടി സഹായമെത്തിയിരുന്നു. ഇന്നലെ സംസ്‌കാര ചടങ്ങിന് എത്തിയ മുഴുവൻ ആളുകളുടെയും ശ്രദ്ധ ആറുവയസുകാരി അന്നയുടെയും മൂന്നുവയസ്സുകാരൻ ഹൈഡന്റെയും മേൽ ആയിരുന്നു. പിതാവ് മരിച്ചു കിടന്നത് അറിയാതെ 'അമ്മ ജോലി കഴിഞ്ഞു വരുവോളം കാത്തിരുന്ന ആ പൈതങ്ങൾ ഇന്നലെയും ഡാഡിയുടെ വലിയ പടവും കയ്യിൽ പിടിച്ചു അവസാന യാത്രാമൊഴി ചൊല്ലാൻ സെമിത്തേരിയിൽ എത്തിയത് ഹൃദയം നുറുക്കുന്ന നൊമ്പരപ്പൊട്ടായി മാറി.

മൂത്തമകൾ ആണെങ്കിലും വെറും കളിക്കുട്ടിയായ അന്നമോൾ ഇന്നലെ പിതാവിന് വേണ്ടി അനുസ്മരണം നടത്തിയത് അതിലേറെ വിഷമം തോന്നിക്കുന്ന കാഴ്ചയുമായി മാറി. അവൾ ചൊല്ലിയ വാക്കുകളുടെ മുഴുവൻ അർത്ഥവും ഒരു പക്ഷെ പിടികിട്ടിയില്ലെങ്കിലും ആ കുരുന്നിന്റെ മനസ്സിൽ ഒരിക്കലും മായാതെ കിടക്കുന്ന വേർപാടിന്റെ കാഴ്ചകൾ ആയിരിക്കും ഇന്നലത്തെ ചടങ്ങുകൾ.

പിതാവ് മരിച്ചു എന്നതിന്റെ അർത്ഥം അവൾക്കു മനസിലായതുകൊണ്ട് കൂടിയാണ് വീ ലവ് യു പപ്പാ എന്ന കുറിപ്പെഴുതി നാലുപേരുടെയും ചിത്രങ്ങൾ ഒരു കടലാസ്സിൽ പെൻസിൽ കൊണ്ട് വരച്ചിടാൻ ആ ബാല്യം തയ്യാറായത്. ഏതാനും ദിവസം മുൻപ് അന്നമോൾ വരച്ച ഈ ചിത്രവുമായാണ് ഡെർബിയിലെ പ്രാദേശിക പത്രം വാർത്ത നൽകിയത്. തന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ആരെയും അറിയിക്കാതെ ജീവിക്കുക ആയിരുന്നു സോണിയെന്നു അയൽവാസികൾ ഓർമ്മക്കുറിപ്പുകളിൽ കുറിച്ചിട്ടിരുന്നു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി സോണി ചാക്കോ മാഞ്ചസ്റ്റർ അനുശോചനം രേഖപ്പെടുത്തി. അപ്പീലിന് പിന്തുണ നൽകിയ എല്ലാ ബ്രിട്ടീഷ് മലയാളി വായനക്കാരെയും ചാരിറ്റിയുടെ സപ്പോർട്ടേഴ്‌സിനെയും അനുശോചന സന്ദേശത്തിൽ ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി ട്രസ്റ്റി സോണി ചാക്കോ നന്ദി അറിയിച്ചു. യുകെ മലയാളികളുടെ സഹകരണം കൊണ്ട് മാത്രമാണ് മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കാൻ സാധിക്കുന്നതും ചാരിറ്റി ഫൗണ്ടേഷന്റെ ഇതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകുന്നതുമെന്ന് അദ്ദേഹം പ്രത്യേകം അറിയിച്ചു. പ്രാദേശിക മലയാളി കൂട്ടായ്മക്ക് വേണ്ടി അരുൺ, ഷാജി രാജാമണി, ഷാൻസി, ശ്രീകാന്ത് ബാലചന്ദ്രൻ എന്നിവരും അനുശോചനം അറിയിച്ചു.

പ്രമേഹ രോഗത്തിന് ചികിത്സയിൽ ആയിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റർഫീൽഡ് മലയാളിയും ആയിരുന്ന സോണി ചാക്കോ ജൂലായ് 26നാണ് ഭാര്യയായ ടിന്റുവിനെയും മക്കളായ ആറുവയസുകാരി അന്നയും മൂന്നു വയസുകാരൻ ഹൈഡനെയും തനിച്ചാക്കി മരണത്തിലേക്ക് വീണത്. പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു മുകൾ നിലയിൽ എത്തിയപ്പോൾ കട്ടിലിനു ചുവടെ മരിച്ചു കിടക്കുന്ന സോണിയെയും ഒന്നുമറിയാതെ മുറിക്കു ചുറ്റും നടക്കുന്ന ആറും മൂന്നും വയസു മാത്രമുള്ള മക്കളെയുമാണ് കണ്ടത്.

എന്തുചെയ്യണം എന്നറിയാതെ അലറി വിളിച്ച ടിന്റുവിന് ആംബുലൻസും പൊലീസും ഒക്കെ സ്ഥലത്തെത്തിയിട്ടും പ്രിയതമൻ ഇനി കൂടെയില്ലെന്ന സത്യം അംഗീകരിക്കാൻ കഴിയുന്നില്ല. ചെസ്റ്റർഫീൽഡിലെ മലയാളി കൂട്ടായ്മയും സുഹൃത്തുക്കളുമെല്ലാം ടിന്റുവിനൊപ്പം ഉണ്ടായിരുന്നെങ്കിലും ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അവരിൽ ഒരാൾക്ക് പോലും ആശ്വാസവാക്കുകൾ ഇല്ലായിരുന്നു എന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP