Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നു മലകൾ താണ്ടി അവർ ശേഖരിച്ചത് 20 ലക്ഷം രൂപ; നാല് ആദിവാസി ഊരുകളിൽ 16 ലക്ഷം കൈമാറിയപ്പോൾ നഴ്‌സിങ് പഠിക്കാൻ 30,000 രൂപ വീതം ഏറ്റുവാങ്ങി ഒൻപതു കുട്ടികൾ; മനോജ് നിരക്ഷരനും കുഞ്ഞഹമ്മദും റോഷി അഗസ്റ്റിനും വരെ കരുണയുടെ നടത്തിപ്പുകാരായി; മാധ്യമ പ്രവർത്തനം എന്നാൽ വാർത്ത എഴുതൽ മാത്രമല്ലെന്ന് വീണ്ടും തെളിയിച്ച് മറുനാടൻ കുടുംബം

മൂന്നു മലകൾ താണ്ടി അവർ ശേഖരിച്ചത് 20 ലക്ഷം രൂപ; നാല് ആദിവാസി ഊരുകളിൽ 16 ലക്ഷം കൈമാറിയപ്പോൾ നഴ്‌സിങ് പഠിക്കാൻ 30,000 രൂപ വീതം ഏറ്റുവാങ്ങി ഒൻപതു കുട്ടികൾ; മനോജ് നിരക്ഷരനും കുഞ്ഞഹമ്മദും റോഷി അഗസ്റ്റിനും വരെ കരുണയുടെ നടത്തിപ്പുകാരായി; മാധ്യമ പ്രവർത്തനം എന്നാൽ വാർത്ത എഴുതൽ മാത്രമല്ലെന്ന് വീണ്ടും തെളിയിച്ച് മറുനാടൻ കുടുംബം

മറുനാടൻ ഡെസ്‌ക്‌

മാധ്യമ പ്രവർത്തനം എന്നാൽ വാർത്ത എഴുതൽ മാത്രമല്ല അവസരോചിതമായ സാമൂഹിക ഇടപെടൽ കൂടിയാണ് എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് മറുനാടൻ മലയാളി. ഒട്ടേറെ അവസരങ്ങളിൽ ഞങ്ങൾ അതു തെളിയിച്ചിട്ടുണ്ട്. ഒരു രൂപാ ജനങ്ങൾ തന്നാൽ അതു ഒന്നേകാൽ രൂപയാക്കി അർഹതപ്പെട്ടവർക്കു നൽകാൻ ഞങ്ങൾ നടത്തുന്ന ശ്രമം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മറ്റു പല മാധ്യമ സ്ഥാപനങ്ങളും ചാരിറ്റിയുടെ പേരിൽ പിരിക്കുന്ന കാശിന്റെ കണക്ക് നാട്ടുകാരിൽ നിന്നുംമ റച്ചു വെക്കുമ്പോൾ കാശ് നൽകിയവർ മാത്രമല്ല എല്ലാ വായനക്കാരും ഓരോ കാശിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് വരെ കാണണം എന്ന വാശിയുള്ളവരാണ് ഞങ്ങൾ.

ആറു വർഷം മുൻപ് ഞങ്ങളുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ആരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ഇത്രനാൾ കൊണ്ട് അഞ്ചു കോടിയിലേറെ രൂപ ദരിദ്രർക്കും രോഗികൾക്കും വിതരണം ചെയ്താണ് മറുനാടൻ കുടുംബം മാതൃക ആവുന്നത്. തെറി വിളിക്കാനും അപഹസിക്കാനും ആളുകൾ ക്യൂ നിൽക്കുമ്പോഴും നിശബ്ദമായി ഞങ്ങൾക്ക് ലഭിക്കുന്ന അനുഗ്രഹമാണ് ഇതെന്ന് ഞങ്ങൾ കരുതുന്നു. മറുനാടൻ കുടുംബത്തിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇന്നലെ പൂർത്തിയാക്കിയ ഒരു സേവനത്തിന്റെ ചരിത്രം പറയുന്നത് മുകളിൽ സൂചിപ്പിച്ച അവകാശ വാദങ്ങളുടെ സ്ഥിരീകരണം തന്നെയാണ്.

രൂപീകൃതമായി ആറു വർഷങ്ങൾക്കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ 59900ലധികം പൗണ്ടാണ് (ഏതാണ്ട് അഞ്ചു കോടിയിലധികം രൂപ) വായനക്കാർക്കിടയിൽ നിന്നും ശേഖരിച്ചത്. കേരളത്തിലെ രോഗബാധിതരായി കഴിയുന്ന അനേകം പേർക്കാണ് യുകെ മലയാളികളുടെ ഈ ഫൗണ്ടേഷൻ വഴി ലഭിച്ചത്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 88700 പൗണ്ട് (ഏതാണ്ട് 80 ലക്ഷത്തിലധികം രൂപ) ആണ് സമാഹരിച്ചത്. ഇപ്പോൾ ചെയർമാൻ സ്ഥാനം വഹിക്കുന്ന ഷാജി ലൂക്കോസും സെക്രട്ടറി സ്ഥാനം വഹിക്കുന്ന ജോർജ്ജ് എടത്വായും അടക്കം 12 അംഗങ്ങളാണ് ചാരിറ്റി ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലായ് 20, 21 തീയതികളിലായി നടന്ന ത്രീ പീക്ക് ചലഞ്ച് എന്ന ദൗത്യത്തിലൂടെ സമാഹരിച്ച 20,998 പൗണ്ടാണ് ഇപ്പോൾ വിതരണം ചെയ്തത്. 4400 അടിയോളം ഉയരമുള്ള സ്‌കോട്ട്ലന്റിലെ ഫോർട്ട് വില്യംസിന് അടുത്തുള്ള ബെൻ നേവിസ് എന്ന യുകെയിലെ ഏറ്റവും ഉയരം കൂടിയ മല, 3200 അടി ഉയരത്തിൽ ഇംഗ്ലണ്ടിലെ കംബ്രിയയിലുള്ള സ്‌കൈഫൽപൈക്ക്, വെയിൽസിലെ സ്നോഡൗണിലുള്ള 3500 അടിയിലധികം ഉയരമുള്ളതുമായ മലയാണ് 24 മണിക്കൂറിനുള്ളിൽ 26 പേർ ചേർന്ന് കീഴടക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ടീമാണ് ത്രീ പീക്സ് ചലഞ്ചിൽ അണിചേർന്നത്. ഈ ദൗത്യത്തിലൂടെ 20,998 പൗണ്ട് (ഇരുപത് ലക്ഷം രൂപ) ആണ് സമാഹരിച്ചത്.

ഇതിൽ 4000 പൗണ്ട് വീതം കേരളത്തിലെ നാല് ആദിവാസി ഊരുകൾക്കും ബാക്കി തുക നിർധനരായ ഒൻപതു നഴ്‌സിങ് വിദ്യാർത്ഥികൾക്കുമാണ് നൽകിയത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി, കോഴിമല, അട്ടപ്പാടി, വയനാട് എന്നിവിടങ്ങളിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കാണ് നാലു ലക്ഷം രൂപ വീതം 16 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ഇടമലക്കുടിയിലേക്കുള്ള ചാരിറ്റി ഫൗണ്ടേഷന്റെ സഹായധനം മുളകുതറ എൽപിഎസ് സ്‌കൂളിന്റെ പിറ്റിഎ ഫണ്ടിലേക്കാണ് സംഭാവന ചെയ്തത്. സ്‌കൂളിലെ അദ്ധ്യാപകനായ മുരളീധരൻ, പിറ്റിഎ പ്രസിഡന്റ് രാജു ഗണപതി എന്നിവർ ചേർന്നാണ് ഇടമലക്കുടിക്കടുത്തുള്ള മാങ്കുളത്ത് വച്ച് ചാരിറ്റി ചെയർമാൻ ഷാജി ലൂക്കോസിന്റെ കയ്യിൽ നിന്നും ചെക്ക് സ്വീകരിച്ചത്. മാങ്കുളം മുൻ പഞ്ചായത്ത് അംഗം പി.ഡി ജോയിയും സന്നിഹിതനായിരുന്നു.

ഇടുക്കി ജില്ലയിലെ കോഴിമല ആദിവാസി ഗോത്ര വിഭാഗത്തിലെ പത്തു കുടുംബങ്ങൾക്കായുള്ള 4000 പൗണ്ടിന്റെ ചെക്ക് റോഷി അഗസ്റ്റിൻ എംഎൽഎയാണ് കൈമാറിയത്. ചെറുതോണി ടൗണിൽ വച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഷാജി ലൂക്കോസ് ഫണ്ട് വിതരണത്തിന് നേതൃത്വം നൽകി. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ തടത്തിൽ, കർഷക കോൺഗ്രസ് സംസഥാന പ്രസിഡന്റ് റെജി, കാഞ്ചിയാർ പഞ്ചായത്ത് മെമ്പർ ഷിജി തുടങ്ങി ജില്ലയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിന്നുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അട്ടപ്പാടി, വയനാട് എന്നിവിടങ്ങളിലേക്കുള്ള ചെക്ക് ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊതു പ്രവർത്തകരായ നിരക്ഷരൻ മനോജ് രവീന്ദ്രൻ, കുഞ്ഞഹമ്മദ് എന്നിവർക്ക് ചാരിറ്റി ചെയർമാൻ ഷാജി ലൂക്കോസ് എറണാകുളത്ത് വെച്ച് ചെക്ക് കൈമാറി. ഓരോ മേഖലകളിലേക്കും 4000 പൗണ്ട് വീതം രണ്ടു ചെക്കുകളാണ് കൈമാറിയത്. ഇവർ ചേർന്ന് നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന കർമ്മപദ്ധതികൾക്കാണ് ഈ തുക വിനിയോഗിക്കുക. വയനാട്ടിലെ ആദിവാസികൾക്കിടയിൽ ഉടനെ നടത്താൻ ഉദ്ദേശിക്കുന്ന ഒരു പ്രവർത്തനം താഴെ പറയുന്നു.

പന്ത്രണ്ടോളം ആദിവാസി യുവതികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ നാലു തയ്യൽ മെഷീനുകളും ഒരു ഇന്റർലോക്ക് മെഷീനും വാങ്ങി ഫോറസ്റ്റ് അധീനതയിലുള്ള ഒരു കെട്ടിടത്തിൽ സ്ഥാപിച്ച് നൽകാനും ചില തുന്നൽ ജോലികൾ അവർക്ക് സംഘടിപ്പിച്ചു കൊടുക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പണം കിട്ടിയ സ്ഥിതിക്ക് ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ അത് ചെയ്യുന്നതാണ്. പിന്നെയുള്ളത് കഴിഞ്ഞ പത്തുവർഷത്തോളമായി തുടർന്നുപോരുന്ന ചില പ്രവർത്തനങ്ങളാണ്. ഈ പണം സ്ഥിരനിക്ഷേപം ആക്കി അതിൽ നിന്ന് കിട്ടുന്ന പലിശ ഉപയോഗിച്ച് ആ പ്രവർത്തനങ്ങൾ വരുംകാലങ്ങളിൽ ഇടതടവില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഓണം അടുക്കുമ്പോൾ എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഒരാഴ്ചത്തേക്കുള്ള പലചരക്ക് സാധനങ്ങൾ ചേർത്ത് ഓണക്കിറ്റ് കൊടുക്കുക എന്നതാണ് ഒരു കാര്യം. ഇത് നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. സ്‌കൂൾ തുറക്കുന്ന സമയത്ത് ആദിവാസി കുട്ടികൾക്ക് പുസ്തകം യൂണിഫോം, കുട, സ്‌കൂൾ ബാഗ്, വാട്ടർ ബോട്ടിൽ എന്നിവ മുൻപും നൽകിക്കൊണ്ടിരുന്നതാണ്. അതും തുടർന്ന് ചെയ്യും. ഇതേ പ്രവർത്തനങ്ങൾ അട്ടപ്പാടിയിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.

നിർധനരായ ഒൻപതു നഴ്‌സിങ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ഇന്ന് തിരുവനന്തപുരത്തെ മറുനാടൻ മലയാളി ഓഫീസിൽ വച്ചാണ് നടന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഷാജി ലൂക്കോസ് ആണ് ചെക്കുകൾ വിതരണം ചെയ്തത്. ഒരു വിദ്യാർത്ഥിക്ക് 335 പൗണ്ട് വീതം 3015 പൗണ്ട് (മൂന്നുലക്ഷത്തോളം രൂപ) ആണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പ് നൽകിയ 101 വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും അർഹരായ ഒൻപതു പേരെ കണ്ടെത്തിയാണ് ഇത്തവണ സ്‌കോളർഷിപ്പ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP